ഇന്ത്യാവിഭജനമെന്നാൽ നമുക്ക് ചരിത്രപുസ്തകത്തിലെ ഒരേട് മാത്രമാണ്.എന്നാൽ ചില മനുഷ്യർക്കത് രക്തം കിനിയുന്ന ഉണങ്ങാവ്രണ ങ്ങളാണ്. ഒരിക്കലുമുണങ്ങാത്ത ഓർമ്മകളുടെ മുറിവുകളും ഹൃദയത്തിൽ പേറി ജീവിക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഥയാണ് മുക്തിബാഹിനി.
ഇന്ത്യാചരിത്രത്തിലെ രക്തപങ്കിലമായ ഒരു അദ്ധ്യായമാണ് വിഭജനം. തുടർന്ന് പാകിസ്ഥാൻ രൂപപ്പെട്ടു. ബംഗാളിനെ ഈസ്റ്റ് ബംഗാൾ എന്നും വെസ്റ്റ്‌ബംഗാൾ എന്നും വിഭജിച്ചു കൊണ്ടാണ് പാകിസ്ഥാൻ നിലവിൽ വന്നത്. ഈസ്റ്റ് ബംഗാൾ പാകിസ്ഥാന്റെ ഭാഗമായി. വർഷങ്ങൾക്ക് ശേഷം ഭാഷാസ്വാതന്ത്ര്യത്തിനും ബംഗാളികൾക്ക് സ്വന്തമായി ദേശത്തിനും വേണ്ടി പ്രക്ഷോഭം ആരംഭിച്ച ബംഗ്ലാദേശ് വിമോചനസേനയാണ് മുക്തിബാഹിനി.
താരയുടെ ഡയറിയിലുള്ള കുറിപ്പാണ് മുക്തി ബാഹിനിയെ നമുക്ക് പരിചയപ്പെടുത്തുന്നത്. പരോക്ഷമായി ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിൽ മുക്തിബാഹിനി സ്വാധീനം ചെലുത്തുന്നുണ്ട്. ഗുജറാത്തിലെ കച്ച് ചതുപ്പ്നിലത്തിനടുത്തുള്ള തന്റെ വീടും ഉമ്മയും ഉപ്പയുമെല്ലാം ആദിൽ ഹുസൈന്റെ ഓർമ്മകളിലൂടെ വേദന നിറഞ്ഞ കഥകളായ് അറിയുമ്പോൾ, എന്തൊക്കെ ദുരിതങ്ങളാണ് ജീവിതം സാധുമനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നതെന്നു നാം അതിശയിക്കും. ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും മിസ എന്ന നിയമവും നിരപരാധികളായ ഒരു ബംഗ്ലാദേശി കുടുംബത്തെ ചിതറിച്ചു കളഞ്ഞു എന്ന് വായിച്ചറിയുമ്പോൾ നാം നടുങ്ങും. യുദ്ധങ്ങളും കലാപങ്ങളും എന്നും സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നത്. സ്ത്രീകൾക്കാകട്ടെ, അവസാനിക്കാത്ത പീഡാനുഭവങ്ങളും അവ നൽകുന്നു.
അനാഥബാല്യത്തിന്റെ മുറിവുകൾ പേറുന്ന ആദിലും, അരക്ഷിതമായ ബാല്യത്തിന്റെ രക്തസാക്ഷിയായ മധുപർണ്ണയും ഒരുമിക്കാൻ തീരുമാനിക്കുമ്പോൾ അത് പ്രണയമല്ലായിരുന്നു, വേദനിക്കുന്ന രണ്ടാത്മാക്കൾ പരസ്പരം നൽകുന്ന കരുതലായിരുന്നു. അതുകൊണ്ടാകാം ആദിൽ സഹപ്രവർത്തകയായ താരാ പ്രിയദർശിനിയിൽ ആകൃഷ്ടനായത്.ദുരൂഹത നിറഞ്ഞൊരു സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്ന ആദിയെ അന്വേഷിച്ചാണ് മധുപർണ്ണ താരാപ്രിയദർശിനിയെ തേടിയെത്തുന്നത്.
സൗരാഷ്ട്ര സർവ്വകലാശാലയിലെ സഹപ്രവർത്തകർ എന്നതിനപ്പുറമൊരു ബന്ധം അവർ തമ്മിലുണ്ടായിരുന്നു എന്ന് മധുപർണ്ണ ഊഹിച്ചിരുന്നു. കാണാതായ തന്റെ പ്രതിശ്രുതവരനിലേയ്ക്കുള്ള ഒരേയൊരു വാതിൽ താരാപ്രിയദർശിനി തുറന്നുതരുമെന്ന് മധു വിശ്വസിക്കുന്നു. പക്ഷേ അപ്പോഴേക്കും താരയും എവിടെയോ പോയി മറഞ്ഞിരുന്നു.
താരയെ തേടിയുള്ള മധുപർണ്ണയുടെ അന്വേഷണം താമരയിലും നീലാഭയിലുമെത്തി, അവസാനം അവൾ കേരളത്തിലെത്തുന്നു. താരയുടെ സഹോദരിയായ താമരയിലൂടെ താര എന്ന കഥാപാത്രം നമുക്ക് മുന്നിൽ വെളിപ്പെടുന്നു.സ്നേഹം നിറഞ്ഞ ആർദ്രമായ ഒരു സാഹോദര്യമല്ല, രണ്ട് സ്ത്രീകൾ തമ്മിലുള്ള കിടമത്സരമാണ് താരയും താമരയും തമ്മിലുള്ളത്. താമരയുടെ മകൾ നീലാഭയും സങ്കീർണ്ണമായ സമസ്യകളിൽ പെട്ടുഴലുന്നവളാണ്. അവളുടെ ഓർമ്മകളിലും താരയുടെ അവ്യക്തചിത്രമുണ്ട്.
തീവ്രമായ ആത്മസംഘർഷങ്ങളും പകയും പ്രതികാരവും പ്രണയവും പേറുന്നവരാണ് ഇതിലെ ഓരോ കഥാപാത്രവും.
“ജ്യോതിർമാലയിൽ നിന്നും അടർന്നു വീണ താരകയെ നാം അന്വേഷിക്കേണ്ടതില്ല. അത് ഈ ലോകത്തിൽ തന്നെയുണ്ട്. അടർന്നു വീണ താരകം ഈ പ്രപഞ്ചത്തിൽ തന്നെയുണ്ട്. അടർന്നു പോയതായി നമുക്ക് തോന്നുന്നതാണ്.മധുപർണ്ണ ചൊല്ലുന്ന ബംഗാളി കവിതയുടെ സാരാംശമാണിത്.
താരയെയും ആദിയെയും കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നില്ല.
“മരണം ഒരു പൂർണ്ണവിരാമമാണ്. കാത്തിരിപ്പോ ഒരു അർദ്ധവിരാമവും ‘
താരയും ആദിലുമെല്ലാം പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ അവശേഷിപ്പിക്കുന്നത് അത്തരമൊരു അർദ്ധവിരാമമാണ്, നമ്മുടെയുള്ളിലും മുക്തിബാഹിനി ബാക്കിവെയ്ക്കുന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
അത്ര വേഗമൊന്നും ആ ചോദ്യങ്ങളിൽ നിന്നും നമുക്ക് മുക്തരാകാനാകില്ല. താരയും താമരയും നീലാഭയും മധുപർണ്ണയും ആദിലും നമുക്കുള്ളിൽ അർദ്ധവിരാമചിഹ്നങ്ങളായി കുടിയേറിപ്പാർക്കും.
#എന്റെരചന.. മറക്കാനാകാത്ത കഥാപാത്രം.
ചിത്രത്തിന് കടപ്പാട് : ഡിസി ബുക്ക്സ്


3 Comments
നല്ലൊരു പുസ്തകത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ച എഴുത്തിന് നന്ദി. വായനക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാത്ത കുറെ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന മുക്തിബാഹിനി എനിക്കും പ്രിയപ്പെട്ട പുസ്തകമാണ്.
❤
വായിക്കണമെന്നാഗ്രഹിക്കുന്ന ഒരു പുസ്തകമാണ്. ❤️❤️
Thanks all for reading 👍