മൂകാംബികയിലേക്ക് ഒന്ന് പോകണം…
സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, ഭസ്മം നെറ്റിയിൽ തൊടുമ്പോഴാണ് ആരോടെന്നില്ലാതെ വിവേക് പറയുന്നത് മേഘ കേട്ടത്.
“കുറെ നാളായല്ലോ ഇതിങ്ങനെ പറയാൻ തുടങ്ങിയിട്ട്, അത്ര ദൂരെയൊന്നുമല്ലല്ലോ, പോയി തൊഴുതിട്ട് വരൂ.”
“അതിന് അവിടെ നിന്ന് തന്നെ വിളി വരണം.”
“അതൊക്കെ ശരിയാ എന്നാലും…
താൻ പാതി ദൈവം പാതി എന്നല്ലേ ചൊല്ല്.
നമ്മുടെ ഭാഗത്തുനിന്ന് ശ്രമം തുടങ്ങാതെ ദേവിയോട് പരിഭവം പറഞ്ഞിട്ട് കാര്യമില്ല.
ഒരു കാര്യം ചെയ്യാം വിവേക് , ഇത്തവണത്തെ വിജയദശമി നമുക്ക് അമ്മയുടെയടുത്ത് ആക്കാം.
കിച്ചുവിനെ എഴുത്തിനിരുത്തി വന്നതാണ്,
പിന്നെ പോയിട്ടേയില്ല.
വർഷമോൾ പബ്ലിക് എക്സാം എഴുതാൻ പോവുകയല്ലേ,
കുട്ടികളെ കൊണ്ടുപോയി തൊഴീക്കാം.
“അടുത്ത ആഴ്ച അല്ലേ വിജയദശമി,
ഇത്ര പെട്ടെന്നെങ്ങനെ മേഘ?
മാത്രവുമല്ല വിജയദശമിക്ക് അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.”
“അതൊന്നും സാരമില്ലെന്നേ, എന്റെ കൊളീഗിന്റെ സഹോദരന് അവിടെയൊരു ഹോട്ടലുണ്ട്, താമസം ഞാൻ ഏർപ്പാട് ചെയ്യാം,
വിവേക് പോവാനും വരാനുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തോളൂ.”
“മേഘാ…
കുട്ടികളെയും കൊണ്ട് ഈ തിരക്കിൽ..
അത് വേണോ?”
“പോവാം വിവേക്,
കുറെ നാളായില്ലേ നമ്മൾ എല്ലാവരും ഒന്നിച്ച് എവിടെയെങ്കിലും പോയിട്ട്, കുട്ടികൾക്കും ഒരു ചേഞ്ച് ആവും.”
“നിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം.”
“വിവേക് നമുക്ക് അവിടെ രണ്ടുദിവസം താമസിക്കാം ട്ടോ…”
മേഘയുടെ മുഖത്തെ പ്രസന്നത കണ്ട് ചിരിച്ചുകൊണ്ട് വിവേക് പറഞ്ഞു…
“ഇതിപ്പോൾ ഞാൻ പറയാൻ കാത്തിരുന്ന പോലെയുണ്ടല്ലോ കാര്യങ്ങൾ..”
“ആ ആയിരിക്കാം, അല്ലെങ്കിൽ ഞാൻ ദേവിയുടെ ദൂതനായിരിക്കാം.”
അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്ന മേഘ പെട്ടെന്ന് തിരിഞ്ഞ് വിവേകിനോട് ചോദിച്ചു…
“അല്ല ഇതിനുപിന്നിൽ ഗൂഢാലോചനയൊന്നുമില്ലല്ലോ അല്ലേ?”
” ഗൂഢാലോചനയോ ?
എന്ത് ഗൂഢാലോചന…
നീ എന്താ ഈ പറയുന്നത് മേഘ ?”
“അല്ല ഈ വാട്സ്ആപ്പ് കൂട്ടായ്മകളും, മുഖപുസ്തകത്തിലെ കൂട്ടുകാരുമൊക്കെ അങ്ങനെ വിലസി നടക്കുകയല്ലേ…
പഴയ കൂട്ടുകാരിയെ കണ്ടുകിട്ടി,
പഴയ ഓർമ്മകൾ എന്നൊക്കെ പറഞ്ഞ്…”
നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ….
പാട്ടൊന്നു മൂളി അവൾ വിവേകിനെ ഇടംകണ്ണിലൂടെ നോക്കി.
“ഹഹ..
നിന്റെ ബുദ്ധി അപാരം തന്നെ അങ്ങനെയാണെങ്കിൽ ശ്രീമതീ ഞാൻ കുടുംബവുമായിട്ട് പോകുമോ…
അത്രക്ക് വിഡ്ഢിയാണോ ഞാൻ?”
“ഞാൻ പരാതിയൊന്നും പറഞ്ഞു വരില്ല മിസ്റ്റർ, അങ്ങനെ വല്ലതുമുണ്ടെങ്കിൽ പറയണം എന്നിട്ട് വേണം എനിക്ക്…”
ബാക്കി പറയാതെ അവൾ പൊട്ടിച്ചിരിച്ചു.
“നീ ചുമ്മാ ഓരോന്നും പറഞ്ഞുകൊണ്ട് സീൻ ഉണ്ടാക്കേണ്ട, പിള്ളേർ കേൾക്കും …
ഞാൻ അതൊക്കെ എന്നോ മറന്നു…”
“ഹോ എന്നിട്ടാണോ
നീ എന്താ മേഘാ മുടിത്തുമ്പു കെട്ടിയിടാത്തേ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നത്.”
“അത് പിന്നെ, നിനക്ക് അത് നന്നായി ചേരും അതുകൊണ്ടല്ലേ…”
“ഉം ഉം…
ചമ്മിയ ആ മുഖം കാണണമെങ്കിൽ വേഗംപോയി കണ്ണാടിനോക്കൂ “
സൗപർണ്ണികാമൃത വീചികൾ പാടും…
എന്ന് പാട്ടുംമൂളി അവനെ നോക്കിയൊന്നു കണ്ണിറുക്കി ഒരു കുസൃതിച്ചിരിയോടെ അവൾ അടുക്കളയിലേക്ക് നടന്നു.
വിവേകിന്റെ മുഖത്ത് ആദ്യമൊരു ജാള്യത വന്നെങ്കിലും പിന്നീട് മനസ്സ് വർഷങ്ങൾ പിന്നോട്ട് പോയി.
സൗപർണികയിൽ മുങ്ങിയെഴുന്നേറ്റ ആ നിമിഷം കണ്ട കാഴ്ച്ച.
പാവാട നനയാതിരിക്കാൻ ഒരു കൈകൊണ്ട് ഒതുക്കിപ്പിടിച്ച് വെള്ളത്തിലേക്ക് കാലുകൾ വയ്ക്കുന്ന ഒരു സുന്ദരി.
കറുത്ത കുഞ്ഞുമുത്തുകളുള്ള പാദസരത്തിന് ഭംഗി തോന്നിയത് അത് അണിഞ്ഞ കാലുകളുടെ കാന്തികൊണ്ടോയെന്ന് തോന്നിപ്പോകുമാറ് മനോഹരമായ കാലുകൾ.
നദിയിലെ കുഞ്ഞുമീനുകൾ അവളുടെ പാദങ്ങളെ ചുംബിക്കുമ്പോൾ ഇക്കിളികൊണ്ടപോലെ വിടരുന്ന അവളുടെ മുഖം സൂര്യരശ്മിയെ പോലും അസൂയാലുവാക്കുന്നുണ്ടായിരുന്നു.
മീനുകൾ കൊത്തുമ്പോൾ പതിയെ ചിരിച്ചുകൊണ്ടവൾ കാലുകൾ ചലിപ്പിച്ചു…
മനസ്സില്ലാമനസ്സോടെ പ്രണയിനിയോട് യാത്രപറഞ്ഞു പോയി വീണ്ടും തിരികെവന്നു ചുംബനംനൽകുന്ന കാമുകനെപ്പോലെ മീനുകളും ഒന്ന് തിരിഞ്ഞ് വീണ്ടും അവളുടെ കാലിൽ ഒരു പുതപ്പുപോലെ പറ്റിക്കൂടി.
എത്ര നേരം വെള്ളത്തിൽ അവളെ അങ്ങനെ നോക്കിനിന്നെന്നു ഓർമയില്ല,
സ്ഥലകാലബോധം വന്നപ്പോൾ നഖക്ഷതങ്ങളിലെ വിനീതായി പരിവർത്തിക്കപ്പെട്ടിരുന്നു.
അവളുടെ ശ്രദ്ധ കിട്ടാനായി തലതുവർത്തിക്കൊണ്ട് അവളുടെ അരികിലൂടെ പോവുമ്പോൾ ഒന്ന് തല കുടഞ്ഞു…
മുഖത്തു തെറിച്ച വെള്ളത്തുള്ളികളെ തുടച്ച് ആ കണ്ണുകൾ എന്നിൽ പതിഞ്ഞ നിമിഷം…
ഒരു പന്ത്രണ്ടാം ക്ലാസുകാരന് പ്രണയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം.
പിന്നെയങ്ങോട്ട് അടിപ്രദക്ഷിണമായിരുന്നു, അവൾ നടന്ന പാതകളിലൂടെ നടന്ന്, അവളുടെ ശ്രദ്ധ ലഭിക്കാനായി മാത്രം നീക്കിവച്ച നിമിഷങ്ങൾ.
അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ഉണ്ടായ സന്തോഷം…
എന്നിട്ടും സംസാരിക്കാൻ ഭയമായിരുന്നു…
അവസാനം ദേവിയെ ശരണംതേടി…
ഒന്ന് സംസാരിക്കണം, ആ ശബ്ദം ഒന്ന് കേൾക്കണം ദേവി അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കേട്ട ആ കിളി നാദം,
എവിടെയാണ് വീട് ?
കണ്ണ് തുറന്ന് നോക്കുമ്പോൾ അതാ അവൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു.
നിള…
പുഴകളെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരച്ഛൻ മകൾക്കിട്ട പേര്.
നിളയെപോലെ അതിസുന്ദരി…
വലിയമ്മയുടെയും വലിയച്ഛന്റെയും കൂടെ ഒരാഴ്ച ഭജനത്തിന്ന് വന്നതാണ്…
കണ്ടമാത്രയിൽ അവൾക്കും അവനോടാരു അടുപ്പം തോന്നി.
ഒരു മുൻജന്മബന്ധം ഉള്ളപോലെ..!
അതായിരുന്നു അവൾ പറഞ്ഞ വാക്കുകൾ…
പിന്നെയുള്ള രണ്ടുദിവസം
സൗപർണികാവീഥികൾ ഞങ്ങൾക്ക് വൃന്ദാവനമായി മാറി. സന്ദർഭങ്ങൾ സൃഷ്ടിച്ചു മുറിക്കു പുറത്തിറങ്ങി, വീട്ടുകാർ കാണാതെ ഇടവഴികളിൽ കണ്ടുമുട്ടി…
ആദ്യ പ്രണയം, ആദ്യ ചുംബനം പിന്നെയും ഓർക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ…
അവിടുന്ന് മടങ്ങുമ്പോൾ അവളൊരു തുണ്ട് കടലാസിൽ അഡ്രസ്സ് എഴുതിത്തന്ന് പറഞ്ഞ വാക്കുകൾ..
കത്ത് എഴുതിയാൽ പിടിക്കപ്പെടും, അതുകൊണ്ട് ഒരിക്കലും എഴുതില്ലെന്ന് സത്യം ചെയ്യണം.
എഴുതില്ല പക്ഷേ
ഞാൻ വരും, നീ കാത്തിരിക്കണം എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്ന നിമിഷം…
വർഷങ്ങൾക്ക് ശേഷം അഡ്രസ് തേടി…
“അച്ഛാ നമ്മൾ പൂജാ ഹോളിഡേയ്‌സിന് ടൂർ പോവുന്നുണ്ടോ?”
കിച്ചുവിന്റെ ചോദ്യം സ്വപ്നങ്ങളിൽ നിന്നുമുണർത്തി.
“ടൂർ അല്ല മോനെ, മൂകാംബികയിലെക്ക്.”
“അച്ഛാ എനിക്ക് സർവജ്ഞപീഠം കേറണം, എന്റെ ക്ലാസ്സിലെ കുറെ പേര് അവിടെ പോയിട്ടുണ്ട്.”
മൂർദ്ധാവിൽ ഒരുമ്മ നൽകികൊണ്ട് വിവേക് മകനോട് പറഞ്ഞു “പോവാം.”
സൗപർണ്ണികാ വീഥികൾ അക്ഷരങ്ങളായി വിവേകിന്റെ മനസ്സിൽ തെളിഞ്ഞു.
മരണമില്ലാത്ത ഓർമ്മകൾക്ക് ജീവൻ നൽകണം
വിവേക് മേശപ്പുറത്തു വച്ചിരുന്ന ത്രീ ഫോർത്ത് കടലാസ്സിൽ എഴുതി
“സൗപർണികാ വീഥികൾ “….
തുടരും
നന്ദ 🌹


11 Comments
വായിച്ച് വായിച്ച് രസം പിടിച്ചപ്പോൾ നിർത്തിയിട്ടങ്ങു പോയി- ബാക്കി വായിക്കാൻ കാത്തിരിപ്പാണ് ഞാനും-
Pingback: സമാഗമം - 3 - By Sunandha Mahesh - കൂട്ടക്ഷരങ്ങൾ
സൂപ്പർ… Waiting ❤️❤️❤️
🥰
😍❤️
പ്രണയതീവ്രമായ വരികൾ . കട്ട വൈറ്റിങ്ങ് ഫോർ നെക്സ്റ്റ് പാർട്ട്. കിടുക്കാച്ചി👌👌👌
സ്നേഹം ഡിയർ ❤️
തുടക്കം നന്നായിട്ടുണ്ട്. പ്രണയത്തിന്റെ feel വരികളിലുണ്ട്. ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു👌❤️
ഇടാം.. സ്നേഹം ഈ പ്രോത്സാഹനത്തിന് ❤️
ആദ്യ പ്രണയത്തെ മറക്കാൻ പറ്റില്ലെന്നാണ്. എന്നാലും കുടുബം അതിനപ്പുറം ഒന്നുമില്ല.നല്ല വായന സുഖം ഉണ്ട്. ബാക്കി കൂടി വരട്ടെ. എന്നിട്ട് ഇതിന്റെ ബാക്കി പറയാം ❤️❤️
ബാക്കി 😄