ഇരവും പകലും
ഒന്നുപോലെന്നുമെന്നിൽ.
പകലെന്നു നീ പറയുമ്പോഴും
എന്നിലെ ഇരുളിൽ
ഞാനുഴറുകയായിരുന്നു
നീയാരുന്നെന്നിലെ വെളിച്ചം
ഇരുൾ വീണയെൻ പാതയിലെ
തെളിഞ്ഞമാനം നീയാരുന്നു
നിൻ മിഴികളിലൂടെക്കണ്ടു
ഞാനീയുലകിൻ കാണാക്കാഴ്ചകൾ
എന്നിലെ കിനാവുകൾ
മിഴിവോടെ കണ്ട നാളുകൾ
അന്നായിരുന്നു
എന്നിലെ മൗനമകന്നു
സ്വതന്ത്രചിന്തകൾ വന്നു
ശബ്ദങ്ങളാൽ മെനഞ്ഞ രൂപങ്ങൾ
നിന്നിൽ പിറന്ന സ്വപ്‌നങ്ങൾ
വൈവിധ്യങ്ങൾക്കിടയിടയിലൂടെ
തെല്ലും സങ്കോചമില്ലാതെ
പാദങ്ങളിടറാതെ
നിന്നെ പിന്തുടർന്നതും
ഇന്നൊരോർമയായെന്നിൽ
നമ്മിലെ പ്രണയവീഥിയിൽ
ഇരുട്ടു പരക്കുന്നു
അകന്നുപോകുന്ന മോഹങ്ങൾ
ജീവിതമദ്ധ്യേ
പകൽ വെളിച്ചത്തിൽ തനിച്ചാക്കിയ
നിനക്കറിയാം
എന്നിലേപ്പൊഴും ഇരുട്ടാണെന്ന്
നീയാരുന്നെന്നിലെ തിരിനാളം
ഇരുൾപരന്നൊരീമിഴികളിൽ
നിന്റെ സ്വപ്‌നങ്ങൾ
തകരുന്നതറിഞ്ഞു ഞാൻ
പിരിയുന്നനേരം നിൻ മിഴികളിൻ നീർച്ചാലുകൾ
ദ്രുതം മണ്ണിൽ പതിച്ചതും
ഞാനറിഞ്ഞു
എല്ലാമറിഞ്ഞിട്ടും നിന്നു
ഞാനൊന്നുമറിയാത്തപോൽ…
-ജെമിനി കെ രാജ് –
