“ഫൈനൽ ഇയർ എന്നു വെച്ചാൽ ഇത്രേം വലിയ സംഭവമാണെന്ന് അറിഞ്ഞില്ലെടി. ഞങ്ങളെ ഇന്ന് തന്നെ പ്രാക്ടിക്കലിന് കയറ്റി. ” റൂബി മുഷിച്ചിലോടെ പറഞ്ഞു തുടങ്ങി.
“എടി സുവോളജി ഡിപ്പാർട്മെന്റ് ആണ് നമ്മുടെ കോളേജിലെ ബെസ്റ്റ് ഡിപ്പാർട്മെന്റ് എന്നല്ലേ നിങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പറയുന്നത്. യൂണിവേഴ്സിറ്റി റാങ്കുകൾ അവർ പ്രതീക്ഷിക്കുന്നുണ്ടാവും. ” സ്വാതി റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
“ഹോം സയൻസിന്റെ അത്രേം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പെർഫോമൻസും അത്ര മോശമൊന്നുമല്ലെടി മോളേ. “
“അതേയ്, .. നിങ്ങൾ പഠിപ്പിസ്റ്റുകൾ രണ്ടും കൂടി ഞങ്ങളെ മൂന്നുപേരെ ബോറടിപ്പിക്കല്ലേ.. പ്ലീസ്.. ” ഇത് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോകാൻ ഒരുങ്ങി.
“നിൽക്കെടി എലീ.. ഒരു കാര്യം പറയട്ടെ. “റൂബി പറഞ്ഞു തുടങ്ങി.
“ഗീതു ചേച്ചി നമ്മൾക്ക് അവധി ആയിരുന്ന സമയത്ത് വന്ന് പെട്ടിയും കിടക്കയും എടുത്തോണ്ടുപോയി. യൂണിവേഴ്സിറ്റി എ ക്സാമിന് വീട്ടിൽ നിന്നാണല്ലോ വന്നിരുന്നത്. “
പിന്നെ….
അവൾ പുഞ്ചിരിയോടെ എന്നെ നോക്കിക്കൊണ്ട് പതുക്കെ എല്ലാവരോടുമായി പറഞ്ഞു..
” പ്രീതി നാത്തൂൻ വീണ്ടും ഹോസ്റ്റലിലേക്ക് വരുന്നെന്നു ഷേർലി പറയുന്നു. ക്ലാസ്സിൽ വന്നപ്പോൾ പറഞ്ഞത്രേ… ആ… ഇനി എന്തൊക്കെ നടക്കുമോ ആവോ. “
“ഗീതു ഹോസ്റ്റലിൽ നിന്നൊഴിഞ്ഞു പോയെന്നറിഞ്ഞിട്ടായിരിക്കും അവൾ വീണ്ടും ഹോസ്റ്റലിലേക്ക് വരുന്നത്. അല്ലേ ഷേർലി? “
സ്വാതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം വിളറി നിന്നിട്ട് ഷേർലി പറഞ്ഞു… “ആയിരിക്കും… “
“അല്ല.. അതിപ്പോഴാ ഓർത്തെ.. ഷേർലി, നീ എന്താടി താമസിച്ചെ? ഇംഗ്ലീഷ് ലിറ്ററേച്ചർകാർക്ക് എന്നാ പ്രാക്റ്റിക്കൽ തുടങ്ങിയെ? “
എന്റെ ചോദ്യം കേട്ട് ഷേർലി മുഖം വീർപ്പിച്ചിട്ട് പറഞ്ഞു..
“അങ്ങനങ്ങു കളിയാക്കണ്ട. ഫൊണെറ്റിക്സ് ലാബ് എന്നൊന്ന് ഞങ്ങൾ ലിറ്ററെച്ചർകാർക്കും ഉണ്ട്. “
ഓ.. ഓ.. ഓ.. ഞങ്ങൾ നാലുപേരും പേരും ചേർന്ന് താളത്തിൽ സ്വരമുണ്ടാക്കി അവളെ കളിയാക്കിയപ്പോൾ അവളും ഞങ്ങളുടെ കൂടെ കൂടി.
ഗീതു ചേച്ചി പോയിക്കഴിഞ്ഞാലെങ്കിലും ഗ്രാമഫോൺ നമുക്ക് കിട്ടുമോടി. റൂബി ചോദിച്ചു.
എല്ലാ സാറ്റർഡേയ്കളിലും ഹോസ്റ്റലിലെ പൈതൃക സ്വത്തായ ഗ്രാമഫോൺ കുട്ടികൾക്ക് ഫ്രീ ആയി ഉപയോഗിക്കാം. ഒരു സീനിയർ സ്റ്റുഡന്റിന്റെ കൺട്രോളിലായിരിക്കണമെന്നു മാത്രം. ഗീതുവുള്ളപ്പോൾ വേറെ ആരെയും തൊടീക്കൂല്ല.
ഉം. ഇനി നമ്മളല്ലേ സീനിയർസ്. ഗീതുവിന്റെ സ്ഥിരം ബോണി എം നമുക്കൊന്ന് മാറ്റി പിടിക്കണം.
റൂബി ആഹ്ലാദത്തോടെ പറഞ്ഞു.
പ്രീതി വീണ്ടും ഹോസ്റ്റലിൽ വന്നു ജോയിൻ ചെയ്തു. ഞങ്ങളുടെ ഫ്ലോറിൽ തന്നെയുള്ള അഞ്ചു പേരുടെ റൂം ആണ് അവൾക്കും കിട്ടിയത്. ഹോസ്റ്റലിലും മെസ്സ് ഹാളിലും കോളേജിലും വെച്ചെല്ലാം കാണുമായിരുന്നു. എന്നെ കാണുമ്പോൾ കള്ളക്കണ്ണിട്ടു നോക്കുന്നത് ഞാൻ കാണാറുണ്ട്. സ്വാതിയെ പേടിച്ചാണെന്ന് തോന്നുന്നു എന്നോട് മിണ്ടാൻ വരാറില്ല.
ഒരവധി ദിവസം വൈകുന്നേരം ഞങ്ങൾ റൂം മേറ്റുകൾ അഞ്ചു പേരും കൂടി പുറത്തു പോയിട്ട് വരുമ്പോൾ പ്രീതി വിസിറ്റേഴ്‌സ് റൂമിന്റെ അടുത്ത് ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നതു കണ്ടു.
“ഇവൾ ആരോടാ കത്തി വെക്കുന്നെ? “റൂബി പിറുപിറുത്തു.
അവളുടെ വിസിറ്റർ പുറം തിരിഞ്ഞു നിൽക്കയാണെങ്കിലും അതു അവളുടെ ഇച്ചായൻ ആണെന്ന് ഒറ്റനോട്ടത്തിലെ എനിക്കും സ്വാതിക്കും മനസ്സിലായി. ഞങ്ങൾ അടുത്തു വന്നപ്പോൾ ഇച്ചായൻ പെട്ടെന്നു തിരിഞ്ഞു. എന്റെയും ഇച്ചായന്റെയും കണ്ണുകൾ ഇടഞ്ഞു. ഒരു മൃദു മന്ദഹാസം ആ ചുണ്ടുകളിൽ വിരിയുന്നത് ഞാൻ കണ്ടെങ്കിലും ശ്രദ്ധിക്കാതെ ഞങ്ങൾ ഹോസ്റ്റലിലേക്ക് കയറിപ്പോയി. സ്വാതി പറഞ്ഞു…
“പാവം.. നിന്നിൽ നിന്ന് കണ്ണെടുത്തിട്ടില്ലെടി. ഒരു നഷ്ടബോധം ആ കണ്ണുകളിൽ ഞാൻ കണ്ടു. “
ഞാൻ സ്വാതിയെ നോക്കി. അവൾ തുടർന്നു.
“പോട്ടെടി. നിന്റെ മനസ്സ് കലങ്ങരുത്”.
“അയാൾക്ക് നിന്നെ വിധിച്ചിട്ടില്ല. പിന്നെ നീ കടുത്ത പ്രണയത്തിലൊന്നുമല്ലായിരുന്നല്ലോ മോളേ. അവരല്ലേ നിന്നെത്തന്നെ വേണമെന്നും പറഞ്ഞു നടന്നേ. നീ അങ്ങോട്ടു കയറി പ്രേമിച്ചിട്ടും ഇല്ല. നിനക്കിതിലും മികച്ച ബന്ധം വരും. നിന്നെ ആർക്കാടി ഇഷ്ടമാവാത്തെ?”
ഞാൻ മൗനം തുടർന്നു.
വിവാഹത്തിന് അവർക്കു താല്പര്യമില്ലെന്ന് പ്രീതിയുടെ അമ്മ വിളിച്ചറിയിച്ചെന്ന് മമ്മി പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ലായിരുന്നു. കാരണം സെക്കന്റിയർ തുടങ്ങിയതിനു ശേഷം പ്രീതി എന്നോടും സ്വാതിയോടും ചങ്ങാത്തത്തിലല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇച്ചായനെക്കുറിച്ച് അവൾ സംസാരിക്കുകയോ ഇച്ചായൻ കാണാൻ വന്നാൽ ഞങ്ങളെ പാർലറിലേക്ക് വിളിക്കുകയോ ഒന്നുമുണ്ടായില്ല.
എന്റെ മനസ്സിൽ ഒരു ഇച്ഛാഭംഗം ഉണ്ടായെന്നുള്ളത് നേരാണ്. ആഗ്രഹിക്കുന്നതെന്തും നേടണമെന്നു ചിന്തിക്കുന്ന പ്രായമാണല്ലോ. ആഗ്രഹങ്ങൾക്കാണെങ്കിൽ അതിരുകളുമില്ലല്ലോ.
പക്ഷേ എന്തിന്റെ പേരിലാണ് ഞാൻ തഴയപ്പെട്ടതെന്ന് എനിക്ക് മനസിലായതേയില്ല.. അറിഞ്ഞുകൊണ്ട് എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഉണ്ടായതായി എനിക്കോർമ്മയില്ല.
ചിലപ്പോഴെങ്കിലും ഒരു വല്ലാത്ത നഷ്ടബോധം എന്റെ മനസ്സിൽ കൂടുകെട്ടി. കൂടുതൽ ചിന്തിച്ചപ്പോഴാണ് മനസ്സിലായത് ഞാൻ അറിയാതെ ഇച്ചായനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നെന്ന്..
“നിന്റെ മമ്മിയും ഡാഡിയും നിന്നോട് ഒന്നും ചോദിച്ചില്ലേ?”
“ചോദിച്ചു. ഉണ്ടായതെല്ലാം പപ്പയോടും എബിച്ചായനോടും പറഞ്ഞിട്ടുണ്ട്. തലവേദന കൊണ്ട് കഷ്ടപ്പെടുന്ന മമ്മിയോട് കൂടുതൽ പറഞ്ഞാൽ പ്രശ്നമാണ്. തലവേദന കൂടും.
മമ്മിയുടെ തലവേദന കാരണമാണ് ഞങ്ങൾ നാട്ടിലോട്ടു പോന്നത് തന്നെ. ജനിച്ച കാലം മുതൽ തലവേദന കൂടെ കൂടിയതാണെന്നാ മമ്മി പറയുന്നെ. എന്തെല്ലാം ചികിത്സ ചെയ്തു. പാവം ഒത്തിരി സഫർ ചെയ്യുന്നുണ്ട്. “
“മമ്മിയുടെ കഷ്ടപ്പാട് കാണുമ്പോൾ നമ്മൾക്ക് കൂടി സങ്കടം വരും. “
എന്റെ മൂഡ് ശരിയല്ലെന്ന് കണ്ടിട്ടാവണം സ്വാതി പറഞ്ഞു. “നമുക്ക് ഹോസ്റ്റലിന്റെ മുൻവശത്തുള്ള ഗാർഡനിൽകൂടി ഒന്നു നടക്കാം. കുറച്ച് ഫ്രഷ് എയർ കിട്ടും. മാതാവിന്റെ ഗ്രോട്ടോയിലും ഒന്നു പോകാം. ഇന്ന് സ്റ്റഡിടൈം ഇല്ലല്ലോ. “
എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവൾ നടന്നു.
“പ്രീതി എന്താണ് കഴിഞ്ഞ വർഷം പകുതിയിൽ ഹോസ്റ്റലിൽ നിന്നും മാറിയതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
സ്വാതിയുടെ ചോദ്യത്തിന് “ഇല്ലാ” എന്ന് ഞാൻ പറഞ്ഞു.
“ഗീതുചേച്ചിയുടെ ശല്യം നിമിത്തമാണ്. “
“നീ മിഴിച്ചു നോക്കേണ്ട.. ഷേർളി പറഞ്ഞതാണ്. “സ്വാതി തുടർന്നു..
“നമ്മൾ ഫസ്റ്റ്ഇയറിൽ ജോയിൻ ചെയ്തപ്പോൾ ഷേർലി താമസിച്ചു വന്നതുകൊണ്ട് അവളെ ഗീതുചേച്ചിയുടെ കൂടെ ഡബിൾ റൂമിൽ അക്കോമേഡേറ്റ് ചെയ്യുകയായിരുന്നു. ഗീതു റാങ്ക് പ്രതീക്ഷയുള്ള കുട്ടി ആയതുകൊണ്ടായിരിക്കും അവൾക്കായി ഒരു ഡബിൾ റൂം എന്നും ഒഴിച്ചിട്ടിട്ടുണ്ട്.
“സെക്കന്റ് ഇയറിൽ ഗീതുവിന്റെ റൂമിൽ നിന്നു മാറാൻ വേണ്ടി അവൾ നേരത്തെ വന്നു നമ്മളുടെ റൂമിൽ സ്ഥലം പിടിച്ചു. പ്രീതി താമസിച്ച് വന്നതുകൊണ്ട് അവൾ ഷേർലിക്ക് പകരം ഗീതുവിന്റെ റൂമിൽ അകപ്പെട്ടു പോയി. “
‘എനിക്കൊന്നും അത്രക്കങ്ങു പിടി കിട്ടിയില്ല. നീ എന്താണ് പറയാൻ ശ്രമിക്കുന്നത്?”
എന്റെ സംശയം ഞാൻ അവളുടെ മുന്നിൽ വെച്ചു.
“എടി. ഗീതു ചേച്ചി ഷേർളിയെ മിസ്യൂസ് ചെ യ്തിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. “
“ആദ്യമായി അവൾ റൂമിൽ ചെന്നപ്പോൾ വളരെ ഹാർദ്ദവമായ സ്വീകരണമായിരുന്നു പോലും. “
“ഒരേ ഡിപ്പാർട്മെന്റാണല്ലോ. ഫസ്റ്റ് ഡേയിൽ കോളേജിൽ കൂടെ കൊണ്ടുപോയി എല്ലാരേയും പരിചയപ്പെടുത്തുന്നു. എപ്പോഴും കൂടെക്കൊണ്ടു നടക്കുന്നു.. പ്രൊട്ടക്ട് ചെയ്യുന്നു. എന്നു വേണ്ട… എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നു. “
“ഷേർലിക്ക് സന്തോഷമായി. ഒരു ചേച്ചിയെപ്പോലെ ഗീതു കൂടെയുള്ളതുകൊണ്ട് കോളേജിലും ഹോസ്റ്റലിലും ഒരു പേടിയും അപരിചിതത്വവും അനുഭവപ്പെട്ടില്ല. “
“തേനൂറും മധുര വാക്കുകൾ കൊണ്ടും സ്നേഹത്തോടെയുള്ള പെരുമാറ്റം കൊണ്ടും ഗീതുചേച്ചി ഷേർളിയുടെ മനം കവർന്നു. “
“അങ്ങനെ കുറച്ചു നാളുകൾ ചേച്ചിയുടെ പാമ്പറിങ്ങിൽ (ലാളനയിൽ) കഴിഞ്ഞപ്പോൾ ഷേർലിക്ക് ഗീതുചേച്ചിയോട് വല്ലാത്ത ഒരു ആരാധനയോ വിധേയത്വമോ… പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടമോ. എന്തൊക്കെയോ തോന്നി തുടങ്ങി. “
“എപ്പോഴും ഗീതുചേച്ചിയെ കാണണം.. സംസാരിക്കണം… കൂടെ ഇരിക്കണം..
ചേച്ചിയെ കാണുമ്പോൾ തന്നെ മനസ്സു നിറയുന്ന…. കാണാതിരിക്കുമ്പോൾ മനസ്സ് പിടയുന്ന ഒരവസ്ഥ രൂപപ്പെട്ടു വന്നു. “
“ഒരു ദിവസം രാത്രിയിൽ ഞെട്ടിയുണർന്ന ഷേർലിക്ക് എന്തോ അസ്വഭാവികത അനുഭവപ്പെട്ടപ്പോൾ മാത്രം ആണ് ഗീതുചേച്ചിയുടെ യഥാർത്ഥ മുഖം വെളിപ്പെട്ടത്. “
“അതിനുമുമ്പും കട്ടിലുകൾ അടുപ്പിച്ചിട്ടാണ് അവർ കിടന്നിരുന്നത്. എന്നെ ഒന്നു കെട്ടിപ്പിടിക്കെടി മോളേ എന്നു പറഞ്ഞു പലപ്പോഴും കെട്ടിപ്പിടിപ്പിച്ചിട്ടും ഉണ്ട്. വയറു വേദന വരുമ്പോഴേല്ലാം വയറിൽ തടവിക്കൊടുക്കുകയും ഉമ്മ വെക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം തന്നോടുള്ള അമിത സ്നേഹം കൊണ്ടാണെന്നാണ് ഷേർലി വിചാരിച്ചിരുന്നത്. “
പക്ഷേ ഇപ്പോൾ..
“ഷേർലിക്ക് വല്ലാത്ത അമർഷവും സങ്കടവും ഉണ്ടായി..
ഇതാദ്യമായിട്ടാണോ? അതോ ഇതിന് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷപെടണം. നേരിട്ടങ്ങു ചോദിച്ചാലോ? അതോ വാർഡനോട് പറഞ്ഞാലോ?
അതിന് മുമ്പ് ആരോടെങ്കിലും ഒന്നാലോചിക്കണം. സമാനമായ അവസ്ഥ വേറെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയണം. അതിന് ഹോസ്റ്റലിൽ വേറെ ഫ്രണ്ട്‌സ് ഒന്നുമില്ല. ആകെയുള്ള ഫ്രണ്ട് ഗീതുചേച്ചിയാണ്. “
“ആരോടും ഫ്രണ്ട് ഷിപ് ഉണ്ടാക്കാതിരിക്കാൻ ഗീതു ചേച്ചി ബോധപൂർവം ശ്രമിച്ചിരുന്നതാണോ എന്തോ?”ഷേർലിക്ക് സംശയമായി.
“എന്നിട്ട്?
ഞാൻ ചോദിച്ചതുകേട്ട് സ്വാതി തുടർന്നു..
“തല്ക്കാലം ഗീതുവിനെ ഒബ്സെർവ് ചെയ്യാൻ തീരുമാനിച്ച ഷേർലിക്ക് പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറിയ ഗീതു ഒരത്ഭുതമായിരുന്നു.”
“പക്ഷേ.. ഗീതുവിന്റെ നോട്ടം. സാമീപ്യം, സ്പർശനം എല്ലാം അവളിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. പരമാവധി ഒഴിഞ്ഞു മാറാൻ വെമ്പലാർന്നു നടന്നവളെ നോക്കി ഒരിക്കൽ ഗീതു അമ്പരപ്പോടെചോദിച്ചു.. “
“നിനക്കെന്തുപറ്റി?എന്നെ ഒഴിവാക്കുന്നു പോലെ?”
“ഏയ്, ഒന്നുമില്ല. വെറുതെ തോന്നുന്നതാ. “
ഷേർലി പറഞ്ഞു.
“പിന്നീടാണ് അവൾ നമ്മളോടും അവളുടെ ക്ലാസ്സ്‌മേറ്റുകളോടും ഒക്കെ കൂടുതൽ അടുക്കാൻ തുടങ്ങിയത്. “
“ആദ്യത്തെ സംഭവം മറന്നു വരുന്ന സമയത്താണ് വീണ്ടും അവൾ മിസ്യൂസ് ചെയ്യപ്പെട്ടത്. “
“അന്നവൾ പൊട്ടിത്തെറിച്ചു. വാർഡന് കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു. “
“ഗീതുചേച്ചിയുടെ മറുപടി അവളെ ചകിതയാക്കി.. “
‘എന്തു കംപ്ലയിന്റ് ആണ് നീ കൊടുക്കുന്നത്? തെളിവ് കൊടുക്കാൻ എന്തെങ്കിലുമുണ്ടോ, ?”
“എന്നെ കുടുക്കാൻ നോക്കിയാൽ നിന്നെ കോളേജിലും ഹോസ്റ്റലിലും നാണം കെടുത്തും. “
ഗീതു കൈവശം ഉണ്ടായിരുന്ന ക്യാമറ കാണിച്ചിട്ട് പറഞ്ഞു.
” മോളേ നീ അറിയാതെ നിന്റെ പല ഫോട്ടോകളും ഞാൻ എടുത്തിട്ടുണ്ട്. അതിന്റെ കോപ്പി എടുത്ത് ഞാൻ വിതരണം ചെയ്യും. ഒരു കുഞ്ഞു പോലും അറിയാതെ. “
“എന്റെ കയ്യിൽ ക്യാമറ ഉണ്ടെന്ന് ആർക്കും അറിയില്ല. നീ പറഞ്ഞാലും ആരും വിശ്വസിക്കില്ല. “
“നീ ഒന്നു കംപ്ലയിന്റ് ചെയ്തു നോക്ക്. നമുക്ക് കാണാമല്ലോ. “
താൻ പെട്ടു എന്നു മനസ്സിലായ ഷേർലി ആരോടും ഒന്നും പറയാൻ പോയില്ല.
പക്ഷേ പിന്നീട് ഗീതു അവളോട് സുരക്ഷിതമായ ഒരകലം സൂക്ഷിച്ചു.
സെക്കൻഡ് ഇയറിൽ നേരത്തെ തന്നെ വന്നത് ഗീതുവിന്റ റൂമിൽ നിന്ന് രക്ഷപെടാനായിരുന്നു പോലും.
അന്തം വീട്ടു നിൽക്കുന്ന എന്നെ തട്ടി വിളിച്ചിട്ട് സ്വാതി പറഞ്ഞു.
“പ്രീതിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അതായിരിക്കാം കഴിഞ്ഞ വർഷം പകുതിയിൽ ഹോസ്റ്റലിൽ നിന്നും പോയത്. “
“നിന്നോട് ആരാ പറഞ്ഞെ?” ഞാൻ ആശങ്കയോടെ ചോദിച്ചു.
“ഷേർലി…. അവൾ പിന്നെ വേറൊരു കാര്യവും സൂചിപ്പിച്ചു. “
സെക്കന്റ്ഇയർ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ഒരിക്കൽ ഗീതു രാവിലെ നമ്മൾ കോളേജിൽ പോകാൻ ഒരുങ്ങുന്ന സമയത്ത് നമ്മുടെ റൂമിൽ വന്നിരുന്നു. ഡോറിൽ മുട്ടിയപ്പോൾ റൂബി പോയി വാതിൽ തുറന്നു. തിരിഞ്ഞു നോക്കിയപ്പോൾ മിന്നായം പോലെ ഒരു ക്യാമറ ഗീതുവിന്റെ കയ്യിൽ ഷേർലി കണ്ടു പോലും. അവൾ അന്ന് നമ്മളോട് എല്ലാവരോടുമായി പറഞ്ഞിരുന്നു.. ഡ്രെസ്സ് മാറുമ്പോൾ ആര് വന്നു മുട്ടിയാലും ഡോർ തുറക്കരുതെന്ന്. റൂബിയെ കുറെ വഴക്കും പറഞ്ഞിരുന്നു.
സ്വാതി പറഞ്ഞു നിർത്തി.
“ഉം.. എനിക്ക് ഓർമ്മയുണ്ട്. പക്ഷെ ക്യാമറയുടെ കാര്യം അവൾ പറഞ്ഞില്ലല്ലോ?”
ഞാൻ ചോദിച്ചു.


1 Comment
Pingback: മധുര നൊമ്പരം : പാർട്ട് 2 - By Rani Varghese - കൂട്ടക്ഷരങ്ങൾ