ഒറ്റയ്ക്കാവുകയെന്നാൽ
ഒച്ചയില്ലാതെ ജീവിതം
വലിഞ്ഞിഴഞ്ഞു നീങ്ങലാണ്..
കമിഴ്ത്തി വെച്ച സ്നേഹത്തിൻ
പാനപാത്രങ്ങളിൽ ദാഹനീര്
തിരഞ്ഞു തൊണ്ട പൊള്ളലാണ്…
തിരസ്കാരങ്ങളുടെ
നിരന്തര പ്രഹരമേറ്റ്
ചിന്നിപ്പോയതൊക്കെയും
തുന്നിക്കൂട്ടലാണ്..
നിസ്സംഗതയാൽ മൗനമേൽപ്പിക്കും
മുറിവുകളെ തോർത്തിയുണക്കലാണ്…
നിരാസങ്ങളെ, ഉള്ളിടറാതെ
നിർമമതയോടെ, നെഞ്ചേറ്റലാണ്..
ഏകാന്തതയെ
ഏറ്റിത്തെറിപ്പിക്കാനാവാതെ
നിരന്തരം തോറ്റുകൊണ്ടേ-
യിരിക്കലാണ്…
