നീ എഴുതണം, എനിക്ക് നിന്നെ വായിക്കണം, നിരന്തരമായി, ആവേശത്തോടെ, നിന്റെ ഓരോ അക്ഷരത്തിൽ കൂടെയും എനിക്ക് കടന്നു പോകണം.
ദീപാക്ഷി ഘോഷ് അയാളോട് പറഞ്ഞു.
നീ എന്ന വാക്കിലെ അധികാരം അയാൾക്കിഷ്ടമായി.
നിന്റെ ഭ്രാന്തൻ ചിന്തകൾ ഒന്നും തന്നെ ഒളിച്ചു വെക്കരുത്, നീ നീയായി മാത്രം എഴുതുക. പച്ച മനുഷ്യനായി. ദീപാക്ഷി തുടർന്നു.
ദീപാക്ഷി ഘോഷ്, ഒരു അസ്ത്രം കണക്കെയാണ് അവർ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അക്ഷരങ്ങളുടെ മൂർച്ചയാണ് അവരെ നിരന്തരമായി വായിക്കാൻ വഴിയായതും. പിന്നെ പിന്നെ അവരെ ജന്മാന്തരങ്ങളുടെ പരിചയമുണ്ടെന്ന് തോന്നിത്തുടങ്ങി, കഴിഞ്ഞ ജന്മങ്ങളിലെ നിരന്തരമായ ഒരു ബന്ധം എവിടെയോ മറഞ്ഞു കിടക്കുന്നപോലെ.
പശ്ചിമ ബംഗാളിലെ ഏതോ ഉൾഗ്രാമത്തിൽ നിന്നാണെന്നറിയാം, ഭാഷയിലെ ഉൾക്കനം കണ്ടീട്ട്, കോളേജ് പ്രൊഫസർ ആണെന്ന് തോന്നുന്നു. പ്രൊഫൈലിൽ ഒന്നും തന്നെയില്ല, അയാൾ അവരുടെ സ്വകാര്യതകൾ ചോദിക്കാനും ഇഷ്ടപ്പെട്ടില്ല. അവർ അവരുടെ ജീവിതം ജീവിക്കട്ടെ, താൻ തന്റെയും.
അവരുടെ ഓരോ പദവും തന്നെ പിന്തുടരുകയാണ്. ലോകത്തിന്റെ തികച്ചും വ്യത്യസ്തമായ രണ്ട് സ്ഥലങ്ങളിൽ ഇരിക്കുന്നവർ എങ്ങിനെയാണ് നിരന്തരമായി നിശബ്ദമായി സംസാരിക്കുന്നത്. അവരുടെ ചിന്തകൾ, ആഭിമുഖ്യങ്ങൾ, തരംഗദൈർഘ്യം, സമീപനം, കാഴ്ചപ്പാടുകൾ, മനോഭാവം എല്ലാം ഒന്നാവുന്നതിനെ പ്രണയം എന്ന ഒറ്റ വാക്കിലൊതുക്കാമോ. അതിനു പ്രണയം എന്ന വാക്കു തികയാതെ വരും. അതൊരു ഒഴുക്കാണ്, അനേകായിരം കിലോമീറ്റർ അകലങ്ങളിൽ നിന്നും അഭയം തേടി, ആശ്വാസം തേടി, അവനവനെ തന്നെ തേടി കണ്ടു പിടിക്കാൻ ശ്രമിക്കുന്ന, ഒരു പരീക്ഷണ യാത്ര.
താൻ തന്നിൽ തിരയുന്നതെന്താണോ, അത് തന്നെയാണ് അവരും തിരയുന്നത്. അവനവനിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ. പിന്നെ തന്നെ മറ്റൊരാളിൽ കണ്ടെത്തുമ്പോഴുള്ള സമാശ്വാസം. പിന്നെ അയാളാണ് താൻ എന്ന തോന്നൽ,
അവരിലേക്ക് നടക്കുമ്പോൾ, ഞാൻ എന്നിലേക്കാണ് നടക്കുന്നത്. കടൽക്കരയിലെ തിരകൾ മാച്ചു കളഞ്ഞ അവരുടെ കാൽ പാടുകൾ ഞാൻ എന്തിനാണ് തിരയുന്നത്. പുഴയിൽ അവർ കുളിച്ചപ്പോൾ വിട്ടുപോയ ഗന്ധം ഞാൻ എന്തിനാണ് തേടുന്നത്. പെയ്യുന്ന മഴയെല്ലാം എങ്ങിനെയാണ് അവരായി മാറുന്നത്.
കെട്ടുവിട്ടുപോയ ചിന്തകളെല്ലാം അയാൾ കൂട്ടി കെട്ടാൻ ശ്രമിച്ചു. എന്തിന് കൂട്ടി കെട്ടണം, എല്ലാ ചിന്തകളും പട്ടങ്ങളായി ആകാശത്തിൽ പറക്കട്ടെ. ഏറ്റവും ഉയരത്തിൽ പറക്കുന്ന പട്ടങ്ങൾ നമ്മളാണ്, നൂൽ ഊരി വിട്ട പട്ടങ്ങൾ, വിഹായസ്സിന്റെ ഏറ്റവും മുകളിൽ നാം മാത്രമാവുമ്പോൾ നമുക്ക് നക്ഷത്രങ്ങളോട് സംവദിക്കാം.
ദീപാക്ഷി, നീ കേൾക്കുന്നുണ്ടോ, അയാൾ ചോദിച്ചു .
ഉണ്ട്, വളരെ വ്യക്തമായി. കാരണം നീ സംവദിക്കുന്നത് എന്റെ തലച്ചോറിലെ മുകുളങ്ങളിൽ നിന്നാണ്, നാം പറയുന്നത് മാത്രമാണ് നമുക്ക് രണ്ടു പേർക്കും കേൾക്കാൻ കഴിയുക.
ഞാനൊന്നു മയങ്ങട്ടെ, നീ സംസാരിച്ചു കൊണ്ടിരിക്കൂ, ഉറക്കത്തിലും എനിക്ക് നിന്നെ കേൾക്കാൻ കഴിയും.
@കാവല്ലൂർ മുരളീധരൻ

4 Comments
Pingback: ദീപാക്ഷി 5 - ഭ്രാന്ത് പിടിച്ച പുഴ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ
Pingback: ദീപാക്ഷി 3. യക്ഷിയും ഗന്ധർവനും - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ
Pingback: ദീപാക്ഷി 4 - ചുംബനങ്ങളുടെ നിർവ്വചനങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ
Pingback: ദീപാക്ഷി - 2 - മഴയിൽ കത്തുന്ന പന്തങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ