ഗീവർഗീസു പുണ്യാളന്റെ പെരുന്നാളിന് കള്ളപ്പം ചുടാനാണ് റോസിക്ക് ( റോസ്‌ലിൻ ) വെളുപ്പിനേ ഉണരേണ്ടി വന്നത്.
ഈ അപ്പം ചുടീലും നേർച്ച കൊടുക്കലും ഒക്കെ എന്നേ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇതൊക്കെ ഇപ്പോഴും തുടർന്നോണ്ട് പോകുന്ന കുടുംബത്തിലേക്ക് വന്നതിൽ റോസിക്ക് കെറുവ് ഉണ്ടേലും നാല് പേരുടെ മുൻപിൽ വീട്ടുപേര് പറയാൻ അഭിമാനമാണ്. അല്ലേലും ചിലതൊക്കെ കാത്തു സൂക്ഷിക്കേണ്ടത് തന്നെയാ, ഇച്ചിരെ മിനക്കെട്ടാലും.
ചിന്തകളെ ഇങ്ങിനെ തിരിച്ചും മറിച്ചും അതിനിടയിൽ അപ്പം ചുട്ടും നീങ്ങുന്നതിനിടയിലാണ് വിറകുപുരയിൽ നിന്ന് ഒരു ഞരക്കം കേട്ടത്.
അടുക്കിവച്ച വിറകിനിടയിൽ ചുറ്റിവരിഞ്ഞു ഇരിക്കുന്നത് ഒരു പാമ്പല്ലേ? ഒന്ന് സംശയിച്ചശേഷം റോസി ഉറപ്പിച്ചു… അതേ, അതൊരു പാമ്പാണ്. കറുത്ത ദേഹത്തു വെളുത്ത വളകളിട്ട വളവളപ്പൻ.
പുണ്യാളന് വേണ്ടത്ര വിലകൊടുക്കാതെ അപ്പം ചുട്ടോണ്ടാ ഇങ്ങിനൊക്കെ പറ്റീത്. ഓരോന്നിനും ഓരോ അർത്ഥമുണ്ട്. എന്നിട്ട് 21 അപ്പത്തിന് പകരം 42 എണ്ണം ചുട്ടേക്കാവേ ന്ന് നേരുകയും ചെയ്തു.
അധികം താമസിക്കാതെ ഒരു ചോദ്യം റോസിക്ക് തന്നോട് തന്നെ ചോദിക്കേണ്ടി വന്നു. ‘ അതിനുള്ള മാവ് എവിടെ റോസി?’ അത് ശരിയാണല്ലോ, ഇനി എന്നാ ചെയ്യും. ഹാ ചെറിയ അപ്പം ചുട്ട് അഡ്ജസ്റ്റ് ചെയ്യാം.
‘ റോസിയേ ആ പാമ്പിനെ എന്നാ എടുക്കും? അതിപ്പഴും വെറകുപെരേൽ തന്നെ ഇരിപ്പുണ്ട് ‘ ആ ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോഴേക്കും അടുത്തത് വന്നുകഴിഞ്ഞു.
‘ഈശോ, അതിനെ ഇനി എന്നാ കാണിക്കും. ആരോട് പറഞ്ഞാലും എന്നെത്തന്നെ കുറ്റപ്പെടുത്തും. അല്ല ഞാൻ തന്നെ എന്നെയങ്ങു കുറ്റപ്പെടുത്തുവാ. കുറച്ചേലും നല്ല മനസോടെ അപ്പം ചുടാൻ തുടങ്ങണാർന്നു.’
ഇങ്ങനെ പലവിധ ചിന്തകൾ ഏതൊക്കെയോ വഴിക്ക് സഞ്ചരിക്കുന്നതിനിടയിൽ, റോസിയുടെ ഭാഷയിൽ പറഞ്ഞാൽ വളവളപ്പൻ അതിന്റെ പാട്ടിനു പോയി. അപ്പോഴേക്കും തെറതിച്ചേടത്തി അടുക്കളയിൽ എത്തി. വന്നപാടെ വലതുകരത്തിന്റെ ചൂണ്ടുവിരൽ വച്ച് മാവ് വച്ചിരുന്ന പാത്രത്തിൽ ഒന്ന് തൊട്ടു വടിച്ചു വായിൽ വച്ചുനോക്കി.
“ഇതിന്റെ കൂട്ട് അങ്ങ് ഒത്തില്ലല്ലോ റോസിയേ. ന്തോ ഒന്ന് കുത്തിച്ചുവയ്ക്കുന്നുണ്ട്.”
“ചുട്ട അപ്പം തിന്നുനോക്ക് അമ്മച്ചി.” റോസി ആ പറഞ്ഞത് തെറതിക്ക് അങ്ങ് ബോധിച്ചില്ല.
“മാവ് വായിൽ വച്ചാൽ അറിയാം അപ്പത്തിന്റെ രുചി. ഇതിനാത്ത് എന്നാ ഒക്കെയാ ചേർത്തേന്ന് ഒന്ന് പറഞ്ഞേ.”
എങ്ങനെയൊക്കെയോ റോസി ചേരുവകൾ ഓർത്തെടുത്തു പറഞ്ഞു.
” അങ്ങിനെ വരട്ടെ, വെളുത്തുള്ളി ചേർക്കാൻ നിന്നോടാരാ പറഞ്ഞേ?”
26 lakhs സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബർ റെസിപ്പി ആണെന്ന് പറയാനൊക്കുവോ?
മമ്മി ആണെന്ന് കള്ളം പറഞ്ഞു.
“ഓ അങ്ങോട്ട് ഒക്കെ അങ്ങിനെയാണോ? ഇവിടെങ്ങും വെളുത്തുള്ളി ചേർത്ത് ഞാൻ കണ്ടിട്ടില്ല.”
വെളുത്തുള്ളി ഒരു അനാവശ്യമായി ഇനി എവിടെയും കടന്നു വരാതിരിക്കാൻ മരുമകൾ മുൻകരുതൽ എടുത്തു.
പെരുന്നാളും കഴിഞ്ഞ്, ഉച്ചക്കു വേണ്ട ചിക്കൻ ഫ്രൈയെക്കുറിച്ച് ആലോചിച്ചു ഇറങ്ങുമ്പോഴുണ്ട് പുറകിൽ നിന്ന് ഒരുവിളി. ജർമ്മനിക്ക് പോയ ആനിയാണ്.
ആനിയെക്കണ്ടതും എന്തെന്നില്ലാത്ത ഒരു വെമ്പൽ. ബാംഗ്ലൂർ നഴ്സിംഗ് കോളേജിൽ ഒരുമിച്ചു പഠിച്ചെങ്കിലും താനെവിടെ? അവളെവിടെ? ജർമ്മനിയിലെ മനോഹരമായ പൂക്കാലങ്ങൾ, മഞ്ഞുകാലങ്ങൾ, ഋതു ഭേദങ്ങളനുസരിച്ച് പല നിറങ്ങളിലുള്ള ഇലകൾ പൊഴിക്കുന്ന പൂമരങ്ങൾ, സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള ചിത്രപ്പണികളുള്ള കെട്ടിടങ്ങൾ…. ഇങ്ങിനെ എത്രയെത്ര കാഴ്ചകളാണ് ആനിയുടെ ഇൻസ്റ്റാഗ്രാം പേജിലുള്ളത്.
ചുരിദാറിൽ നിന്നും മോഡേൺ വസ്ത്രധാരണത്തിലേക്കുള്ള ആനിയുടെ മാറ്റം കൂടി കണ്ടപ്പോൾ സങ്കടമോ കുശുമ്പോ എന്ന് പറയാനാകാത്ത ഒരു വികാരം വന്നുകൂടി റോസി ഇൻസ്റ്റാഗ്രാം അൺഇൻസ്റ്റാൾ ചെയ്തു. പിന്നീട് ഇപ്പോഴാണ് കാണുന്നത്.
കറുത്ത ചുരുൾ മുടി തവിട്ട് നിറത്തിൽ നീണ്ടു കിടക്കുന്നു… അവളോട് സംസാരിക്കാൻ നിന്നാൽ മനഃസമാധാനം നഷ്ടപ്പെടുമെന്ന് തോന്നി, ആ വിളി കേട്ടില്ലെന്ന് നടിച്ച് ധൃതിയിൽ നടന്നു. ഗേറ്റ് തുറക്കുന്ന സ്വരം കേട്ടപ്പോൾ തന്നെ സ്വീകരണ മുറിയിലെ ടി വി യിൽ ഓടിക്കൊണ്ടിരുന്ന കൊറിയർ ഡ്രാമ, ബൈബിൾ പ്രഭാഷണത്തിന് വഴി മാറി. ട്രീസ തെറതിച്ചേടത്തിക്ക് കസേര ഒഴിഞ്ഞു കൊടുത്തു.
ഇതൊക്കെ എല്ലാ വീട്ടിലും സാധാരണമാണെങ്കിലും കൊറിയർ ഡ്രാമയൊന്നും റോസിക്ക് തീരെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. മറ്റൊരു നാടിന്റെ സംസ്കാരം എങ്ങിനെയാണ് ഇത്ര ആസ്വദിച്ചു കാണാൻ സാധിക്കുന്നത്. സ്ക്രീനിന്റെ താഴെക്കൂടി ഓടിപ്പോകുന്ന സബ് ടൈറ്റിൽ വായിച്ചു മനസ്സിലാക്കി സ്ക്രീനിൽ ഉള്ളതും കൂടി ആസ്വദിക്കാൻ പറ്റുമോ?
‘ മമ്മി രണ്ട് ദിവസം കണ്ട് നോക്കൂ. പിന്നെ ഇഷ്ടാകും’ ട്രീസയുടെ വാക്ക് കേട്ട് രണ്ടല്ല, നാല് തവണ കണ്ടുവെങ്കിലും അതൊന്നും കഷ്ടപ്പെട്ട് ഇഷ്ടപ്പെടുവാൻ സാധിക്കുന്നില്ല. ആ പ്രശ്നത്തെ ജനറേഷൻ ഗ്യാപ്പിന് കൊടുത്തു.
ട്രീസ വയസ്സറിയിച്ചത് മുതൽ റോസിക്ക് അസ്വസ്ഥതകളാണ്. അടുത്തവർഷം നാല്പതിലേക്ക് കടക്കുന്ന തന്റെ യൗവ്വനം വാർധക്യത്തിലേക്ക് കടക്കുകയാണോ? ആ ചിന്ത വന്നതുമുതലാണ് മുഖത്ത് പലവിധ ക്രീമുകൾ ഇടാൻ തുടങ്ങിയത്, യൂട്യൂബേർസ് സജ്ജസ്റ്റ് ചെയ്ത ആഹാരക്രമം തുടങ്ങിയത്. എങ്കിലും കണ്ണാടിയിലൂടെ സ്വന്തം മുഖം നോക്കുമ്പോൾ വ്യക്തമായി തെളിഞ്ഞുവരുന്ന കരിമംഗല്യം കാണുമ്പോഴും ആർത്തവചക്രത്തിലെ താളപ്പിഴകൾ ഓർക്കുമ്പോഴും തന്റെ യൗവ്വനം വിടപറയുകയാണ് എന്നൊരു തോന്നലാണ്.
ആധി കൂടുമ്പോൾ പ്രിയ കൂട്ടുകാരി അശ്വതിയെ വിളിക്കും. അവൾക്കും ഈ വക തോന്നലുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ചെറിയ സമാധാനം. അധ്യാപന ജോലിയുള്ളത് കൊണ്ട് ഇതൊന്നും ഓർക്കാൻ സമയം കിട്ടാറില്ലെന്നാണ് അവൾ പറയുന്നത്. തന്നെ തിരക്കിൽ ആക്കി വയ്ക്കുവാനെങ്കിലും ഒരു ജോലി ആവശ്യമാണ് എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ജോലിക്കുള്ള ശ്രമം ആരംഭിച്ചത്. പതിനൊന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ റോസി ഒരു ജോലി കണ്ടെത്തിയിരിക്കുന്നു. അപേക്ഷ മെയിൽ ചെയ്ത്, അതിനു സ്വീകാര്യത ലഭിച്ച്, അഭിമുഖത്തിൽ പങ്കെടുത്തു…. ദാ ഇപ്പോൾ അപ്പോയ്ന്റ്മെന്റ് മെയിലും വന്നു. ഓരോ ഘട്ടത്തിലും ആത്മവിശ്വാസത്തിന്റെ അളവ് കൂടിവന്നു. പഠനം അവസാനിച്ച് വർഷങ്ങൾക്ക് ശേഷം ശ്രമിച്ചിട്ടും ജോലി കിട്ടിയതിൽ ആത്മാഭിമാനം അതിന്റെ പാരമ്യത്തിൽ എത്തി. നോബിനോട് ആലോചിക്കാതെ ആണ് ഇതൊക്കെ ചെയ്തത്. ഇനിയെങ്ങനെ ഇക്കാര്യം അവതരിപ്പിക്കും? എന്നാൽ കാര്യം പറഞ്ഞപ്പോൾ തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടായത്.
“വെറുതെ ഇരിക്കാതെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യുന്നത് നല്ലതാണ്”.
പതിനഞ്ചു വർഷമായി ഒപ്പമുള്ള പ്രിയതമനിൽ നിന്നും ഇങ്ങിനൊരു പ്രതികരണം അത്ഭുതപ്പെടുത്തി. മുൻപ് ജോലിക്കാര്യം പറഞ്ഞപ്പോഴെല്ലാം ഓരോരോ തടസ്സങ്ങൾ പറയുകയാണ് ചെയ്തിട്ടുള്ളത്. ഓഫീസിൽ നിന്ന് വന്നാൽ മുഴുവൻ സമയവും ഫോണിൽ കുത്തിയിരിക്കുന്ന ഭർത്താവിന് പരസ്ത്രീ ബന്ധം വല്ലതുമുണ്ടോ? ഇനി അവൾ പറഞ്ഞിട്ടാകുമോ ഈ സമ്മതം? എന്ന് വരെ റോസി സംശയിച്ചു. തൊട്ടടുത്ത നിമിഷം ആ സംശയത്തെ അപ്പാടെ തുടച്ചു നീക്കി, തന്റെ പെണ്ണിന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കുന്ന ഭർത്താവാണ് തന്റെ പ്രിയതമൻ എന്ന് തിരുത്തി. ഓരോ മാസവും ഇ എം ഐ അടച്ച ശേഷം ബാങ്ക് ബാലൻസ് നോക്കി ചിലവ് ചുരുക്കുവാനുള്ള വിടവുകൾ തേടുന്ന നോബിനെ റോസി കാണാറുണ്ട്.
പ്രാതലിന്റെയും ഉച്ചയൂണിന്റെയും അവശിഷ്ടങ്ങൾ പേറുന്ന പാത്രങ്ങൾ ഒരുമിച്ച് കഴുകുന്നതിനിടയിലാണ് അകത്തു നിന്നും റോസീ….. എന്നുള്ള നീണ്ട വിളി കേട്ടത്. ധൃതിപ്പെട്ട് ഓടിചെന്നപ്പോഴുണ്ട് കിടപ്പുമുറിയിൽ കറങ്ങിക്കുണ്ടിരിക്കുന്ന ഫാൻ ഓഫ് ചെയ്യാനാണ് വിളിച്ചത്. അതിൽ പരിഭവം ഒന്നും തോന്നിയില്ലെങ്കിലും റോസി ഒരു കാര്യം അയാളോടായി പറഞ്ഞു.
“എന്നെയിനി റോസി എന്ന് വിളിക്കേണ്ട, റോസ്‌ലിൻ എന്ന് തന്നെ വിളിച്ചാൽ മതി..”
ഭാര്യയുടെ പെട്ടെന്നുള്ള മാറ്റത്തിന് കാരണം അവൾക്ക് കിട്ടിയ ജോലിയാണോ എന്ന ആശങ്ക അയാളെ അലട്ടുവാൻ തുടങ്ങി.


10 Comments
പെട്ടെന്നങ്ങു തീർന്നുപോയതുപോലെ♥️
ഇഷ്ടമായിട്ടോ👌🌹♥️
നല്ലെഴുത്ത്. ഗൗരവമുള്ള വിഷയമാണെങ്കിലും അനായാസം വായിക്കാൻ കഴിയുന്നത് നർമ്മം ഓരോ വരിയിലും അന്തർലീനമായതു കൊണ്ടാണ്.👏👌👌❤️❤️
Super 👌👌
രസകരമായ എഴുത്ത്👍🌹
സൂപ്പർ എഴുത്ത് 👌👌
😄👌
റോസി ഞാൻ ആണോ അതോ എന്റെ ആത്മാർത്ഥ കൂട്ടുകാരി ആണോ എന്നൊക്കെ ചിന്തിച് പോയി 😎😂
Thank you everyone for your valuable comments
നല്ല എഴുത്ത്. ഗൗരവമുള്ള കാര്യങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചു.
👍👏❤️
നല്ല എഴുത്ത്