ലളിതമായ് ജീവിക്കാനേ അവന്
നിവൃത്തി ഉണ്ടായിരുന്നുള്ളൂ
പരാതിയും പരിഭവവുമില്ലാതെ
ഉള്ളതുകൊണ്ട് ഓണം പോലെ
‘ലളിതം സുന്ദര’മെന്നോതി
ലളിതമായ് തന്നെ ജീവിതവും തുടങ്ങി
അനുഭവമൂർച്ചയെ തേച്ചു മിനുക്കി
അവഗണനയുടെ കഴുത്തറുത്തു കൊണ്ട്
ആയുസ്സന്ത്യത്തോളത്തേയ്ക്കുള്ള പാത
വെട്ടിത്തെളിച്ചു കൊണ്ട് അവൻ പിന്നെയും
ലളിതമാ൦ ജീവിതവീഥികളിലൂടെ ചരിച്ചു
ത്യാഗത്തിൻ വിലയായി കാലം അവന്
സൗഭാഗ്യമൊക്കെയും നൽകിയിട്ടും
മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാതെ
ലളിതമായ് തന്നെയും ജീവിച്ചു തീർത്തു
ലളിതമായ് ജീവിച്ചൊരാ കൊച്ചു
ജീവിതത്തിനിടയിൽ എപ്പോഴൊക്കെയോ
അവൻ ജീവിക്കാൻ മറന്നു പോയ്
എങ്കിലോ, മാറി മാറി വരു൦ കാലങ്ങളത്രയും
ലോകത്തെ മറക്കാതെ ഓർമ്മപ്പെടുത്താറുണ്ട്,
‘പണ്ട് പണ്ടൊരിക്കലൊരുവൻ ഉണ്ടായിരുന്നു…..
………………………………………………………………….
അവൻ ലാളിത്യമുള്ളവൻ’!
