പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1
4 – യാഥാർത്ഥ്യങ്ങൾ
ജുനു, മേരി ജാൻ, എല്ലാ അപരാധങ്ങളും ഞാൻ ഏൽക്കുന്നു, മനഃപൂർവം ആരെയും മറന്നതല്ല, സാഹചര്യങ്ങൾ അതായിരുന്നു, ഉത്തരങ്ങൾ ആദ്യം മുതലേ തുടങ്ങാം.ചെറുപ്പ കാലത്തെ ജീവിതം കുറെയൊക്കെ എന്നെ അന്തർമുഖനാക്കിയിരുന്നു, എപ്പോഴും പിന്നിലെ നിരയിൽ നില്ക്കാൻ മാത്രം ആഗ്രഹിച്ചയാൾ, ചെറുപ്പത്തിലേ ലാളനകൾ കൂടുതലായിരുന്നു, അതിനാൽ തന്നെ പലയിടങ്ങളിലും പതുങ്ങുകയായിരുന്നു, ആരുടേയും കുറ്റമല്ല, ജീവിതം അങ്ങിനെയാണ് നമ്മെ നയിക്കുക. കഴിഞ്ഞു പോയ ജീവിത കാലഘട്ടങ്ങളെക്കുറിച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല, അതിനെ സത്യസന്ധമായി വിലയിരുത്താം, മുന്നോട്ടു പോകുമ്പോൾ അതെല്ലാം നല്ല പാഠങ്ങൾ ആയിരിക്കും.
ജുനു, മേരി ജാൻ, എന്റെ അന്തർമുഖത്വം അന്നേ എന്നെ ഏകനാക്കിയിരുന്നു, എന്ന് വച്ച് ആരോടും ഒരു അസൂയയും തോന്നിയിരുന്നില്ല, ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്, ഇതനുഭവിക്കുക. എന്ന് വച്ച് ഞാനൊരു തോൽവി അല്ലായിരുന്നു, ഓട്ട മത്സരങ്ങളിലൊക്കെ നന്നായി തിളങ്ങിയിരുന്നു. ഒരു പക്ഷെ എന്റെ എന്നോടുള്ള തന്നെയുള്ള ദേഷ്യങ്ങളും, വെറുപ്പുകളും, സങ്കടങ്ങളും ഞാൻ ഊർജ്ജമാക്കി മാറ്റിയിരുന്നത് ഓട്ടങ്ങളിലായിരുന്നു, അത് പലപ്പോഴും ഒന്നാം സ്ഥാനങ്ങളായി മാറുകയും ചെയ്തു.
ജുനു, മേരി ജാൻ, നീ ചോദിച്ചിരുന്നല്ലോ, ദീർഘദൂര ഓട്ടങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത് എങ്ങിനെയായിരുന്നണെന്ന്, ഇതാണ് അതിനു പിന്നിലെ വിജയം. എല്ലാ വിപരീത ശക്തികളെയും ആ സമയത്ത്, അല്ലെങ്കിൽ വേണ്ട സമയത്ത്, നല്ല ശക്തിയാക്കി രൂപാന്തരപ്പെടുത്തുക, കാലക്രെമേണ മാത്രം സ്വായത്തമാകുന്നതാണിത്.
വേദനകൾ ഒന്നുകിൽ കരഞ്ഞു തീർക്കാം, അല്ലെങ്കിൽ സ്വരുക്കൂട്ടിവച്ച് ഒരു വിജയത്തിനായി ഉപയോഗപ്പെടുത്താം, ആ വിജയത്തിൽ എല്ലാ വേദനകളും, വിദ്വഷങ്ങളും, വെറുപ്പുകളും അപ്രത്യക്ഷമാകും.
ജുനു, മേരി ജാൻ, എനിക്ക് എല്ലാവരോടും അതിരറ്റ സ്നേഹവും, ആദരവും തന്നെയാണ്. നമ്മുടെ കണ്ടിൻജന്റിൽ ഉണ്ടായവരെല്ലാം എന്റെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഓരോ തവണ കോപിക്കുമ്പോഴും, ഞാൻ അകത്തു കരഞ്ഞിരുന്നു, വേദനിച്ചു. എന്നാൽ ഒരു പട്ടാളക്കാരൻ ആകാൻ തയ്യാറെടുക്കുന്ന ഒരാൾ കരയാൻ പാടില്ല. നമ്മുടെ ഓഫീസർമാരുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു.
ജുനു, മേരി ജാൻ, റിപ്പബ്ലിക്ക് ഡേ പരേഡിൽ ഒന്നാം സ്ഥാനം നേടി, എന്തുകൊണ്ട് ആരെയും കാത്തുനിന്നില്ല എന്നത്, എല്ലാവരും പിരിഞ്ഞുപോകുന്നത് കണ്ട്, നിയത്രണാതീതമായി കരയാതിരിക്കാനാണ്. പല ക്യാമ്പുകളും തീരുമ്പോൾ അവസാനമാണ് ഞാൻ പോകാറ്, ആ കോലാഹലമെല്ലാം ഒഴിഞ്ഞു ഒറ്റക്കാവുമ്പോൾ തീർത്തും ഒറ്റപ്പെട്ടുപോകും. കേണൽ സോമൻ സാറാണ് അത് പഠിപ്പിച്ചത്, ക്യാമ്പുകൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ, സാറിന്റെ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ, പെട്ടിയെടുത്തു പെട്ടെന്നിറങ്ങി തിരിഞ്ഞു നോക്കാതെ ഒരു നടത്തം, കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കാണിക്കാൻ ഒരു പട്ടാളക്കാരനും ശ്രെമിക്കില്ല. അവരുടെ കണ്ണുകളിൽ വെള്ളമില്ല, ചോരമാത്രമേയുള്ളൂ.
ജുനു, മേരി ജാൻ, എല്ലാവര്ക്കും കൊടുക്കാൻ വിലാസമൊക്കെ എഴുതി വച്ചിരുന്നു, പിന്നെ കീറിക്കളഞ്ഞു, ആ ക്യാമ്പും, ആ ജീവിതവും അവിടെ തീർന്നു, ഇനി പുതിയ ജീവിതങ്ങൾ. തിരക്കിൽ നശിപ്പിക്കാതെ പോയ വിലാസമാണ് നിനക്ക് കിട്ടിയത്, അത് കിട്ടിയില്ലെങ്കിൽ തന്നെ ക്യാമ്പിന്റെ ഓഫീസിലെ ക്ലർക്കിൽ നിന്ന് നീയത് സംഘടിപ്പിക്കും എന്നെനിക്ക് അറിയാമായിരുന്നു,
ജീവിത സാഹചര്യങ്ങൾ ആണ് ഒരു മനുഷ്യനെ കല്ലും കരിങ്കല്ലും ഒക്കെയാക്കുന്നത്, ചിരി പ്രകടിപ്പിക്കാൻ മറന്നുപോകുന്നതല്ല, ചിലപ്പോൾ ജീവിതത്തിൽ നിന്ന് ചിരി തന്നെ ഇല്ലാതാവുന്നതാണ്. പുറത്തേക്കു പരുക്കനെന്നു തോന്നാമെങ്കിലും ഹൃദയം നിറയെ സ്നേഹം തന്നെയാണ്.
ജുനു, മേരി ജാൻ, എന്റെ തന്നെ തടവിൽ കിടക്കുന്നതാണ് എനിക്കിഷ്ടം. അതങ്ങിനെയായിപ്പോയി, നല്ലതിനാകാം അല്ലാതിരിക്കാം. ചിലപ്പോൾ തടങ്കലുകൾ നാം സ്വയം സൃഷ്ടിച്ചു, അതിൽ ഒളിച്ചിരിക്കും, ഭയം കൊണ്ടല്ല, അവനവനിലേക്കുള്ള ഒളിച്ചോട്ടമാണത്, മറ്റൊരു ശബ്ദത്തെക്കൂടി സ്വീകരിക്കാതിരിക്കാൻ, സ്വയം നടത്തുന്ന പ്രതിരോധം, ആ ശബ്ദം അയാൾക്കിഷ്ടമെങ്കിൽ കൂടി, അത് കേൾക്കാതിരിക്കാൻ അയാൾ തന്റെ തലയോട്ടിക്കുള്ളിൽ തന്റെ ശബ്ദം മറ്റെല്ലാ ശബ്ദങ്ങളെക്കാളും ഉയരത്തിൽ മൂളിക്കൊണ്ടിരിക്കും.
ജുനു, മേരി ജാൻ, പാറാവ് നിൽക്കുന്ന ഒരു പട്ടാളക്കാരനെപോലെയാണ് ഞാൻ, ഞാൻ മൂലം മറ്റൊരാളും വിഷമിക്കരുത്, എനിക്കൊളിക്കാൻ എന്റെ തന്നെ വേദനകൾ മലപോലെ എന്നെ മുന്നിലുണ്ട്.
ഇതിന് എല്ലാത്തിനും ഇടയിലും നമ്മൾ ജീവിതം ആഘോഷിക്കും, പരിധികൾ ഇല്ലാതെ.
@കാവല്ലൂർ മുരളീധരൻ


1 Comment
Pingback: പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ 3 - കാഴ്ചകൾക്കപ്പുറത്ത് - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ