തള്ള തല്ലി കുളിപ്പിച്ച് തന്ത തള്ളി സ്കൂളിലേക്ക് വിട്ടിരുന്ന ഒരു മടിച്ചിക്കോത ഇന്നിപ്പം അതേ തല്ലും തള്ളും കൊടുത്തു സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കുമ്പോൾ പറയാറുണ്ട് “ഞാനൊക്കെ ഒരൊറ്റ ദിവസം മടിപിടിച്ച് സ്കൂളിൽ പോവാതിരുന്നിട്ടില്ല അത്രയ്ക്കു പഠിക്കാൻ ഇഷ്ടമായിരുന്നു പോരാത്തതിന് എല്ലാ ക്ലാസ്സിലും ഒന്നാമതും… കേൾക്കുന്നതിനു മുൻപേ മക്കളുടെ മറുപടിയെത്തും”ഒന്ന് തള്ളാതെ പോ അമ്മേ”
Author: Anamika S
ആളുകൾക്ക് മുൻപിൽ പെയ്യുന്ന കണ്ണുകൾ എത്രവേഗം തുടച്ചാണ് അവൾ പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നത് ക്രൂരതയുടെ പര്യായമായവൻ എത്രവേഗമാണ് കപട സ്നേഹത്തിന്റെ മുഖംമൂടിക്കുള്ളിൽ പുനർജനിക്കുന്നത് വീട്ടകങ്ങളിൽ മുഖംമൂടികളില്ലാത്ത ദൈന്യതകൾ കാണാം മുഖം മൂടികളില്ലാത്ത ദുഷ്ടത്തരങ്ങൾ കാണാം മറ്റുള്ളവർക്ക് മുൻപിൽ എല്ലാം പൊയ്മുഖങ്ങൾ പുഞ്ചിരിക്കു പിന്നിൽ നിസ്സഹായതയും കരുതലിനു പിന്നിൽ കള്ളത്തരങ്ങളും ഒളിപ്പിച്ച പൊയ്മുഖങ്ങൾ
ഓഹ്! ഈ ലോകത്ത് അമ്മ മാത്രമാണല്ലോ പത്തു മാസം ചുമന്നു നൊന്ത് പ്രസവിച്ചത്” പേറ്റു നോവിന്റെ കഥ പറഞ്ഞു കണ്ണ് നിറയ്ക്കുന്ന അമ്മമാരോട് മക്കളൊക്കെ സ്ഥിരം തിരിച്ചു പറയുന്ന ഈ മറുപടിയ്ക്കപ്പുറം ഉള്ള് നീറുന്ന എത്രായിരം നോവുകൾ ജന്മം മുഴുവൻ ചാപിള്ളകളായി നെഞ്ചിൽ ചുമക്കുന്നവരാണ് ഓരോ സ്ത്രീ ജന്മവും
നിന്റേതായിപ്പോയ എന്നെ നിന്റെ ഇഷ്ടങ്ങളുടെ തടവറയിൽ സ്നേഹത്തിന്റെ പേരും പറഞ്ഞു നീ ചങ്ങലയ്ക്കിട്ടു നിന്റെ ഇഷ്ടങ്ങളൊക്കെ കഷ്ടപ്പെട്ട് ഞാൻ എന്റേതാക്കി എന്റേത് ആയ നിന്നെ നിന്റെ ഇഷ്ടങ്ങളുടെ ആകാശത്തു പറക്കാൻ വിട്ട് ഞാനപ്പോഴും മെല്ലെ പറഞ്ഞു നീ എന്റേത്..
തട്ടിൻ പുറത്ത് പമ്മി നടന്ന് എലിയെ പിടിച്ചും പിന്നാമ്പുറത്തെ എച്ചിൽകൂനകളിൽ മീൻമുള്ള് തിരഞ്ഞും നടന്ന പൂച്ച തന്റെ തട്ടകം വിട്ട് അടുക്കളയിൽ കയറി വിലക്കപ്പെട്ടതൊക്ക തിരഞ്ഞപ്പോൾ പൊട്ടിച്ച ചട്ടിയും കലവും നോക്കി ആളുകൾ പറഞ്ഞു മിണ്ടാപ്പൂച്ച കലമുടയ്ക്കും അടുക്കള തട്ടകത്തിൽ നിന്നും ഉമ്മറത്തേക്ക് എത്തി നോക്കി അഭിപ്രായം പറഞ്ഞവളേയും ചോദ്യങ്ങൾ ചോദിച്ചവളെയും നോക്കി അഹിതമായതെന്തോ ചെയ്തതെന്ന മുദ്ര കുത്തി അവരൊക്കെ തന്നെ വീണ്ടും പറഞ്ഞു മിണ്ടാപ്പൂച്ച കലമുടയ്ക്കും
എന്തിനെന്നറിയാതെ നിലത്തു വീണ് ചിന്നി ചിതറിയ കണ്ണുനീർത്തുള്ളികൾ എന്തിനെന്നറിയാതെ പാൽ പാത്രം കരിച്ച ചില ഓർമ്മകൾ എന്തിനെന്നറിയാതെ നെഞ്ചു പൊള്ളിച്ച ചില മൗനങ്ങൾ
“അവനിത്തിരി മുൻകോപം കൂടുതലാ, നീ വേണം സംയമനം പാലിക്കാൻ ” സമാധാനവും സംയമനവും സഹധർമ്മിണി പാലിക്കണം എന്ന് ഒരു വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ തന്നെ ഉപദേശം കിട്ടാത്തവരുണ്ടാവില്ല ചിലപ്പോഴൊക്കെ അത് ആവശ്യവുമാണ് പക്ഷേ അതൊരിക്കലും സഹനമാവരുത്
കണ്ണെത്താ ദൂരത്തെ വിശേഷങ്ങളൊക്കെയും കണ്മുൻപിൽ വാക്കുകളിലൂടെ വരച്ചിട്ട തപാൽ ലോകം. ദുഃഖവും സന്തോഷവും പ്രണയവും വിരഹവും നാട്ടുവാർത്തകളും എന്തിനേറെ പരദൂഷണവും കത്തുകളായി കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തുമ്പോൾ സന്തോഷത്താലോ സങ്കടത്താലോ പലപ്പോഴും പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അഞ്ചലോട്ടക്കാരന്റെ മണിയടികൾ തലയിണക്കീഴിൽ നോട്ടിഫിക്കേഷനുകളായി പരിണമിച്ചപ്പോൾ മറവിയിലേക്ക് പിൻതള്ളപ്പെട്ടൊരു തപാൽപ്പെട്ടി ഓർമ്മകളുടെ വഴിവക്കിൽ തുരുമ്പിച്ചു തീരുന്നു
പലവേള വെറുക്കാനും അതിലേറെ പൊറുക്കാനും ഒരുവേള മറക്കാനും മറന്നെന്നു നടിക്കാനും ഓർത്തോർത്തു കരയാനും പുറമേ ചിരിക്കാനും എന്നെ പഠിപ്പിച്ചതെന്റെ മനസ്സ് മറക്കാനുള്ളതൊക്ക ഓർത്തും ഓർക്കാനുള്ളതൊക്കെ മറന്നും എന്നുമെന്നെ വട്ടംകറക്കുന്ന മനസ്സ് എനിക്ക് പകരം ഞാൻ കുടിയിരുത്തിയവരൊക്കെ തീറെഴുതി സ്വന്തമാക്കി ഭാഗിച്ചെടുത്ത മനസ്സ് കുത്തിക്കീറി വരഞ്ഞിട്ട മനസ്സ് ഇനി ഒന്ന് മനസ്സുവെക്കണം ആ മനസ്സിനെ തിരിച്ചു പിടിക്കാനും ഉടമസ്ഥാവകാശം സ്ഥാപിച്ചു അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചു സ്വന്തമാക്കാനും
വീട്ടു കാവലിന് പറഞ്ഞ പണം എണ്ണിക്കൊടുത്തു വാങ്ങിയ മുന്തിയയിനം കാവൽനായ അടുക്കള കാവലിനു ഇങ്ങോട്ട് പണം വാങ്ങി കല്യാണപന്തലിൽ നിന്നും കഴുത്തിൽ കുരുക്കിട്ട് കൊണ്ടുവന്ന കാവൽനായ കുരയ്ക്കാനോ കടിക്കാനോ അനുവാദമില്ലാത്ത കാവൽനായ മിച്ചം വന്നത് കഴിക്കാനും കാലു നക്കാനും വിധിക്കപ്പെട്ട കാവൽ നായ യജമാനന്റെ ആട്ടും തുപ്പും ചവിട്ടും ഒടുവിൽ എപ്പോഴെങ്കിലും കിട്ടുന്ന തലോടലിനും വേണ്ടി വാലാട്ടി നിൽക്കേണ്ട കാവൽനായ പെണ്ണിന് പല വീടുകളിലും കല്പിച്ചിച്ചിരിക്കുന്ന സ്ഥാനം അതാണ്
