ഗബ്രിയേൽ വീട്ടിൽ മടങ്ങി ചെല്ലുമ്പോൾ ഡാനിയേല സന്തോഷവതിയായിരുന്നു.
“ഞാൻ പറഞ്ഞില്ലേ, നീ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്.”
“ഏയ് അതൊന്നുമല്ല, മാമായി എന്തൊക്കെയോ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചപ്പോഴാണ് എൻ്റെ തല വേദന മാറിയത്.”
ഗബ്രിയേൽ കുളി കഴിഞ്ഞ് വന്ന് ഡാനിയേലയോടൊപ്പം ഇരുന്നു.
“ആ കഴുത്തിൽ കിടക്കുന്ന മാല ഊരി താഴെയിടൂ.”
“വേണ്ട ഗബ്രിയേൽ, മാമായി എൻ്റെ കഴുത്തിൽ ഇട്ട് തന്നതാണ്. എൻ്റെ രക്ഷയ്ക്ക് എന്നാണ് പറഞ്ഞത്.”
“ഈ മാലയുടെ അവകാശിയാണ് നിന്നെ ഭയപ്പെടുത്താൻ ഇന്നലെ രാത്രി വന്നത്.”
“എന്താ ഇപ്പോൾ ചെയ്യുക.”
ഗബ്രിയേൽ മറുപടി ഒന്നും പറഞ്ഞില്ല.
ഇന്ന് ഡാനിയേലയുടെ കൂടെ തന്നെയുണ്ടാകണമെന്ന് ജാൻസിയും പെരേരയും പറഞ്ഞിട്ടുണ്ട്.
“നീ കടയിൽ പോകുന്നില്ലേ.”
“ഓഹ് ഇന്നിനി വയ്യ. ഇന്ന് ഞാൻ നിൻ്റെ കൂടെ തന്നെ കാണും.”
ഗബ്രിയേൽ മാമായിക്കൊപ്പം അത്താഴം തയാറാക്കി. മാമായിക്കുള്ള പ്ലേറ്റിൽ ഗബ്രിയേലാണ് ഭക്ഷണം വിളമ്പി കൊടുത്തത്. ഗബ്രിയേൽ ഡാനിയേലയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു.
അത്താഴം കഴിഞ്ഞ് വരാന്തയിലേക്ക് ഇറങ്ങിയ ഡാനിയേലയ്ക്ക്, ഫ്രാൻസിസ്ക മുന്നറിയിപ്പ് നൽകി.
“നീ ഒരു കാരണവശാലും വീടിന് പുറത്ത് പോകരുത്.”
ഡാനിയേല ഗബ്രിയേലിനൊപ്പം മുറിയിൽ ഇരുന്നു. സ്വന്തം മുറിയിൽ കയറി പോയ ഫ്രാൻസിസ്കയുടെ ശബ്ദം ഒന്നും കേൾക്കാതായപ്പോൾ ഗബ്രിയേൽ പുറത്തിറങ്ങി. വിറക് പുരയുടെ മുന്നിൽ അവനൊരു അഗ്നികുണ്ഡം തയാറാക്കി. വീടിന് നാല് മൂലയിലും കുന്തിരിക്കം പുകച്ചു. കയ്യിലൊരു താലത്തിൽ അഗ്നിയുമായി വീടിന് ഏഴ് വലം വച്ചു.
ഡാനിയേലയുടെ കൈ പിടിച്ചു പുറത്തിറങ്ങി. അവളെ അഗ്നിയുടെ മുന്നിൽ നിർത്തി.
“നീ ആ കറുത്ത മാലയൂരി ഈ അഗ്നിയിലിടൂ.”
“അയ്യോ മാമായി അറിഞ്ഞാൽ.”
ഗബ്രിയേൽ പോക്കറ്റിൽ നിന്നും അത് പോലൊരു മാല പുറത്തെടുത്തു. പെരേര നൽകിയ അത് പോലത്തെ മാല ഡാനിയേലയെ കാണിച്ചു.
“നീ ഇത് കാണിച്ചാൽ മതി.”
ഡാനിയേല മാലയൂരി അഗ്നിയിൽ എറിഞ്ഞു. പെട്ടെന്ന്
പ്രകൃതി വന്യമായ പോലെ, കാറ്റ് ആഞ്ഞ് വീശി. കാട്ടിൽ നിന്നും മൃഗങ്ങളുടെ അലറൽ നാലുപാടും മുഴങ്ങി. അത് കേട്ട് ഗബ്രിയേലും ഡാനിയേലയും ഭയന്നു.
ഗബ്രിയേൽ നീട്ടിയ മാലയണിഞ്ഞ് ഭയചകിതയായ ഡാനിയേല അവനെ ചേർന്ന് നിന്നു.
“ഇന്ന് കണ്ണപ്പൻ വരും. നിനക്ക് അവൻ്റെ കൂടെ ഒന്ന് കറങ്ങി വരാം.”
“ഇല്ല എനിക്ക് പേടിയാകുന്നു ഗബ്രിയേൽ.”
തലേ ദിവസത്തെ കാര്യങ്ങൾ സ്വപ്നം പോലെ ഡാനിയേല ഓർത്തെടുത്തു. അവളുടെ മുഖം ഭയം കൊണ്ട് വിളറി.
“നീ എന്തിനാ പേടിക്കുന്നത് കൂടെയുള്ളത് വേറെയാരുമല്ല കണ്ണപ്പനാണ്. ഈ ഭൂമിയിൽ അവനോളം വേറെ ആർക്കും നിന്നെ സംരക്ഷിക്കാൻ കഴിയില്ല, അവൻ നിൻ്റെ കണ്ണേട്ടനാണ്.”
“മാമായി ഉണർന്നാൽ…”
“അത് ഞാൻ നോക്കി കൊള്ളാം ഡാനിയേല.”
അന്നാദ്യമായി കണ്ണപ്പൻ്റെ ബൈക്ക് വീട്ട് മുറ്റത്ത് വരെ വന്നു. ബൈക്കിൽ നിന്നും പെരേര ഇറങ്ങി. അയാൾ കയ്യിൽ സൂക്ഷിച്ച ചെറിയ കവർ ഡാനിയേലയെ ഏൽപ്പിച്ചു.
“ഇത് സൂക്ഷിച്ചു വച്ചോളൂ, ഒരു ചെറിയ താലിയാണ്.”
ഡാനിയേല കണ്ണപ്പൻ്റെ ബൈക്കിന് പിറകിൽ കയറിയിരുന്നു.
“സൂക്ഷിക്കണേ. പരീക്ഷണങ്ങൾ ഉണ്ടാകും, ഭയക്കരുത്. ഭയന്നവരെ തളർത്താൻ എളുപ്പമാണ്. ജീവിക്കുന്നവർക്കും മരിച്ചവർക്കും പേടിച്ചവരെ നിശബ്ദമാക്കാൻ എളുപ്പത്തിൽ കഴിയും.”
കണ്ണപ്പൻ്റെ ബൈക്കിന് പിറകിൽ അവനെ ചേർന്ന് ഡാനിയേല ഇരുന്നു. അവർ പോകുന്നത് നോക്കി ഗബ്രിയേലും പെരേരയും നിന്നു.
അവരുടെ കണ്ണുകൾ ചൂരൽ മലയിലേക്ക് പോയി. ഒരു കറുത്ത നിഴൽ ബൈക്കിനെ ലക്ഷ്യമാക്കി നീങ്ങുന്നു.
“അപ്പാ ഡാനിയേല, അവളേയും കണ്ണപ്പനേയും കാത്തോളണേ.”
ഗബ്രിയേൽ ആകാശത്ത് നോക്കി വിലപിച്ചു.
പെരേര കണ്ണടച്ച് പ്രാർത്ഥന തുടങ്ങി. ചുറ്റുമുള്ള പ്രകൃതി കൂടുതൽ വന്യമായി.
“ഗബ്രിയേൽ ഫ്രാൻസിസ്കയെ പോയി നോക്കൂ.”
ഗബ്രിയേൽ ചെന്ന് നോക്കിയപ്പോൾ ഫ്രാൻസിസ്ക നല്ല ഉറക്കമാണ്. ഇപ്പോൾ ഉറക്കം ഒരു മണിക്കൂർ പിന്നിട്ട് കാണുമെന്ന് ഗബ്രിയേൽ കണക്ക് കൂട്ടി.
കണ്ണപ്പൻ ബൈക്കിൽ നല്ല വേഗതയിൽ മലയിറങ്ങി. തണുത്ത കാറ്റിനൊപ്പം അസ്വാരസ്യം നിറഞ്ഞ ചുറ്റുപാട്. പല തവണ ബൈക്ക് പാറയിൽ ഇടിച്ചു നിന്നു. സാധാരണ രാത്രികളിൽ താൻ വരാറുള്ള വഴികൾ ആയിട്ട് കൂടി എന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അവന് മനസ്സിലാകുന്നില്ല.
ചെറിയ മഴയും ഇടിയും മിന്നലും കൂടി ആയപ്പോൾ കണ്ണപ്പൻ പേടിച്ചു. പോർട്ടുഗീസ് മന്ത്രവാദം മൂലം രക്തം തുപ്പി മരിച്ച കണാരൻ അമ്മാവൻ്റെ നേരിയ ഓർമ്മകൾ അവൻ്റെ മനസ്സിനെ വേദനിപ്പിച്ചു.
ഡാനിയേലയുടെ മാമായിയെ കണ്ണപ്പന് വെറുപ്പാണ്. അവരെക്കുറിച്ച് അറിഞ്ഞതൊന്നും നല്ല കാര്യങ്ങളല്ല. ഗബ്രിയേലിനും ഡാനിയേലയ്ക്കും ജന്മം നൽകിയ സ്ത്രീ എന്ന നിലയിൽ മാത്രം അവരെ പരിഗണിക്കുന്നു.
ഫ്രാൻസിസ്ക ഉണരുന്നതിന് മുമ്പ് മടങ്ങി ചെല്ലണം. അതിന് മുമ്പ് ഡാനിയേലയുടെ കഴുത്തിൽ ഒരു മിന്നു കെട്ടണം. അവളെ സ്വന്തമാക്കണം. ഡാനിയേലയ്ക്ക് പതിനെട്ട് വയസ്സാകാൻ മൂന്ന് മാസം കൂടി ബാക്കിയുണ്ട്. അത്രയും കാത്തിരുന്നാൽ അവളെ തനിക്ക് നഷ്ടപ്പെടും.
ഗബ്രിയേൽ അറിയാതെ പെരേര തന്ന നിർദ്ദേശമാണ്. കണ്ണപ്പൻ ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്ന സ്വർണ്ണത്തിൻ്റെ നിന്ന് അവിടെയുണ്ടോയെന്ന് കൈ കൊണ്ട് ഉറപ്പ് വരുത്തി.
ബൈക്ക് ഒരു കല്ലിൽ തട്ടി മറിഞ്ഞു. ഡാനായേല നിലത്ത് വീണു. മറിഞ്ഞ ബൈക്ക് നേരെ വച്ച് കണ്ണപ്പൻ ഡാനിയേലയെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളുടെ ഇടത് കൈമുട്ട് കല്ലിലുരഞ്ഞ് ചോര പൊടിഞ്ഞിരുന്നു.
“എൻ്റെ വയറ്റിൽ മുറുകെ പിടിച്ചു ഇരിക്കൂ ഡാനിയേല.”
കണ്ണപ്പൻ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി. വളരെ സൂക്ഷിച്ചു മെല്ലെയാണവർ പോയത്. ഇനി ആറേഴ് കിലോമീറ്റർ യാത്ര ബാക്കിയുണ്ടെങ്കിൽ മനസ്സിൽ കണക്ക് കൂട്ടി.”
പെട്ടെന്ന് ബൈക്കിൻ്റെ ലൈറ്റ് ഓഫായി. അപകടകരമായ വഴിയിലൂടെ വെട്ടമില്ലാതെ യാത്ര ചെയ്യാൻ പറ്റില്ല, വശങ്ങളിൽ ആഴമുള്ള ഗർത്തങ്ങളുണ്ട്. സൂക്ഷിച്ച് പോകണം.
“ഡാനിയേല, ബൈക്ക് ലൈറ്റ് എത്തുന്നില്ല. ഞാൻ ഫോണിലെ ടോർച്ച് ഓണാക്കിയിട്ടുണ്ട്. നീ മുന്നിലേക്ക് പിടിച്ച് വെളിച്ചം കാണിക്കണം.”
ഡാനിയേല കണ്ണപനോട് ചേർന്നിരുന്നു. അവളുടെ കൈകൾ അവൻ്റെ വയറ്റിൽ ചുറ്റിപ്പിടിച്ചു. വെറേ ഏതെങ്കിലും അവസരത്തിലാണ് എങ്കിൽ എത്ര റൊമാൻ്റിക് ആകേണ്ട യാത്രയാണിത്. കണ്ണപ്പന് നിരാശ തോന്നി. എല്ലാം നല്ലതായി അവസാനിക്കണേയെന്ന് അവൻ കാവിലമ്മയെ വിളിച്ചു പ്രാർത്ഥിച്ചു.
ഡാനിയേല കണ്ണപ്പനെ ചുറ്റി പിടിച്ചു, അവൾ വെളിച്ചം കാട്ടാനായി ഒരു കൈ കൊണ്ട് ഫോൺ ഉയർത്തി കാണിച്ചു. മലയിറക്കം കഴിയാറായി, രണ്ട് വളവുകൾ കഴിഞ്ഞാൽ ടാറിട്ട റോഡായി. കണ്ണപ്പന് ആശ്വാസം തോന്നി.
വളരെ സൂക്ഷിച്ചാണ് അവൻ ബൈക്കോടിച്ചത്. ഒരു വളവ് പിന്നിട്ടപ്പോൾ വണ്ടി ഇടിച്ച് നിന്നും. എഞ്ചിനുള്ളിൽ നിന്നും എന്തോ ശബ്ദം കേട്ടു. കണ്ണപ്പന് വണ്ടി നിർത്തി കണ്ണടച്ചു.
“അവസാനത്തെ അടവാണ്. വണ്ടി ഇനി അനങ്ങില്ല.”
ഡാനിയേല പേടിച്ചു.
“നമുക്ക് തിരികെ പോകാം. മാമായി ഉണർന്നാൽ പ്രശ്നമാകും. ഞാൻ നടന്ന് പൊയ്ക്കൊള്ളാം.”
യാത്രയുടെ ഉദ്ദേശ്യം അറിയാതെ ഡാനിയേല വെപ്രാളപ്പെട്ടു. കണ്ണപ്പൻ ചുറ്റും നോക്കി, വിജനമായ വഴി, ഒരു മനുഷ്യജന്മം പോലും അടുത്തില്ല.
“കണ്ണേട്ടാ അത് നോക്കൂ.”
അവനെ അമർത്തി പിടിക്കുന്നതിനിടയിൽ ഡാനിയേല പിറകിലേക്ക് കൈ കാണിച്ചു. ഒരു കറുത്ത രൂപം തങ്ങളുടെ നേരെ വരുന്നു. ഏതാണ്ട് ഏഴെട്ടടി പൊക്കമുള്ള ഒരു രൂപം. ഡാനിയേല പേടിച്ചു വിറച്ചു.
കണ്ണപ്പൻ തോൽക്കാൻ തയ്യാറല്ലായിരുന്നു. അവൻ തനിക്കറിയാവുന്ന മന്ത്രങ്ങൾ ഉരുവിട്ടു. ബൈക്ക് ഓണാക്കി, ഒന്നും കൂടെ സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ അവൻ വിജയിച്ചു.
ബൈക്ക് സ്റ്റാർട്ടായി, മുൻപോട്ട് കുതിച്ചപ്പോൾ, ഡാനിയേലയെ പിന്നിൽ നിന്നും രണ്ട് കൈകൾ പിടിക്കാൻ ശ്രമിച്ചു. ഡാനിയേലയേയും കൊണ്ട് കണ്ണപ്പൻ മുന്നോട്ട് കുതിച്ചു. അവളുടെ മുടിയിഴകൾ ആ രൂപത്തിൻ്റെ കൈകളിലായി. ഡാനിയേല വേദന കൊണ്ട് നിലവിളിച്ചു.
“കണ്ണേട്ടാ….”
ഡാനിയേലയുടെ കണ്ണേട്ടാ എന്ന വിളി കണ്ണപ്പനെ ധൈര്യവാനാക്കി. തൻ്റെ മാത്രം പെണ്ണാണവൾ, പിന്നെ കണ്ണപ്പൻ തിരിഞ്ഞ് നോക്കിയില്ല. ബൈക്ക് പറക്കുകയായിരുന്നു. ജീവിക്കുകയാണേലും മരിക്കുകയാണേലും അവളുടെ ഒപ്പം തന്നെ. ഡാനിയേലയും രണ്ട് കൈകൊണ്ടും അവനെ വരിഞ്ഞ് മുറുക്കി.
ആദ്യമായിട്ടാണ് അവരൊന്നിച്ചൊരു യാത്ര, ആ നിമിഷം, പരസ്പരം എത്രയേറെ സ്നേഹിക്കുന്നുവെന്നവർ തിരിച്ചറിഞ്ഞു.
“ഡാനിയേല നിന്നെ ആരും ഒന്നും ചെയ്യില്ല. നീ എൻ്റേത് മാത്രമാണ്.”
“മ് മം എനിക്കെപ്പോഴും ഇങ്ങനെ കണ്ണേട്ടൻ്റെ ഒപ്പമിരിക്കണം.”
“അതിനല്ലേ ഈ യാത്ര, എന്താണ് ഇപ്പോൾ നീയെന്നെ കണ്ണേട്ടാ… എന്ന് വിളിക്കുന്നത്.”
“ഇനി മുതൽ അങ്ങനെ വേണമെന്ന് ഗബ്രിയേൽ പറഞ്ഞു.”
പരസ്പരം സംസാരിച്ചും സ്നേഹിച്ചും അവർ ആറ് കിലോമീറ്റർ ദൂരം പിന്നിട്ടു.
കളരിയുടെ പുറത്ത് ബൈക്ക് കൊണ്ട് നിർത്തുമ്പോൾ അമ്മയും ചെറിയമ്മയും അനിയത്തിമാരും ഇറങ്ങി വന്നു.
“എന്താണ് കണ്ണാ വൈകിയത്. കാണാഞ്ഞ് ഞങ്ങൾ പേടിച്ചു. 9. 40 നാണ് മുഹൂർത്തം.”
“മഞ്ഞൾ വെള്ളത്തിൽ കുളിച്ച് വേഷം മാറണം. ശാന്തി മുഹൂർത്തം പന്ത്രണ്ട് കഴിയണം.”
“അതൊന്നും ഇപ്പോൾ വേണ്ട. കെട്ട് കഴിഞ്ഞ് അവളെ തിരികെ കൊണ്ടാക്കണം. അവളുടെ മാമായിക്ക് സംശയമൊന്നും തോന്നാൻ പാടില്ല.”
“അതെങ്ങനെ ശരിയാകും. ഡാനിയേല ഇനി ഇവിടെ കഴിയണം.”
ചെറിയമ്മയും കുട്ടികളും ഡാനിയേലയെ ഒരുക്കാൻ വീട്ടിനകത്തേക്ക് കൂട്ടി കൊണ്ട് പോയി. കണ്ണപ്പൻ അമ്മയെ ആശ്വസിപ്പിച്ചു.
“അമ്മാ. അവളെ ഇവിടെ താമസിക്കാൻ നിയമം അനുവദിക്കുന്നില്ല. അവൾക്ക് പതിനെട്ട് തികഞ്ഞില്ല. പോലീസ് അവളെ തേടി ഇവിടെ വരും. അവൾ ഇപ്പോൾ ഒന്നും അറിയണ്ട. ഇപ്പോൾ രഹസ്യമായി വിവാഹം മാത്രം നടത്തിയാൽ മതി.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല. ആ സ്ത്രീ ഒരു പിശാചാണ്. അവളെ തിരികെ അയയ്ക്കണോ. ഫ്രാൻസിസ്ക അറിഞ്ഞാൽ….”
“അറിയില്ല, അവർ ഒന്നും അറിയില്ല.”
കണ്ണപ്പൻ കുളിച്ച് അമ്മ കൊടുത്ത വസ്ത്രം മാറി, പരദേവതയുടെ മുന്നിലിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഡാനിയേല വേഷം മാറി വന്നു.
കസവ് സാരിയിൽ അതീവ സുന്ദരിയായി ഡാനിയേല വന്നു.
“സമയമില്ല, വേഗം ചടങ്ങുകൾ തുടങ്ങണം.”
കളരിയിൽ പൂജകൾ തുടങ്ങി. പൂജകളും ഹോമവും ഡാനിയേലയെ പേടിപ്പിച്ചു, അവളെ തന്നോട് ചേർത്ത് പിടിച്ചു കണ്ണപ്പൻ അവളോടുള്ള കരുതൽ പ്രകടിപ്പിച്ചു.
മുഹൂർത്ത സമയത്ത്, കളരി പൂജാരി പൂജിച്ച് നൽകിയ താലി കണ്ണപ്പൻ ഡാനിയേലയുടെ കഴുത്തിൽ കെട്ടി. അമ്മ നൽകിയ പായസം രണ്ട് പേരും പരസ്പരം വായിൽ വച്ച് കൊടുത്തു.
കണ്ണപ്പൻ മുറിയിൽ ഡാനിയേലയെ ചേർത്ത് പിടിച്ചു ചുംബിച്ചു.
“നിന്നെ തിരികെ കൊണ്ടാക്കും മുമ്പ് ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ.”
ഒരു പൂവ് പോലെ നിഷ്കളങ്കയാണ് ഡാനിയേല എന്നവന് അറിയാം. അവളെ വെളിച്ചത്തിൽ കണ്ട് അവന് മതിയായില്ല.
“ഇനിയെന്നാണ്?നിന്നെ തിരികെ കൊണ്ട് വിടാൻ മനസ്സ് വരുന്നില്ല.”
“അടുത്താഴ്ച മാമായി ചൂരൽ മലയിൽ പോകും.”
ചൂരൽമല എന്ന് കേട്ടപ്പോൾ കണ്ണപ്പൻ്റെ ഹൃദയത്തിലൂടെ ഒരു കിളി പറന്ന് പോയി.
“അതൊരു നല്ല ഐഡിയ ആണ്.”
“എനിക്ക് ഈ വീടും കണ്ണേട്ടനേയും വിട്ടു പോകാൻ തോന്നുന്നില്ല. പാവം ഗബ്രിയേൽ, അവനെ മാമായി ഉപദ്രവിക്കും.”
“സാരമില്ല. ഇനി നീ എൻ്റെ പെണ്ണല്ലേ. ഈ താലിയിൽ എൻ്റെ മനസ്സുണ്ട്. എൻ്റെ പെണ്ണിനെ കാണാൻ ഞാൻ ഇനി കൂടെ കൂടെ വരും.”
“ഈ വേഷം മാറാൻ എനിക്ക് തോന്നുന്നില്ല.”
“ഈ വേഷം മാറിയിട്ട് നമുക്ക് പോകാം, നീ ഇവിടെ മടങ്ങി വരുമ്പോൾ ഉപയോഗിക്കാമല്ലോ..”
ഡാനിയേല അമ്മായിമാരുടെ അനുഗ്രഹം വാങ്ങി. എല്ലാവരോടും അവൾ യാത്ര പറഞ്ഞു.
“രാത്രിയിൽ യാത്ര പറയാൻ പാടില്ല. മോള് പോയി വാ. നീയും കണ്ണനും ഒരു കുഞ്ഞുമായി ഈ നട കയറി വരുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു.”
വന്ന വേഷത്തിൽ അവർ മടങ്ങി. മടക്ക യാത്രയിൽ ഡാനിയേല ഭയന്നില്ല. അവൾ കണ്ണനെ ചേർന്നിരിക്കുമ്പോൾ പൂജാരി പറഞ്ഞ് കൊടുത്ത മന്ത്രം അവൾ മനനം ചെയ്തു കൊണ്ടിരുന്നു.
“കണ്ണേട്ടാ..”
“എന്താണ് ഡാനിയേല.”
“എനിക്ക് കണ്ണേട്ടൻ്റെ വീട്ടിലേക്ക് മടങ്ങണം. കണ്ണേട്ടൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.”
“അത് ഉറപ്പല്ലേ. എൻ്റെ കളരി മാത്രം നടത്തിയാൽ മതി. നമുക്ക് കുടുംബം നടത്താൻ. പിന്നെ അമ്മാവനെ പോലെ വർഷത്തിൽ ഒരു മാസം തിറ കെട്ടണം.”
മടക്കയാത്രയിൽ എല്ലാം സമാധാനപൂർണമായിരുന്നു. അന്തരീക്ഷം ശാന്തമായിരുന്നു. ഒരു കാറ്റ് പോലും അവരെ ശല്യപ്പെടുത്തിയില്ല.
ബൈക്ക് മുറ്റത്ത് നിർത്തിയപ്പോൾ കാത്തിരുന്ന പേരേരയും ഗബ്രിയേലും എഴുന്നേറ്റ് വന്നു.
“കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അല്ലേ.”
നടന്ന കാര്യങ്ങൾ കണ്ണപ്പൻ വിശദീകരിച്ചു.
“ഡാനിയേല നീ പോയി കിടന്നുറങ്ങൂ. ഈ താലി മാമായി കാണാതെ ഒളിച്ചു വയ്ക്കണം.”
കണ്ണപ്പൻ്റെ ബൈക്കിൻ്റെ പിറകിൽ കയറിയ പെരേര ഗബ്രിയേലിനെ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -12 - By Nisha Pillai - കൂട്ടക്ഷരങ്ങൾ