കാലങ്ങൾ മാറുമ്പോൾ സൗഹൃദത്തിന്റെ ആഴവും ദൃഢതയും നഷ്ടമാകുന്നു പലതും വെറും പ്രഹസനങ്ങളിൽ ഒതുങ്ങി തീരുന്നു. ഒരു പിടി അവിലിന് പകരം ഒന്നുമാവശ്യപ്പെടാത്ത സുഹൃത്തിനു ഒരായുസിന്റെ ഒരായിരം സന്തോഷങ്ങൾ നൽകിയ കൃഷ്ണന്റെ നന്മയും മുന്നോട്ടു എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനു മുന്നിൽ ഉഴറി നിൽക്കുമ്പോഴും സുഹൃത്തിന്റെ സ്നേഹവും കരുതലും മതി തനിക്കു എന്ന് ചിന്തിച്ച കുചേലന്റെ നിഷ്കളങ്ക ചിന്തയും ഇന്നിന്റെ ഒരു ബന്ധങ്ങളിലും നമുക്ക് കാണാൻ കഴിയില്ല. ഗുരുകുല സൗഹൃദം കാലങ്ങൾ കാണാതിരുന്നിട്ടും കാതങ്ങൾ ദൂരെ ഇരുന്നിട്ടും സ്ഥാനമാനങ്ങളിൽ വലിയ അന്തരം ഉണ്ടായിട്ടും ആത്മാർഥതയോടെ സൗഹൃദത്തിന്റെ സ്നേഹം നിലനിർത്താൻ അവർക്കു കഴിഞ്ഞു. അവിടെ ദ്വാരകാ രാജാവെന്നോ ദാരിദ്രനെന്നോ അല്ല പകരം രണ്ടു ആത്മാർത്ഥ കൂട്ടുകാർ അവരുടെ വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച അങ്ങനെയാണ് കവികൾ പോലും എഴുതുന്നത്. ബന്ധങ്ങളിലെന്നും ആത്മാർത്ഥതയും വിശ്വാസവും പുലർത്തുന്നവർക്ക് പകരം വേദനകൾ മാത്രം കിട്ടുന്ന ഇന്നിന്റെ ലോകത്തു കുചേലന്റെയും കൃഷ്ണന്റെയും നിസ്വാർത്ഥ സൗഹൃദം ഓരോ ബന്ധങ്ങൾക്കും മാതൃകയാണ്….
Author: Baahus
മുറ്റത്തെ മുല്ലചെടിയിലെ മൊട്ടിനെ പോലും തല്ലി കൊഴിച്ചു ഒരുനൂറു പ്രതീക്ഷകളുടെ പവിഴമല്ലി പൂക്കളെ മുഴുവൻ നിലത്തു വീഴ്ത്തി തൊടിയിലെ മാവിന്റെ സ്വപ്നപൂക്കളെ തല്ലി കൊഴിച്ചു ഒരാരവത്തിൽ പെയ്തൊഴിഞ്ഞു പോയാലും വീണ്ടും നഷ്ടത്തിന്റെ മഴത്തുള്ളികൾ മരകൊമ്പുകളിൽ പെയ്യുന്ന കാലം തെറ്റി പെയ്തു ഭൂമിയെ കരയിക്കുന്ന മഴ പോലെ നമ്മിലേയ്ക്കും ചിലർ അപ്രതീക്ഷിതമായി വിരുന്നെത്താറുണ്ട്. എന്തിന് എന്ന ചിന്തയ്ക്ക് മുൻപേ നമ്മളെയാകെ തച്ചുടച്ചു പോകുന്നവർ… ജീവിതപാതയിലെ അവസാന ചുവടു വരെയും മനസ്സും ചിന്തയും ബന്ധങ്ങളുടെ നൂലിഴകളിൽ പഴയതു പോലെ കോർത്തെടുത്തു കെട്ടാൻ കഴിയാത്ത രീതിയിൽ ഹൃദയ – ചിന്തകളുടെ താളം തെറ്റിച്ചു അവസാന വെളിച്ചത്തിന് മേൽ ഇരുട്ടിന്റെ തണുത്ത കറുത്ത കമ്പളം പുതച്ചു ദേഹമുറങ്ങിയിട്ടും ദേഹിയെ നോവിക്കുന്ന വേദന തന്നു മടങ്ങുന്ന ക്ഷണിക്കാത്ത അതിഥികൾ….
എല്ലാ ദിനങ്ങളും ഒരുപോലെയാണ് ഒരു പ്രത്യേകതയും താൻ ഓർത്തു വയ്ക്കാറില്ലെന്ന വർഷങ്ങളിൽ പുതുക്കുന്ന മറുപടി കേട്ടു മടുത്തു കൊണ്ടാകണം ഓർമകളിൽ പോലുമവർ ഓർക്കാനിഷ്ടപെടാത്ത എന്നാൽ ഒരിക്കൽ ഒരുപാടോർത്തിരുന്ന ഇന്നവളുടെ മാത്രം ഓർമകളിലുള്ള ദിനങ്ങൾ ഓർത്തില്ലേയെന്ന് ചോദിക്കനവൾ മനഃപൂർവം മറന്നു പോയത്…….
ഈ തലക്കെട്ട് എന്റെ സൃഷ്ടി അല്ല, പ്രമുഖ ചാനലായ സൂര്യ ടിവിയുടെ പുതിയ പരമ്പര “ഹൃദയത്തിന്റെ “പരസ്യമാണ്. ഒരു വാക്കിൽ സ്ത്രീ വിരുദ്ധത തിരഞ്ഞു ബഹളം ഉണ്ടാക്കുന്ന ഒരാളും ഒരു ഓൺലൈൻ ഓഫ്‌ലൈൻ പ്രതികരണങ്ങളും ഈ വിഷയത്തിൽ കണ്ടില്ല. ഒരുപക്ഷെ ഒരു പരസ്യം എന്ന് കണ്ടു ഞാനും മനസ്സിൽ രോഷം കൊണ്ട് അങ്ങ് ചാനൽ മാറ്റിയിരുന്നു. പക്ഷെ ചില പുരുഷ പ്രതികരണങ്ങൾ ചുറ്റിലും കേട്ടപ്പോൾ ഒന്നെഴുതാം എന്ന് തോന്നി. “ഒരു ചാനൽ എങ്കിലും സത്യം പറഞ്ഞല്ലോ “, “ഈ സീരിയൽ കാണണം 👏🏼👏🏼” “ഇത് കണ്ടില്ലെങ്കിൽ നഷ്ടം ആകും ” അങ്ങനെ ചിലത്. സ്ത്രീകൾ മാത്രം ആണോ കുടുംബം നരമാക്കുന്നത്. അപ്പോൾ പോലും അവളുണ്ടാക്കിയ ചായയോ, ഭക്ഷണമോ രുചിച്ച നാവു തന്നെയാണ് ആ വിഷവാക്കുകകളും തുപ്പിയത് എന്നോർക്കണം 😂. സീരിയൽ നമ്മുടെ ടീവിയിൽ കുറേകാലങ്ങൾക്ക് മുൻപേയുണ്ട്. ദൂരദർശൻ മുതൽ ആദ്യം പുരാണം, മഹാഭാരതം, ശിവ പുരാണം, രാമായണം, ഹനുമാൻ അങ്ങിനെ… പിന്നെ…
അവിചാരിതമായി വിരുന്നെത്തുന്നവർ ജീവിതത്തിന്റെ ഗതിയെ അടിമുടി മാറ്റി അവിചാരിതമായി തന്നെ പടിയിറങ്ങി പോകാറുണ്ട്…
വാക്കുകൾ ഇല്ലാതിരുന്നിട്ടോ തെറ്റ് ചെയ്തിട്ടോ അല്ല ഒരായിരം വട്ടമെങ്കിലും പെരുമഴയായി പെയ്തൊഴിയാൻ വെമ്പുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ മനസ്സിലുണ്ടായിട്ടും എന്റെയീ മൗനം അത് ബന്ധങ്ങളുടെ ചങ്ങല മുറുക്കത്തിലമരുന്ന ഹൃദയനിശ്വാസങ്ങളുടെ വേദനകളോ കാലത്തിന്റെ നീതിയോ വിധിയുടെ കളിയോ ഒന്നുമറിയാത്ത കുഞ്ഞു ഹൃദയത്തിന്റെ ഉള്ളിലെ നിഷ്കളങ്കതയുടെ സ്നേഹത്തിന്റെ വെളിച്ചമണയാതെ കൂട്ടിരിക്കുന്നത് കൊണ്ടാണ്…..
സമയത്തിന്റെ മൂല്യമറിയാത്തവർക്ക് വേണ്ടിയാണു നമ്മളെന്നും സമയം പാഴാക്കുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. ഫ്രീ ടൈം ഉണ്ടാകാറില്ലങ്കിലും ചിലർക്കായി സമയം നീക്കി വയ്ക്കാറുണ്ട് നാം. അവർക്കും നന്നായി അറിയാം നമ്മൾ എങ്ങനെയാണു ഈ സമയം കണ്ടെത്തുന്നതെന്ന്. അവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒന്നു ചായാനൊരു തോൾ വേണമായിരുന്നു അന്നവർക്ക്. ചുറ്റും കൂട്ടുകാരില്ലായിരുന്നു. കാലം അതിന്റെ യാത്ര തുടരുമ്പോൾ മാറ്റങ്ങൾ അതുണ്ടാകും, നമ്മളുടെ മൂല്യമുള്ള സമയം കൊടുത്തവർ അവിടെ പുതിയ കൂട്ടുകളിൽ സമവാക്യങ്ങൾ മെനയുകയാകാം. ഇഷ്ടപ്പെട്ടതിനെ പറക്കാൻ അനുവദിക്കു നമ്മുടേതാണെങ്കിൽ തിരികെ വരുമെന്ന് പറയുന്നു എന്താണ് നമ്മുടെ സമയത്തിനു മൂല്യമില്ലേ? മാറ്റി വയ്ച്ച കാര്യങ്ങൾ,ചിന്തകൾ,ഇഷ്ടങ്ങളൊക്കെ തിരികെ പോകാൻ കഴിയാത്ത നിമിഷങ്ങളിലിരുന്നു നെടുവീർപ്പിടും സമ്പാദ്യമോ സൗന്ദര്യമോ സമൂഹത്തിലെ സ്റ്റാറ്റസിന്റെ തലങ്ങളോ ഒരുപോലെയാകില്ല പക്ഷെ സമയത്തിന്റെ മൂല്യംഅതെല്ലാവരിലും സമമാണ്… ഓർക്കുക…..
നമ്മൾ നമ്മളെ തന്നെ മാറ്റി വയ്ക്കാറില്ലേ ഇഷ്ടഭക്ഷണം ഇഷ്ട നിറങ്ങൾ ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ ഇഷ്ട യാത്രകൾ ചെറു-ചെറു സമ്പാദ്യങ്ങൾ എന്തിനേറെ ഉറക്കവും ചിന്തയും ഹോബികളും വരെ മാറ്റി വയ്ക്കും ചിലർ, ഒരിക്കലൊന്നു പിൻതിരിഞ്ഞു നോക്കണം ആർക്കു വേണ്ടിയാണോ എന്തിന് വേണ്ടിയാണോ സ്വയം വേണ്ടന്നു വയ്ച്ചു മറ്റൊരു മുഖപട മണിഞ്ഞു കാലങ്ങൾ കഴിച്ചത് അവർ നമുക്കായി എന്തെങ്കിലും മാറ്റി വയ്ച്ചിട്ടുണ്ടോന്നു ആ നിമിഷത്തെ മനസ്സിന്റെ കണക്കെടുപ്പിൽ സ്വപ്നം കണ്ട ഉയരങ്ങൾ, പറക്കാൻ കൊതിച്ച ചിറകുകൾ, ആശിച്ച ജോലി, ഉപേക്ഷിച്ച കഴിവുകൾ ഇറങ്ങി പോരാനോ ഉപേക്ഷിക്കാനോ കഴിയാതെ കുരുങ്ങിപ്പോയ ഒരു ചെറു നൂൽ മുറിവിന്റെ ഒരിക്കലുമുണങ്ങാത്ത ആഴങ്ങളിലെവിടെയോ ആഴ്ന്നു പോയ സ്വയനഷ്ടങ്ങളുടെ ത്രാസിന്റെ തുലാസ്സിന്റെ തട്ടിൽ ഇനിയൊന്നും നഷ്ടപ്പെടാൻ ബാക്കിയുണ്ടാകില്ല ശിഷ്ടമാകുന്ന ഓർമ്മകളുടെ കാഴ്ചയെ പോലും മറയ്ക്കുന്ന നീർമണികൾ പോലും…..
എന്റെ ഈ എഴുത്തു എത്രപേർക്ക് ശരിയായി തോന്നും എന്നൊന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അവരുടെ അറിവ്, സ്വഭാവം ഒക്കെ മാറി മാറി വരും. നിഷ്ങ്കളങ്കമായി കൊഞ്ചിയുള്ള സംസാരം മാറുന്നു കളിചിരികൾ മാറുന്നു അമ്മയും വീടുമെന്ന ലോകം വലുതാവുന്നു അതിൽ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റപ്പെടലുകളും വരുന്നു. പക്ഷെ ഞങ്ങളുടെ കുഞ്ഞുങ്ങൾ അവരെന്നും നിഷ്ങ്കളങ്ക സ്നേഹമുള്ളവരാണ്. അവർക്കു മനസ്സിൽ ഒന്നു വയ്ച്ചു പുറമെ പുഞ്ചിരിക്കാൻ കഴിയില്ല. അവർ ചിരിക്കുന്നെങ്കിൽ അത് മനസ്സ് നിറഞ്ഞു തന്നെയാണ്. അവരുടെ മനസ്സ് വേദനിച്ചു മാത്രമേ അവരുടെ കണ്ണിൽ കണ്ണീർ വരൂ, അവർക്കു മുതലകണ്ണീർ അറിയില്ല. അവരുടെ മാതാപിതാക്കൾക്ക് അവരുടെ വിഷമങ്ങൾക്കിടയിലെ സന്തോഷം ആണ് അവരുടെ കാപട്യം ഇല്ലാത്ത സ്വഭാവം. പക്ഷെ സമൂഹത്തിന്റെ തിന്മകൾ പറഞ്ഞാൽ, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഒരു നഷ്ടം വന്നാൽ, ഒരാൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ, ഒറ്റയ്ക്കു ഒരു നിമിഷം നിൽക്കാൻ, ചില കണ്ണുകളിലെ കുടിലതയും ചില മനുഷ്യരിലെ കപട സ്നേഹവും ഒക്കെ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ എന്നെ…
ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി അത് അടപടലം നശിപ്പിച്ചവരെ കണ്ടില്ല തന്റെ കാര്യം നോക്കി മറ്റുള്ളവർക്ക് നേരെ പുച്ഛത്തിന്റെയും സഹതാപത്തിന്റെയും നോട്ടമെറിയാതെ നടന്നകലുന്ന മനുഷ്യരുടെ നഗരമേ…., നിന്റെ ഉറങ്ങാത്ത കണ്ണുകൾ ഒരിക്കലുമുറങ്ങാത്ത എന്റെ ചിന്തയ്ക്ക് കാവലാകുമോ????
