ഒരു ക്രിസ്തുമസ് കൂടി വരവായി. ഇവിടെ കാനഡയിൽ, വീടുകളും മുറ്റവും നിരത്തും തൊഴിൽസ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. സമ്മാനസഞ്ചി തൂക്കി, വെള്ള അരപ്പട്ട കെട്ടിയ ചുവന്ന അങ്കിയും കൂർത്ത തൊപ്പിയും അണിഞ്ഞ് നീളൻ പഞ്ഞി താടിയുമായി സാന്തക്ലോസ്… ‘ഹോയ് ഹോയ്’ വിളികളിലൂടെ ആഘോഷത്തിന്റെ തുയിലുണർത്തുന്നു.
മനോഹരമായ നീളൻ കണ്ണുകളും പടർന്ന ചില്ലകൊമ്പുകളുമായി മഞ്ഞിലൂടെ കാറ്റിനെ തോല്പിച്ചോടുന്ന റൈൻഡിയർ. മഞ്ഞിന്റെ അനുപമ തൂവെള്ള നിറവും ആർദ്രതയും തൂവുന്ന സ്നോമാൻ, ഈ രൂപങ്ങൾ പിറവിയുടെ ആഹ്‌ളാദം നിറക്കുന്നു.

ഷോപ്പിംഗ് സീസൺ കൂടിയാണ് ഡിസംബർ. ഷോപ്പിംഗ് മാളിന്റെ കവാടങ്ങളിൽ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീകളും മറ്റു അലങ്കാരങ്ങളും നിറയും.
വെളിച്ചം പൂക്കുന്ന മരങ്ങൾ, ഒരു കാടു മുഴുവനായും പൂക്കൾ വിരിഞ്ഞ ഭംഗിയിൽ അണഞ്ഞും തെളിഞ്ഞും ചിരിക്കും.
മരങ്ങളിൽ ഓടിമറഞ്ഞും, നിറങ്ങൾ വാരിവിതറിയും നിറയുന്ന ചെറിയ മുത്തുമണി ലൈറ്റ്കൾക്കൊപ്പും തൂങ്ങിയാടുന്ന നക്ഷത്രങ്ങൾ ഇന്നും എന്നും ആവേശം തന്നെ.
സമ്പന്നമായ ക്രിസ്തുമസ് ഒരുക്കങ്ങൾക്കിടയിലും മനസ്സിന്റെ ഉള്ളറയിൽ മധുരമൂറുന്ന കുട്ടിക്കാലത്തെ ക്രിസ്തുമസ്.
തൃശ്ശൂർ പുഴക്കൽ പാടം അല്ലെങ്കിൽ നീണ്ടു പരന്ന പാലക്കാടൻ നെല്പാടത്തിന്റെ നടുവിലോ ആണ് ഉണ്ണീശോ ജനിച്ചത് എന്നായിരുന്നു എന്റെ വീട്ടിലെ പുൽക്കൂട് കാണുമ്പോൾ തോന്നിയിരുന്നത്.
പുൽക്കൂട് പണി രണ്ടാഴ്ച നീളുന്ന ഒരു യത്നം തന്നെ ആയിരുന്നു. വെട്ടുകല്ലും മണ്ണും ചേർത്ത് തറ കെട്ടിപൊക്കും. അതിൽ ഒരു ചെറിയ കുന്നു പണിയും. കുന്ന്, ടോർച്ച് ബാറ്ററിയുടെ കരി കലക്കി ഒഴിച്ചു നന്നായി കറുപ്പിക്കും. പ്രൗഢിയോടെ കുന്ന് തല ഉയർത്തി നിൽക്കും.
കുന്നിനു താഴെ കളം തിരിച്ചു നെൽവിത്തുകൾ പാകി മുളപ്പിക്കും. ഡിസംബർ ഇരുപത്തിനാലിന് നല്ല പച്ചപ്പിൽ വളർന്നു നിൽക്കാൻ പാകത്തിൽ.
പച്ചപ്പട്ടു പുതച്ച പാടം വളർന്നു വരും. പാടം കളം തിരിക്കാൻ, കൈവരികളും ഇടയ്ക്കുള്ള നടപ്പാതയും ചെറിയ ചുള്ളികമ്പുകൾ കൊണ്ടു തീർക്കും.
കുന്നിൽ നിന്നു ഒഴുകുന്ന നീർച്ചാൽ ആയിരുന്നു ഹൈലൈറ്റ്. പുട്ടുകുടത്തിൽ വെള്ളം നിറച്ചു, അതിൽ നിന്നും നീളമുള്ള ഒരു പ്ലാസ്റ്റിക്ക് വയർ മണ്ണിൽ ഒളിച്ചുവെക്കും. ഞങ്ങൾ കുട്ടികൾക്ക് ന്യൂട്ടൻ ഗ്രാവിറ്റി തത്വം അറിയില്ലെങ്കിലും വെള്ളം താഴേക്കു തന്നെ ഒഴുകിയിരിക്കുമെന്നതിൽ സംശയമില്ല. ആ നീരൊഴുക്ക് താഴെ നെല്പാടം നനക്കും. വെളിച്ചം തട്ടി തിളങ്ങി, കുന്നിൻമുകളിൽ നിന്നും ഒഴുകുന്ന വെള്ളം. എക്കാലത്തും മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട കാഴ്ച തന്നെ!
“പഴയ കുടം എടുക്കണം, അല്ലെങ്കിൽ രണ്ടാഴ്ച വീട്ടിൽ പൂട്ട് ഉണ്ടാകില്ല”, അമ്മ പറയും. തൃശൂർ പുട്ട് പലഹാരമാണ് ഈ പൂട്ട്.
പാടത്തിനു നടുവിൽ വൈക്കോൽ മേഞ്ഞ ചെറിയകുടിൽ, ‘പുൽക്കൂട്’. അതിനു അകത്തേക്കൊരു ഒരു ചെറിയ ലൈറ്റ്, പുൽക്കൂടിനുള്ളിൽ മങ്ങിയ പ്രകാശം പരത്തും. സന്മനസ്സ് ഉള്ളവർക്ക് സമാധാനം എന്നെഴുതിയ സന്ദേശം കൈപിടിച്ചു മാലാഖ മുകളിൽ തൂങ്ങും. താഴെ കുഞ്ഞാടുകളും കഴുതയും പശുവും പൊന്നും മീറയുമായി രാജാക്കന്മാരും മാതാവും ഔസേപ്പ് പിതാവും നിരക്കും. മുട്ടുകുത്തി പ്രാർത്ഥിച്ചു നിൽക്കുന്ന മേരിയും ജോസഫും ആരിലും ഭക്തി നിറക്കും.

പുൽക്കൂട്ടിലെ രൂപങ്ങളുടെ കൂട്ടത്തിൽ, ശരീരം നിറഞ്ഞ കമ്പിളിരോമങ്ങളുള്ള
കുഞ്ഞാടുകളുടെ അരുമായർന്ന മുഖം നോക്കിയിരിക്കാൻ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
പാതിരാകുർബാന കഴിഞ്ഞു വന്നു മാത്രമേ ഉണ്ണിയീശോയുടെ രൂപം പുൽക്കൂട്ടിൽ വെക്കാൻ പാടുള്ളൂ. ചില അലിഖിത നിയമങ്ങൾ അന്ന് ഉണ്ടായിരുന്നു. രൂപം വെച്ചു കഴിഞ്ഞാൽ ഉണ്ണിയുടെ ദൈവീകചൈതന്യം അവിടം നിറയും എന്നായിരുന്നു വിശ്വാസം.
ഞങ്ങൾ കുട്ടികൾക്ക് അടുത്തവീടുകളിലെ പുൽകൂടുകൾ കാണുവാൻ പോകുന്നത് ഒരു തീർഥാടനമാണ്. കൂട്ടുകാർ വരുമ്പോൾ പുട്ടുകുടത്തിൽ വെള്ളം നിറക്കുകയും ഒഴുകി ഇറങ്ങുന്ന നീർച്ചാൽ കാണിച്ച് അവരെ ഒന്നു കണ്ണുതള്ളിക്കുകയും ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം. ചേട്ടന്മാർ മിടുക്കന്മാരായി എല്ലാം ചെയ്യുമ്പോൾ ചുറ്റും പാറി നടക്കലും കൂട്ടുകാരെ കൊതിപ്പിക്കലും മാത്രം ഞാൻ ഗമയിൽ ചെയ്യും.
പനയുടെ പട്ടകൊണ്ടു പുൽക്കൂട് പരിസരം ചുറ്റും അലങ്കരിച്ചു ആകെ ഒരു പച്ചപ്പ് നിറക്കും. പനയുടെ ഇടതൂർന്ന ഇലകളുള്ള പട്ട കുറെ ദിവസം വാടാതെ നിൽക്കും. ബലൂണുകൾ ഊതിവീർപ്പിച്ചു തൂക്കലും കളർ റിബൺ ചുറ്റലും ചെയ്യുന്നതിൽ കഷ്ടിച്ചു എനിക്കും ചേച്ചിക്കും ചെറിയ പങ്കുണ്ട്. ഊതിയാൽ പറക്കുന്ന എനിക്ക് , ബലൂണിൽ കയറ്റാനുള്ള വായു ശരീരത്തിൽ ഇല്ലാതിരുന്നിട്ടും ബലൂൺ ഊതികൊണ്ടിരിക്കും. വീർപ്പിച്ച ബലൂണിന്റെ നിറവും സുതാര്യതയും നിറയുമ്പോൾ മരത്തിന്റെ ലുക്ക് വെറെ ഒരു ലെവൽ ആകും.
മൈലാഞ്ചി കുറ്റിച്ചെടിയാണെങ്കിലും എന്റെ വീട്ടിലെ മൈലാഞ്ചി അത്ര കുറ്റിയല്ല. നല്ല പൊക്കമുള്ള ഈ ഉശിരൻ മൈലാഞ്ചിയുടെ ചെറിയ ഇലകൾക്കിടയിലൂടെ മിന്നി മിന്നി കത്തുന്ന മാലബൾബ് കണ്ണുചിമ്മും. അതിനാണോ കൂടുതൽ ഭംഗി? അതോ വീടിന്റെ ഉത്തരത്തിലും പൊക്കമുള്ള മാവിൻ ചില്ലയിലും തൂങ്ങിയിരുന്ന നക്ഷത്രങ്ങൾക്കോ ആയിരുന്നത്?
ടൗണിൽ നിന്നും വാങ്ങുന്ന ഡിസൈൻ നക്ഷത്രങ്ങൾക്കു മുകളിൽ, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു ഭീമൻ നക്ഷത്രം പ്രൗഢിയോടെ കത്തും. രക്ഷകന്റെ പിറവിക്ക് അടയാളമായ നക്ഷത്രം. നക്ഷത്രമാണ് പണ്ഡിതന്മാർക്കും രാജാക്കന്മാർക്കും പ്രവാചകന്മാർക്കും പുൽക്കൂടിലേക്ക് വഴി കാട്ടിയത് എന്ന് വേദപുസ്തകം പറയുന്നു.
മുളയുടെ, വലിയ ഫ്രെമിൽ കണ്ണഞ്ചിക്കുന്ന നിറമുള്ള ചൈനാപേപ്പർ ഒട്ടിച്ച്, വാലിൽ, തിളങ്ങുന്ന നീണ്ട കുഞ്ചലം വെച്ച നക്ഷത്രം. അതിന്റെ നീണ്ടുനേർത്ത ലോഹത്തിളക്കമുള്ള അരങ്ങുകൾ, വെയിലിൽ വെട്ടി തിളങ്ങുമായിരുന്നു. രക്ഷയുടെ പ്രതീകമായ നക്ഷത്രം. അന്നും ഇന്നും ക്രിസ്തുമസ്സ് നിറത്തിന്റെയും വെളിച്ചത്തിന്റെയും ഉത്സവമാണ്.
നാട്ടിലെ ഡിസംബർ മാസത്തിലെ മഞ്ഞു കൊള്ളതിരിക്കാൻ, പതിരാകുർബാനക്കു പോകുമ്പോൾ, അമ്മ തലയിൽ ഒരു സ്‌കാർഫ് കെട്ടി തരും.
കാനഡയിൽ ക്രിസ്തുമസ് തലേന്ന് കുർബാനക്ക്, റോഡിന്റെ രണ്ട് ഭാഗത്തും കോരിക്കൂട്ടിയ, മഞ്ഞു മലകളുടെ ഇടയിലൂടെ, കാൽമുട്ട് വരെ, മഞ്ഞിൽ പൂഴ്ന്നു പോകുന്ന ഈ നാട്ടിൽ ഇരുന്നു ഓർക്കുമ്പോൾ, അന്ന് ഞാൻ കൊണ്ടത് ‘മഞ്ഞാണോ ‘ എന്നിപ്പോൾ സംശയം?
കൂട്ടുകാരുമൊത്ത് രാത്രിയിൽ പള്ളിയിലേക്കുള്ള യാത്ര ഒരു സംഭവം തന്നെ. വഴിനീളെ എല്ലാ വീട്ടിലേയും പുൽക്കൂടും . ക്രിസ്‌തുമസ് ട്രീയും നക്ഷത്രങ്ങളും കണ്ടു രസിച്ചു തീർത്ത ക്രിസ്തുമസു രാവുകൾ!
കൂട്ടത്തിൽ തിരമാലകൾ തീർക്കുന്ന വൃശ്ചിക കാറ്റിന്റെ അകമ്പടിയോടെ, തിളങ്ങുന്ന നക്ഷത്രങ്ങളെ ഊക്കിലാട്ടി, ഇളം തണുപ്പു ചാലിച്ച ക്രിസ്തുമസ് രാവുകൾ!
ഒത്തിരിയുണ്ട് ഓർക്കാൻ, കടന്നുപോയ ക്രിസ്തുമസ് ആലോഷങ്ങൾ!

ചിത്രം: Google.


14 Comments
നല്ലക്രിസ്മസ്സ്കാല ഓർമകൾ, ഇങ്ങിനി തിരിച്ചു വരാത്തകാലം,പ്രവാസിയൂടെ ഉള്ളിലെ തീകനലൂകളായി നെഞ്ചീൽ അവശേഷിക്കുന്ന നിടിനെ കൂറീച്ചൂള്ള ഓർമകൾ എഴൂതി.വളരെ ഹ്രദയസ്പർശിയായതായിരൂന്നൂ.അഭിനന്ദനങ്ങൾ
thank you, Rita chechi.🙏❤️
അന്നത്തെ pic ഏതെങ്കിലും ഉണ്ടെങ്കിൽ അത് ചേർക്കൂ ഇതിനോടൊപ്പം.
എഴുത്ത് ഗംഭീരം
Try ചെയ്യാം.
Thank you dear.
Joyce ഞാനാ പഴയ പാവാടക്കാരിയായിപ്പോയി, കുറച്ച് നിമിഷങ്ങളിലേക്ക്. Thank you❤️❤️
Silvy, Merry Xmas…❤️🫂
നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ നനുത്ത ഓർമ്മകളാണ് പാതിരാ കുർബാന കാണാൻ പോകുമ്പോൾ മഞ്ഞു കൊള്ളാതിരിക്കാൻ അമ്മച്ചി തലയിൽ സ്കാർഫ് കെട്ടി തരുന്നതും , ഇന്നിപ്പോ ക്യാനഡയിൽ മഞ്ഞു മലകൾക്ക് ഇടയിലൂടെ നടക്കുന്നതും, പിന്നെ ഒരു സംശയവും അന്ന് കൊണ്ടത് മഞ്ഞാണോ ..……
ഒത്തിരി ഇഷ്ടമായി💕💕💕💕👍
😀😀😀
Thank you, seji.🙏❤️
മധുരിക്കുന്ന ഓർമ്മകൾ അല്ലേ ജോയ്സ്❤️
എന്നും ഓർമ്മിക്കാൻ ഓമനിക്കാൻ അവ കൂടെയുണ്ടാവും❤️❤️
അതെ സുമ, മോടിയുള്ള Xmas ആഘോഷങ്ങൾ വന്നു പോയാലും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നത് ബാല്യകാലം തന്നെ.
Thank you dear !
❤️🙏🫂
എത്ര കേമപ്പെട്ട ക്രിസ്മസ് ആഘോഷം കണ്ടാലും മായാതെ കിടക്കും കുഞ്ഞുന്നാളിൽ കണ്ട ക്രിസ്മസ്. കാരണം അതിൽ നമ്മുടെ ബാല്യത്തിൻ്റെ നൈർമ്മല്യമുണ്ട്. നമ്മളെ നമ്മളാക്കിയ ബന്ധങ്ങളുടെ ഊഷ്മളതയുണ്ട്. നല്ലെഴുത്ത് ജോയ്സ്.👌👏❤️🥰
താര, ഏറ്റവും പ്രിയപ്പെട്ട ബാല്യം ഓർമ്മിപ്പിച്ചതിന്, നന്ദി, ഇഷ്ടം❤️🫂🙏.
മധുരിക്കുന്ന ഓർമ്മകൾ ❤️🥰
നല്ല രസരകരമായി എഴുതി joyce ചേച്ചി..
ചേച്ചി യുടെ കൂടെ ഞമ്മളും ക്രിസ്തുമസ്സ് ആഘോഷിച്ച ഒരു ഫീൽ 👌👌
Sayara, 🥰🫂🙏
Seasonal greetings! ❤️