മഴവില്ലിനെ വെല്ലുന്ന നിറങ്ങളുടെയും
നാവും മനസ്സും കൊതിപ്പിക്കുന്ന
രുചികളുടെയും ഓർമ്മയിൽ
മധുരതരമായ് വരികയായി ഒരു
ഓണക്കാലം കൂടി.
ചിങ്ങമാസം പിറന്നാൽ പിന്നെ മലയാളികൾ എല്ലാവരും ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കത്തിൽ ആയിരിക്കും.
ഓർമ്മകളുടെ വേരുകൾ കൂടിയാണ് ഓണം. പാട്ടും നൃത്തവും നിറഞ്ഞ ആഘോഷങ്ങൾക്കും വിരൽ ഞൊടിച്ചാൽ വിട്ടിൽ എത്തുന്ന ഓണ സദ്യകൾക്കും ഇടയിൽ ഇല്ലായ്മയുടെ പുതപ്പിനുള്ളിൽ മാസങ്ങൾക്ക് മുൻപേ ഓണത്തിനായി സ്വരൂക്കൂട്ടി വച്ചതും പല പല പറമ്പുകളിൽ കയറി ഇറങ്ങി കുട്ടികൾ പറിച്ച പൂക്കൾ കൊണ്ടു പൂക്കളം തീർത്തതും സ്ത്രീകളുടെ കൈപുണ്യം കൊണ്ടു അടുക്കളയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയതും ആയ ഇന്നലെകളെ നമുക്ക് മറക്കാൻ ആവില്ലല്ലോ.
മുറ്റം ചെത്തി മിനുക്കി ചാണകം തളിച്ച് ഓണത്തെ കാത്തിരിക്കും. അന്ന് ഇന്റർലോക്കിട്ട മുറ്റം എവിടെയും കാണാൻ ഉണ്ടായിരുന്നില്ല. ആഘോഷങ്ങൾ അധികമില്ലാതിരുന്ന കാലമായിരുന്നു അത്. വിവാഹമാമാങ്കങ്ങളും പിറന്നാളുകളും സമ്പന്നമാർക്ക് മാത്രം. പാവപെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസമില്ലാതെ ഉള്ള ഒരു ആഘോഷമായിരുന്നു ഓണം.
കർക്കിടത്തിലെ തോരാമഴ ഒന്നു നിന്നു കിട്ടാൻ മോഹിക്കുന്ന സാധാരണക്കാരൻ. എന്നിട്ട് വേണം ഓണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങാൻ. കുറഞ്ഞ പൈസക്ക് വാഴക്കുല അറിയാവുന്ന കൃഷിക്കാരോട് പറഞ്ഞു വെയ്ക്കും. വെളിച്ചെണ്ണ കുറച്ചു അധികം വേണമെന്നു മില്ലുകാരെ ഏല്പിക്കും. ഒരു കൊല്ലം ചേർത്തു വെക്കുന്ന ചിട്ടികൾ കൊണ്ടു സാധനങ്ങളും ഓണക്കോടിയും വാങ്ങാൻ സാധിക്കുമോ എന്ന ആശങ്ക വേറെ. അരിക്കലത്തിൽ സൂക്ഷിച്ചും കോഴിമുട്ടകൾ വിറ്റും ആവും വിധം കരുതി വെച്ച കാശ് വിട്ടമ്മമാർ നൽകുമ്പോൾ വലിയ ആശ്വാസമാവും ഗൃഹനാഥന്.
ഇന്നത്തെ പോലെ കാരറ്റും ബിറ്റുറൂട്ടും കേബേജും ഒന്നുമായിരുന്നില്ല അന്ന് ഓണസദ്യയിലെ പച്ചക്കറികൾ.
പയറും മത്തനും കൂടി എരിശ്ശേരി.
പാവയ്ക്കാ അച്ചിങ്ങ മെഴുക്കുപുരട്ടി.
ചേനയും ചേമ്പും ചീരയും മുരിങ്ങക്കയും ഒക്കെ ചേർന്ന അവിയൽ.
അങ്ങനെ ആയിരുന്നു ഓണ സദ്യ ഒരുക്കാറ്. പരിപ്പ് പായസത്തിനുള്ള ചെറുപയർ വരെ ചില കുടുംബങ്ങളിൽ കൃഷി ചെയ്തിരുന്നു.
പിള്ളേര് ഓണം എന്ന പേരിൽ ആയിരിക്കും അത്തം തുടങ്ങുക. അന്ന് വീടുകളിൽ ചെറിയ തോതിൽ ഒരു സദ്യയും ഒരുക്കും. പൂരാടത്തിനു പടി വരെ ഓണം എത്തി എന്നാണ് വിശ്വാസം. അന്ന് പടി വരെ പൂക്കൾ വാരിയിടും. പച്ച കായ വറുത്തു ഉപ്പേരിയാക്കി വിട്ടിൽ കരുതിവെക്കും. അത്തം തൊട്ടു വിട്ടിൽ വരുന്ന ഏതൊരാൾക്കും ഉപ്പേരി നൽകും.
ഐശ്വര്യസമൃദ്ധമായി നാട് ഭരിച്ച മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുമ്പോൾ ഇവിടെ ഇപ്പോഴും ഒന്നിനും ഒരു കുറവും ഇല്ല എന്ന് അദ്ദേഹത്തെ അറിയിക്കാൻ ആയിട്ടാണത്രെ ഇങ്ങിനെ ചെയ്യുന്നത്.
എവിടെ ആയാലും ഓണാനാളിൽ കുടുംബത്തിലുള്ള എല്ലാവരും ഒന്നിച്ചു ചേരുന്നതായിരുന്നു അന്നത്തെ ശീലം. വിട്ടിൽ ഉള്ള തല മുതിർന്ന ആൾ എല്ലാവർക്കും ഓണാക്കോടി നൽകും. അതു ഇന്നത്തെ പോലെ ഓരോരുത്തരും ഇഷ്ടപെടുന്ന വസ്ത്രം ആയിരിക്കില്ല. ഒരേ തുണി മീറ്റർ കണക്കിൽ വാങ്ങി കുട്ടികൾക്ക് ഒക്കെ ഉടുപ്പ്, സ്ത്രീകൾക്ക് ഒറ്റകരയുള്ള സെറ്റ് മുണ്ട്, പുരുഷൻ മാർക്ക് ചെറിയ കരയുള്ള മുണ്ട്. എല്ലാവരും ഇതു ധരിച്ചു വേണം പുല്പായയിൽ ചമ്രം പടിഞ്ഞിരുന്നു ഇലയിട്ട് സദ്യ കഴിക്കാൻ.
വിഘ്നങ്ങൾ തീർക്കാനായി വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് വിളക്ക് കത്തിച്ചു ഇലയിട്ട് സദ്യ വിളമ്പും. അതു കഴിഞ്ഞേ എല്ലാവരും കഴിക്കു. ഇന്ന് ഉള്ളതുപോലെ കേറ്ററിങ് എന്ന പേരിൽ വിട്ടിൽ എത്തുന്ന ഓണസദ്യകഴിച്ചു ടി വി യുടെ മുന്നിൽ ഇരുന്നോ തിയേറ്ററിൽ പോയി സിനിമ കണ്ടോ ആയിരുന്നില്ല അന്നത്തെ ഓണാഘോഷം. സ്ത്രീകൾ അടുക്കളയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കും. അതു കുട്ടികൾക്കും പുരുഷമാർക്കും വിളമ്പിയ ശേഷം സ്ത്രീകളെല്ലാം ഒന്നിച്ചു ഇരുന്നു സദ്യ കഴിക്കും. പിന്നെ ആയിരിക്കും സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും കളികൾ. തുമ്പി തുള്ളലും തിരുവാതിരയും ഊഞ്ഞാലാട്ടവും ഒക്കെ ഉണ്ടാവും. ഗ്രാമങ്ങളിൽചിലയിടത്തു മഹാബലിയുടെ വേഷത്തിൽ വന്നു മൗനമായി അനുഗ്രഹം ചൊരിയുന്ന ഓണാപൊട്ടനെ ഇന്നും കാണാൻ സാധിക്കും.
ഓണം വിളവെടുപ്പിന്റെയും കാലമാണ്. കൊയ്ത്തു കഴിഞ്ഞു നെല്ലും പച്ചകറികളും കൊണ്ടു വീടും പത്തായവും നിറയുമ്പോൾ കർഷകന്റെ മനസ്സും നിറയുന്നു. കൃഷിക്കാർ അടുത്ത വർഷത്തിലേക്കുള്ള വിത്ത് നടാനുള്ള സമയം കൂടി ആണിത്.
ഈ പൊലിമയും ഐശ്വര്യവും അടുത്ത തവണയും ലഭിക്കണേ എന്ന ഒരു പ്രാർത്ഥന ആയിരിക്കും ഓരോ കർഷകന്റെയും മനസ്സിൽ.
പഴമ പുതുമ എന്ന് വേർതിരിച്ചു കണ്ടാലും ഓണം എക്കാലവും മലയാളികളുടെ ദേശിയോത്സവമാണ്. ആഘോഷിക്കുന്ന രീതി അവരവരുടെ സൗകര്യം പോലെ മാറ്റിയാലും അതു സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതികമാണ്. ഏതു നാട്ടിൽ ജീവിച്ചാലും ഓരോ മലയാളിയുടെയും ഉള്ളിൽ ഓണം വർണ്ണ മനോഹരമാണ്. മധുരതരവും ആണ്.
#എന്റെരചന
ഓർമ്മയിൽ ഒരു ഓണം


5 Comments
ശരിയാണ്, പഴയതായാലും പുതിയതായാലും ഓണം മധുരമുള്ള ഒരു അനുഭവം തന്നെയാണ്. പരസ്പര സ്നേഹത്തിൻെറ, സഹകരണത്തിൻെറ, കൂട്ടായ്മയുടെ ഒരു ഉൽസവം- ഭേദ ചിന്തകൾ മാറ്റിവെച്ച് എല്ലാവർക്കും ഒരുമിച്ച് അത് ആഘോഷിക്കാനാകണം. 👍
പഴയകാലത്തെ ഓണാഘോഷങ്ങളിലേക്ക് ഒരു നല്ല ഉൾക്കാഴ്ച തരുന്ന എഴുത്ത് അതീവ ഹൃദ്യമായി. അഭിനന്ദനങ്ങൾ.
പഴയമയും പുതുമയും ഓണാഘോഷങ്ങളിൽ ഒന്നു ചേർന്ന ഒഴുക്കായിരുന്നു ഈ എഴുത്ത്.
ഓണാശംസകൾ!
🏵️🏵️🏵️🏵️🏵️🏵️🏵️
ഓർമ്മയിലെ ഓണങ്ങൾക്കാണ് മാധുര്യം കൂടുതൽ……. ഹൃദ്യമായ എഴുത്ത്👍🌹
ഓണം എന്നും മധുരതരമായ ഓർമ്മയാണ്
നല്ലെഴുത്ത് ജലജ❤️🌹👌