”എടാ മനൂ…… “
ഉടുമുണ്ടു പുതച്ച് ചുരുണ്ടു കൂടിക്കിടന്ന രാഘവൻ കണ്ണു തുറന്നു.
ഇവൾക്ക് കുറച്ചു പതുക്കെ വിളിച്ചൂടേ? മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല . പിറുപിറുത്തു കൊണ്ട് കൈകൾ തുടകൾക്കിടയിൽ തിരുകി അയാൾ ഒന്നു കൂടി ചുരുണ്ടു കിടന്നു.
“എടാ ആ വെള്ളം കൊണ്ടു പോയി നിൻ്റെച്ഛൻ്റെ തലയിലൊഴിക്ക്. ചൂടുവെള്ളമായിരുന്നു വേണ്ടത്. ഗ്യാസു തീർന്നില്ലായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു. വിറകിൻ്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട”
ഇവൾക്കിതെന്തിൻ്റെ കേടാണ്?
പുതച്ചിരുന്ന മുണ്ട് വലിച്ചു വാരിയുടുത്ത് അയാൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റിരുന്നു.
അവൾ പറഞ്ഞാൽ പറഞ്ഞതാണ്.
”ഓ….. തല പൊക്കിയോ? നിങ്ങൾക്കു
ജോലിക്കൊന്നും പോകണ്ടേ മനുഷ്യാ? ഉരുട്ടി വിഴുങ്ങാൻ കാത്തിരുന്നോ.”
തിണ്ണയിൽ നിന്നു മുറ്റത്തേക്കിറങ്ങിയതേ അവളുടെ തിരുമോന്തയാണു കണ്ടത്.
കൈ വിറച്ചിട്ടു വയ്യ. പണ്ട് വൈകുന്നേരം വരെ കഴിച്ചില്ലെങ്കിലേ കുഴപ്പമുണ്ടായിരുന്നുള്ളു. ഇന്നെന്തെങ്കിലും തടഞ്ഞില്ലെങ്കിൽ…..
വിറയ്ക്കുന്ന കൈപ്പത്തികൾ കൂട്ടിത്തിരുമ്മി രാഘവൻ പൈപ്പിനടുത്തെത്തി.
പേസ്റ്റും ബ്രഷുമൊക്കെ ആർക്കു വേണം? ഉമിക്കരിയിൽ ചാരായമൊഴിച്ചു പല്ലു തേച്ചിരുന്ന കുഞ്ഞമ്മാവനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഒരു മാവിലയെടുത്തു പല്ലിലുരച്ച് ആ കർമ്മമങ്ങു നിർവഹിച്ചു.
വീണ്ടും തലയും ചൊറിഞ്ഞ് തിണ്ണയിലിരുന്നു.
”എടീ രാജമ്മോ എന്തെങ്കിലും കുടിയ്ക്കാൻ താടീ “
ഒരു സ്റ്റീൽ ഗ്ലാസുമായി വന്നത് മനുമാണ്.
”എൻ്റെ കുപ്പിഗ്ലാസെന്തിയേ?”
അയാൾ ഗ്ലാസുവാങ്ങി.
കറുപ്പുനിറത്തിൽ കയ്ക്കുന്നൊരു ദ്രാവകം. അയാൾ മുറ്റത്തേക്കു നീട്ടിത്തുപ്പി.
”നിൻ്റമ്മ എവിടെപ്പോയെടാ? ഒരു നല്ല ചായ തന്നാൽ അവളുടെ വളയൂരിപ്പോകുമോ?”
“അയ്യോ ഊരിപ്പോകാൻ എൻ്റെ കൈ നിറയെ വളയല്ലേ കിടക്കുന്നത്. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ .കിട്ടിയതു വേണമെങ്കിൽ കുടിച്ചോ”
രാജമ്മ ചവിട്ടിത്തുള്ളി മുന്നിലെത്തി.
ഒറ്റ വലിയ്ക്കു ബാക്കി കട്ടൻ ചായ കുടിച്ചിട്ട് അയാൾ ഗ്ലാസു നീട്ടി.
“ആഹാ ഒട്ടും വിറയലില്ലല്ലോ. നിങ്ങൾ മഞ്ഞു കൊണ്ടിരിക്കുകയാണോ ഇത്ര വിറയ്ക്കാൻ ?”
രാഘവൻ അവളെ നോക്കി ഒരു ശൃംഗാരച്ചിരി ചിരിച്ചു. ഒന്നു മുട്ടി നോക്കാം. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.
“ഒരു നൂറു രൂപ താ രാജം. വൈകിട്ടു തിരിച്ചു തരാം.”
ദഹിപ്പിക്കുന്നൊരു നോട്ടമെറിഞ്ഞ് രാജമ്മ തിരിഞ്ഞു നടന്നു.
“എൻ്റെ പൊന്നു രാജം സത്യമായിട്ടും ഇന്നുതന്നെ തിരിച്ചു തരാം.”
“നിങ്ങളുടെ കൊഞ്ചലും കുഴയലുമൊന്നും ഇങ്ങോട്ടെടുക്കല്ലേ. ഇയാഴ്ചത്തെ റേഷൻ വാങ്ങാൻ എന്തു ചെയ്യുമെന്നു കരുതിയിരിക്കുമ്പോഴാണ് കിന്നാരവും കൊണ്ടുവരുന്നത്. വല്ല പണിയുമെടുത്ത് വീട്ടു ചെലവിനു തരാനൊള്ളതിന് കിട്ടുന്നതു മുഴുവൻ ബിവറേജസിൽ കൊണ്ടുപോയിത്തള്ളിക്കോ”
നരച്ച നൈറ്റിയുടെ തുമ്പുകൊണ്ടു മൂക്കു തുടച്ച് രാജമ്മ അകത്തേക്കു പോയി.
ഒരു രക്ഷയുമില്ല. വേറെ വഴി നോക്കിയേ പറ്റൂ.
”അച്ഛാ ഒരു പത്തു രൂപ താ “
സ്കൂളിൽ പോകാനിറങ്ങിയ മനുവാണ്.
“ചോദിക്കാത്ത താമസം ഇപ്പോൾ കിട്ടും ” രാജമ്മയുടെ അശരീരി കേട്ടതും അയാൾക്കു ദേഷ്യം വന്നു.
”പോടാ പോ”
ഇനിയിവിടെയിരുന്നാൽ ശരിയാവില്ല. അയാൾ പതുക്കെ എഴുന്നേററു. അഴിഞ്ഞു പോകുന്ന മുണ്ട് ഒന്നു മുറുക്കിയുടുത്തു. മുഷിഞ്ഞഷർട്ടെടുത്തിട്ടു.
അയയിൽക്കിടന്ന തോർത്തെടുത്തു കുടഞ്ഞ് തോളിലിട്ട് തേഞ്ഞ ചെരുപ്പിലേക്കു കാലും തള്ളിക്കയറ്റി റോഡിലേക്കിറങ്ങി.
സ്ക്കൂൾ പിള്ളേരുടെ തിരക്കു കാരണം നടക്കാൻ പോലും വയ്യ .ജംഗ്ഷനിലെത്തിയപ്പോൾ കുട്ടപ്പനും ഉത്തമനും അമ്പാടിയുടെ മുന്നിലിരിപ്പുണ്ട്. കടം കയറി തുണിക്കട പൂട്ടിയത് രക്ഷയായത് തങ്ങൾക്കാണ്. ആരുടെയും കറുത്ത മുഖം കാണാതെ എത്ര നേരം വേണമെങ്കിലും സൊറ പറഞ്ഞിരിക്കാം.
അവിടെച്ചെന്നിരുന്നു.
”ചില്ലറ വല്ലതുമുണ്ടോ രാഘവാ ?”
രണ്ടു പേരും ഒന്നിച്ചാണ് ചോദിച്ചത്.
“ഇതിപ്പോൾ ഉരലു ചെന്നു മദ്ദളത്തോടു ചോദിച്ചതുപോലായല്ലോ. ഞാൻ നിങ്ങളോടു ചോദിക്കാൻ വന്നതാണ്. “
രാഘവൻ കൈമലർത്തി.
മൂന്നു പേരും നാട്ടു കാര്യങ്ങളും പറഞ്ഞിരുന്നിരുന്ന് നേരം ഉച്ചയാവാറായി. സഹിക്കാൻ വയ്യാത്ത
വിശപ്പും പരവേശവും കാരണം കണ്ണിലിരുട്ടു കയറുന്നു.
പെട്ടെന്നാണ് സൂപ്പർ മാർക്കറ്റിൻ്റെ മുന്നിൽ പച്ചക്കറി വണ്ടി വന്നു നിന്നത്. വേഗം അങ്ങോട്ടോടിച്ചെന്നു. പത്തു മുന്നൂറു മില്ലിക്കുള്ളതെങ്കിലും കിട്ടിയാൽ രക്ഷപട്ടു.
വണ്ടിയിൽ നിന്നും സാധനങ്ങളെടുത്തിടുന്ന പയ്യൻ വന്നിട്ടില്ല.
ഹാവൂ സമാധാനമായി. അല്ലെങ്കിൽ ഇളിഭ്യരായി തിരിച്ചു വരേണ്ടി വന്നേനേ.
പച്ചക്കറിച്ചാക്കുകൾ ഗോഡൗണിൽ കൊണ്ടു പോയി അടുക്കി വെച്ചു. കിട്ടിയ നോട്ടുകൾ എണ്ണി നോക്കുക പോലും ചെയ്യാതെ ഓടുകയാണു ചെയ്തത്.
കുട്ടപ്പനും ഉത്തമനും പോയിക്കഴിഞ്ഞോ? ആ…… എന്തായാലും ക്യൂവിൽക്കാണും.
ബിവറേജസിൻ്റെ മുന്നിലെത്തിയപ്പോൾ കണ്ണുതള്ളിപ്പോയി. ഇതെന്താ നാളെ അവധി വല്ലതുമാണോ?ഗേറ്റിനു പുറത്ത് റോഡിലേക്കു നീണ്ടു കിടക്കുന്ന ക്യൂ. ഇനിയെപ്പോഴാണു അകത്തെത്താൻ പറ്റുക. കുട്ടപ്പനേയും ഉത്തമനേയും കാണാനില്ല. മുമ്പിലെങ്ങാനുമുണ്ടെങ്കിൽ പൈസ കൊടുത്താലോ….
രാഘവൻ പതുക്കെ ഗേറ്റിൽക്കൂടി നുഴഞ്ഞുകയറാൻ ശ്രമിച്ചതേയുള്ളു.
”നില്ലെടാ എങ്ങോട്ടു പോകുന്നു? ഞങ്ങളൊക്കെ നാടകം കാണാൻ വന്നതാണോ?”
മൃഗാശുപത്രിയിലെ സുഗതൻ സാറാണ്. ഒന്നും മിണ്ടാതെ ക്യൂവിൽ അവസാനം പോയി നിന്നു.
സൂര്യൻ തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്നു. എന്തൊരു ചൂട്……
സാധനം കൈയിൽക്കിട്ടുന്നതിനു മുമ്പ് വീണു പോവാതിരുന്നാൽ മതിയായിരുന്നു.
കൗണ്ടറിൻ്റെ അടുത്തെത്താറായപ്പോഴതാ കുട്ടപ്പനും ഉത്തമനും സാധനവും വാങ്ങി
കണ്ട മട്ടുപോലുമില്ലാതെ പുറത്തേക്കു പോകുന്നു.
” സാറേ ജവാൻ ഒരു
പൈൻ്റ് “
കൈയിൽ ചുരുട്ടി വെച്ചിരുന്ന നോട്ടുകൾ മേശപ്പുറത്തേക്കിട്ടു. ഒന്നു നോക്കുക പോലും ചെയ്യാതെ ബാക്കി വാരിയെടുത്ത് കുപ്പിയുമായി ഓടുകയാണു ചെയ്തത്.
പുറത്തിറങ്ങി മതിലരികിലേക്കു നീങ്ങി നിന്നു. കൈവിറ കാരണം കുപ്പി തുറക്കാൻ പറ്റുന്നില്ലല്ലോ.
തിരിഞ്ഞു നോക്കിയപ്പോൾ കുട്ടപ്പൻ കുറച്ചപ്പുറത്തു നിൽക്കുന്നുണ്ട്.
“ടാ ഇതൊന്നു തുറന്നു താ “
”ആദ്യം ഞാനിതൊന്നു തുറക്കട്ടെ”
അവൻ രൂക്ഷമായി നോക്കി.
തോർത്തിട്ടു പിടിച്ച് എങ്ങനെയോ തുറന്നു.
എൻ്റെമ്മേ.. രക്ഷപ്പെട്ടു.
കുപ്പിയോടെ വായിലേക്കു കമഴ്ത്തി. അല്പം ബാക്കിയിരിക്കട്ടെ. വൈകിട്ടെടുക്കാം. കുപ്പി അരയിൽ തിരുകി.തോർത്തെടുത്തു മുഖമൊന്നു തുടച്ചു.
കുട്ടപ്പനെവിടെ?
ങേ….. ഒന്നും കാണുന്നില്ല. തലയൊന്നു കുലുക്കി കണ്ണൊന്നടച്ചു തുറന്നു.
ഇല്ല …….മൊത്തം ഇരുട്ട് ……കൂരിരുട്ട്…….
“വിഷമദ്യം കഴിച്ച് പത്തു പേർ മരിച്ചു. അമ്പതിലധികം ആളുകളുടെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു”
പല ഓർമ്മകളും ഇടിത്തീ പോലെ അയാളുടെ തലയിലൂടെപ്പാഞ്ഞു പോയി.
”അയ്യോ എൻ്റെ കണ്ണിൻ്റെ കാഴ്ച പോയേ….. എൻ്റെ ജീവിതം പോയേ…..എൻ്റെ രാജമ്മേ…….മോനേ മനൂ “
“എടാ കുട്ടപ്പാ………
രാഘവൻ അലറി വിളിച്ചു.
”എൻ്റെ കണ്ണും പോയി രാഘവാ “
കുട്ടപ്പൻ്റെ കരച്ചിൽ എവിടുന്നോ കേൾക്കുന്നു.
എല്ലായിടത്തും ബഹളം.
ബിവറേജസിനകത്ത് ആരൊക്കെയോ ഒച്ച വയ്ക്കുന്നു.
റോഡിൽ വണ്ടികളുടെ നിർത്താതെയുള്ള ഹോൺ.
കാ…കാ…. കാ….
കാക്കകൾ കൂട്ടത്തോടെ കരഞ്ഞു പറക്കുന്നു.
കൊക്കരക്കൊക്കോ…..
എവിടെ നിന്നോ കോഴി കൂവുന്നതു
കേൾക്കാം.
വലിയൊരു കൂട്ടിയിടിയുടെ ശബ്ദം…. കരച്ചിൽ ……
കടുത്ത ചൂട് എങ്ങോ പോയി. അന്തരീക്ഷം ആകെത്തണുത്തു.
രാഘവൻ തപ്പിത്തടത്തു ചെന്നു കുട്ടപ്പനെ കെട്ടിപ്പിടിച്ചു.
റോഡരികത്തിരുന്നു രണ്ടു പേരും കണ്ണുപൊത്തി പൊട്ടിക്കരഞ്ഞു.
“രാഘവേട്ടാ…കുട്ടപ്പാ….”
ആരോ തോളിൽത്തട്ടി വിളിക്കുന്നുണ്ട്. ഉത്തമൻ്റെ ശബ്ദമാണല്ലോ.
”എല്ലാം പോയെടാ ഉത്തമാ”
രാഘവനു നിയന്ത്രിയ്ക്കാനായില്ല.
”എന്താ രാഘവേട്ടാ പറയുന്നത്?
നിങ്ങൾ കണ്ണുതുറന്നേ “
രണ്ടു പേരും കണ്ണുതുറന്നു. നല്ല വെളിച്ചം. കണ്ണുതിരുമ്മിയടച്ച് വീണ്ടും തുറന്നു.
ഒരു മാറ്റവുമില്ല.ചാടിയെഴുന്നേറ്റു.
”അപ്പോൾ കാഴ്ച പോയില്ലേ?” അവർ അന്യോന്യം നോക്കി.
“സൂര്യൻ അസ്തമിച്ചതുപോലെ
എല്ലായിടവും ഇരുട്ടായതാണ്. പത്തുമിനിറ്റിനുള്ളിൽ എല്ലാം പഴയപടി തന്നെയായി. എന്നാലും അതിനിടയിൽ എന്തൊക്കെ നടന്നെന്നു നോക്ക് “
ഉത്തമൻ റോഡിലേക്കു ചൂണ്ടി.
ഒരു കാർ മതിലിലിടിച്ചു നിൽക്കുന്നു. മറിഞ്ഞു കിടക്കുന്ന ബൈക്കുകളും സ്ക്കൂട്ടറുകളും. രണ്ടു ബസ്സുകൾ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ മുഖത്തോടു മുഖം നോക്കി നിൽക്കുന്നുണ്ട്.
“ഇതെന്താ ലോകാവസാനത്തിനു വല്ലതുമാണോ ഉത്തമാ?എനിക്കു പേടിയാവുന്നു “
രാഘവൻ ഉത്തമൻ്റെ തോളിൽ കൈയിട്ടു.
പെട്ടെന്ന് എന്തോ ഓർമ്മിച്ച് അയാൾ അരയിൽ നിന്ന് കുപ്പിയെടുത്ത് ഓടയിലേക്കെറിഞ്ഞു.
“ഇനി എനിക്കിതു വേണ്ട. കണ്ണു പോയെന്നു കരുതി ഞാൻ പേടിച്ചു പോയി.
വാ നമുക്കു വീട്ടിൽപ്പോകാം. “
പിറ്റേന്നു രാവിലെ രാഘവൻ ജംഗ്ഷനിൽപ്പോയി ഒരു പത്രം വാങ്ങി വന്നു.
മുൻപേജിൽ വലിയ അക്ഷരങ്ങളിലെഴുതിയിരുന്നത് ഉറക്കെ വായിച്ചു.
‘നട്ടുച്ചയ്ക്കിരുട്ട്. കുറച്ചു സമയത്തേക്ക് ലോകജനത കൂരിരുട്ടിൽ തപ്പിത്തടഞ്ഞു.ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഒരേ സമയത്ത് സൂര്യൻ അസ്തമിച്ചു.
കത്തിജ്വലിച്ചു നിന്ന സൂര്യനും കൊടും ചൂടും എങ്ങോട്ടു പോയെന്നാർക്കുമറിയില്ല. പക്ഷേ പത്തുമിനിറ്റിനു ശേഷം സൂര്യൻ പോയപോലെ തന്നെ മടങ്ങി വന്നു.
ആ സമയം കൊണ്ടുണ്ടായ നാശനഷ്ടങ്ങൾ നിരവധിയാണ്. വാഹനങ്ങൾ കൂട്ടിയിടിച്ച് വൻതോതിൽ അപകടങ്ങളുണ്ടായി.
സൂര്യൻ്റെ ഈ ഒളിച്ചോട്ടം ലോകാവസാനത്തിൻ്റെ മുന്നോടിയായി കണക്കാക്കാമെന്നാണ് പ്രശസ്ത ജ്യോത്സ്യൻ ജ്യോതിഷ രത്നം കുമാര ശാസ്ത്രികൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ സംഘം ആഴത്തിലുള്ള പഠനങ്ങൾക്കു തുടക്കം കുറിച്ചു കഴിഞ്ഞു. വിശദമായ പരിശോധനയ്ക്കായി സൂര്യനിലേക്കു പോകാനുള്ള സാധ്യതകൾ ആരായാനായി നാസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് എല്ലാം കണ്ടെത്താമെന്ന കണക്കു കൂട്ടലിലാണ് ലോകം.’
“എന്തായാലും ആ ഇരുട്ട് ചിലരുടെ കണ്ണുകളിൽ വെളിച്ചം പകരാൻ സഹായിച്ചെന്നു പറയാതിരിക്കാൻ
വയ്യ “
രാഘവൻ്റെ വായന ശ്രദ്ധയോടെ കേട്ടു കൊണ്ട് തിണ്ണയിൽ ചടഞ്ഞിരുന്ന രാജമ്മ ആത്മഗതം ചെയ്തു.
# എൻ്റെ രചന
@ നട്ടുച്ചയ്ക്കിരുട്ടായാൽ
# കൂട്ടക്ഷരങ്ങൾ


12 Comments
രാജമ്മമാരുടെ പ്രാർത്ഥന ദൈവം കേട്ടു……. സുന്ദരമായി എഴുതി❤️👍
സ്നേഹം മിനീ❤️❤️
Bjഅങ്ങനെയെങ്കിലും കുടി നിർത്തിയല്ലോ ഭംഗിയായി എഴുതി 👌👌😂❤️
അതേയതേ😘
രസകരമായ എഴുത്ത്. രാജമ്മയെ ഭർത്താവിന്റെ കുടി നിർത്തുവാൻ സൂര്യൻ ഒപ്പിച്ച പണിയാണല്ലെ.
😃👍👏
ഇങ്ങനെ കുറെപ്പേർ ഇവിടെയെല്ലാം നടപ്പുണ്ട്. അടുത്തൊരു ബിവറേജ് ഔട്ട്ലെറ്റും പിന്നത്തെക്കാര്യം പറയണ്ടല്ലോ.
സ്നേഹം ജോയ്സ്❤️❤️
നല്ല കഥ നന്നായി എഴുതി👌👍❤️💯🙏🙏🙏🙏
Thank u ❤️❤️
രസകരമായ എഴുത്ത്. ആസ്വദിച്ചു വായിച്ചു സുമേ❤️❤️ എഴുതിക്കൊണ്ടേയിരിക്കൂ. വായിക്കാം😀❤️❤️❤️🥰
സ്നേഹം താരച്ചേച്ചീ❤️❤️
😀😀👌🏻 രാജമ്മയുടെ ജീവിതത്തിലേക്കും, രാഘവന്റെ ആരോഗ്യത്തിലേക്കും വെളിച്ചം വീശാൻ കാരണമായ ഇരുട്ട്.. നല്ല എഴുത്ത് 😀😀👌🏻
നന്ദി സ്നേഹം സുജാത❤️❤️❤️