ഞാനൊരു കവിതയെഴുതാൻ
പേനയെടുക്കുകയായിരുന്നു,
അടുക്കളയിലെ അലൂമിനിയം
തന്മാത്രകളുടെ കൊളീഷൻ
എന്റെ പേനയെ
താഴെ വെപ്പിച്ചു
ഞാൻ വായിയ്ക്കാനൊരു
ബുക്ക് നീർത്തുകയായിരുന്നു
ഇരുമ്പ് സംയുക്തങ്ങളുടെ
വിസ്ഫോടനത്തിൽ
ഞാൻ അക്ഷരങ്ങൾ
പാടേ മറന്നു പോയി
എന്റെ ഭാവന രാസപദാർത്ഥങ്ങളിൽ
മുങ്ങി വെന്തു മരിച്ചു,
എന്റെ അക്ഷരങ്ങൾ
ഓക്സിജൻ കിട്ടാതെ
വളർച്ച മുരടിച്ചു,
എന്റെ വ്യക്തിത്വം സോഡിയം
ക്ലോറൈഡിന്റെ അറ്റോമിക
നമ്പർ ശരിപ്പെടുത്താനുള്ള
തിരക്കിനിടെ
എവിടെയോ ഒളിച്ചുവച്ചു ,
എന്റെ കഥ
ഹൈഡ്രജന്റെയും ഓക്സിജന്റെയും
രാസനാമം ഏകീകരിയ്ക്കപ്പെടാതെ
ഏങ്ങിക്കരിഞ്ഞു പോയി, അസ്വാതന്ത്ര്യത്തിന്റെ
നിർവചനങ്ങളിൽ
രാസക്കൂട്ടുകൾ
വേർതിരിഞ്ഞുപോയ്
ഒടുവിലവ പാരതന്ത്ര്യത്തിന്റെ
രാസസൂത്രങ്ങളിൽ
ഗവേഷണം നടത്തി
സ്വയം പൊട്ടിത്തെറിച്ചു-
ചുട്ടുപൊള്ളുന്ന രാസലായനിയാൽ
പ്രളയം സൃഷ്ടിച്ച്
നീന്തിത്തുടിച്ചു.
ഇതാണത്രേ സ്വാതന്ത്ര്യത്തിന്റെ
രസതന്ത്രം, ഇതാണത്രേ
പാരതന്ത്ര്യത്തിന്റെ
രാസഘടനാലംഘനങ്ങൾ!

1 Comment
നന്നായി എഴുതി