കണ്ണിലേക്കിരച്ചു കയറുന്നതെന്നോ
ഒഴുകിയെത്തുന്നതെന്നോ, നീ വിശേഷിപ്പിച്ച നിദ്രയെന്നെ
അകലെ മാറി നിന്നു കൊതിപ്പിച്ച
ആ രാത്രികളിലേതിലാവാം ഞാൻ,
പേടി സ്വപ്‌നങ്ങൾ പതുങ്ങി
യെത്തുന്നത് ഉറങ്ങുന്നവരെ
തേടി മാത്രമല്ലെന്നറിഞ്ഞത്?
രാത്രിയിൽ വല നെയ്യുന്ന ചിലന്തിയെ പോലെ ഉള്ളിലാരോ നെയ്യുന്ന പട്ടുനൂലിൽ പിടഞ്ഞു തീരുന്ന
തെന്തെന്നൊരോർമ പോലും….,
നീ ഉണരുമ്പോൾ അറ്റുപോയ വലകണ്ണികളിൽ കുരുങ്ങി
കൂട്ടിയിണക്കാൻ കഴിയാതെ
തുടച്ചു നീക്കപ്പെടുമെങ്കിൽ….
ഞാൻ അതിലകപ്പെട്ട് പിണഞ്ഞൊട്ടിയ
നൂലുകൾ വേർപെടുത്താനുള്ള
പാഴ്ശ്രമത്തിൽ തന്നെയിപ്പോഴും
പകലുകൾ തീർക്കുന്നു…..
