കുട്ടിയായിരിക്കുമ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ രണ്ടു ആൾക്കാർ ഉണ്ടായിരുന്നു. അമ്മമ്മ വീട്ടിലെ വേനൽക്കാലം അവർ രണ്ടു പേരും ഇല്ലാതെ പൂർണ്ണമാവില്ല. രണ്ടു “പൊട്ടന്മാർ”. അങ്ങനെ തന്നെയാ അവരെ എല്ലാരും വിളിച്ചിരുന്നത്. അതിൽ ആരും ഒരു തെറ്റും കണ്ടില്ല. മരിച്ചു പോയി. രണ്ടാളും ആറോ ഏഴോ വയസ്സു മുതൽ അമ്മച്ചന്റെ കൂടെ കുടിയവരാത്രെ.
രണ്ടുപേർക്കും ചെവിയും കേൾക്കില്ല, മിണ്ടാനും കഴിയില്ല. അമ്മച്ച വീട്ടിലെ ചെറിയ പണികൾ ചെയ്തും. അമ്മച്ചനും ഏട്ടനും ( ഏറ്റവും മുത്ത മാമനെ അങ്ങനെയാ വിളിക്കുന്നത്). വലിയ ടിഫിൻ പത്രത്തിൽ, മുകളിൽ ഒരു വാഴയില തിരുക്കിവെച്ചു ചോറ് കൊണ്ടുപോകും.
മുട്ടായി തെരുവിലുള്ള പി. എം കുട്ടി സ്റ്റോർസ് എന്ന സ്റ്റേഷനറി പിടിക അമ്മച്ചനും ഏട്ടനും ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്.
വല്ല്യ പൊട്ടനും ചെറിയ പൊട്ടനും എന്നാ ഞങ്ങളൊക്കെ വിളിക്യാ.
അതിൽ ആരും ഒരു തെറ്റും കണ്ടിരുന്നില്യ.
പിന്നെ കല്ലുട്ടിയിൽ നിന്നു ചെങ്കല്ല് വെട്ടിയെടുത്തു ചെറിയ മഴു കൊണ്ടു ചെത്തി മിനുക്കി രണ്ടു പൊട്ടൻമാരും അടുക്കി വെക്കുന്നത് നോക്കിയിരിക്കാൻ നല്ല രസായിരുന്നു. ചിലപ്പോൾ കല്ലുട്ടിയിൽ ഇറങ്ങും. ആംഗ്യ ഭാഷയിൽ അവരോട് സംസാരിക്കാൻ ഞങ്ങൾ കുട്ടികളൊക്കെ പഠിച്ചിരുന്നു..
ഏറ്റവും രസം, ഉച്ചക്ക് ശേഷം അമ്മമ്മ മുറ്റത്തെ പടിയിൽ കാലുനീട്ടിയിരിക്കും. എന്നിട്ടു ഈ പൊട്ടന്മാരോട് സംസാരിക്കുന്നത് കാണണം!! മുഴുവൻ ആംഗ്യം. എന്തൊക്കെ നാട്ടു വർത്താനം അവര് പറയും എന്നോ!. ഞാൻ കണ്ണും കാതും കുർപ്പിച്ചിരിക്കും….
അടുത്ത വീടുകളിലെ കല്യാണം, പാലുകുടി, മരണം ഒക്കെ അവരുടെ വിഷയം ആണ്..
രണ്ടു കൂട്ടരും വളരെ സീരിയസ് ആയി മണിക്കൂറോളം സംസാരിക്കും.
വല്ല്യ പൊട്ടൻ ശബ്ദമുണ്ടാക്കി.. ചിരിക്കും
ചെറിയ പൊട്ടന് അതും പറ്റില്ല.
പശുനേ കെട്ടാൻ പോവുമ്പഴും, അടക്ക പറയ്ക്കുമ്പോഴും ഞാൻ പൊട്ടന്മാരുടെ കൂടെ കുടും. നല്ല രസാ വർത്താനം പറയാനും. പണി നോക്കിയിരിക്കാനും. വലിയൊരു വിറകു പുരയിൽ അടക്ക നിറ്റാൻ ഇട്ട സിമന്റ് ഇട്ട കുഴിയുടെ മുടി തുറക്കുന്നത് ഞാൻ ഇരുന്നുനോക്കും. ഇരുടാണ് ഞങ്ങൾക്ക് ഓല കൊണ്ട് കളിവീട് ഉണ്ടാക്കിത്തരുന്നതും, ഉഞ്ഞാല് കെട്ടിത്തരുന്നതും ഈ പൊട്ടന്മാരായിരുന്നു..
തിരുവാതിരക്കാണ് ഉഞ്ഞാലിടുക..
കോഴിക്കോട്ടേക്ക് വന്ന ശേഷം തിരുവാതിര അമ്മമ്മ വിട്ടിലായിരിക്കും പലപ്പോഴും. കൂറ്റൻ ഉഞ്ഞാലാണ് കെട്ടുക. ഒരു പൂച്ച വാലും. ഊഞ്ഞാലിൽ കേറുന്നത് നോക്കി ചെറിയ മാമൻ ഓടി വരും. പിന്നെ പൂച്ച വാല് പിടിച്ച് ഉയരത്തിൽ ആട്ടും..
ആർത്തലച്ചു കരഞ്ഞാലും വിടില്ല. എന്തേ അമ്മമ്മക്കും മറ്റും ഇതുകണ്ട് ദേഷ്യം പിടിക്യാഞ്ഞത് ആവോ? അതായിരുന്നു അന്നത്തെ മുതിർന്നവർ…
ഞാൻ മാവിലും പുളിയുടെ മോളിലും പറ്റി പിടിച്ചു കേറുന്നത് കാണുമ്പം അമ്മമ്മ പറയും. ” വയസ്സറിയിക്കാൻ ആയ പെണ്ണാ. ഇതു ആണായി ജനിക്കേണ്ടതാര്ന്നു. “
ഞാൻ എന്നും മാമൻമാരുടെ… കൂട്ടു ആയിരുന്നു. ഞങ്ങളെ സംരക്ഷിക്കാൻ പൊട്ടൻമാർ എന്നും കൂടെ ഉണ്ടാവും.
മാവിലും പ്ലാവിലും ഒക്കെ ഞാൻ പറ്റിപ്പിടിച്ചു കയറുകയായിരുന്നു.. ചാഞ്ഞ കൊമ്പിൽ കാലാട്ടി ഇരുന്ന്
അലിയിച്ചു തിന്ന അരിപ്പുളിയുടെ… രസം ഇപ്പോഴും നാവിൽ ഉണ്ട്.
അഞ്ചാറ് പശുക്കൾ ഉണ്ടായിരുന്നു അമ്മമ്മക്ക്. അവയെ നോക്കുന്നതും ഈ പൊട്ടന്മാർ തന്നെ ആയിരുന്നു. പശുക്കളുടെയും ആടുകളുടെയും കോഴികളുടെയും അവകാശം അമ്മമ്മക്കാണ്.
അമ്മച്ചൻ അതിൽ ഇടപെടൂല….
പിണ്ണാക്കും പരുത്തിക്കുരുവും കുട്ടി കലർത്തി കലക്കി വലിയ ചെമ്പുകളിൽ എരുമക്കാരൻ അവക്ക് മുന്നിലേക്ക് വെച്ചു കൊടുക്കും. നീട്ടി വലിച്ച് പശുക്കൾ കുടിക്കുന്നത് കാണാൻ എന്തു രസമായിരുന്നു. പശുനെ കറക്കുന്ന ആളെ എരുമക്കാരൻ എന്നാ വിളിക്കുന്നത്. ഇതൊക്കെ സുപ്പേർവൈസ് ചെയ്യുക അമ്മയാണ്.. അത് നോക്കി നിൽക്കുന്നഅതും ഒരു രസം.
കുട്ടികാലത്തെ സമയം പോക്കാൻ ഇതൊക്കെ ധാരാളം.
ആ ആലയുടെ അടുത്തേക്ക് പോവുമ്പോൾ വരുന്ന ചാണകത്തിന്റെയും പുല്ലിന്റെയും സുഗന്ധം. ഇപ്പോഴും മുക്കിൽ തങ്ങി നിൽക്കുന്നു..
അമ്മമ്മയും പൊട്ടന്മാരും പോയല്ലോ… സുഗന്ധമുള്ള ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്.
സുധി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
Nice♥️👌🌹
ഓർമ്മകൾക്ക് മധുരം. 👌
നല്ലെഴുത്ത്. നല്ലോർമ്മകൾ👌👌👏👏❤️❤️❤️