വേദനയുടെ ഇരുട്ടിൽ മുങ്ങി
ശ്വാസത്തിന്റെ താളം മങ്ങുമ്പോൾ
ജനൽപാളികൾക്കകലെ മേഘത്തുണ്ടുകളിൽ
കാഴ്ച്ചകൾ മാഞ്ഞുപോയോരാ പകൽ
മരണത്തിന്റെ ഗന്ധം പരത്തുന്ന കാറ്റ്
ചുവരിനപ്പുറം എനിക്കന്യമായ ലോകം
ഏകയായ്,,
നോക്കെത്താദൂരത്തെരിഞ്ഞടങ്ങുന്ന
പ്രതീക്ഷകൾ..
എനിക്കുചുറ്റിലും സ്നേഹത്തിൻ കണ്ണുകൾ
അവരുടെ കണ്ണുകളിൽ എൻ വേദന..
ഒരു പുഞ്ചിരി നൽകാൻ എനിക്കായിരുന്നെങ്കിൽ..
ഇരവും പകലും യാത്ര പറയവെ
ഞാനറിഞ്ഞു,.
ജീവിതം വേദനകൾക്കും
രോഗത്തിനും മീതെയൊരു
ശാശ്വത പ്രഭാതം
ശക്തി അതു മനസ്സിന്റെതാവണം
പുഴപോലെ നൊമ്പരങ്ങൾ
ശാന്തമായെന്നിലൂടൊഴുകി
മിഴികളിൽ പ്രതീക്ഷയുടെ
ഓളങ്ങളുമായി..
അവിടെയതിൻ തീരത്ത്
പുതുജീവന്റെ കരയിൽ ഞാനിരിപ്പൂ,
ചുണ്ടിൽ ചെറുപുഞ്ചിരിയുമായി.. ❤️
ജെമിനി കെ രാജ്
