സംഘർഷഭരിതമായ പരിസരങ്ങളിലാണ്, പലരുടേയും ജീവിതം. വാക്കും പ്രവൃത്തിയുമെല്ലാം അതി വൈകാരികമാകുന്നത് സ്വാഭാവികം. ബന്ധങ്ങൾ ഉലയാൻ കുഞ്ഞു പ്രകോപനങ്ങൾ മതി. വിലപ്പെട്ട സൗഹൃദങ്ങൾ ഊർന്നു പോകാതിരിക്കാൻ ഈ നാടോടിക്കഥ ഓർക്കാം.
ആത്മമിത്രങ്ങളായ റെന്നും ഹിമാരിയും യാത്രയിലാണ്. വഴിയിൽ മറ്റൊരു യാത്രികനും ഒപ്പം ചേർന്നു. യാത്രാമധ്യേ കാൽ വഴുതി കൊക്കയിലേക്ക് വീഴാൻ പോയ ഹിമാരിയെ റെൻ സാഹസികമായി രക്ഷിക്കുന്നു. അടുത്തു കണ്ട പാറക്കൂട്ടത്തിൽ മറ്റൊരു കല്ലു കൊണ്ട് ഹിമാരി കഷ്ടപ്പെട്ടെഴുതി ‘ ഇന്ന ദിവസം റെൻ എൻ്റെ ജീവൻ രക്ഷിച്ചു’ . മുന്നോട്ടു പോകവേ, ചെറിയൊരു വാക്കു തർക്കത്തെ തുടർന്നു റെൻ ഹിമാരിയുടെ കരണത്തടിച്ചു. വേദനയോടെ കുത്തിയിരുന്ന് ഹിമാരി മണ്ണിൽ കുറിച്ചു, ‘ഇന്ന ദിവസം റെൻ എൻ്റെ കരണത്തടിച്ചു’ എന്ന്. യാത്ര മുന്നേറവേ മൂന്നാമത്തെ യാത്രികൻ ഹിമാരിയോട് അതേക്കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞു. റെന്നിനെ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല. സ്വജീവൻ നോക്കാതെ എന്നെ രക്ഷിച്ചവനാണ്. അതൊരിക്കലും മായാതിരിക്കാൻ ആ കല്ലിലും ഒപ്പം കരളിലും കോറിയിട്ടു. പിന്നെ അടിയുടെ കാര്യം. അതവൻ പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ ചെയ്തതാണ്. അത് മറന്നു കളയാനുള്ളത്ര ശക്തി എൻ്റെ സൗഹൃദത്തിനുണ്ട്. അതിനാൽ മാഞ്ഞു പോകാനായി മാത്രം മണ്ണിലെഴുതി .
പ്രകോപനങ്ങൾ ഉണ്ടാകുമ്പോൾ മറുവശത്തു നിൽക്കുന്നയാൾ ‘ആജീവനാന്ത ചേർത്തു പിടിക്കൽ’ അർഹിക്കുന്നുവെങ്കിൽ അതു കൂടി പരിഗണിക്കുന്നതാവും നന്ന്.
താര സുഭാഷ്
