“സമയമിതപൂർവ്വ സായാഹ്നം ” എന്ന പാട്ട് കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.
ശരിക്കും ഒരപൂർവ്വ സൗഭാഗ്യം തന്നെയല്ലേ സമയം? നാം ജനിക്കുമ്പോൾ ഒഴുകാൻ തുടങ്ങുന്ന സമയ നദി ഒഴുകിയൊഴുകി അനന്തതയിൽ ലയിച്ചു ചേരുന്നതിനിടയിൽ നിധിപോലെ കിട്ടുന്ന സമയത്തെ നാമെങ്ങനെ ചെലവാക്കുന്നു? ഒന്നു ചിന്തിച്ചു നോക്കൂ.
നമ്മുടെ ഒരു ദിവസം 24 മണിക്കൂറാണ്. മിനിറ്റിൽ പറഞ്ഞാൽ
24 x 60= 1440 മിനിറ്റ്.
ദൈനംദിന കാര്യങ്ങൾക്കും ജോലികൾക്കും വിശ്രമിക്കാനും ഉല്ലസിക്കാനുമൊക്കെയായി സമയം ചെലവഴിക്കേണ്ടതുണ്ട്. അതെല്ലാം കഴിഞ്ഞാലും അല്പമെങ്കിലും സമയം ബാക്കി കാണില്ലേ? വെറുതെ ഫോണിൽ തോണ്ടിയും റീൽസുകൾ കണ്ടും ഗോസിപ്പുകൾ പറഞ്ഞും നാം വൃഥാ ചെലവഴിക്കുന്ന സമയത്തിൽ നിന്നൊരല്പം പ്രയോജനപ്പെടുത്തിയാലോ?
ഡറാഡൂണിലുള്ള രോഹിത് മാംഗെയ്ൻ എന്ന യുവാവിൻ്റെ തലയിലുദിച്ച പുതിയൊരാശയം എന്താണെന്നറിയേണ്ടേ? അതിനേക്കുറിച്ചു പറയുന്നതിനു മുമ്പ് വേറെ ചില കാര്യങ്ങൾ പറയാതെ വയ്യ
ഒരു മനുഷ്യന് ഏറ്റവും അവശ്യമായ ഒരു കാര്യമാണ് അവനെ കേൾക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്നത്. കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കളോ കൂട്ടുകാരോ നാം പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും. പിന്നീട് പങ്കാളിയുണ്ടാവും. എന്നാൽ വാർദ്ധക്യത്തിലോ? ഒരു പ്രായം കഴിഞ്ഞാൽ മക്കൾക്ക് അച്ഛനമ്മമാർ പറയുന്നതെല്ലാം വ്യഥാ വാക്കുകളാവും. തങ്ങളുടെ തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളേക്കുറിച്ച് മിക്കവരും ചിന്തിക്കാറേയില്ലെന്നതാണ് സത്യം. പങ്കാളിയുള്ള കാലം വരെ കുഴപ്പമില്ലാതെ മുന്നോട്ടു പോകും. ഒറ്റയ്ക്കായിക്കഴിഞ്ഞാൽ പ്രശ്നം ഗുരുതരമാവും.
ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് രോഹിത് തൻ്റെ ആശയം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഒരു ബഹുരാഷ്ട്രക്കമ്പനിയിലെ ഉദ്യോഗസ്ഥനായ രോഹിത് ഒരു ബാങ്കു തുടങ്ങി, സാധാരണ ബാങ്കല്ല __ സമയ ബാങ്ക്. 2023 ജൂണിൽ ഡറാഡൂണിലാണ്
ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംരംഭങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്വീഡൻ, ഡന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള മാതൃക താനും സ്വീകരിക്കുകയായിരുന്നുവെന്ന് രോഹിത് പറയുന്നു. ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു സംരംഭം.
ഒറ്റപ്പെട്ടു ജീവിക്കുന്ന വൃദ്ധജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയമുള്ളവർക്ക് ആ സമയം ബാങ്കിൽ നിക്ഷേപിക്കാം. പ്രായമായവരുടെ ആരോഗ്യ പരിപാലനത്തിനും സഹായാവശ്യങ്ങൾക്കുമായി ഈ സമയം വിനിയോഗിക്കാം.
വെറുതെ ചെന്നങ്ങു നിക്ഷേപം നടത്താൻ പറ്റില്ല. തട്ടിപ്പും വെട്ടിപ്പുമായി വരുന്നവരാണോയെന്ന് എങ്ങനെയറിയും? സമയം നിക്ഷേപിക്കാൻ തയ്യാറായി വരുന്നവരുടെ പശ്ചാത്തലം പോലീസന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷമേ അവർക്ക് അക്കൗണ്ട് തുടങ്ങാനാവൂ.
പ്രായമായവരോടൊത്തു ചിലവഴിക്കുന്ന ഓരോ മിനിറ്റും അവരുടെ ബാങ്ക് അക്കൗണ്ടിൽ വരവുവെയ്ക്കും. പകരമായി അവർക്കൊരാവശ്യം വരുമ്പോൾ മറ്റു വോളൻ്റിയർമാർ സഹായത്തിനെത്തും.
ഈ സമയ ബാങ്കിനിപ്പോൾ ഒരു വയസ്സു കഴിഞ്ഞിരിക്കുന്നു. ആദ്യത്തെ ഒരു മാസം കൊണ്ടുതന്നെ നിക്ഷേപകർ മുന്നൂറിലേറെയായി. എണ്ണം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നുവെന്നത് ഏറ്റവും ആശാവഹമാണ്. നന്മയും കാരുണ്യവും അനുകമ്പയുമൊന്നും മരിച്ചിട്ടില്ലെന്നതിൻ്റെ തെളിവല്ലേയിത്?
ഇതിൽ നിന്നുള്ള പ്രചോദനം കൊണ്ടാവാം നമ്മുടെ കേരളത്തിലും ചില സംരംഭങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. അതിലൊന്നാണ് പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സമയ ബാങ്ക് പദ്ധതിയും സമയ ബാങ്ക് വയോജന ആപ്പും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന വയോജനങ്ങളേയും മറ്റു പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളേയും കണ്ടെത്തി അർഹരായവർക്കു സേവനങ്ങൾ നൽകുകയാണ് അവരുടെ ലക്ഷ്യം.
ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങൾക്ക് സമയ ബാങ്ക് വലിയൊരാശ്വാസമാണെന്നാണ് ഡറാഡൂൺ അനുഭവം പറഞ്ഞു തരുന്നത്. പണമുള്ള ബാങ്കല്ലെങ്കിലും അവിടെ കാരുണ്യവും സഹാനുഭൂതിയുമുണ്ട്. മനുഷ്യസ്നേഹത്തിൻ്റെ സൗമ്യസ്പർശമുണ്ട്. അപൂർവ സൗഭാഗ്യമായ സമയത്തെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങൾക്കു പിന്നിൽ ദൈവത്തിൻ്റെ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നു തന്നെ നമുക്കു വിശ്വസിക്കാം.


2 Comments
👏👌
❤️❤️