കട്ടിലിൽ നിന്ന് ഞെട്ടി എണീക്കുമ്പോഴും സേവ്യറിന് അറിയാമായിരുന്നു. താൻ കണ്ടത് വെറുമൊരു സ്വപ്നം മാത്രമാണെന്ന്. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും മേരി കുട്ടിക്ക് വീൽചെയർ വാങ്ങി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു പണിയും കൂലിയും ഇല്ലാത്ത തന്നെക്കൊണ്ട് അത് നടക്കാൻ പോകുന്നില്ല എന്നും നല്ല ബോധ്യമുണ്ട് സേവ്യറിന്.
“അച്ചായാ എഴുന്നേറ്റു വന്ന് പല്ല് തേച്ചു വായോ ഞാൻ കട്ടനിടാം”. തറയിലൂടെ നിരങ്ങി അടുക്കളയിലേക്ക് നീങ്ങുന്ന മേരിക്കുട്ടിയെ കണ്ടു അയാളുടെ ചങ്ക് പിടച്ചു. അയാൾ ഓടിച്ചെന്നു പറഞ്ഞു” വേണ്ടെടി, നീ അവിടെ ഒതുങ്ങിയിരിക്ക്,ഞാൻ എടുത്തോളാം, നിനക്ക് മേലാത്തത് അല്ലേ”.
“അതൊക്കെ എനിക്ക് ശീലമായി അച്ചായാ”എന്ന മേരിക്കുട്ടിയുടെ മറുപടി സേവ്യറിനെ വല്ലാതെ ഉലച്ചു.
“ഞാനൊന്നു കവലയിൽ പോയേച്ചും വരാം. ക്രിസ്മസ് അല്ലേ വരുന്നേ .എന്തെങ്കിലും ചെറിയ പണി കിട്ടുമോന്ന് നോക്കട്ടെ. കുറച്ച് കോഴിയും സാധനങ്ങളുമൊക്കെ വാങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ.” ഇതും പറഞ്ഞ് മുന്നിട്ടിറങ്ങിയ സേവ്യർ കണ്ടത് തങ്ങളുടെ വിടിന് നേരെ വരുന്ന പോളച്ചനെയും പള്ളി കമ്മിറ്റിക്കാരെയും ആയിരുന്നു.
” മേരിക്കുട്ടി,കുറച്ചുപേര്‍ ഇങ്ങോട്ട് വരുന്നുണ്ട്. ചായേലിടാൻ ഇവിടെ പഞ്ചാര ഉണ്ടോ?”.
അപ്പോഴേക്കും അവരിങ്ങ് എത്തിയിരുന്നു.
“സേവ്യറേ ഇത് പിടിച്ചേ കുറച്ചു ഭക്ഷണ സാധനങ്ങളാണ്. പിന്നെ ഇത് നമ്മുടെ ടോണിയുടെ വകയാണ് ഈ വീൽചെയർ. കുറേ ആയില്ലേടാ മേരിക്കുട്ടി ഇങ്ങനെ തറയിലും നിരങ്ങി നടക്കുന്നത്. പിന്നെ നീ ക്രിസ്മസ് കഴിഞ്ഞാല്‍ പള്ളിയിലോട്ടും വന്നേക്കണം അവിടെ തൊടിയും പറമ്പും ഒക്കെ വൃത്തിയാക്കാൻ ഒരാളില്ല. തൽക്കാലം നീ അവിടെ ഒരു കയ്യാളായി നിൽക്ക്. നിനക്കൊരു ജോലിയുമാവും എനിക്കൊരു സഹായവുമാകും. എന്നാല്‍ ഞങ്ങളങ്ങ് ഇറങ്ങിയേക്കുവാ ഒരുപാട് സ്ഥലത്ത് ഇനിയും കയറി ഇറങ്ങാൻ ഉണ്ടെടാ, ശരി എന്നാ”.
അവർ ഇറങ്ങിയ ഉടനെ സേവ്യർ ഓടിച്ചെന്ന് ക്രിസ്തുവിൻറെ രൂപത്തിന് മുന്നിൽ നിന്ന് കുത്തിയിരുന്നു പ്രാർത്ഥിക്കുകയായിരുന്നു. “ഈശോയെ ഞാൻ കണ്ട സ്വപ്നം എല്ലാം ശരിയായിരിക്കുന്നു. നീ വലിയവനാണ്”
1 Comment
നന്നായിട്ടെഴുതി👌👍👍