സ്മഗ്ളിംഗ് – 4
“””””””””””””””””””””””””
ഫോൺ വൈബ്രേഷൻ മോഡിൽ അല്ലായിരുന്നിട്ട് കൂടി അത് അവൻ്റെ കൈകകളിൽ വിറച്ച് കൊണ്ടിരിക്കുകയായിരുന്നു. ബെല്ലടിച്ച് തീരാറാവുന്നതിന് തൊട്ട് മുന്നേ ബിനോയ് കോൾ അറ്റൻഡ് ചെയ്തു.
ഹലോ… ആരാ വിറയാർന്ന ശബ്ദത്തിൽ അവൻ മെല്ലെ ശബ്ദിച്ചു.
ബിനോയ് ഞാൻ നിൻ്റെ വീട്ടിൽ ചെന്നിരുന്നു. രുഗ്മിണിയമ്മ പറഞ്ഞപ്പോൾ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി. എനിക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ടായിരുന്നു…
അത് പിന്നെ… മറുപുറത്ത് ബിനോയ് വാക്കുകൾ കിട്ടാതേ വലഞ്ഞു.
ഏത് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞാൽ മതി, ഞാനങ്ങോട്ട് വന്ന് കാണാം.
രഘുവേട്ടാ ഇവിടെ വിസിറ്റേഴ്സിനെ അനുവദിക്കില്ല. ആ ലൊക്കേഷൻ സെൻഡ് ചെയ്യൂ, ഞാനങ്ങോട്ടേക്ക് എത്താം.
ഒരു വിധത്തിൽ ആ കോൾ കട്ട് ചെയ്തതിന് ശേഷം ബിനോയി മറ്റാർക്കോ തിടുക്കത്തിൽ വിളിച്ചിട്ട് പറഞ്ഞു ഇനിയും എനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിട്ടുണ്ട്, എത്രയും വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ.
മറുപടിയായ് കേട്ടത് ഒരു സ്ത്രീയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദമായിരുന്നു നീ ടെൻഷനാവണ്ട… എന്താ വേണ്ടതെന്ന് എനിക്കറിയാം!
നിന്നെ കണ്ടെത്തിയപ്പോൾ എല്ലാം കഴിഞ്ഞു എന്ന് രഘുനന്ദന് തോന്നുന്നുണ്ടെങ്കിൽ അതയാളുടെ വെറും തെറ്റിദ്ധാരണയാണ്, ഇതൊരു തുടക്കം മാത്രമാണ്. അയാളിനി ജീവനോടെ തിരിച്ച് പോകുമെന്ന് നീ കരുതുന്നുണ്ടോ?ഞാൻ വിരിച്ച വലയിൽ കുടുങ്ങി ശ്വാസം കിട്ടാതേ പിടയുന്നത് കാണാൻ പോകുന്നതേയുള്ളൂ… പറഞ്ഞ് മുഴുമിച്ച് അഹങ്കാരത്തോടേയുള്ള അവളുടെ ചിരിയും ബിനോയീടെ കാതുകളിൽ മുഴങ്ങി.
രഘുനന്ദനെന്ന ബ്രില്യൻ്റ് സ്മഗ്ളറെ കുടുക്കാൻ അവർ കണ്ടെത്തിയ മാർഗമായിരുന്നത്. പല രീതിയിലും അയാളുടെ സാമ്രാജ്യം തകർക്കാൻ ശ്രമിച്ചെങ്കിലും ഒന്ന് പോലും വിലപ്പോയില്ല. അയാളെ നാട്ടിലെത്തിക്കാൻ മാത്രമാണ് ബിനോയീനെ ദുബായിലേക്ക് എത്തിച്ചതും അയാളുടെ വിശ്വാസം നേടി എടുത്തെതുമൊക്കെ.
രഘുനന്ദൻ്റെ എല്ലാ ഡീലിംഗ്സും അതീവ രഹസ്യമായിരുന്നു, അതിന് കാരണം ഒരൊറ്റ ബ്രയിനിലാണ് മൊത്തം നെറ്റ് വർക്ക് ഓപ്പറേഷനും നടന്നിരുന്നത്. എന്തിനേറേ പറയുന്നു. രഘുവിൻ്റെ ഫാമിലി ഡീറ്റേൽസ് വരെ ആർക്കും അറിയില്ലായിരുന്നു. അവർ എത്ര പേരുണ്ട്?നാട്ടിലാണോ അതോ അവർ ദുബായിലാണോ? അതോ വേറേ വല്ല യൂറോപ്യൻ രാജ്യങ്ങളിലാണോ ഒന്നും വ്യക്തമാക്കിയിരുന്നില്ല ആരോടും!
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
കുറച്ച് മുന്നിലുള്ള റെസ്റ്റോറൻ്റിന് മുന്നിൽ സ്കോർപിയോ പാർക്ക് ചെയ്ത് ലോക്കേഷൻ സെൻഡ് ചെയ്തതിനു ശേഷം രഘു ഷോപ്പിനുള്ളിലേക്ക് കയറി. ടേബിളിന് മുകളിൽ വണ്ടിയുടെ കീ വെച്ച് മെനു കാർഡിൽ കണ്ണോടിക്കുന്ന നേരം വെയ്റ്റർ എത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും രഘു തൻ്റെ പഴയ കാര്യങ്ങൾ ഓർക്കുവായിരുന്നു…
രഘുനന്ദൻ്റെ അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു, അമ്മ ടീച്ചറും. ശരണ്യയുടെ വീട്ടിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവളുടെ ഇഷ്ട്ടത്തിന് ഒപ്പം നിൽക്കാൻ പാതി മനസ്സോടെ വീട്ടുകാർ തയ്യാറായ് നിൽക്കുമ്പോഴാണ് രഘുവിൻ്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ ഘോഷയാത്രയ്ക്ക് തുടക്കമിടുന്നത്.
ബാങ്കിൽ വൻ അഴിമതി നടത്തിയെന്ന പേരിൽ അച്ഛന് ജോലി നഷ്ട്ടപ്പെട്ടു. ആ വാർത്ത അവനെ പോലേ തന്നെ അദ്ദേഹത്തെ അറിയാവുന്ന ആരും ഉൾകൊള്ളാൻ തെല്ലൊന്ന് മടിച്ചു. ബഹുമാനത്തോടേ മാത്രം കണ്ടിരുന്ന നാട്ടുകാർ ഒളിഞ്ഞും, തെളിഞ്ഞും ആ കുടുംബത്തിന് നേരേ ചെളി വാരി എറിയാൻ തുടങ്ങി. കളിയും ചിരിയുമായ് സ്വർഗ തുല്യമായിരുന്ന ആ വീടൊരു ശ്മശാന സമമായി തീരാൻ അധികം വൈകിയില്ല. ഒടുവിൽ രഘുനന്ദനെ തനിച്ചാക്കി അവരിവരും ജീവനൊടുക്കി.
ശരണ്യ എന്ന പച്ച തുരുത്ത് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ രഘുവും അവരുടെ പാത തന്നെ തിരഞ്ഞെടുത്തേനേ. നാട്ടിൽ നിന്നൊരു മാറ്റം അനിവാര്യമായതോടേ ഗൾഫിലേക്ക് ചേക്കേറിയതായിരുന്നില്ല അയാൾ. അഴിമതിയുടെ ബാധ്യതകൾ തീർക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു. അതിനിടയ്ക്കാണ് ശരണ്യയെ നഷ്ട്ടപ്പെടുമെന്ന് മനസ്സിലാക്കിയ രഘുവിന് ഗൾഫിലെ ജോലിയും ഉപേക്ഷിക്കേണ്ടതായ് വന്നു.
ദുരഭിമാന ഭാരത്താൽ അത്മഹത്യ ചെയ്ത കുടുംബത്തിലേക്ക് തങ്ങളുടെ മകളെ വിടില്ലെന്ന അവരുടെ തീരുമാനത്തിന് മുന്നിൽ തല താഴ്ത്തി നിന്ന രഘുവിൻ്റെ മുന്നിലേക്ക് ദൃഢ നിശ്ചയോത്തോടേ ശരണ്യ ഇറങ്ങി വരുകയായിരുന്നു. അവളുടെ വാക്കുകൾക്ക് മുന്നിൽ മാതാപിതാക്കൾ നിഷ്പ്രഭലരായി. ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും അത് ഒരാളോടൊപ്പം മാത്രം ആയിരിക്കും!
കൈ പിടിച്ച് കൂടേ ചങ്ക് ഉറപ്പോടേ ഇറക്കി കൊണ്ട് വന്നെങ്കിലും സ്വന്തമായ് വീടോ ഒരു തുണ്ട് ഭൂമിയോ രഘുവിൻ്റേതായ് അവശേഷിച്ചില്ലായിരുന്നു. അത് മാത്രമല്ല അച്ഛൻ്റെ പേരിൽ അടിച്ചേല്പിച്ച ബാധ്യതകൾ തീർത്തപ്പോഴേക്കും അവനും ലക്ഷങ്ങളുടെ കടക്കാരനായ് മാറിയിരുന്നു.
വാടക വീട്ടിലായിരുന്നു ശരണ്യയും രഘുവും തങ്ങിയിരുന്നത്. രഘുവിൻ്റെ രൂപത്തിൽ നന്നേ മാറ്റമുണ്ടായിരുന്നു. കോളേജിൽ പഠിച്ചിരുന്ന കാലത്തെ രഘുവിൻ്റെ നിഴൽ മാത്രമേ ഇപ്പോ തൻ്റെ കൂടേ ഉള്ളെന്ന ചിന്ത പലപ്പോഴും ശരണ്യയെ ഡിപ്രസ്ഡ് ആക്കിയിരുന്നു. കടക്കെണിയിൽ മുങ്ങി താഴ്ന്ന് കൊണ്ടിരുന്നപ്പോഴും അവനവളെ ഒരു നോക്ക് കൊണ്ട് പോലും വേദനിപ്പിച്ചിരുന്നില്ല. തനിക്ക് വേണ്ടി സകല സൗഭാഗ്യങ്ങളും ഇട്ടെറിഞ്ഞ് വന്ന ആ പാവത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയോർത്ത് ഒടുവിൽ അവനും തൻ്റെ മാതാപിതാക്കളുടെ വഴി തന്നെ തിരഞ്ഞെടുക്കാൻ തുനിഞ്ഞു.
തൻ്റെ മരണത്തിന് ശേഷമെങ്കിലും അവളെ കൂട്ടി കൊണ്ട് പോകാൻ അവളുടെ വീട്ടുകാർ വരുമല്ലോ, അങ്ങനെ അവളെങ്കിലും ഇനിയുള്ള കാലം സ്വസ്ഥമായ് കഴിയട്ടെ!
ഒരു രാത്രി, ശരണ്യ നല്ല ഉറക്കത്തിലായതിന് ശേഷം, അടുത്ത മുറിയിൽ ഭദ്രമായ് ഒളിപ്പിച്ച് വെച്ച വിഷ കുപ്പി അവൻ മെല്ലെ ചെന്ന് കൈക്കലാക്കി. അവൻ്റെ കൈകൾ നന്നേ വിറച്ചിരുന്നു. കണ്ണുകൾ ഇറുക്കി അടച്ചിരുന്നെങ്കിലും അതിലൂടെ ഒഴുകി എത്തിയ കണ്ണ് നീരിനെ തടയാൻ അവനായില്ല.
അടപ്പ് തുറന്ന് വായിലേക്ക് ഒഴിക്കാൻ തുടങ്ങുന്നതിന് തൊട്ട് മുന്നേ അവനിൽ ഒരു കൈ പിടിമുറുക്കി. ഞെട്ടിത്തരിച്ച് കണ്ണ് തുറന്ന രഘു കണ്ടത് തൊട്ട് മുന്നിൽ നിൽക്കുന്ന ശരണ്യയെയാണ്.
എൻ്റെ രഘുവേട്ടനോടൊപ്പം മരിക്കുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ… അവൾ പലതും പറഞ്ഞ് നോക്കിയെങ്കിലും അവൻ്റെ മനസ്സ് മാറിയില്ല. രണ്ട് പേർക്കും ഒരുമ്മിച്ച് മരിക്കാമെന്ന് തീരുമാനിക്കും മുന്നേ…
നിമിത്തം എന്ന് പറയുന്നത് പോലേ അവൻ്റെ ഫോൺ ശബ്ദിക്കുന്നു. പുന: ജന്മത്തിലേക്കുള്ള വിളി ആയിരുന്നു അവർക്കത്. ഫോൺ അറ്റൻഡ് ചെയ്ത രഘു അവളുടെ അടുത്ത് വന്ന് രണ്ട് രണ്ട് കൈകളിലായ് അവളുടെ കവിളോരം ചേർത്ത് വെച്ചിട്ട് പറഞ്ഞു ദൈവമായിട്ട് നമ്മുക്ക് ഒരു ചാൻസ് കൂടി തന്നിട്ടുണ്ട്. ദുബായീന്നുള്ള കോളായിരുന്നത്, വിസ റെഡി ആയിട്ടുണ്ട് എത്രയും പെട്ടെന്ന് കേറിക്കോളാൻ. അന്നേരം അവൻ്റെ കണ്ണിൽ നിന്ന് ഒഴുകിയ നീർ തുള്ളികൾ രുചിച്ച ശരണ്യയുടെ ചുണ്ടുകളിൽ മധുരമായിരുന്നു. അവനെ ഇറുകെ പുണർന്ന് കൊണ്ട് ശരണ്യ പറഞ്ഞു… നമ്മുടെ പ്രണയം പവിത്രമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു!
ഗൾഫിലെത്തിയ രഘുവിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, തൊട്ടതെല്ലാം പൊന്നാക്കി മാറുന്ന കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട്. പൊന്ന് വിളയിക്കുക മാത്രമായിരുന്നില്ല, പൊന്നിൽ വിളയാടുകയായിരുന്നു രഘു അക്ഷരാർത്ഥത്തിൽ!
മുന്നും പിന്നും നോക്കാതേ ഇറങ്ങി കളിച്ച രഘുവിൻ്റെ ഗട്സ് അപാരമായിരുന്നു. പലരും റിസ്ക്ക് എടുക്കാൻ മടിച്ച സാഹചര്യത്തിലും അവനതൊക്കെ നിസ്സാരമായിരുന്നു. രഘു അറിയാതേ ഒരു തരി പൊന്ന് പോലും കടലുകൾ താണ്ടിയിരുന്നില്ല. എയർപോർട്ട് ഉദ്യോഗസ്ഥരുടെ മനസ്സാണ് അയാൾ ഹാക്ക് ചെയ്തിരുന്നത്!
കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കടത്താൻ ഇടനിലക്കാരനായ രഘു ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു വല്യ സാമ്രാജ്യത്തിന് ഉടമയായി തീർന്നു.
UAE ലെ ഒട്ടുമിക്ക സ്ഥലങ്ങളിലുമുള്ള കമ്പനികളിൽ നിരവധി ആളുകളെ രഘു തൻ്റെ സ്വാധീനം ഉപയോഗിച്ച് ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. അവർക്കൊക്കെ വളരെ തുച്ഛമായ വേതനം മാതമേ ആ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. പക്ഷേ ഒരു നിശ്ചിത തുക എല്ലാ മാസവും ആ തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.
നൂറിന് മുകളിൽ വരുന്ന ഈ ലേബേഴ്സിന് പരസ്പരം അറിയില്ലായിരുന്നു. അവരുടെ കേറോഫിൽ നാട്ടിലേക്ക് പോകുന്നവരുടെ പക്കൽ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ വിവിധ രൂപത്തിൽ നാട്ടിലേക്ക് ഒഴുകുകയായിരുന്നു…
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ഹോട്ടലിലെ ബില്ലും കൊടുത്ത് വണ്ടി പാർക്ക് ചെയ്തിടത്തേക്ക് പോയ രഘു തിരിച്ച് ഹോട്ടലിലേക്ക് തന്നെ വീണ്ടും വരേണ്ടി വന്നു. ടേബിളിന് മുകളിൽ മെനു കാർഡിന് താഴേയായ് മറന്ന് വെച്ച കീ ചെയിനും എടുത്ത് വണ്ടിക്കരികിലേക്ക് എത്തും മുന്നേ, ഏതാനും വാരകൾക്ക് തൊട്ട് മുന്നേ അത് സംഭവിക്കുകയായിരുന്നു.
ചീറിപ്പാഞ്ഞ് വന്ന ടിപ്പർ സ്കോർപിയോ ഇടിച്ച് തെറിപ്പിച്ചു. രഘു ഒരു നിമിഷം ഒന്ന് പകച്ച് പോയി. ഒരു പക്ഷേ താക്കോൽ കൂട്ടം മറന്നില്ലായിരുന്നെങ്കിൽ…
അതിനർത്ഥം കരുതി കൂട്ടിയ ഒരു പ്രീ പ്ലാൻഡ് ആക്സിഡൻ്റ് തന്നെ ആയിരുന്നു അത്. അതിഭയങ്കരമായ അ ഇടിയുടെ ശബ്ദം കേട്ട് നാനാഭാഗത്ത് നിന്നും ആളുകൾ അങ്ങോട്ടേക്ക് ഓടി എത്തുന്നതിനിയിൽ തിരിഞ്ഞ് നോക്കിയ രഘു കണ്ടത് നിർത്താതേ ചീറിപ്പാഞ്ഞ ടിപ്പറിന് വെളിയിൽ നിന്ന് പുറത്തേക്ക് തിരിഞ്ഞ് നോക്കുന്ന ആ കണ്ണുകളെയാണ്…
കുറച്ച് നേരം മുന്നേ കണ്ട കണ്ണുകൾ…
രഘു ഒന്ന് കണ്ണടച്ച് ഉറപ്പിച്ചു
ഹെൽമെറ്റിനുള്ളിലൂടെ താൻ കണ്ട അതേ കണ്ണുകൾ
യെസ്… റോയിയുടേതായിരുന്നു ആ തിരിഞ്ഞ് നോക്കിയ കണ്ണുകൾ!
തുടരും
✍️ ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
👌🌹
Pingback: സ്മഗ്ളിംഗ് - 3 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ