പുരുഷായുസ്സ് മുഴുവനും ഉഴലുന്നു മർത്യൻ
സമ്പത്തും സൗഭാഗ്യങ്ങളും നേടിയെടുത്തിടാനായ്.
ഭൂമിയിൽ വാഴും കാലമത്രയും
വ്യാകുലപ്പെടുന്നു വൃഥാ
ഭാവിയെപ്രതി.
ഒരു നാൾ നിനച്ചിരിയാതെ ജന്മം തീർന്നു
വിട പറയുന്നു,സ്വന്തമായ് കരുതി
ചേർത്തുവെച്ചതെല്ലാം പുറകിൽ
ഉപേക്ഷിച്ചു തന്നെ.
ഓർത്തിടുകിൽ എത്ര വിചിത്രം,
തൻ പുരുഷായുസ്സിൽ,
ക്ഷണികമാം മോഹങ്ങൾക്കായ്
മർത്യൻ ചരിക്കും വഴികൾ.
പക്ഷേ, സത്യമോർത്താൽ
ഇത്തരം മോഹങ്ങളല്ലോ,
ഭ്രമകല്പനകളല്ലോ,
മനുഷ്യനെ മുന്നോട്ട് നയിക്കും ഊർജ്ജം.