കർക്കിടകമാരി പെയ്തൊഴിഞ്ഞു
കള്ളച്ചിരിയുമായി ചിങ്ങം എത്തി
വയലുകൾ കൊയ്ത്തിനു പാകമായി
ഇനി കൊയ്ത്തു പാട്ടിൻ താളമേളമായി
മലയാളക്കരയുടെ പുതുവർഷപ്പിറവിയിൽ
മരതക പട്ട് ഞൊറിഞ്ഞുടുത്ത്
നാനാവർണ്ണസൂനജാലം ചാർത്തി
പ്രകൃതി ഒരുങ്ങുന്നു മോഹിനിയായി
നയനമനോജ്ഞമീ കാഴ്ചകൾ എന്നുള്ളിൽ
ഏതോ മധുരമാം ഗാനമായി നിറയുന്നു
ദുഖങ്ങളെ വിട, ഞാനുമീ വേളയിൽ
ഒരു മയിലായി പീലി വിടർത്തിയാടാം
പൂവേ പൊലി പാടാൻ തിടുക്കമായി
ഉള്ളം പൂവായ പൂവോക്കെ തേടാൻ വെമ്പി
ഇനിയുള്ള നാളുകൾ സാമോദമോടെ
പൊന്നോണത്തിനായ് ഞാനും കാത്തിരിപ്പൂ
പുത്തനുടുപ്പ് കൊതിച്ച ബാല്യം ഇന്നും
ചിത്തത്തിൽ ഉണ്ട് മായാത്ത ചിത്രം
എത്ര വളർന്നാലും മാഞ്ഞുപോകില്ലെൻ്റെ
പൊന്നോണക്കോടി എന്നുള്ള മോഹം
മാവേലി എന്ന മനോഹര സങ്കല്പം
കാത്തിരിപ്പിൻ്റെ സുഖം മധുരം
മുറ്റത്തെ നിരയൊത്ത പൂക്കളമോർക്കേ
വിരുന്നെത്തുമെന്നും ആ ബാല്യമെന്നിൽ
ഇനിയുള്ള നാളുകൾ ഉള്ളിലെ മോഹത്തിൻ
മലരിതൾ കൊണ്ട് പൂക്കളമൊരുക്കാം
പൊൻവെയിൽ ചൊരിയുന്ന ചിങ്ങസൂര്യാ
നിൻ്റെ കതിരൊളി പോലെ ഞാൻ പുഞ്ചിരിക്കാം
കഠിനമീ ജീവിതയാത്രയ്ക്കിടക്കിടെ
സുഖദമാം ഇടവേള പോലെ എത്തും
ആഘോഷമെല്ലാം അറിഞ്ഞാസ്വദിക്കുകിൽ
മനസ്സിന് ശാന്തി പകർന്ന് നൽകാം
