വർഷത്തിൽ ഒരിക്കൽ അനന്തപുരിയിലേക്കുള്ള യാത്ര. അത് മനസ്സിനും ശരീരത്തിനും ഒരു പാട് സന്തോഷം നൽകുന്ന ഒന്നാണ് കാരണം ആ യാത്ര എൻ്റെ ആറ്റുകാലമ്മയെ കാണാൻ വേണ്ടിയാണ്
കുട്ടിക്കാലത്ത് കേട്ടിരുന്ന ഒരു പഴമൊഴി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടാൽ വർഷം മുഴുവൻ ദേവി കൂടെ ഉണ്ടാകും താങ്ങായി, തണലായി ശരിക്കും അർത്ഥവത്താണ് ഈ വാക്കുകൾ
കുംഭമാസത്തിലെ പൂരം നക്ഷത്രവും, പൗർണ്ണമിയും, ഒത്തു വരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. ചടങ്ങുകളും, ഐതിഹ്യങ്ങളും തികച്ചും വ്യത്യസ്തവും ആണ്.
കൊടുങ്ങല്ലൂർ അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്ന തോടെ പത്തു ദിവസത്തെ ചടങ്ങുകൾ ആരംഭിക്കുന്നു. ഇതിനോടൊപ്പം കുത്തിയോട്ടം എന്നൊരു ചടങ്ങു കൂടി ഉണ്ട് പന്ത്രണ്ട് വയസ്സുവരെയുള്ള ആൺകുട്ടികൾ വ്രതം എടുത്ത് എഴു ദിവസം അമ്പലത്തിൽ കഴിയണം, അവർ ദേവിയുടെ സേവകൻമാരായിരിക്കും. മുറിവേറ്റ ഭടൻമാരുടെ ഓർമ്മയ്ക്കാണ് ഇപ്പോ ഴും ഈ ചടങ്ങ് ആറ്റുകാലിൽ നടത്തുന്നത്. ബാലൻമാർ അഞ്ചു ദിവസം ക്ഷേത്ര സന്നിധിയിൽ വ്രതാനുഷ്ഠാനത്തോടെ താമസിക്കുകയും പൊങ്കാല ദിവസം നടത്തുന്ന ചൂരൽ മുറിയലിന് ശേഷം ഘോഷയാത്രയിൽ പങ്കെടുക്കുകയും ചെയ്യുന്നു. അതോടെ കുത്തിയോട്ടചടങ്ങുകൾ അവസാനിക്കുന്നു.
ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും ഒടുവിൽ തിരുസന്നിധിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
തൻ്റെ ഭർത്താവിനെ അന്യായമായി കൊല ചെയ്ത പാണ്ഡ്യരാജാവിനെയും അവിടത്തെ സകല ആണുങ്ങളെയും കൊല ചെയ്ത ശേഷം അനന്തപുരിയിലേക്ക് വരുന്ന ദേവിയെ പൊങ്കാല സമർപ്പിച്ചാണ് ഭക്തർ അനുനയിപ്പിച്ചത്. പഞ്ചഭൂത സമന്വയം ആണ് പൊങ്കാല സമർപ്പണം ജലം, വായു, അഗ്‌നി, ആകാശം, മൺകലം ( ഭൂമി) കുംഭമാസത്തിലെ അത്യുഗ്ര ചൂടിൽ തിളച്ചു മറിയുന്ന ജലത്തിലേക്ക് അരിയും ശർക്കരയും തേങ്ങയും ചേർത്താണ് പൊങ്കാല ഉണ്ടാക്കുന്നത്. ഇത് കണ്ട് ദേവിയുടെ കലി അടങ്ങി എന്നു വിശ്വസിക്കുന്നു. പൊങ്കാല എന്ന വാക്കിൻ്റെ അർത്ഥം തന്നെ “തിളച്ചു മറിയുക “എന്നതാണ് മനമുരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃ സ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. പൊങ്കാല സമർപ്പണത്തോടെ ചടങ്ങുകൾക്ക് വിരാമമായി. കൊടുങ്ങല്ലൂർ അമ്മ അവിടെ നിന്ന് തിരിച്ചു പോരുന്നു.
പതിവുപോലെ ഇക്കൊല്ലവും പൊങ്കാലയ്ക്ക് പോകാൻ ഞങ്ങൾ ഒരുങ്ങി.
എന്താണെന്ന് അറിയില്ല പോകേണ്ട എന്നായിരുന്നു മനസ്സിൽ ദിവസങ്ങൾ അടുക്കുന്തോറും വല്ലാത്ത മടി കൊല്ലൂർക്ക് പോകണം എന്ന ചിന്തയായിരുന്നു മനസ്സിൽ ഒടുവിൽ മനസ്സില്ലാ മനസ്സോടെ ആറ്റുകാലെത്തി.
പൊങ്കാല ചടങ്ങുകൾ തുടങ്ങി. ക്ഷേത്ര പരിസരമായതു കൊണ്ട് ശക്തമായ വെയിൽ ആയിരുന്നു. അടുപ്പിൻ്റെ ചൂടും സൂര്യൻ്റെ ചൂടും ആകെ തളർന്നു പോകുന്ന അവസ്ഥ. ഉപവാസമായതുകൊണ്ടു ജലപാനം പോലും ഇല്ല ആകെ തളരുന്നു പെട്ടെന്ന് അന്തരീക്ഷത്തിൻ്റെ സ്ഥിതി ആകെ മാറി. ആകാശം ആകെ മേഘാവൃതം ആയി. വല്ലാത്തൊരു ശബ്ദം… നോക്കിയപ്പോൾ ദാരികനെ ചവിട്ടി നിൽക്കുന്ന ദേവിയെപോലെ ഒരു രൂപം. എല്ലാവരും അമ്മേ ദേവി മഹാമായേ എന്ന് ഉറക്കെ വിളിക്കുന്നു ഞങ്ങളും ദേവിയെ ഉച്ചത്തിൽ വിളിച്ചു. ഞങ്ങൾ പോലും അറിയാതെ പൊങ്കാല പാകമായി. ഇപ്പോഴും ഓർക്കുമ്പോൾ ഒരു വിറയൽ ശരീരത്തിനു തോന്നും. അങ്ങനെ സന്തോഷത്തോടെ തിരിച്ച് ഞങ്ങൾ നാട്ടിലെത്തി
വീണ്ടും രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ കൊടുങ്ങല്ലൂർ അമ്പലത്തിലേക്ക് പോയത് തൊഴുത് തിരിച്ചിറങ്ങി ദേവിയുടെ പടിഞ്ഞാറെ നടയിൽ എത്തി, ദേവി ഗുരുതി കഴിഞ്ഞ് തിരിച്ചു കയറുന്നത് ഈ വാതിലിലൂടെ ആണ്. പകൽ സമയത്ത് ആ വാതിൽ അങ്ങനെ തുറക്കാറില്ല അവിടെ തൊഴുത് തിരിച്ചു നടക്കുമ്പോൾ മോളേ എന്നുള്ള ഒരു വിളി
നടയിൽ ലോട്ടറി വിൽക്കുന്ന ചേച്ചിയാണ്
എന്തേ എന്ന് ചോദിക്കാൻ തുനിഞ്ഞതും ചേച്ചി ചോദിച്ചു
മോള് പൊങ്കാലയ്ക്ക് പോയിട്ട് എന്ന് വന്നു എന്ന്
ഞാൻ ഞെട്ടിപ്പോയി. അല്ല ആരാ ഇപ്പോ പൊങ്കാലയ്ക്ക് പോയത് പറഞ്ഞേ ?
അല്ല
ഞാൻ ചേച്ചിയോട് പറഞ്ഞില്ലല്ലോ ?
ദേവി ഇന്നലെ വന്നു അല്ലോ
ദേവി പറഞ്ഞതാ !!!
ഞെട്ടിപ്പോയി !! ഞാൻ
അറിയില്ല സത്യം ഇതിന് ചോദ്യവും ഉത്തരവും ഇല്ല നിറഞ്ഞ ഭക്തി മാത്രം
വിശ്വാസവും 🙏
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
അതിശയിപ്പിക്കുന്ന ദൈവനുഭവങ്ങൾ അല്ലേ. നന്നായെഴുതി.