സെക്കൻഡ് ഇയറിൽ ഓണാവധി കഴിഞ്ഞു കോളേജിലെത്തി. ക്ലാസ്സ് തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം, ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
അനുവാദം വാങ്ങി സ്റ്റാഫ്റൂമിലേക്ക് കയറി മാഡത്തിന്റെ മുമ്പിൽ പോയി നിന്നു. സകല സീനിയർ ടീച്ചറന്മാരും ഹാജരായിട്ടുണ്ട്. മിക്ക മുഖങ്ങളിലും പരിഹാസം. ആരും ഒന്നും മിണ്ടുന്നില്ല. സോമിനി മാഡത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. എന്നത്തേയും പോലെ അവർ പറഞ്ഞു തുടങ്ങി.
“ഈ കോളേജിന് ഒരു പാരമ്പര്യമുണ്ട്. വളരെ അച്ചടക്കത്തോടെ പോവുന്ന ഒരു സ്ഥാപനമാണ്. ധാരാളം മഹദ് വ്യക്തികൾ ഉന്നതമായ രീതിയിൽ പഠനം പൂർത്തിയാക്കി പടി ഇറങ്ങിപ്പോയ ഒരു വിദ്യാലയം ആണിത്….”
നിർത്തുന്ന ഭാവമില്ല. ഒന്നര വർഷമായി എന്നും കേട്ടുകൊണ്ടിരിക്കുന്ന പല്ലവികൾ..
“ഇതൊക്ക ഇപ്പൊ എന്നോട് മാത്രമായി പറയുന്നത് എന്തിനാണോ ആവോ?” മനസ്സിൽ ഓർത്തു.
“ഡൂ യു ഹിയർ മീ? താൻ കേൾക്കുന്നുണ്ടോ? മാഡം ചോദിച്ചു.
“ഉണ്ട്. മാഡം. പറഞ്ഞോളൂ.”
“താനായിട്ട് ഈ കോളേജിന്റെ അന്തസ്സ് നശിപ്പിക്കാൻ ഇറങ്ങി തിരിച്ചതാണോ?”
ഞാൻ സംശയത്തോടെ ചുറ്റും നോക്കി.
വട്ടമിട്ടിരുന്നവർ കണ്ടു കൊണ്ടിരുന്ന ഒരു ഫോട്ടോ എടുത്ത് അവർ എന്റെ നേരെ നീട്ടി. ഞാൻ അതു വാങ്ങിച്ചു നോക്കി. ഒരു പെൺകുട്ടി ഇട്ടിരുന്ന ടോപ് മാറ്റി വേറൊന്നു ധരിക്കുകയാണെന്നു തോന്നുന്നു. തിരിഞ്ഞു നിൽക്കുകയാണെങ്കിലും ശരീരത്തിന്റെ ചില ഭാഗങ്ങൾ അനാവൃതമാണ്.
ഒറ്റ നോട്ടത്തിൽ എനിക്കൊന്നും മനസ്സിലായില്ല.
ഞാൻ സോമിനി മാഡത്തിന്റെ നേർക്ക് ചോദ്യഭാവത്തിൽ നോക്കിയതും അവർ ക്രുദ്ധയായി അലറി.
“അതാരാണെന്നു നിനക്കു മനസ്സിലായില്ലേ?”
ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടി.
“ഇല്ല മാം. തിരിഞ്ഞു നിൽക്കയല്ലേ? മുഖം കണ്ടില്ലല്ലോ?”
“വേണ്ട വേണ്ട ഡ്രാമാ ക്യൂൻ.. നിന്നെ എനിക്കറിയില്ലേ. സൂക്ഷിച്ചൊന്നു നോക്കിക്കേ. നീ ഈ ഫോട്ടോ എടുത്ത് ആർക്കാണ് കൊടുത്തത്?”
“ഞാനോ…. എന്റെ കയ്യിൽ ക്യാമറ ഇല്ലല്ലോ.”ഞാൻ വിക്കി വിക്കി പറഞ്ഞു.
“നീ ആളെ കളിയാക്കുന്നോ? നിന്റെ പപ്പ വിദേശത്തല്ലേ? ക്യാമറ സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നെനിക്കറിയാം.”
“പൂത്ത പണമുള്ളതുകൊണ്ട് ആരെയും പേടിക്കേണ്ടന്നാണോ? “
“ഫോട്ടോ ആരെക്കൊണ്ടാണ് എടുപ്പിച്ചത്? അതോ…. ഒന്നു നിർത്തി പരിഹാസത്തോടെ അവർ തുടർന്നു.
ഏതെങ്കിലും പുരുഷന്മാരാണോ എടുത്തത്?”
എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് പറയേണ്ടതെന്നോ അറിയാതെ കുഴങ്ങി നിൽക്കുമ്പോൾ വീണ്ടും വിചാരണ തുടരുന്നത് അറിഞ്ഞു.
“ഇനി അതു നീയല്ല എന്നോ മറ്റോ പറയാനാണ് ഭാവമെങ്കിൽ നമുക്ക് പ്രിൻസിപ്പലിന്റെ അടുത്തോട്ടു പോകാം. നീ ആണെന്നുള്ളതിൽ ഞങ്ങൾക്കാർക്കും സംശയമൊന്നുമില്ല.”
ഞാൻ അതു വാങ്ങി സൂക്ഷ്മമായി നോക്കി.
ശരിയാണ്. ഞാൻ ആണെന്നു തോന്നുന്നു. മുഖത്തിന്റെയും കഴുത്തിന്റെയും സൈഡ് വ്യൂ കാണുമ്പോൾ അത് വ്യക്തമാകുന്നുണ്ട്. പക്ഷേ ആരാണെടുത്തത്? എവിടെ വെച്ച്?
യെസ്.. ഇത് ഞങ്ങളുടെ ഹോസ്റ്റൽറൂം ആണല്ലോ. റൂമിൽ നിന്നു ഡ്രെസ്സ് ചേഞ്ച് ചെയ്ത സമയത്ത് ആരോ ക്ലിക് ചെയ്തതാണ്. പക്ഷേ ആര്? എന്തിന്?
ഹോസ്റ്റലിൽ ക്യാമറ കൊണ്ടു വരാൻ അനുവാദമില്ല. എന്തെങ്കിലും ഫങ്ക്ഷൻ ഉള്ളപ്പോൾ വാർഡന്റെ മുൻകൂർ അനുമതിയോടെ മാത്രം കൊണ്ടുവരാൻ സമ്മതിച്ചിട്ടുണ്ട്. അതിനു ശേഷം ക്യാമറ ഹോസ്റ്റലിൽ സൂക്ഷിക്കാനും പാടില്ല.
വല്ലാത്ത തളർച്ച തോന്നി.സഹായത്തിനായി ആരുമില്ലല്ലോ. എല്ലാവരും കൊത്തി പ്പറിക്കാൻ തയ്യാറായി നിൽക്കുകയാണ്. സ്വാതിയെ ഒരുനിമിഷം ഓർത്തു. അവൾ കൂടെയുണ്ടായിരുന്നെങ്കിൽ….
തനിച്ചെങ്ങനെ പ്രതിരോധിയ്ക്കും? അറിയില്ല…
ഹോസ്റ്റലിലെ റൂമുകൾ വലിയ സ്ക്രീനുകൾ കൊണ്ടു തിരിച്ചതാണ്. സ്ക്രീനുകൾക്ക് ഒരു ഒന്നരയാൾ പൊക്കമെങ്കിലും കാണും. അതിന്റെമുകളിൽ കേറി വന്നു ഫോട്ടോ എടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. പിന്നെ എങ്ങനെ?
എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നി. മിണ്ടാതെ തന്നെ നിന്നു. കുറച്ചു സമയം കൂടി കൂട്ടപ്പൊരിച്ചിൽ കേട്ടു. പിന്നെ സോമിനി മാഡം പറഞ്ഞു.
“പ്രിൻസിപ്പൽ സിസ്റ്ററിനു ഞാൻ റിപ്പോർട്ട് കൊടുക്കുന്നുണ്ട്. മാനേജ്മെന്റ് ആണ് എന്തു ആക്ഷൻ ആണ് എടുക്കേണ്ടതെന്നു തീരുമാനിക്കേണ്ടത്. തത്കാലം ക്ലാസ്സിൽ പൊക്കോ.”
ക്ലാസ്സിൽ ചെന്നപ്പോൾ ഇന്റർവെൽ ആയിരിക്കുന്നു. സ്വാതിയോട് ഉണ്ടായതെല്ലാം പറഞ്ഞു കേൾപ്പിച്ചു.
സ്വാതിയുടെ മുഖം ചുവന്നു.
“എടി, നിന്റെ വകയിലെ നാത്തൂൻ പ്രീതിയുടെ റൂംമേറ്റ് ഗീതുചേച്ചി ആയിരിക്കും ഇതിന്റെ പുറകിൽ എന്ന് എന്റെ മനസ്സ് പറയുന്നു. അവൾ എന്തോ തരികിട ഒപ്പിച്ചിട്ടുണ്ട്. ഫൈനൽ ഇയർ അല്ലേ? കോളേജ് വിട്ടുപോകുന്നതിനു മുമ്പ് നിനക്കൊരു പണി തന്നതാണെന്നാ എന്റെ ഒരിത്…
“ശ്രീമതി കോളേജിലെയും ഹോസ്റ്റലിലേയും കിരീടം വെക്കാത്ത രാജ്ഞിയല്ലേ. ആരെയും പേടിയില്ലല്ലോ.”
“എന്തായാലും അതു കണ്ടുപിടിക്കണം. എന്നിട്ട് ഗീതുവിന്റെ തനിനിറം പുറത്തുകൊണ്ട് വരണമെടി.”
സ്വാതി പറഞ്ഞുകൊണ്ടിരുന്നു.
“പഠിക്കാൻ അതി സമർത്ഥ. പ്രസംഗത്തിനും ഡിബേറ്റിനും മറ്റു പാഠ്യേതര വിഷയങ്ങളിലും മുന്നിൽ. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പിടിപാടുള്ള പിതാവിന്റെ മകൾ.. ഹോസ്റ്റലിലെ പ്രീഫക്റ്റ്. നമുക്ക് ഗീതുചേച്ചിയെ തൊടാനൊക്കുമോടി? “
ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
“തെളിവ് സഹിതം പിടിക്കണം. “സ്വാതി പിറുപിറുത്തു..
അന്നു പ്രതീക്ഷിച്ചതുപോലെയുള്ള സംഭവവികാസങ്ങൾ ഒന്നുമുണ്ടായില്ല. വൈകുന്നേരം ഹോസ്റ്റലിൽ എത്തിയപ്പോൾ അസിസ്റ്റന്റ് വാർഡൻ സിസ്റ്റർ ആഷിഷ് കാത്തുനിൽപ്പുണ്ടായിരുന്നു.
സ്വാതിയുടെ ചേച്ചിയുടെ ക്ലാസ്സ്‌മേറ്റും സുഹൃത്തും ആണ് സിസ്റ്റർ. ഞങ്ങൾക്ക് പ്രാക്റ്റിക്കൽ ക്ലാസ്സിൽ സൂപ്പർവിഷനു വരാറുണ്ട്.
ആ സ്വാതന്ത്ര്യം ആവശ്യത്തിനും അനാവശ്യത്തിനും ഞങ്ങൾ എടുക്കാറുമു ണ്ട്.
സിസ്റ്റർ ചെറുപുഞ്ചിരിയോടെ പറഞ്ഞു. “എലീന… ചായ കുടിച്ചിട്ട് എന്റെ റൂമിലേക്കൊന്ന് വരണേ.”
സ്വാതി എന്നെ അർത്ഥഗർഭമായി ഒന്നു നോക്കി.
ഞാൻ’ വരാം ‘എന്നു സിസ്റ്ററിനോട് പറഞ്ഞു. വേണ്ടായെന്നു പറഞ്ഞിട്ടും സ്വാതി എന്റെ കൂടെ വന്നു.
സിസ്റ്റർ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സാവധാനം പറഞ്ഞു…
“സോമിനി മിസ്സ് പ്രിൻസിപ്പലിന്റടുത്തു പൊടിപ്പും തൊങ്ങലും ചേർത്ത് എന്തൊക്കെയോ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. അവർക്ക് ഇതിലെന്തോ അനാവശ്യ താല്പര്യമുണ്ടെന്ന് ഡിപ്പാർട്മെന്റിൽ ഒരു അടക്കം പറച്ചിൽ കേട്ടു. നീയും അവരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
ഞാൻ ‘ഇല്ല ‘എന്നു തലയാട്ടി.
സ്വാതി ഇടയ്ക്കു കയറി പറഞ്ഞു. “ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വത്സ മിസ്സിന് ഇവളോട് നല്ല കുശുമ്പുണ്ട്. ടീച്ചേഴ്സിന്റെ കൂട്ടത്തിലെ ബോൾഡ് &ബ്യൂട്ടിഫുൾ എന്നറിയപ്പെടുന്ന അവരെ സൗന്ദര്യത്തിൽ വെല്ലുന്ന എലീന അവരുടെയും അവരുടെ വകയിലൊരു കസിൻ ആയ സോമിനി മാമിന്റെയും കണ്ണിലെ കരടാണ്.”
“സുഹാസിനി സാരി ഉടുക്കുന്ന പോലെ ഒറ്റ ലയർ ഇട്ടാണ് അവർ കോട്ടൺ സാരി ഉടുക്കുന്നതെന്നും അതുകൊണ്ട് അവരെ കണ്ടാൽ സുഹാസിനിയെ പോലെയിരിക്കുന്നെന്നും ഒക്കെ അവരുടെ ഡിപ്പാർമെന്റിലെ കുറെ പിള്ളേർ പ്രൊപ്പൊഗണ്ടയുമായി നടക്കുന്നുണ്ട്. “
“ഇപ്രാവശ്യത്തെ ഓണഘോഷത്തിന് ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചെത്തിയതിനുള്ള ഫസ്റ്റ് പ്രൈസ് എലീനക്കും സെക്കന്റ് പ്രൈസ് വത്സ മിസ്സിനും.. അവർക്ക് സഹിക്കുമോ? ഇവളെ താഴ്ത്തികെട്ടാൻ കിട്ടുന്ന ഒരവസരവും അവർ വെറുതെ കളയില്ല.”
“ഫാഷൻ ഷോകളിലും ബ്യൂട്ടി കോണ്ടെസ്റ്റ് കളിലും നമ്മുടെ ഡിപ്പാർട്മെന്റ് തിളങ്ങി നിൽക്കുന്നത് ഇവളുണ്ടായത് കൊണ്ടല്ലേ സിസ്റ്ററെ.”
സിസ്റ്റർ പുഞ്ചിരിയോടെ സ്വാതിയെ നോക്കി.
സ്വാതി ആലോചനയോടെ തുടർന്നു. “ഞങ്ങളുടെ റൂമിൽ ആരുടെയും കയ്യിൽ ക്യാമറ ഇല്ല.
ഇവൾ പറഞ്ഞത് ഞങ്ങളുടെ റൂമിന്റെ ബാക്ഗ്രൗണ്ടിൽ ആണ് ഫോട്ടോയെന്നാണ്. പക്ഷേ ആരാണെടുത്തത്?ഇതിൽ എന്തോ ചതി യില്ലേ?”
“കോളേജിൽ ആ ഫോട്ടോ കാണാത്ത ടീച്ചേഴ്സിനെ എല്ലാം അവർ കൊണ്ടു നടന്നു കാണിച്ചതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നേയില്ല.”
സ്വാതിക്ക് രോഷം അടക്കാൻ കഴിഞ്ഞില്ല.
ഉരുണ്ടു കൂടിയ കണ്ണുനീർ ആരും കാണാതിരിക്കാനായി ഞാൻ മുഖം താഴ്ത്തി.
സിസ്റ്റർ ആഷിഷിന്റെ സ്വരം ആർദ്രമായി.
“മോളേ, ഞങ്ങൾക്കെല്ലാവർക്കും നിന്നെ വിശ്വാസമാണ്. പ്രിൻസിപ്പൽ സിസ്റ്റർ വേണ്ടത് ചെയ്തോളും. നിന്റെ ഭാവിക്കു ഒരു ദോഷവും വരാതെ ഞങ്ങൾ നോക്കിക്കോളാം. നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ.”
എന്തായാലും ആ സംഭവം കോളിളക്കം ഒന്നും ഉണ്ടാക്കാതെ കെട്ടടങ്ങി. ക്രിസ്മസ് അവധി കഴിഞ്ഞ് പ്രീതി ഹോസ്റ്റലിൽ നിന്നു മാറുകയാണെന്നു കേട്ടെന്ന് സ്വാതി ഒരിക്കൽ സൂചിപ്പിച്ചു.
ഈ വിവരങ്ങൾ എങ്ങനെ ഇവൾക്കു കിട്ടുന്നുവെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
“അതിന് ഈ ഹോസ്റ്റലിലെ എന്തെങ്കിലും കാര്യം നിനക്കറിയാമോ പെണ്ണെ? നീ ഏതു ലോകത്താ ജീവിക്കുന്നെ? അടയും ചക്കരയും പോലിരുന്ന നിന്നെയും നിന്റെ അഭിനവ നാത്തൂൻ പ്രീതിയേയും തമ്മിൽ അടിപ്പിച്ചത് ഗീതുവാണെന്ന് ഹോസ്റ്റലിൽ മുഴുവൻ പാട്ടാണ്. നീ മാത്രം അറിഞ്ഞില്ല”.
ഞാൻ നിശ്ശബ്ദയായി ഇരുന്നു. പ്രീതിയും ഞാനും കുവൈറ്റിലെ ഇന്ത്യൻ സ്കൂളിൽ കെ ജി മുതൽ ടെൻത് വരെ ഒരുമിച്ചു പഠിച്ചവരാണ്. ഇണ പിരിയാത്ത കൂട്ടുകാർ.. എന്റെ ടെൻത് കഴിഞ്ഞപ്പോൾ ഞാനും മമ്മിയും നാട്ടിലോട്ടു പോന്നു. എബിച്ചായൻ നാട്ടിൽ എൻജിനീയറിങ്ങിന് ചേർന്നു കഴിഞ്ഞിരുന്നു. പ്രീതിയും നാട്ടിലാണ് പ്ലസ് ടു ചെയ്തത്. ഡിഗ്രിക്ക് ഒരേ കോളേജിൽ ചേരണമെന്ന് നേരത്തേ തന്നെ പ്ലാൻ ചെയ്താണ് ഇവിടെ ചേർന്നത്.
ഫസ്റ്റ് ഇയറിൽ ഞങ്ങൾ ജോയിൻ ചെയ്തു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആയിരുന്നു ഫ്രഷേഴ്‌സ് ക്വീൻ മത്സരം. വൈകുന്നേരം ഫലപ്രഖ്യാപനം കഴിഞ്ഞിട്ട് സമ്മാനാർഹിതരായവരെയും കൊണ്ട് കോളേജിനകത്തു പ്രോസഷൻ നടത്തുന്ന സമയത്താണ് പ്രീതിയെ കാണാൻ അവളുടെ ബ്രദർ പ്രകാശിച്ചിയാനും കസിനും കൂടി വന്നത്. അവളുടെ ഇച്ചായനെ എനിക്ക് പരിചയമുണ്ടായിരുന്നു. ഇച്ചായന് എന്നെയും. ഫ്രഷേഴ്‌സ് ക്വീൻ ആയി തലയിൽ കിരീടവും ഒക്കെ വെച്ച് നിൽക്കുന്ന എന്നെ കണ്ട് ഇച്ചായന് ചിരി അടക്കാൻ പറ്റിയില്ല. പിന്നെ അതൊരു കൂട്ടച്ചിരിയായി.ആ വീക്കെൻഡിൽ ഇച്ചായന്റെ അമ്മയും ഡാഡിയും എന്നെ കാണാൻ ഹോസ്റ്റലിൽ വന്നു. പിന്നെ എന്റെ വീട്ടുകാരുമായി സംസാരിച്ചു. പ്രീതി ഔദ്യോഗികമായി എന്നെ നാത്തൂനായി പ്രഖ്യാപിച്ചു.
ചിന്തകളിൽനിന്നും ഉണർത്തിക്കൊണ്ട് ആരോ റൂമിന്റെ വാതിലിൽ മു ട്ടുന്നത് കേട്ടു.
അയ്യോ സ്വാതി ആയിരിക്കും… കുളിക്കാതെ മടി പിടിച്ചിരുന്നതിനു ഇപ്പോൾ കേൾക്കാം.
വിടർന്ന ഒരു ചിരി മുഖത്തു വരുത്തികൊണ്ട് എണീറ്റുചെന്നു വാതിൽ തുറന്നു. പൊടുന്നനെ നീട്ടിയ ആറു കൈകൾ വന്നു കെട്ടിപ്പിടിച്ചു.


1 Comment
Pingback: മധുര നൊമ്പരം : പാർട്ട് 1 - By Rani Varghese - കൂട്ടക്ഷരങ്ങൾ