മോടിയേറും ചമയങ്ങളാൽ
അലംകൃതയായ്,
കാര്യത്തിൽ മന്ത്രിയായ്,
കർമ്മത്തിൽ ദാസിയായ്,
ദിനരാത്രങ്ങളിൽ തൻ
ജീവിതപാതയിൽ ചരിച്ചിടുമ്പോഴും,
ജീവിതാശ തൻ തിളക്കമെന്നോ
കെട്ടുപോയൊരാ മിഴികൾ,
ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ,
നിരാശ തൻ കരിവലകൾ
നിറഞ്ഞൊരാ കൺതടങ്ങൾ,
എല്ലാം പറയാതെ പറഞ്ഞവൾ
എന്നോ മരിച്ചവൾ,
സ്നേഹനിരാസങ്ങളാൽ,
ക്രൂരമാം ഉപേക്ഷകളാൽ,
ഹൃദയം തുടിച്ചിടും നേരം തന്നെ
മനമിതിൽ മൃതി തൻ ശൈത്യമണിഞ്ഞവൾ.