അമ്മാമൻ – കഥാകൃത്തിൻ്റെ ലോകം ( കഥ മൂന്ന് )
അയൽവാസി രമേശൻ തന്ന പുസ്തകങ്ങളിൽ അധിക ദിവസം സായൂജ്യമടയാൻ കഥാകൃത്തിൻ്റെ ക്ഷമ അനുവദിച്ചില്ല. ഹൃദയത്തിൻ്റെ അന്തരാളങ്ങളിൽ ചേക്കേറി കൂടുകൂട്ടിക്കിടക്കുന്ന സമ്പൽ സമൃദ്ധമായ സാഹിത്യം വഴിഞ്ഞൊഴുകാൻ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ വഴിഞ്ഞൊഴുകിയാൽ ഓടയിലെ വെള്ളം കണ്ട പോലെ ആളുകൾ മൂക്കുപൊത്തി പോകുന്നതാണ് തൻ്റെ വലിയൊരു പരാജയം.
നിരന്തരമായി തുടരുന്ന ആ പരാജയങ്ങളെ മറികടക്കാൻ താൻ പലവുരു ശ്രമിച്ചെങ്കിലും എല്ലാം വെള്ളത്തിലെഴുതിയ പോലെ മാഞ്ഞു പോകുന്ന ഒരവസ്ഥയാണല്ലൊ സംജാതമാകുന്നത്.
ഇതിനൊരു പരിഹാരം കാണണം. പരിഹാരം കണ്ടേ മതിയാകൂ.
എന്ത് പരിഹാരം കാണും? എങ്ങിനെ കാണും?
ചിന്തിച്ച് ചിന്തിച്ച് തല പുണ്ണായ കഥാകൃത്തിൻ്റെ കട്ടൻ ചായ തണുത്ത് പോയതൊന്നും അറിഞ്ഞില്ല. അതിലേക്ക് ഉറുമ്പുകൾ വരിയിട്ടെത്തി ചാടിക്കുളിക്കാൻ തുടങ്ങിയതും കഥാകൃത്ത് അറിഞ്ഞില്ല.
എറെ നേരത്തെ ചിന്തയെത്തുടർന്ന് പുകഞ്ഞുകൊണ്ടിരുന്ന കഥാകൃത്തിൻ്റെ തലയിൽ ഒന്നും ഉദിക്കാതിരുന്ന നിരാശയിൽ ഗ്ലാസിൽ അവശേഷിക്കുന്ന ചായയും അകത്താക്കാനുള്ള ശ്രമം ഉറുമ്പുകളുടെ സംഹാര താണ്ഡവത്തെത്തുടർന്ന് പരാജയപ്പെട്ടു.
കൂനനുറുമ്പിൻ്റെ പുളിയും ചുവയും വായിൽ നിന്ന് പോകും വരെ കാറിത്തുപ്പിയും വായ കഴുകിയും തനിക്ക് പറ്റിയ അമളിയിൽ നിരാശ പൂണ്ട കഥാകൃത്ത് വിഷണ്ണനായിരിക്കവെ സംഭവിച്ചത് ആരും അറിഞ്ഞിട്ടില്ലാ എന്നതിൽ മാത്രമാണ്ആശ്വാസം കണ്ടെത്തിയത്.
അപ്പോഴാണ് കഥാകൃത്തിന് ഒരു കാര്യമോടിയത്. തന്നെ അറിയുന്ന ഉറുമ്പുകൾക്ക് പോലും തന്നെ വിലയില്ല. പിന്നെ മനുഷ്യർക്ക് എങ്ങിനെയുണ്ടാകും.
വിലയുണ്ടാകാനുള്ള ഏക വഴി തന്നെ അറിയാതിരിക്കുക എന്നത് തന്നെ.
എഫ് ബിയിലും അതു തന്നെയാണ് പ്രശ്നം. തന്നെ അറിയുന്നവർ തനിക്ക് ഒരു വിലയും തരുന്നില്ല. തന്നെ അറിയാത്ത ഒരു എഫ് ബി അക്കൗണ്ട് ഉണ്ടാക്കുക.
പക്ഷേ പേരെന്ത് കൊടുക്കും?
അൽപമൊരു ബഹുമാനമൊക്കെ കിട്ടണമെങ്കിൽ അമ്മാമൻ എന്ന പേര് കൊടുക്കാം.
അങ്ങിനെ കഥാകൃത്ത് അമ്മാമനെ എഫ് ബിയിലെ പൊതു ജനമദ്ധ്യത്തിൽ അവതരിപ്പിച്ചു.
പക്ഷേ കുഴപ്പം വീണ്ടും അവശേഷിക്കുകയാണല്ലൊ?.
എന്തെഴുതും.
അതാണല്ലൊ ആളറിയാത്ത അമ്മാമനെ ഈ ഫേക്ക് ഐഡിയുമായി രംഗത്തിറക്കിയത്.
വേണ്ട തനിക്കെഴുതേണ്ട, മറ്റുള്ളവരിൽ നിന്ന് കഥ വാങ്ങി ഇതിൽ പോസ്റ്റാം.
പേര് പിന്നീട് പ്രഖ്യാപിക്കാം.
അതു വരെ കഥയെ പറ്റി കമൻ്റിടട്ടെ.
കഥാകൃത്ത് അത്യാഹ്ളാദത്താൽ തുളളിച്ചാടി. ഒരു ആശയം തലയിലുദിച്ചിരിക്കുന്നു.
കഥാകൃത്ത് അധികം താമസിച്ചില്ല. കിട്ടാവുന്ന എഴുത്തുകാർക്കെല്ലാം റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി.
അമ്മാമൻ ലക്ഷ്യം വിശദീകരിച്ച് കൊടുത്തു. ആളുകൾ അത്യാഹ്ളാദത്തോടെ അമ്മാമൻ്റെ വാട്ട് സാപ്പിലേക്ക് കഥകൾ അയച്ചു കൊണ്ടിരുന്നു. ഒരു പണിയുമില്ലാതിരുന്ന കഥാകൃത്ത് അമ്മാമനായതോട് കൂടെ ആളുകൾ ബഹുമാനവും വാരിക്കോരിക്കൊടുത്തു.
കഥകൾ പുരോഗമിച്ചു കൊണ്ടിരുന്നു. കമൻ്റുകളും.
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന് പറഞ്ഞ പോലെ കമൻ്റിടാൻ വേണ്ടി മാത്രം ആളുകൾ അമ്മാമൻ്റെ പോസ്റ്റുകളിലേക്ക് ഇടിച്ചു കയറി വന്നു.
അങ്ങിനെയിരിക്കെ അമ്മാമൻ പുതിയ തീരുമാനം പ്രഖ്യാപിച്ചു.
ഈ ഐഡിക്ക് പുറത്തുള്ളവരെക്കൂടി കഥകൾ വായിപ്പിച്ച് കമൻ്റിടിപ്പിക്കണം. അതിനായി ഈ കഥയുടെ ലിങ്കുകൾ ഷയർ ചെയ്യണം.
അമ്മാമൻ്റെ നിർദ്ദേശം കേട്ടപാതി കേൾക്കാത്ത പാതി മമ്മി സിനിമയിലെ പ്രേതബാധയേറ്റ ഈജിപ്ഷ്യൻ ഖിബ്തികളെപ്പോലെ അനുയായികൾ ഷയർ ചെയ്യാൻ തുടങ്ങി.
തൻ്റെ നിർദ്ദേശം അപ്പടി അനുസരിച്ചൻ്റെ അനുയായികളുടെ ആവേശം കണ്ട് പുളകിതനായി അസ്സലായി കിടന്നുറങ്ങി.
പിറ്റേ ദിവസം നേരം പുലർന്നപ്പോഴാണ് അറിഞ്ഞത് നെറ്റ് റീച്ചാർജ് ചെയ്തത് തീർന്നിരിക്കുന്നു. തൻ്റെ കയ്യിലാണെങ്കിൽ കാശുമില്ല.
പക്ഷേ അങ്ങിനെയായാൽ പറ്റില്ലല്ലൊ. അമ്മാമൻ്റെ ആരാധകർ?.അവരെ നിരാശപ്പെടുത്താൻ കഴിയില്ല. പുറത്തേക്കിറങ്ങി അടുക്കള ഭാഗത്ത് ഭാര്യ വളർത്തിയുണ്ടാക്കിയ നല്ലൊരു നേന്ത്രക്കുലയുണ്ട്. അത് നന്നായി മൂപ്പെത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി കഥാകൃത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ തന്നെ നടന്നു.
ഭാര്യ പുറത്തെങ്ങോ പോയ തക്കത്തിന് വാഴക്കുല വെട്ടി വേഗം മാർക്കറ്റിലെത്തിച്ച് വിറ്റ് കാശും വാങ്ങി റീച്ചാർജ് ചെയ്തു.
പുറത്ത് പോയ ഭാര്യ വരുന്നതിന് മുമ്പേ ഉമ്മറത്തെ കസേരയിൽ ആസനസ്ഥനായി.
നെറ്റ് ഓൺ ചെയ്ത് നോക്കിയപ്പോഴുണ്ട് വാട്സാപ്പിൽ തുരുതുരെ മെസ്സേജുകൾ.
തുറന്നു നോക്കിയപ്പോഴുണ്ട് അമ്മാമൻ്റെ ആരാധകർ കലിതുള്ളി നിൽക്കുന്നു.
പച്ചത്തെറിയുടെ പൂരപ്പാട്ട് കൊണ്ട് വാട്സാപ് ശബ്ദമുഖരിതമാണ്
വഞ്ചകൻ ചതിയൻ എന്നിങ്ങനെയുള്ള മനോഹരമായ പേരുകളും.
എന്താണ് സംഭവമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന അമ്മാമൻ.
കലി തുള്ളി നിൽക്കുന്ന അനുയായികൾ.
അമ്മാമൻ മെസ്സേജുകൾ എല്ലാം ഒന്നുകൂടി ഇരുത്തി വായിച്ചു.
ഷയർ ചെയ്യാൻ പറഞ്ഞ പോസ്റ്റുകളെല്ലാം കമൻ്റ് ബോക്സ് ഫ്രണ്ട്സ് ഒൺലിയാണ്.
അതു കൊണ്ട് പബ്ലിക്കിന് കമൻ്റിടാൻ കഴിയില്ല.
കുന്നോളം വലിപ്പമുള്ള കഥ കമൻ്റിടാൻ വേണ്ടി എഫ് ബി യിലെ പൊതുജനത്തെക്കൊണ്ട് വായിപ്പിച്ച് കമൻ്റിടാൻ നേരം കമൻ്റ് ബോക്സ് കാണാനില്ല.
ഷയർ ചെയ്തവരിൽ ചിലർ വിഡ്ഢിത്തം മനസ്സിലാക്കി അമ്മാമനെ ബ്ലോക്കി ഓടിപ്പോയി. ഷയർ ചെയ്ത ചില വിവരമില്ലാത്തവർ ഇത് അമ്മാമൻ്റെ എന്തോ തന്ത്രമാണെന്ന് കരുതി അവിടെത്തന്നെ പിടിച്ചു നിന്നു. അല്ലെങ്കിലും വിവരമില്ലായ്മ ചിലർക്കൊരലങ്കാരമാണല്ലൊ.
സത്യത്തിൽ കഥാകൃത്തിന് ഒന്നും മനസ്സിലായില്ല. എന്താണ് ഫ്രണ്ട് ഒൺലി എന്താണ് പബ്ലിക് എന്നതും. ആരോടും ചോദിക്കാനും പറ്റില്ല. വഷളാവാൻ സാദ്ധ്യതയുണ്ട്.
തന്നേപ്പോലെ തന്നെ കാര്യം ഇതുവരെ മനസ്സിലായിട്ടില്ലാത്ത കുറച്ചാളുകളുണ്ട്. അവരെ വച്ച് ഇനിയും മുന്നോട്ട് പോകണം.
ഈ യാത്ര തുടർന്നേ മതിയാകൂ. തനിക്കും ഓൺലൈനിൽ ജീവിക്കണം. ജനങ്ങളുടെ കൈയ്യടി നേടണം.
വഞ്ചകൻ ചതിയൻ എന്നൊക്കെ വിളിച്ചോട്ടെ. താൻ പിൻമാറില്ല.
“അമ്മാമനെ തോൽപിക്കാനാകില്ല മക്കളെ”
എഫ് ബി തുറന്ന് കഥാകൃത്ത് പോസ്റ്റിട്ടു.
പക്ഷേ ഇട്ടത് കഥാകൃത്തിൻ്റെ അക്കൗണ്ടിലായിരുന്നു.
അൽപം കഴിഞ്ഞ് നോട്ടിഫിക്കേഷൻ നോക്കിയപ്പോഴാണ് കഥാകൃത്തിന് പിണഞ്ഞ അബദ്ധം മനസ്റ്റിലായത്.
താങ്കളായിരുന്നൊ അമ്മാമൻ?
ചോദ്യങ്ങൾക്കൊപ്പം അമ്മാമൻ അല്ല, കഥാകൃത്ത് നിന്ന് വിയർത്തു.
വാൽക്കഷണം:
മക്കളെ മനസ്സിലാക്കാൻ പിതാവിനെ പഠിച്ചാൽ മതി.
പിതാവിന് അനുസ്യൂതമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദികളാണ് മക്കൾ.
അണികളുടെ സ്വഭാവം മനസ്സിലാക്കാൻ നേതാവിനെ പഠിച്ചാൽ മതി.
വിദ്യാർത്ഥികളുടെ വിജ്ഞാനം മനസ്സിലാക്കാൻ അധ്യാപകനേയും മതാനുയായികളെ മനസ്സിലാക്കാൻ അവരുടെ പണ്ഡിതന്മാരെയും പഠിച്ചാൽ മതി.
സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ അംഗങ്ങളെ മനസ്സിലാക്കാൻ ലീഡേഴ്സിനെ പഠിക്കൂ.
കാക്ക കണ്ടറിയും, കൊക്ക് കൊണ്ടേ അറിയൂ
ഹുസൈൻ എം കെ

