അസ്തമയസൂര്യൻ അവളുടെ നെറുകയിൽ വിതറിയ ചാരത്തിൻ
ഓരോ കിരണവും ഓർമ്മയുടെ കനലായെരിയുമ്പോൾ
കാലം ചരമഗീതം പാടിപ്പോകുന്നു…
വിധവയുടെ കുപ്പായമിട്ടവൾ
നടന്നു മെല്ലെ
വേദനകളുടെ പടവുകൾ കയറിയിറങ്ങി
ജീവിതത്തിനൊപ്പം.
കണ്ണീരുപ്പുകൾ മായ്ച്ചവൾ
ഉയിർക്കുന്നു പുതുശക്തിയായി..,
രാത്രിയുടെ ഏകാന്തതകളിൽ ഓർമ്മകൾ അവളെ പൊതിയുമ്പോൾ,
കണ്ണീരിൻ തിരമാലകൾ അടങ്ങുമ്പോൾ
ഇന്നലെകളിൽ അവർക്കൊളുത്തിയ പ്രണയത്തിൻ തിരകൾ
പുതിയൊരു തീരമായി തെളിയവേ
അവളുയിർക്കുന്നൊരു പുതുശക്തിയായി.
തെന്നലിൻ മൃദു മന്ത്രണം
അവരുടെ പ്രണയത്തിൻ ഗാനം മൂളി
ഇരുളിൻ മറ നീക്കി
ഉദയം ചെയ്തവൾ
വിധിയിൽ തളരാതെ
ചുറ്റുമുള്ള അടക്കംപറച്ചിലുകൾ,
വളഞ്ഞ ദൃഷ്ടികൾ നോക്കാതെ
നാളെയുടെ പ്രതീക്ഷയിൽ
അവൾ നടന്നു മുന്നോട്ട്..
പരിഭവം പറയാതെ, ധീരയായി നേരിനോപ്പം.
ജെമിനി കെ രാജ്
