നന്ദി…
ചിതലരിച്ച എൻ്റെ ഓർമ്മകളെ
പൊടിതട്ടി എടുത്തതിന്
ഇനിയും എന്നിൽ വസന്തം
നിറചാർത്തുകൾ ചേർക്കുമെന്ന
രഹസ്യം കാതിലോതിയതിന്
വാടി വീണ പൂവുകളിൽ അല്ല
ചെടിയുടെ സ്വപ്നങ്ങൾ
ഇനിയും വിടരാനിരിക്കുന്ന മൊട്ടുകളിൽ
ആണെന്ന് പഠിപ്പിച്ചതിന്
കാത്തിരിപ്പ് തുടരുക എന്നതാണ്
ജീവിതത്തോട് കാട്ടാവുന്ന
ഏറ്റവും വലിയ നീതി എന്ന്
മനസിലാക്കിച്ചതിന്
കണ്ടുമറന്ന സ്വപ്നങ്ങൾ
വീണ്ടുമൊരു
നാളിൽ സഫലമാവും
എന്ന് അറിയിച്ചതിന്
സ്നേഹത്തിനു വേണ്ടി
അലയാതിരിക്കുക എന്നതാണ്
സന്തോഷം കണ്ടെത്താനുള്ള എളുപ്പവഴി
എന്ന് പറഞ്ഞു തന്നതിന്
കഴിഞ്ഞതൊന്നുമല്ല ജീവിതം
ഇനി വരാനുള്ളതാണ് എന്ന്
ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്
ഇനിയും പെയ്തുതൊരാത്ത ഒരു
ചാറ്റൽ മഴ പോലെ നീ എന്നിൽ
സ്നേഹമഴയായി പൊഴിയുമ്പോൾ
ഇതുവരെ അറിയാതെ പോയ
ദിവ്യാനുഭൂതിയാൽ എന്നുള്ളം
തുടിക്കുമ്പോൾ ഞാൻ എങ്ങിനെ
നിന്നോട് ഒരു നന്ദി വാക്കെങ്കിലും
ചൊല്ലാതിരിക്കും..
ഈ ജന്മം തന്നാൽ മതിയാവില്ലല്ലോ
ഈ സ്നേഹത്തിനു പകരമായി..
