വേഗത്തിലാളുകൾ മറന്ന ചുവന്നപെട്ടി,
നീയിന്നു
വഴിയോരത്തു നിശബ്ദമായി നിൽക്കെ
നീയെൻ കണ്മുന്നിൽ
പോയകാലത്തിൻ മൂകസാക്ഷി!
അന്നു നീയുള്ളിൽ കരുതിയ
കത്തുകളിലെ മഷിക്കു
സ്നേഹത്തിൻ ഗന്ധമായിരുന്നു
മനസിലെ പ്രണയവും
പ്രതീക്ഷകളുമായിരുന്നു.
നിന്നുള്ളിലെത്രയെത്ര രഹസ്യങ്ങൾ,
പറയാൻ മടിച്ച വാക്കുകൾ,
വികാരങ്ങളുടെ കൂടാരങ്ങളുമായി
സൈക്കിൾ മണിമുഴക്കി കാക്കിയുടുപ്പിട്ടെത്തുന്ന പോസ്റ്റ്‌മാനും
എല്ലാമിന്നൊരോർമ്മയായെന്നിൽ.
ഇന്നു നീ വഴിയോരത്തേകനായി
മൊബൈൽ വെട്ടത്തിൽ
മറഞ്ഞു പോയ്,
വാട്ട്സ്ആപ്പിൽ വാക്കുകൾ പെരുകുമ്പോഴും
അന്നു വിരൽത്തുമ്പിൽ
കൈതൊട്ടറിഞ്ഞൊരു
കടലാസിൻ ചൂടിന്നു നഷ്ടമായി..
-ജെമിനി കെ രാജ് –
