മനസ്സ് വല്ലാതെ പിരിമുറുകുമ്പോൾ പതിയെ ആ കായൽക്കരയിലേക്കൊന്നു പോകണം,
പാറിപറക്കുന്ന മുടിയിഴകൾ മിഴിയിണകളെ തലോടണം,
പാതിയടഞ്ഞ മിഴികളിൽ നേർത്ത മഴതുള്ളികൾ വന്നു ചുംബിക്കണം…
ചുംബന മാധുര്യം കൺപീലികളെ മെല്ലെ മെല്ലെ പുണർന്നു കൊണ്ടേയിരിക്കണം..
ഇരുട്ടും കൂരിരുട്ടും കടന്ന് ഒരു നേർത്ത വെയിൽ വെളിച്ചം പതിയെ ഉള്ളിൽ തെളിയാൻ തുടങ്ങും..
ചുട്ടു പൊള്ളിയ കാല്പാദങ്ങളെ തെളിനീരീലങ്ങനെ നീന്തി തുടിക്കാൻ അനുവദിക്കണം..
സ്വർണമീനുകൾ തൻ ചുണ്ടിണകൾക്കു കൊതിയോടെ നുണയാനായ് നിന്നുകൊടുക്കണം…
പുഞ്ചിരി പടർത്തിയ കുഞ്ഞുസ്വകാര്യങ്ങൾക്കു സൂഷ്മയോടെ ചെവിയോർക്കണം.
ഊതിവീർപ്പിച്ച ബലൂൺ കണക്കെ ഉള്ളിലെ വിങ്ങലുകളെ കാറ്റഴിച്ചു വിടണം,
കളകളാരവങ്ങളെ തഴുകിയുറക്കുന്ന കാറ്റിന്റെ തൂവൽ സ്പർശം മനസ്സിന്റെ നീറ്റലിൽ തലോടണം..
മനസ്സിലെ ഭാരം ഒഴിയുന്ന കണക്കെ ശരീരം സ്വയം അലിഞ്ഞൊരു പഞ്ഞിക്കെട്ടിൻ നൈർമല്ല്യമായിത്തീരണം..
പിൻവിളികൾക്ക് കാതോർക്കാതെ, ആശങ്കകൾക്കിടം കൊടുക്കാതെ, നൊമ്പരങ്ങളെ കൂടെ കൂട്ടാതെ, കാറ്റിൽ പാറി പറക്കുന്ന അപ്പൂപ്പൻതാടി പോലെ സ്വയം പറന്നങ്ങനെ ഉയരണം..!
