മായാവി ചെറുപ്പം മുതലേ കൂടെ കൂടിയിട്ടുള്ള ആളാണ്. ഇപ്പോൾ മോന്റെ ചങ്ങായി ആണ് മായാവി. അല്ലാട്ടോ ലുട്ടാപ്പി. രാജുവും രാധയും സഹോദരങ്ങൾ ആണെന്ന് നമ്മളോട് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഞാനും നിങ്ങളും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു ചെറുപ്പകാലം മുഴുവൻ. പിന്നീടെപ്പോഴോ ഒരു സിനിമയിൽ ടി ജി രവി ചോദിക്കുന്നത് കേട്ടപ്പോളാണ് രാധയുടെ ബോയ് ഫ്രണ്ട് ആയിക്കൂടെ രാജു. അതേ, അവർ ഒരേ വീട്ടിൽ ഉള്ളവരാണെന്ന് ഒരിക്കലും കഥകാരൻ നമ്മളോട് പറഞ്ഞിട്ടില്ല. നാം അങ്ങനെ ഊഹിച്ചു. അത്രയെ ഉള്ളൂ. രാജുവും രാധയും മായാവിയും മനോഹരമാക്കിയ ഒരു കുട്ടിക്കാലം നിങ്ങൾക്കും ഉണ്ടാകില്ലേ? ഞാൻ എൺപതുകളിൽ ജനിച്ചു തൊണ്ണൂറുകളിൽ വളർന്നത് ബാലരമയോടൊപ്പമാണ്. ദൂരദർശനിൽ ഞായറാഴ്ച നാല് മണിക്ക് ഉള്ള ചലച്ചിത്രം മാത്രമാണ് ഇത് കൂടാതെയുള്ള എന്റർടൈൻമെന്റ്. ഏഷ്യാനെറ്റ് ഒക്കെ തുടങ്ങിയ കാലത്ത് എനിക്കൊരു പത്തു പതിനഞ്ചു വയസ്സൊക്കെ കാണും. ഇന്നത്തെ കുട്ടികളുടെ കണക്കിൽ ജാംബവാന്റെ കാലത്ത് ജനിച്ചു വളർന്ന ആളാണ് ഞാനും എന്റനിയനും. ബാലരമ…
Author: Shiju KP
ഇക്കൊല്ലം ആദ്യം ഞങ്ങൾ കോളേജിൽ നിന്ന് ടൂർ പോയി. ടീച്ചർമാരും ചിലരുടെ കുടുംബവും ഒക്കെയായാണ് യാത്ര. എന്നത്തേയും പോലെ ഞാൻ കുട്ടികളുടെ സ്വന്തം ആന്റിയായി മാറാൻ അധികം താമസിച്ചില്ല.കുട്ടികളെ വളച്ചെടുക്കാൻ പല വഴികൾ നമ്മുടെ കയ്യിൽ ഉണ്ടല്ലോ. അങ്ങനെ ഞങ്ങൾ ഒരു ഡാമിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുകയായിരുന്നു. റോഡിൽ എത്തിയപ്പോൾ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അമ്പലങ്ങളുടെയും ഒഴിച്ച് കൂടാനാകാത്ത ഘടകമായ കുറെ ഭിക്ഷക്കാർ ഞങ്ങളെ പിടികൂടി.എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളും ഉണ്ട്. ഞാൻ ഭിക്ഷക്കാർക്ക് ഒന്നും കൊടുത്തില്ല. കൊടുക്കാറുമില്ല. “ആന്റി, അവർക്കെന്തെങ്കിലും കൊടുക്ക് ” എന്ന് പറഞ്ഞു പിള്ളേരും. ” മക്കളെ,ഭിക്ഷക്കാർക്ക് ഒരിക്കലും പൈസ കൊടുക്കരുത്. അവർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങി കൊടുക്കാം. പൈസ കൊടുത്ത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്. ” എന്നൊക്കെ പറഞ്ഞു അവരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു ഞങ്ങൾ ബസിനടുത്തേക്ക് നടന്നു. അപ്പോളുണ്ട് എന്റെ പാന്റിൽ ആരോ പിടിച്ചു വലിക്കുന്നു. ഞാൻ നോക്കുമ്പോ ഒരു വയസ്സായ ഭിക്ഷക്കാരി. “അമ്മാ..…
“അതെങ്ങനെയാ? തന്തയാരാന്ന് അറിയാത്ത ചെക്കനല്ലേ? അങ്ങനൊക്കെ ഉണ്ടായില്ലെങ്കിലേ ഉള്ളൂ.” രമ തലയുയർത്തി മുളക് കുത്തി പൊരിച്ച ഒരു നോട്ടം അയാൾക്ക് നേരെ പായിച്ചു. അയാളൊന്ന് പതറി. അവരപ്പോൾ നിൽക്കുന്നത് ഹെഡ് മിസ്ട്രെസിന്റെ മുറിയിൽ ആണെന്നും അയാളുടെ മകന്റെ തല ചുമരിലിടിച്ചത് ചോദ്യം ചെയ്യാനുമാണ് അയാളവിടെ നിൽക്കുന്നതെന്നും ഒരു നിമിഷം മറന്നു. ” ഇനി എന്റെ മകനെ കൊണ്ട് ഈ സ്കൂളിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല” എന്നും പറഞ്ഞ് അവൾ രാജുന്റെ കയ്യും പിടിച്ചു പുറത്തേക്ക് കടന്നു. വൈകിട്ട് വീട്ടിൽ എത്തി നോക്കുമ്പോൾ രാജു മുറിയിൽ കിടക്കുകയാണ്. “മോനേ, നീയൊന്നും കഴിച്ചില്ലേ?” അവൾ അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു. “അമ്മേ.. അവനെന്നെ അപ്പനില്ലാത്തവൻ എന്ന് പറഞ്ഞു കളിയാക്കി. അതാ ഞാൻ…”,കരച്ചിലിനിടയിൽ അവന്റെ വാക്കുകൾ മുറിഞ്ഞു പോയി. ” എനിക്കറിയാം എന്റെ ഉണ്ണിക്ക് മനസ്സിൽ വിഷമം തട്ടിക്കാണും എന്ന്. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. സാരില്ല. ” “നാളെ സ്കൂളി പോവാല്ലേ?” “മാപ്പ്…
“പത്തില് പത്തു പൊരുത്തം ഉണ്ടെന്ന് പറഞ്ഞാ ഞാൻ കെട്ടിയത്. എന്നിട്ടെന്തായി? മൂന്ന് മാസം തികച്ചവൾ കൂടെ നിന്നില്ല. ഈ പൊരുത്തം വേണ്ടത് മനസ്സിനാ. അല്ലാതെ ഈ കവടി നിരത്തി പറയുന്നതൊക്കെ തട്ടിപ്പാടാ.” “അത് ശരിയാ. ഈ അമേരിക്കയിലും യൂറോപ്പിലുമൊക്കെ എല്ലാരും പൊരുത്തം നോക്കിയാണല്ലോ കെട്ടുന്നെ?അല്ല പിന്നെ?” “പിന്നെന്താ നിന്റെ കാര്യമൊന്നും നടക്കാത്തേ?” “അത് പിന്നെ, എന്റെ ശുദ്ധ ജാതകം ആയോണ്ട് ജാതക പൊരുത്തോളള പെണ്ണിനെ കിട്ടാൻ പാടാ. കണിയാൻ പറഞ്ഞിട്ടിണ്ട് ഈ തുലാത്തിൽ നടക്കുംന്ന്. അതാണൊരാശ്വാസം.” ഷിജു
“അച്ഛൻ റിട്ടയർ ആയതിൽ പിന്നെ ഇങ്ങനെ തന്നെയാ. ആ ചാരു കസേരയിൽ ഒരേ ഇരിപ്പാ. മുറ്റത്തേക്ക് കണ്ണും നട്ട്. അമ്മ രാവിലെ ചായ കൊണ്ട് പോയി കൊടുത്താൽ കുടിക്കും. ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചാൽ വന്നു കഴിക്കും. സന്ധ്യക്ക് വിളക്ക് വെക്കും വരെ ഇതന്നെ തരം.” “പുറത്തേക്ക് പോകാറില്ലേ?” “ഇല്ല.” “ഡോക്ടറെ, അമ്മ പോയതിൽ പിന്നെ ഞാൻ അച്ഛനെ എന്റടുത്തേക്ക് കൂട്ടി കൊണ്ട് പോവ്വാൻ ഒന്ന് ശ്രമിച്ചു നോക്കിയതാ. പക്ഷെ എന്ത് വന്നാലും ആളതിന് സമ്മതിക്കുന്നില്ല.” “ഇത്തവണ വീട്ടിലെ മെയ്ഡ് കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ഇനി ഒരു അറ്റാക്ക് കൂടി സർവൈവ് ചെയ്യണമെന്നില്ല. സ്ട്രോക് കൂടി വന്നത് കൊണ്ട് ന്യൂറോളജിസ്റ് കൂടി കാണേണ്ടി വരും.കുറച്ചു കാലമായി നിങ്ങളെ അറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇനി നിങ്ങളുടെ അച്ഛന്റെ വാശിക്ക് ഒന്നും വിട്ടു കൊടുക്കേണ്ട. നിങ്ങൾ അച്ഛനെ കൊണ്ട് പോയി നോക്കുക അല്ലെങ്കിൽ നിങ്ങൾ ഇവിടെ അച്ഛന്റെ കൂടെ വന്നു നിൽക്കുക.” ദിവ്യ ആകെ…
ചൂണ്ടയിട്ടു പിടിക്കാൻ ഒരു പാട് നീചർ പാത്തിരിക്കുന്ന വെളിയിലേക്ക് നിന്നെ ഒറ്റക്ക് വിടാൻ അമ്മക്ക് ഭയമാണ് കുഞ്ഞേ. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളും. ചൂണ്ടയിട്ടു പിടിച്ചു നിന്റെ കണ്ണുകൾ ചൂഴ്ന്ന് ഭിക്ഷക്കിരുത്തിയാലോ, നിന്റെയിളം പൂമേനി അടി കൊണ്ട പാടിൽ വിങ്ങി ചോര തുപ്പിയാലോ, ഭീതി നിറയുന്ന നിന്റെയിമകൾ ഞാൻ കാണുന്നു. ഞാനും ഭയക്കുന്നു. നിന്നെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുന്നവരെ. അതാണ് നിന്നെയീ സാരി തലപ്പിന്റെയറ്റത്ത് കെട്ടിയിട്ട് ഞാൻ നടക്കുന്നെ. നീ വലുതായെന്നാളുകൾ പറയുന്നു. നിന്നെ സ്വാതന്ത്രനാക്കാൻ നീ പറയുന്നു. പക്ഷെ എന്നമ്മക്കരുതൽ നിന്നെ ചേർത്ത് പിടിച്ചു കൊണ്ടേയിരിക്കും. ഇല്ലെങ്കിൽ ഞാനില്ല. ഈയമ്മയില്ല. ഷിജു
കൂട്ട് കൂടാൻ നല്ലത് താൻ തന്നെയെന്നവളെന്നേ തിരിച്ചറിഞ്ഞു. എന്നും കൂട്ടായി കൂടെക്കാണുമെന്നറപ്പ് പറഞ്ഞവൻ പൊന്നിന്റെ തൂക്കത്തിൽ അളന്നു വേറൊരുത്തിക്ക് മിന്നു കെട്ടിയപ്പോളവൾ ആദ്യം പകച്ചു. പിന്നെ കെട്ടിയവനും അകാലത്തിൽ പോയപ്പോളവൾ കൂട്ടിലൊറ്റക്ക് രാവെളുപ്പിച്ചു കഴിഞ്ഞു. ഏകാകിയല്ല ഞാൻ എനിക്ക് ഞാനുള്ളിടത്തോളം കാലം എന്ന് തിരിച്ചറിഞ്ഞതാ സമയങ്ങളിലെപ്പോഴോ ആകാം. ഷിജു
പൊള്ളുന്നു ചുട്ടു പൊള്ളുന്നു അമ്മേ, ധരണി!ഒരിറ്റ് നീര് പെയ്യൂ ഒന്ന് നനയട്ടെ ആ മഴയിൽ എന്നെ പൊതിയുമീ താപമൊന്ന് കുറഞ്ഞാലോ പൊങ്ങിയും താണും ശ്വസിക്കുന്ന നെഞ്ചിനെ വന്നും മറഞ്ഞും അകലുന്ന ബോധത്തെ ആരെങ്കിലുമൊന്ന് പിടിച്ചു നിർത്തണേ അവിടെയതാ കാലുകൾ എട്ടുള്ള ദ്രംഷ്ടകൾ നീട്ടുന്നുവാ ചിലന്തി എനിക്ക്പേടിയാവുന്നു അതെന്നെയകത്താക്കാൻ ഇപ്പോ വരും മച്ചിലിരിന്നെന്നെ നോക്കുന്നു അയ്യോ! ഞാനുറക്കെ കരഞ്ഞോ വിയർപ്പും കണ്ണീരും കുളിപ്പിച്ചയെന്റെ കൈയ്യാരോ പിടിച്ചല്ലോ ഇതെന്റെ ചോരയല്ലേ എന്റെ കുഞ്ഞു പൈതലല്ലേ അമ്മേ,അമ്മക്ക് പനിയാ, പേടിക്കേണ്ട ഉറങ്ങിക്കോ ഞാനിവിടെയുണ്ടെന്നവൻ സകല നാഡീഞരമ്പും തളർന്നു കിടക്കുമ്പോഴും ഞാനറിഞ്ഞു എൻ പൈതലിൻ കലർപ്പില്ലാത്ത സ്നേഹം ഷിജു
ഈ നട്ടപ്പാതിരക്കാണോ നിനക്ക് കേറി വരാൻ കണ്ടത്? എന്റെ കെട്ട്യോനും കുട്ടിയും കിടന്നു ഉറങ്ങാ. ഞാനെങ്ങനെ ശബ്ദമുണ്ടാക്കാതെ ഇവിടന്ന് എണീക്കും? അവരെങ്ങാനും എണീറ്റ് നോക്കുമ്പോ എന്നെ കണ്ടില്ലെങ്കിൽ എന്താവും? അവരു വിഷമിക്കില്ലേ? എല്ലാം നീ കാരണമാ. വിളിക്കണ്ട. ഞാൻ വിളി കേൾക്കില്ല. അവൾ തിരിഞ്ഞു കിടന്നു നോക്കി. രക്ഷയില്ല. മറിഞ്ഞു കിടന്നു നോക്കി. ഇല്ലേയില്ല. രക്ഷയില്ല. വയറ്റിൽ വൻ കുടൽ ചെറുകുടലിനെ അകത്താക്കി കഴിഞ്ഞു. വിശപ്പിന്റെ മുക്കിയും മൂളിയുമുള്ള വരവ് അവൾ കണ്ടില്ലെന്ന് വെക്കാൻ പെടാപ്പാട് പെട്ടു. ഒടുക്കം ധൈര്യം സംഭരിച്ചെണീറ്റു. അടുക്കളയിൽ പോയി രണ്ടെത്തപ്പഴവും ഒരു പാക്കറ്റ് ബ്രെഡും അകത്താക്കി ഒന്നുമറിയാത്ത പോലെ ബെഡിൽ തിരിച്ചു കേറാൻ തുടങ്ങിയപ്പോ നത്ത് കണ്ണും തുറന്ന് പിടിച്ചു കെട്ട്യോൻ. “വിശന്നു. അതാ.” ഒന്ന് തുറന്നിളിച്ചു തിരിഞ്ഞു കിടന്നു. “ആ ഫോണിൽ റീൽ കാണണത് കണ്ടപ്പോ തന്നെ തോന്നിയതാ.”പുറകെ നത്തിന്റെ കമെന്റും.
“ചേച്ചി, ഇവിടെ പലതരം അച്ചാറുകൾ ഉണ്ടല്ലോ?കണ്ടിട്ട് തന്നെ കൊതിയാവുന്നു. അതെന്താ അച്ചാർ?” “അത് മുന്തിരി അച്ചാർ.” “ങ്ങേ! മുന്തിരി കൊണ്ട് അച്ചാറും ഉണ്ടാക്കാൻ പറ്റോ? ചേച്ചി അടിപൊളി ആണല്ലോ? എവിടുന്നു കിട്ടണു ഓരോ ഐഡിയ.” അവളൊന്നും മിണ്ടാതെ നിന്നുള്ളൂ. വന്നവർക്ക് പെട്ടി നിറച്ചു രുചിക്കനുസരിച്ചു അച്ചാറ് കുപ്പികൾ പാക്ക് ചെയ്ത് കൊടുത്തു. സമയം ഉച്ചയായി. വേഗം പുറത്ത് ബോർഡ് തൂക്കിയിട്ടു. എന്നിട്ട് വാതിൽ അടച്ചു അകത്തേക്ക് പോയി. “മോളെ, അമ്മ ഇവിടുണ്ട് കേട്ടോ. മോൾക്ക് അമ്മ കഞ്ഞി തരാം. വാ എണീക്ക്.” പതുക്കെ അവൾ കിടക്കുന്ന കട്ടിൽ ലിവർ വെച്ചുയർത്തി. കഞ്ഞി കോരി കൊടുക്കുന്നതിനിടയിൽ അവൾ സ്പൂണിൽ കടിച്ചു പിടിച്ചു. “മോളെ കുറുമ്പ് കാട്ടല്ലേ. എന്ത് പറ്റി ഇന്ന്?” അവൾ വായിലേക്കെടുത്ത കഞ്ഞി പാത്രത്തിലേക്ക് തുപ്പി.പിന്നെയും അവൾക്ക് എന്തോ അസ്വസ്ഥത ഉള്ളത് പോലെ. മാലിനി വന്ന ദേഷ്യം കടിച്ചു പിടിച്ചു ഒന്നും മിണ്ടാതെ താഴെയും ബെഡിലും വീണ ചോറും കറിയും വൃത്തിയാക്കി.…
