“ഇയ്യെന്ത് ഉലക്കയാണ് പറയണത് അദ്രുമാനെ? അനക്ക് ചരിത്രം അറിയാത്തോണ്ടാ ഈ കിടന്ന് ചിലക്കണ് ”
വേലായുധൻ കത്തി കയറുകയാണ് പുതയൻ്റെ ചായക്കടയാണ് രംഗം : പത്രത്തിലെ ഏതോ വാർത്ത ഉറക്കെ വായിക്കുന്നതിനിടെ ഉണ്ടായ ‘ഇളക്കലിൽ ‘ തുടങ്ങിയതാണ്.
“ഇയ്യെന്ത് ഉലക്കയാണ് പറേണത് അനക്ക് ആണ് ചരിത്രം അറിയാത്തത് ഇന്ദിര വല്യ ആളായ്പ്പോ ഇന്ദിര കോഗ്രസ് ഉണ്ടാക്കിയ ടീമല്ലെ നീയൊക്കൊ അങ്ങനെ ആൾക്കാരുടെ പേരില് പാർട്ടി ഉണ്ടാക്കാണെങ്കിൽ ഈ പാർട്ടി നാല് ചേലിക്ക് ആയേനെ!” അദ്രുമാനും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല.
ശരിയാണ് ഇന്ദിരാഗാന്ധി കോൺഗ്രസിൽ വ്യത്യസ്ത നിലപാട് എടുത്തപ്പോൾ അതിനെ അനുകൂലിച്ച് പാർട്ടി പിളർന്നെന്ന മട്ടിൽ മുദ്രാവാക്യം വിളിച്ചതാണ് കടുത്ത ഇന്ദിരാ ആരാധകനായ വേലായുധൻ. പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് ഇന്ദിര സുഖമായി രാജ്യം ഭരിക്കുമ്പോഴാണ് വെടിയേറ്റ് മരിക്കുന്നത് അന്ന് വേലായുധൻ ഉണ്ടില്ല, ഉറങ്ങിയില്ല പടക്കംപൊട്ടി ചേട്ടൻ്റെ കയ്യിൽ നിന്ന് രണ്ട് കുപ്പി നിറയെ റാക്ക് മാത്രം വാങ്ങി കനാലിൻ്റെ ഓരത്ത് ഇരുന്ന് കുടിച്ച് കരയാൻ തുടങ്ങി ഇടക്ക് ആരോ പറഞ്ഞ് കേട്ട് ലളിതയും കാർത്തുവും ചെന്ന് നോക്കുമ്പോൾ കനാലിൻ്റെ കരയിൽ കമിഴ്ന്ന് കിടന്ന് ഇടക്കിടെ തല പൊക്കി “ഇന്ദിരാ ജീ കീ ജയ്” എന്ന് മുന്ദ്രാവാക്യം വിളിക്കുന്നത് കണ്ട് കുറച്ചു നേരം നോക്കി നിന്ന് മടങ്ങി പോയി.
പുതയൻ്റെ കടയിൽ രാവിലത്തെ തിരക്കൊഴിഞ്ഞ നേരമായതിനാൽ ആൾക്കാർ ആരുമില്ല ആദ്രുമാനും വേലായുധനും ഇത് പതിവ് കച്ചറയാണ് കോൺഗ്രസുകാരായ രണ്ടു പേർ തമ്മിലുള്ള തർക്കം ആയത് കൊണ്ട് ജനതാദൾ അനുഭാവിയായ പുതയൻ ഒരക്ഷരം മിണ്ടാറില്ല. ചില ദിവസങ്ങളിൽ ഇവരുടെ കച്ചറക്ക് സാക്ഷിയായി പടക്കംപൊട്ടി ച്ചേട്ടനും ഉണ്ടാവും മൂപ്പരാകട്ടെ ചെറു പുഞ്ചിരിയോടെ രണ്ട് പേരും പറയുന്നത് കേട്ട് നിൽക്കും ഇടക്കെങ്ങാനും ” അല്ലേ ചേട്ടാ ” എന്നാങ്ങാനും ചോദിച്ചു പോയാൽ പിന്നെ മൂപ്പരുടെ മറുപടി ഇങ്ങനെ ആയിരിക്കും!
“നെൻ്റെ കുടുംബത്തില് കഞ്ഞി വെക്കാൻ ഇന്ദിര കൊണ്ടത്തരോ ” നീ വേല എടുത്താൽ നെൻ്റെ കുടുംബത്തിനുണ്ടാവും ” ഇനി കുടിച്ചിട്ടുണ്ടങ്കിൽ “പിന്നെ എനിക്കതല്ലെ പണി പോയി വല്ല വേലയെടുത്ത് തിന്ന് നായി ” എന്നായിരിക്കും മറുപടി. അതുകൊണ്ട് അബദ്ധത്തിലെ ചേട്ടനോട് കൊണാരം ചോദിക്കാൻ വേലായുധനനും അദ്രുമാനും നിക്കാറുള്ളു.
“അല്ല വേലായുധാ യ്യ് മേപ്പാടിക്ക് പോണംന്ന് പറഞ്ഞിട്ട്?” ഇത്തവണ പുതയൻ ഇടപെട്ടു. പുതയൻ ചായ്പ്പിൻ്റെ വാതിൽ അടച്ചു കൊണ്ട് ചോദിച്ചു.
നേരം 11 കഴിഞ്ഞിരിക്കുന്നു. ചായ്പ്പടച്ചാൽ പീടിക അടക്കാറായെന്ന് അർത്ഥം രാവിലത്തെ കച്ചോടം കഴിഞ്ഞാൽ 2 മണി വരെ അടച്ചിടും അതിന് മുമ്പ് വൈന്നേരത്തേക്കുള്ള മാവ് കുഴച്ച് വച്ചിട്ടുണ്ടോകും.
“ങ് ഹേ ” പുതയൻ്റെ ചോദ്യം കേട്ട് തർക്കവിഷയം വിട്ട് വേലയാധുൻ പുതയനെ നോക്കി.
” ഇയ്യെന്തിനാ മേപ്പാടി പോണെ ” അദ്രുമാനും തലയുയർത്തി കണ്ണട നേരെയാക്കി ചോയ്ച്ചപ്പോൾ അദ്രുമാൻ്റെ കോന്ത്ര കണ്ണ് പിടച്ചു.
ചെമ്പോത്തറയിൽ വിരലിലെണ്ണാവുന്ന ആൾക്കാർക്കെ കണ്ണടയുള്ളു. മേലെ തൊടിയിലെ അയ്യപ്പേട്ടൻ, അനന്തൻ നായരുടെ പെങ്ങള് ഭാരതി അമ്മ, മൊട്ടങ്കരയിലെ ജോസഫ് ചേട്ടൻ എന്നിങ്ങനെ നാട്ടുപ്രമാണിമാർക്ക് മാത്രം ഉള്ള കണ്ണട കാര്യമ്പാടി കണ്ണാശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് കണ്ണുകാണിച്ച് വാങ്ങിച്ച് കൊണ്ടു വന്ന അദ്രുമാൻ അത് കഴുത്തില് ചരടും കെട്ടി തൂക്കിയിട്ടാണ് നടപ്പ്. നാട്ടിലെ കുറെ പേർക്ക് കൂടി കാഴ്ച കുറവുകൊണ്ട് കണ്ണട വെയ്ക്കണമെന്ന പൂതി ഉണ്ടെങ്കിലും ‘അലക്കൊഴിഞ്ഞ് കാശിക്ക് പോകാൻ നേരമില്ല ‘ന്ന് പറഞ്ഞ പോലെ പണി കഴിഞ്ഞ് പത്ത് മുപ്പത് കിലോമീറ്ററുകൾക്കപ്പുറമുള്ള കാര്യമ്പാടിയിൽ കണ്ണ് കാണിക്കാനും കണ്ണട വാങ്ങാനും രണ്ട് തവണ പോവാൻ നേരം കിട്ടാത്തതാണ് നാട്ടിൽ കണ്ണടകൾ കുറവായി പോയത്.
” ആ പയ്യിന് തൂറ്റലുണ്ട് ആസ്പത്രിയിൽ പോയി മരുന്ന് വാങ്ങണം” വേലായുധൻ ബഞ്ചിൽ നിന്ന് എണീറ്റ് മുണ്ട് അഴിച്ച് നേരെയാക്കി മടക്കികുത്തി.
” യ്യ് ബാ മ്മക്ക് കുറുക്ക് ബഴി കേറാം എനിക്ക് ലേശം വളം വാങ്ങിക്കാനുണ്ട് “അദ്രുമാൻ പലഹാര അലമാരയിൽ തൂക്കിയിട്ട സന്തത സഹചാരിയായിരുന്ന കുട കൈയ്യിലെടുത്ത് വീശി പുറത്തേക്ക് നടന്നപ്പോൾ വേലയാധുധൻ അനുഗമിച്ചു.
അരിപ്പൂവുകൾ ചാഞ്ഞു കിടക്കുന്ന മൺ റോഡിൻ്റെ അതിരിലിരുന്ന് അദ്രുമാൻ മൂത്രമൊഴിച്ചപ്പോൾ വേലയാധുൻ നിന്ന് കൊണ്ട് കാര്യം സാധിച്ചു അവർക്കിടയിൽ കുത്തിവച്ച അദ്രുമാൻ്റെ കുട രണ്ടു പേർക്കും കാവലു നിന്നു.
” അല്ല വേലയുധാ അൻ്റെ പെണ്ണിൻ്റെ മംങ്ങല കാര്യം ഏടെ വരെയായി? കുറുക്കിൻ്റെ കേറ്റം കഴിഞ്ഞ വളവിൽ ശ്വാസമെടുക്കാൻ പാട്പെട്ട് അദ്രുമാൻ ചോദിച്ചു.
“അതെല്ലാം പറഞ്ഞ് വച്ചിക്കിന് കോട്ടയില് ഉത്സവം കഴിഞ്ഞ്ണ്ടാവും ”
വേലായുധനും അദ്രുമാൻ്റെ കൂടെ നിന്നു കിതച്ചു പിന്നെ തലയിലെ തോർത്തഴിച്ച് മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പി.
“മ്മളെ രവി ല്ലെ നല്ല ചെക്കനാ നന്നായിട്ട് നയിക്കും” അദ്രുമാൻ മുന്നോട്ട് നടന്നു.
” അത് പിന്നെ ആർക്കാ അറിയാത്തെ, ഓൾക്ക് ബോറെം ആലോചന വന്ന് ന് ഓൾക്ക് ഓനെ മതീന്ന് പറഞ്ഞ് ” വേലായുധൻ അദ്രുമാൻ്റെ പിന്നാലെ നടന്ന് ഒപ്പമെത്തി.
” അതിപ്പോ വേറെ ഏടന്നാ ആലോചന വന്നിന്?” അദ്രുമാന് അതറിയണം.
“ഫോറസ്റ്റില് ജോലി ള്ള ചെക്കനാ മ്മളെ സതീശൻ ! മ്മളെ കല്ലായ്മ്മ ലെ കറപ്പനേം കൂട്ടി ഒരു മോന്തിക്ക് വന്നിന് മ്മളെ പെണ്ണ് ഓനെ വേണ്ടാന്ന് പറഞ്ഞ്” വേലയാധുൻ എളിക്ക് കൈ കൊടുത്ത് കേറ്റം കേറി.
” അതാപ്പോ നന്നായെ ഓനെ ഒക്കെ മനുസ്സമ്മാര് പെരേ കേറ്റോ?” അദ്രുമാൻ കാലൻ കുട ഊന്നി തിരിഞ്ഞ് നിന്ന് ചോദിച്ചു.
“അതെന്താടോ അങ്ങനൊരു വർത്താനം ” വേലായുധന് കാര്യം പിടികിട്ടിയില്ല.
“എടോ ചങ്ങായി അനക്ക് ലോകം തിരിഞ്ഞിട്ടില്ല യ്യ് ങ്ങനെ കള്ളും കുടിച്ചുങ്ങാണ്ട് തേരാ പാര നടക്കല്ലാണ്ട് ചെക്കൻമാരെ കച്ചറ കളി ന്തേലും അറിയോ?” അദ്രുമാൻ കണ്ണട ഊരി കണ്ണ് ചിമ്മി.
“ഓൻ ലേശം കുടിക്കുന്ന് അറിയാം അല്ലാണ്ടിപ്പോ ന്താ?”
താനും കുടിക്കുന്നത് കൊണ്ട് വേലായുധന് അത് വലിയ കാര്യമല്ല.
” അന്നെ പോലെ കുടിച്ചുങ്ങാണ്ട് കനാലില് കിടക്കണതല്ല കുരിപ്പെ ഓൻ്റെ ചേലിക്ക് ഓൻ നല്ലോണം മോന്തും പിന്നെ പാടീലെ (ആദിവാസി കോളനി) പെണ്ണുങ്ങളെ വൈത്താലെ (പിന്നാലെ) നടക്കും ഞാം തന്നെ ഈ കുറുക്കുമ്മല് എത്ര കണ്ടിക്ക്ണ് ” അദ്രുമാന് ഉറപ്പാണ്.
” തന്നെ ഞാം കേട്ടിക്കില്ല ട്ടോ” വേലായുധന് ആശ്ചര്യം!
” യ്യ് ഏടന്ന് കേക്കാനാണ് അനക്ക് തലക്ക് വെളിവു വേണ്ടെ? വെളിവുള്ളപ്പള് ഇന്ദിരാ ഗാന്ധിൻ്റെ വൈത്താലല്ലെ ?”
കിട്ടിയ തക്കത്തിന് അദ്രുമാൻ രാഷ്ട്രീയം പറയാൻ മറന്നില്ല.
” അതായ്ക്കോട്ടെ മ്മള് അത് വേണ്ടന്ന് വച്ചൂലോ യ്യ് ഇന്ദിരാ ജീ നെ വിട്ട് പിടി ” കാര്യമെന്തൊക്കൊ ആയാലും തൻ്റെ ഇഷ്ട നേതാവിനെ പറഞ്ഞത് വേലായുധന് ഇഷ്ടപ്പെട്ടില്ല.
” ആ അതാണ് കാരിയം, അപ്പോ പിന്നെ അറിയൂലന്ന് ചിലക്കണ്ട” അദ്രുമാൻ കുട കയ്യിലടിച്ച് കളിയാക്കി.
“വിട്ട് പിടി ചങ്ങായ്, യ്യ് നടക്കാൻ നോക്ക് പയ്ക്ക് മരുന്ന് വാങ്ങണം നേരം പോയാല് ഡോക്ടറ് വയിക്ക് പോവും “
അദ്രുമാൻ്റെ കാലൻ കുടയെ കടന്ന് വേലായുധൻ നടന്നു.
” കാര്യറിയാണ്ട് ഓൻ തർക്കിക്കാൻ വന്നോളും” ന്ന് പിറുപിറുത്ത് അദ്രുമാൻ പിന്നാലെയും.
“എയ് വേലായുധാ യ്യ് ങ്ട്ക്കാ മണ്ടണത്? മൃഗാശുപത്രിയുടെ വഴിയിലേക്ക് പോകാനായി അദ്രുമാനോട് യാത്ര പറഞ്ഞ് തിരിഞ്ഞ വേലായുധനെ കൗണ്ടറുടെ മുറുക്കാൻ കടയിൽ നിന്ന കറുപ്പൻ ഉറക്കെ വിളിച്ചു.
“ഞാൻ പൈയ്ക്ക് മരുന്ന് വാങ്ങാൻ പോവാ കറുപ്പാ അതിന് തൂറ്റലാണന്ന് ” വേലയുധൻ കറുപ്പനോട് ചിരിച്ച് കാണിച്ച് നടക്കാനൊരുങ്ങി.
” അയിന് ആശുപത്രി തുറന്നിട്ട് വേണ്ടെ ” കറുപ്പൻ വായിലെ മുറുക്കാൻ നീട്ടി തുപ്പി പറഞ്ഞു.
” അതെന്താ അടക്കാൻ നേരായിട്ടില്ലല്ലോ” വേലായുധൻ സംശയപ്പെട്ടു.
” ഞാനും മരുന്ന് മേടിക്കാനാടെ പോയിരിക്കണ് അപ്പോ ആടെ എല്ലാം കെട്ടി പൂട്ടിവച്ചിരിക്കണ് പിടീയേല് ചോയ്ച്ചപ്പോ കുന്നമ്പറ്റ കുത്തിവെയ്ക്കാൻ കമ്പോണ്ടറെം കൂട്ടി പോയിരിക്കണോലും ” കറപ്പൻ തനിക്ക് കിട്ടിയ വിവരം പങ്കുവച്ചു.
” ഞാനിനി പൈയ്ക്ക് എന്താ കൊടുക്കാ?” വേലായുധൻ ആശങ്കപ്പെട്ടു.
” യ്യ് ബേജാറാവാണ്ട മ്മളെ ബസാറിലെ മരുന്ന് പീടില് മരുന്നുണ്ടാവും എനിക്കും വാങ്ങണം” കറുപ്പൻ വേലായുധനെ ആശ്വസിപ്പിച്ചു.
മേപ്പാടി ടൗണിലെ ഇംഗ്ലീഷ് മരുന്ന് കടകളിൽ ഒന്ന് കുസിനി ബസാറിലേതാണ്.
” ന്നാ പിന്നെ ആടെ ചെന്ന് നോക്കാലെ?”
” ആ നടക്ക് ” കറപ്പൻ വേലായുധൻ്റെ ഒപ്പം നടന്നു.
തെല്ലു ദൂരം നടന്ന കറപ്പൻ തിരിഞ്ഞു നോക്കി മുറുക്കാൻ കടയുടെ ഉള്ളിൽ നിന്ന് പുറത്തിറങ്ങിയ സതീശൻ കറുപ്പനെ തലയാട്ടി ചിരിച്ചു കാണിച്ചു. പിന്നെ വായിലെ മുറുക്കാൻ നന്നായി ചവച്ചു നീട്ടി തുപ്പി ചിറി തുടച്ചു. അവൻ്റെ കണ്ണുകൾ നിഗൂഡതയോടെ തിളങ്ങി.
തുടരും
ജീസ് കൈതാരം


1 Comment
👌👌