*മൂസക്കയുംമക്കളും* ഒന്നാംഭാഗം
***************************
അബ്ബാസ് വേഗം ഓടി ചെന്ന് കാർ പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട് ചെയ്തു. കരഞ്ഞു കൊണ്ട് ഓടി വന്നു മുനീറ കാറിൽ കയറി. കാർ അതിവേഗത്തിൽ പുറത്തേക്ക് പാഞ്ഞു..
***************************
*രണ്ട് മാസങ്ങൾക്ക് മുമ്പ്*
———————————————-
പുറത്തു പെയ്യുന്ന മഴയെ നോക്കി മൂസക്ക കാറിന്റെ പിൻസീറ്റിൽ ഇരുന്നു. കുറേ കാലത്തിനു ശേഷം ആണ് പുറം ലോകം കാണുന്നത്. അത് കൊണ്ട് തന്നെ പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ് മൂസക്ക.
മകൻ മുജീബ് ആണ് കാർ ഡ്രൈവ് ചെയ്യുന്നത്. വണ്ടി മുന്നോട്ട് പായുമ്പോൾ കാഴ്ചയിൽ നിന്ന് പിന്നോട്ടേക്ക് പായുന്ന കടകളും ബസ്സ് സ്റ്റോപ്പും ജനങ്ങളും എല്ലാം ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ നോക്കി കാണുകയാണ് മൂസക്ക. പണ്ട് ഒന്നോ രണ്ടോ കടകൾ മാത്രം ഉണ്ടായിരുന്ന, അങ്ങാടിയിൽ ഇന്ന് നിറയെ കടകൾ. നാട് ഒരു പാട് പുരോഗമിച്ചു.
പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരിക്കെ ഒരു കല്യാണ വീട് മൂസക്കയുടെ കാഴ്ച്ചയിൽ പതിഞ്ഞു. നല്ല മഴയിലും കല്യാണ വീട്ടിൽ നിറയെ അതിഥികൾ ഉണ്ട്. കല്യാണ വീട് കാഴ്ച്ചയിൽ നിന്ന് പുറകോട്ട് പാഞ്ഞു പോയി. മൂസക്കയുടെ ഓർമ്മകളും ഒരു പാട് വർഷങ്ങൾക്ക് പിറകിലേക്ക് പാഞ്ഞു പോയി.
ഇത് പോലൊരു മഴയുള്ള ദിവസം ആയിരുന്നു എന്റെയും പാത്തുവിന്റെയും കല്യാണം. എന്റെ മണവാട്ടിയായി പാത്തു എന്റെ വീട്ടിലേക്ക് കയറി വന്ന ദിവസം. അന്ന് പെയ്ത മഴയിലെ മണ്ണിന്റെ ഗന്ധം ഇപ്പോഴും മൂക്കിൽ ഉള്ളത് പോലെ മൂസക്കക്ക് തോന്നി. ഓർമ്മകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു.
എന്റെ പാത്തു. എന്റെ മനസ്സ് അറിഞ്ഞവൾ, എന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞവൾ. കൊച്ചു പിണക്കം ഉണ്ടായാൽ പോലും, കരഞ്ഞു കൊണ്ട് ഇങ്ങോട്ട് വന്നു പിണക്കം മാറ്റുന്നവൾ.
ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെ ജീവിച്ചത് പാത്തുവിന്റെ കൂടെ ആയിരുന്നു. പക്ഷേ വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും നമുക്ക് മക്കൾ ഉണ്ടായില്ല.
എന്റെ ഉമ്മയും കൂടപിറപ്പുകളും പരിഭവം പറയാൻ തുടങ്ങി. ഡോക്ടറെ കണ്ടപ്പോൾ പ്രശ്നം പാത്തുവിനാണ്.
അതോടെ പാത്തുവിനെ മൊഴി ചൊല്ലി വേറെ കല്യാണം കഴിക്കാൻ ഉമ്മ നിർബന്ധിച്ചു കൊണ്ടിരുന്നു. ഞാൻ ഉമ്മാനോട് പൊട്ടിത്തെറിച്ചു. എന്ത് തന്നെ ആയാലും പാത്തുവിനെ ഒഴിവാക്കില്ല എന്ന് ഞാൻ വാശി പിടിച്ചു. പിന്നെയും വർഷങ്ങൾ കടന്നു പോയി. അനിയനും അനിയത്തിമാരും ഒക്കെ വിവാഹം കഴിഞ്ഞു മക്കൾ ആയി. ഒടുവിൽ ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ എന്റെ പ്രിയപ്പെട്ട പാത്തുവിനെ മൊഴി ചൊല്ലി.
പാത്തുവിനെ പിരിഞ്ഞതിന് ശേഷം ഞാൻ ഒരു മാനസിക രോഗിയെ പോലെ ആയിരുന്നു. പലപ്പോഴും ഉമ്മാനോട് കലഹിച്ചു. ഉപ്പയില്ലാത്ത എന്നെയും കൂടപ്പിറപ്പുകളെയും കഷ്ട്ട പെട്ടു വളർത്തിയതാണ് ഞങ്ങളെ ഉമ്മ. ആ ഉമ്മയോട് ആദ്യമായിട്ടാണ് വെറുപ്പ് തോന്നുന്നത്.
“മോനേ നിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വന്നാൽ എല്ലാം ശരിയാകും. നിനക്കും വേണ്ടേ മക്കൾ ഉമ്മ അതേ ആഗ്രഹിച്ചിട്ടുള്ളൂ.”
“ആര് വന്നാലും എന്റെ പാത്തുവിന് പകരം ആകില്ല ഉമ്മാ.” ഞാൻ ഉമ്മാക്ക് മുമ്പിൽ കണ്ണീരോടെ പറഞ്ഞു.
“എല്ലാം ശരിയാകും മോനേ, നീ ഉമ്മാനെ വെറുക്കരുത്. നീ ഒരു വിവാഹം കഴിച്ചു, നിനക്ക് മക്കൾ ആയി കണ്ട ശേഷം മരിക്കണം എനിക്ക്. ഞാൻ എന്നും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഇന്ഷാ അല്ലാഹ് പടച്ചോൻ എന്റെ പ്രാർത്ഥന കേൾക്കും എനിക്ക് ഉറപ്പാണ്. “ഉമ്മ എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ഉമ്മാന്റെ ആഗ്രഹ പ്രകാരം കുടുംബത്തിലെ ഒരകന്ന ബന്ധുവിന്റെ മകൾ ആയിഷ എന്റെ ഭാര്യയായി. കാഴ്ച്ചയിൽ പാത്തുവിനെക്കാൾ സുന്ദരിയാണ്. പക്ഷേ പാത്തുവിനെ സ്നേഹിച്ച പോലെ ഒരിക്കലും ആയിഷയെ സ്നേഹിക്കാൻ തനിക്ക് കഴിഞ്ഞില്ല. പെട്ടെന്ന് ദേഷ്യം വരികയും, എന്നോടും ഉമ്മനോടും ഒച്ചത്തിൽ കയർത്തു സംസാരിക്കുകയും ചെയ്യുന്ന പ്രകൃതം, ആയിരുന്നു ആയിഷയുടേത്.
അവളുടെ ആ ദേഷ്യവും അരിശവും കാണുമ്പോൾ ഞാൻ എന്റെ പാത്തുവിനെ ഓർത്തു പോകും. വഴക്കിനു ഇടയിൽ എന്റെ പാത്തു ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്ന് ഞാൻ പറയുന്നത് അവളെ കൂടുതൽ പ്രകോപിപ്പിച്ചു.
“നിങ്ങളുടെ മനസ്സിൽ ഇപ്പോഴും നിങ്ങളുടെ ആദ്യ ഭാര്യ പാത്തു അല്ലേ, നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല, അതെനിക്കറിയാം.” വഴക്കിനിടയിൽ ആയിഷ പരിഭവം പറയും.
“ആയിഷാ, പാത്തുവിനെ എനിക്ക് ഇഷ്ട്ടമായിരുന്നു. അതവളുടെ സ്വഭാവം അങ്ങനെ ആയിരുന്നു. എന്നോടോ ഉമ്മാനോടോ അവൾ കയർത്തു സംസാരിക്കാറില്ല. എന്തായാലും അവൾ പോയില്ലേ. ഇപ്പോൾ നീയാണ് എന്റെ ഭാര്യ. നിന്നെ എനിക്ക് ഇഷ്ടമാണ്. നിന്റെ ഈ പൊട്ടിത്തെറിക്കുന്ന സ്വഭാവം ആണ് എനിക്ക് ഇഷ്ടമല്ലാത്തത്.”
ഞാൻ അങ്ങനെ പറയുമ്പോൾ ആയിഷക്ക് പിന്നെയും അരിശം കൂടി വരും.
പിണക്കവും ഇണക്കവും ആയി ജീവിക്കുന്നതിനിടയിൽ, ആയിഷ എന്റെ മൂന്നു മക്കളെ പ്രസവിച്ചു.
മുംതാസ്, മുജീബ്, മുനീറ.
മുംതാസ് ജനിച്ചു കുറച്ചു ദിവസം കഴിയും മുമ്പ് എന്റെ ഉമ്മ മരിച്ചു. എനിക്കൊരു കുഞ്ഞു ജനിച്ചു കാണാനുള്ള ഉമ്മാന്റെ ആഗ്രഹം സാധിച്ചു കൊണ്ട് ഉമ്മ മടങ്ങി.
ആയിഷയും അധിക കാലം എന്റെ കൂടെ ഉണ്ടായിരുന്നില്ല. എപ്പോഴും എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടായിരുന്ന അവൾ ഒരു ദിവസം മരണത്തിന് കീഴടങ്ങി. ആ അസുഖങ്ങൾ ആയിരുന്നു അവളുടെ ദേഷ്യത്തിന് കാരണം എന്ന് മനസ്സിലാക്കാൻ അവൾ ജീവിച്ചിരിക്കുമ്പോൾ കഴിഞ്ഞില്ല.
പിന്നീട് ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിച്ചു. മക്കൾ വലുതായി. മൂത്ത മകൾ മുംതാസ് ഭർത്താവിനൊപ്പം ഗൾഫിൽ ആണ്. ഏറ്റവും ഇളയ മകൾ മുനീറയും ഭർത്താവ് അബ്ബാസ്സും നാട്ടിൽ തന്നെ ഉണ്ട്. മകൻ മുജീബും വിവാഹിതനായി. മുജീബും ഭാര്യയും ആണ് ഇപ്പോൾ എന്റെ വീട്ടിൽ എന്റെ കൂടെ ഉള്ളത്. മുജീബിന്റെ കല്യാണത്തിന്റെ അന്നാണ്, എന്റെ ഇളയ മകൾ മുനീറയുടെ ഭർത്താവ് അബ്ബാസ് എന്നോട് പിണങ്ങി പോയത്. കല്യാണത്തിന്റെ അന്ന് അവനെ ഞാൻ വേണ്ടത്ര പരിഗണിച്ചിട്ടില്ല പോലും. മൂത്ത മകൾ മുംതാസിന്റെ ഭർത്താവ് ഷാജഹാനെയാണ് പോലും ഞാൻ കൂടുതൽ പരിഗണിച്ചത്. ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല. സത്യത്തിൽ എനിക്ക് അബ്ബാസ് ആണ് കൂടുതൽ പ്രിയപ്പെട്ടവൻ. ഒരു മരുമകൻ ആയിട്ടല്ല സ്വന്തം മകനെ പോലെ ആണ് ഞാൻ അബ്ബാസിനെ കണ്ടത്. കല്യാണത്തിന്റെ അന്ന് തിരക്കിൽ ചിലപ്പോൾ ഞാൻ വിട്ട് പോയതാകും അവനെ പരിഗണിക്കാൻ. അന്നത്തെ ആ ടെൻഷനിൽ ഞാൻ അവനോടും തിരിച്ചു എന്തൊക്കെയോ പറഞ്ഞു. അന്നിറങ്ങി പോയതാ അവനും എന്റെ മോളും. പിന്നെ എന്റെ മോളെയും അബ്ബാസിനെയും ഞാൻ കണ്ടിട്ടില്ല. എന്തായാലും എന്റെ മോള് അബ്ബാസിന്റെ കൂടെ സന്തോഷത്തിൽ ജീവിക്കുന്നുണ്ടല്ലോ എനിക്കത് മതി.
പെണ്മക്കൾക്ക് ഒക്കെ സ്വന്തമായി വീട് ഉള്ളത് കൊണ്ട് എന്റെ വീട് മകൻ മുജീബിന്റെ പേരിൽ ആക്കി. പക്ഷേ മുജീബിന്റെ ഭാര്യക്ക് എന്നെ കണ്ണിൽ പിടിക്കില്ലായിരുന്നു. ഭാര്യയുടെ വാക്കുകൾ കേട്ട് മുജീബും ഉപ്പയോട് കയർത്തു സംസാരിക്കാൻ തുടങ്ങി.
ഭൂത കാല ഓർമ്മകൾ അയവിറക്കി മൂസക്ക നെടുവീർപ്പിട്ടു. പെട്ടെന്ന് ഒരു ലോറി നിയന്ത്രണം വിട്ട് മൂസക്കയും, മുജീബും സഞ്ചരിച്ചു കൊണ്ടിരുന്ന കാറിനു നേരെ കുതിച്ചു വന്നു.
തുടരും….
✍️ ജിനാസ്. വി.


1 Comment
Pingback: മൂസക്കയും മക്കളും - ഒന്നാംഭാഗം - By ജിനാസ് വേലാണ്ടി - കൂട്ടക്ഷരങ്ങൾ