ആ രൂപം ഇടയ്ക്ക് തിരിഞ്ഞ് നോക്കിയാണ് മല കയറിയത്. അയാൾ പോകുന്ന സ്ഥലങ്ങളിലെ പ്രകൃതി മാറുന്ന പോലെ, കൂടുതൽ വന്യമാകുന്നു.
“എന്നാലും ആരായിരിക്കും ഈ സന്ധ്യാ നേരത്ത്. മാമായിയെ പേടിച്ചു ഈ മല കയറി വരാൻ ആരും ധൈര്യപ്പെടില്ല. അപ്പോൾ ഇതാര്? ഇവിടെ വരാൻ ധൈര്യപ്പെട്ടുവെങ്കിൽ മാമായിയെക്കാൾ കരുത്തുറ്റ ആരോ ഒരാളാണിത്. “
കറുത്ത ളോഹ പോലെയൊരു വേഷം, കറുത്ത കരിമ്പടം കൊണ്ട് ദേഹം പകുതി മറച്ചിരിക്കുന്നു, കയ്യിലൊരു റാന്തൽ വിളക്ക്. പ്രയാസപ്പെട്ട് ഏന്തി വലിഞ്ഞുള്ള നടത്തം, കൂനി വളഞ്ഞ് പോയ തോളുകൾ, പ്രായമുള്ള ആരോ ആണെന്ന് തോന്നിപ്പിച്ചു.
അതൊരു പാതിരിയാകണം. നടപ്പ് കണ്ടിട്ട് പ്രായമിപ്പോൾ എഴുപതു പിന്നിട്ടിട്ടുണ്ടാകണം.
ഗബ്രിയേലും ഡാനിയേലയും പരസ്പരം നോക്കി നിന്നു.
അടുക്കളയിൽ ആളനക്കം, പാത്രങ്ങളുടെ കിലുകിലുക്കം. ഡാനിയേല എത്തിയപ്പോഴേക്കും ഫ്രാൻസിസ്ക അത്താഴം വിളമ്പാൻ തുടങ്ങിയിരുന്നു.
“മാമായി, ഇന്നെന്താ ഇത്ര നേരത്തെ അത്താഴം കഴിക്കുന്നത്. “
ഡാനിയേല തിരക്കി.
“എനിക്ക് ഇന്ന് കുറച്ചധികം പ്രാർത്ഥിക്കാനുണ്ട്.
പിന്നെ ഗബ്രിയേലിന് പൗലോയുടെ വീട്ടിൽ പോകണ്ടേ. ഈ രാത്രി സൈമൺ സ്ഥലത്തിലല്ലോ, അവൻ പൊയ്ക്കോട്ടേ. പാവം ജാൻസി ഒറ്റയ്ക്ക് ആ വീട്ടിൽ എങ്ങനെ പൗലോയുടെ കൂടെ. “
അത്താഴം കഴിഞ്ഞ് ഗബ്രിയേൽ പുറത്തേയ്ക്ക് ഇറങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് കൂടിയിട്ടുണ്ട്, തണുത്ത കാറ്റ് അടുത്ത മലയിൽ നിന്നും വീശുന്നു.
“നീ വേഗം പൊയ്ക്കോ ഗബ്രിയേലെ. നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്. “
എന്തോ ഒരു അസ്വസ്ഥത ഗബ്രിയേലിൻ്റെ മനസ്സിനെ ബാധിച്ചു. ഗബ്രിയേൽ തടിപ്പെട്ടിയിൽ നിന്നും പെരേരയുടെ വെള്ളി മാല എടുത്ത് കഴുത്തിലണിഞ്ഞു. അവൻ അപ്പനെ ധ്യാനിച്ചു.
ഫ്രാൻസിസ്ക കേൾക്കാതെ ഡാനിയേല യുടെ ചെവിയിൽ പറഞ്ഞു.
“നീ സൂക്ഷിക്കണം, ബോധം മറയുന്ന പോലെ കിടന്ന് ഉറങ്ങി കളയരുത്. “
ബൈക്കുമെടുത്ത് മലയിറങ്ങുമ്പോൾ ചുറ്റുമുള്ള പ്രകൃതി കൂടുതൽ വന്യമായത് പോലെ ഗബ്രിയേലിന് തോന്നി. അവന് ഭയം തോന്നി. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു. ഗബ്രിയേൽ അപ്പനെ മനസ്സിൽ ധ്യാനിച്ചു. ഓർമ്മകളിലെ ആ ചിലമ്പൊലിക്കായി അവൻ കാതോർത്തു.
ഇളം കാറ്റത്ത്, തണുത്ത് വിറച്ചു ബൈക്കോടിച്ച ഗബ്രിയേലിന് തൻ്റെ പിന്നിലെ വായു ചൂട് പിടിക്കുന്നത് മനസ്സിലായി. ചുറ്റും കർപ്പൂര ഗന്ധം പരന്നു. ചിലമ്പിലെ മണികൾ ഒരു തവണ കിലുങ്ങി.
“അപ്പാ, ഡാനിയേലയെ ആപത്തൊന്നും കൂടാതെ കാത്തോളണേ. “
ഇത്തവണ മണികൾ രണ്ട് തവണ കിലുങ്ങി.
“അവളും കണ്ണപ്പനുമൊത്ത് നല്ലൊരു കുടുംബജീവിതം സാധ്യമാകണം. “
ഗബ്രിയേൽ ബൈക്ക് പെരേരയുടെ വീടിന് മുന്നിൽ നിർത്തി. വീടിൻ്റെ കതക് താഴിട്ട് പൂട്ടിയിരിക്കുന്നു.
ഗബ്രിയേൽ ദേഷ്യത്തിൽ കതകിൽ തൊഴിച്ചു.
“ഇയാളിത് എവിടെ പോയി. “
പൗലോ മാപ്ലയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ അത് വരെ കൂടെയുണ്ടായിരുന്ന ഗന്ധം നഷ്ടമായി. ചൂട് തന്നിൽ നിന്നും അകന്നു പോയ പോലെ. അവൻ കോളിംഗ് ബെല്ലടിച്ചു.
ജാൻസി വന്ന് വാതിൽ തുറന്നു. ഹാളിലെ ചാരു കസേരയിൽ മലർന്ന് കിടന്ന് ടിവി കാണുകയാണ് പൗലോ മാപ്ല.
“നീ എന്താടാ ചെക്കാ ഈ സമയത്ത്. “
“സൈമൺ ചേട്ടൻ പറഞ്ഞിരുന്നു, അപ്പച്ചന് കൂട്ട് വന്ന് കിടക്കണേയെന്ന്. “
“അതെന്താ അവൻ്റെ അപ്പനെ ആരേലും പിടിച്ചു കൊണ്ട് പോകുമോ. അവൻ്റെ പെണ്ണുമ്പിള്ളയ്ക്ക് കൂട്ടിന് വിളിച്ചതാകും. “
ജാൻസി പൗലോയുടെ മുന്നിൽ വച്ച് വളരെ ഔപചാരികമായി ഗബ്രിയേലിനോട് പെരുമാറി.
“നീ അത്താഴം കഴിച്ചായിരുന്നോ. വന്നാൽ ചോറും പുഴമീനും കഴിക്കാം. “
അടുക്കളയിൽ ഇരുന്ന് ജാൻസി നൽകിയ ഭക്ഷണം ഗബ്രിയേൽ കഴിച്ചു.
“നിനക്ക് മീൻ ഇഷ്ടമാണെന്ന് എനിക്കറിയാം. “
“ഞാൻ ബ്രഡും ഇറച്ചിയും കഴിച്ചാണ് വന്നത്. “
“സാരമില്ല വളരുന്ന പ്രായമല്ലേ. ഈ പ്രായത്തിൽ നീ നല്ലത് പോലെ ഭക്ഷണം കഴിക്കണം. “
ഗബ്രിയേൽ അവളെ നോക്കി പുഞ്ചിരിച്ചു.
“നിന്നെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഈ കിളവൻ്റെ കൂടെ ഈ വീട്ടിൽ തനിയെ പറ്റില്ല. അയാൾക്ക് ജോലിക്കാരിയും മരുമകളും… അങ്ങനെ വേർതിരിവ് ഒന്നുമില്ല. “
ഒമ്പതര ആയപ്പോൾ പൗലോ മാപ്ല കിടക്കാനായി മുറിയിൽ കയറി വാതിലടച്ചു. മരുമകളോട് ഒരു പായും തലയിണയും പുറത്തു വിരിക്കാൻ ഏർപ്പാടാക്കിയിട്ടാണ് അയാൾ പോയത്.
ജാൻസി പായും തലയിണയും കൊടുക്കുമ്പോൾ ഗബ്രിയേലിനെ ഉറ്റ് നോക്കി.
“നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയില്ലല്ലോ അല്ലേ. “
“ഏയ്. “
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ ബെഡ് റൂം ജനലിൽ തട്ടിയാൽ മതി. “
ഗബ്രിയേലിന് ഉറക്കം വന്നതേയില്ല. അവൻ്റെ മനസ്സ് നിറയെ അഞ്ജാതനായ പാതിരിയുടെ ഓർമ്മകൾ ആയിരുന്നു.
“ആരാണയാൾ. മാമായിയുടെ അടുപ്പക്കാരൻ? അതോ ഗുരു. “
പെട്ടെന്ന് ഇടിവെട്ടി മഴ പെയ്തു. കോരിച്ചൊരിയുന്ന മഴ. പകലത്തെ ചൂട് നല്ല കൊടും തണുപ്പിലേക്ക് മാറി.
ഗബ്രിയേലിന് കൊടും മഴയത്ത് വീടിൻ്റെ വരാന്തയിൽ കിടന്ന ഓർമ്മ വന്നു. നല്ല തണുപ്പ്, വിറയ്ക്കുന്ന ശരീരം. ജാൻസി ചേച്ചി പറഞ്ഞ പോലെ ജനലിൽ തട്ടിയാലോ.
പെട്ടെന്ന് ആരോ അടുത്ത് വന്നത് പോലെ.
“ഗബ്രിയേലെ എഴുന്നേൽക്കൂ. അകത്ത് പോയി കിടക്കാം. ഈ മഴയത്ത് ഇവിടെ കിടന്നാൽ ജലദോഷം പിടിക്കും. “
ജാൻസിയുടെ കൂടെ പായും ചുരുട്ടി ഗബ്രിയേൽ അകത്തേക്ക് നടന്നു. അവളവനെ തൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.
“എനിക്ക് ഉറക്കം വരുന്നില്ല ഗബ്രിയേലെ. നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം. “
“ഇവിടെയോ. ആ മാപ്ല എങ്ങാനും എഴുന്നേറ്റു വന്നാൽ തീർന്നു. എൻ്റെ ജോലി പോയി കിട്ടും. “
“അയാൾ ഇനി രാവിലെ മാത്രമേ ഉണരൂ. പ്രഷറിൻ്റെ മരുന്ന് കഴിച്ചാൽ ബോധമില്ലാതെ ഉറങ്ങും. ഞാൻ ഒന്ന് രണ്ട് തവണ പരീക്ഷിച്ചു നോക്കിയതാണ്. “
ജാൻസി ഗബ്രിയേലിന് മുഖാമുഖമായി കട്ടിലിൽ ഇരുന്നു.
“എന്ത് പറ്റിയെടാ, വന്നപ്പോൾ ചോദിക്കണമെന്ന് കരുതിയതാണ്. എന്താ നിൻ്റെ മുഖത്തിനൊരു വാട്ടം. “
ഒന്നുമില്ലെന്ന് ഗബ്രിയേൽ തലയാട്ടി. ജാൻസി ബലമായി അവനെ തൻ്റെ മടിയിൽ പിടിച്ചു കിടത്തി.
“എന്തായാലും പറ. നിന്നെ എനിക്ക് അത്ര ഇഷ്ടമായത് കൊണ്ടല്ലേ. “
“മ് മം. “
“നിനക്ക് എന്നെ ഇഷ്ടമല്ലേ ഗബ്രിയേലെ. “
“ഇഷ്ടമാണ്. ഒത്തിരി ഇഷ്ടമാണ്. പക്ഷെ അത് മറ്റുള്ളവർ അറിഞ്ഞാലുള്ള പ്രശ്നം ജാൻസി ചേച്ചിക്ക് അറിയില്ലേ. “
“ആരറിയാൻ. നമ്മളല്ലാതെ ആരുമറിയണ്ട ഗബ്രിയേലെ. നീ എന്നെ ചേച്ചി എന്ന് വിളിക്കല്ലേ. ജാൻസി എന്ന് വിളിച്ചാൽ മതി. നമ്മളാദ്യം കണ്ട ദിവസം നിനക്ക് ഓർമ്മയുണ്ടോ. “
“ഉണ്ട്, വെള്ള സാരിയുടുത്ത ഒരു മാലാഖ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എൻ്റെയടുത്തേക്ക് ഒഴുകി വന്നു. “
തൻ്റെ മടിയിൽ കിടക്കുന്ന ഗബ്രിയേലിൻ്റെ മുടിയിഴകൾ അവൾ തഴുകി. അവന് നല്ല സന്തോഷം തോന്നി. ഇത് പോലെ ആരുമവനെ മുമ്പ് സ്നേഹിച്ചിട്ടില്ല. അവനവളുടെ കൈകളിൽ ചുംബിച്ചു. അവൻ അവളുടെ മടിയിൽ കമഴ്ന്നു കിടന്നു. അവൻ്റെ കണ്ണീര് കൊണ്ട് അവളുടെ വസ്ത്രങ്ങൾ നനഞ്ഞു.
“മതി കരഞ്ഞത് ഇനി കാര്യം പറ. “
മാമായിയുടെ ഉദ്ദ്യേശത്തെക്കുറിച്ചും വീട്ടിൽ വന്ന് പോയ അജ്ഞാതനായ പാതിരിയെക്കുറിച്ചും അവൻ ജാൻസിയോട് പറഞ്ഞു. എന്നിട്ടും കണ്ണപ്പൻ്റെ കാര്യം അവൻ രഹസ്യമായി സൂക്ഷിച്ചു.
“ആൺകുട്ടികൾ കരയാൻ പാടില്ല. എന്നെ സൈമൺ ഉപദ്രവിക്കുമ്പോൾ എനിക്ക് നിന്നെ ഓർമ്മ വരും. ഈ ദുരിതത്തിൽ നിന്നും എന്നെ രക്ഷിക്കാൻ വരുന്ന മാലാഖ നീയാണെന്ന് ഞാൻ സ്വപ്നം കണ്ടു. “
അവൾ തൻ്റെ നിശാ വസ്ത്രം അവനെ ഊരി കാണിച്ചു. അവളുടെ മുതുകത്തും മാറിടത്തിലും സിഗററ്റ് കൊണ്ട് പൊള്ളിച്ച നിരവധി പാടുകൾ, ദന്ത ക്ഷതങ്ങൾ.
“എന്താ ഇതൊക്കെ. “
“നിൻ്റെ സൈമൺ ചേട്ടായിയുടെ തമാശകൾ. അയാൾക്ക് ഈ കിടപ്പ് മുറിയിൽ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല. അയാൾക്ക് പുരുഷൻമാരെയാണ് ഇഷ്ടം. ഈ മാസാമാസമുള്ള വനത്തിലെ വേട്ടയൊക്കെ വെറുമൊരു നാടകമാണ്. ഇവിടുന്ന് മംഗലാപുരം, ഊട്ടി ഒക്കെ കറങ്ങാൻ പോകാൻ. “
“ജാൻസി ചേച്ചിക്ക് ഇതൊക്കെ വീട്ടിൽ പറഞ്ഞ് കൂടെ. ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കൂടെ. “
“വെറുമൊരു ചായക്കട നടത്തിയ എൻ്റെ കുടുംബം ഇപ്പോൾ കഴിയുന്നത് സൈമൺ നൽകുന്ന പണം കൊണ്ടാണ്. ഒരിക്കൽ ഞാൻ പോയതാണ്, അപ്പൻ എന്നെ മടക്കി അയച്ചു. ഈ പണവും സുഖവും ഒക്കെ വേണ്ടെന്ന് വയ്ക്കാൻ അപ്പനും ആങ്ങളയും തയാറല്ല. അമ്മച്ചിക്ക് വിഷമം ഉണ്ട്, പക്ഷേ കാര്യമില്ല. “
ഗബ്രിയേൽ അവളുടെ മുറിവിലൂടെ തലോടി.
“ഇനി ജാൻസിയെ സൈമൺ ഉപദ്രവിക്കില്ല. അയാളുടെ കൈ ഇനി നിൻ്റെ നേരെ പൊങ്ങില്ല. “
ആ പൊടി മീശക്കാരൻ്റെ മുഖത്ത് ഗൗരവഭാവം വന്നു.
“അത് മതി ഗബ്രിയേൽ, ഇനി എന്നെ അയാൾ ഉപദ്രവിക്കരുത്. “
അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കിടന്ന് ഗബ്രിയേൽ എപ്പോഴോ ഉറങ്ങി പോയി. ഉണർന്നപ്പോൾ ജാൻസി അടുത്തില്ല.
ചൂട് ചായയുമായി വന്ന് ജാൻസി അടുത്തിരുന്നു. തൻ്റെ ശരീരത്തിന് ജാൻസി യുടെ മണമാണെന്ന് ഗബ്രിയേലിന് മനസ്സിലായി.
“അപ്പച്ചൻ ഉണരാറായി. ജോലിക്കാരി ഇപ്പോൾ വരും. നീ പെട്ടെന്ന് പൊയ്ക്കോ ഗബ്രിയേലെ. “
ഗബ്രിയേൽ പെട്ടെന്ന് വേഷം ധരിച്ചു. അവനവളെ ചേർത്ത് പിടിച്ചു.
“വിഷമിക്കണ്ട, മുറിവൊക്കെ പെട്ടെന്ന് ഉണങ്ങും. “
ജാൻസിയുടെ കണ്ണുകൾ നിറഞ്ഞു.
“കരയല്ലേ, ഇത് കണ്ട് കൊണ്ട് എനിക്ക് പോകാൻ കഴിയില്ല. “
“സൈമണിൻ്റെ മുന്നിൽ നീ പഴയ പോലെ തന്നെയാകണം. അയാൾക്ക് സംശയം ഒന്നും ഉണ്ടാകരുത്. “
ഗബ്രിയേൽ ബൈക്കിൽ കയറി പോകുന്നത് ജാൻസി നോക്കി നിന്നു. തൻ്റെ ഇളയ അനിയൻ്റെ പ്രായമേയുള്ളൂ. പക്ഷെ തൻ്റെ സ്വപ്നങ്ങളിൽ രക്ഷകനായി വരുന്നത് ഗബ്രിയേലാണ്. അവൻ്റെ കണ്ണുകൾ താൻ വ്യക്തമായി കണ്ടതാണ്.
“തൻ്റെ ദൈവദൂതൻ. “
ഗബ്രിയേൽ പെരേരയെ അന്വേഷിച്ച് രാവിലെയും വീട്ടിലും ചായ കടയിലും പോയി നോക്കി. അയാളെ എവിടെയും കാണാൻ കഴിഞ്ഞില്ല.
ചതുപ്പിൽ ഇറങ്ങി ഇലകൾ പറിക്കുന്ന ജോലി തുടങ്ങിയപ്പോഴാണ് പിന്നിൽ ഒരു വിളി കേട്ടത്.
“ഗബ്രിയേൽ… “
ഗബ്രിയേൽ തിരിഞ്ഞു നോക്കി. പെരരയാണ്, സാധാരണ ചെരുപ്പുമിട്ട് ചതുപ്പിലിറങ്ങാൻ മടിച്ചു നിൽക്കുകയാണ്.
ഗബ്രിയേൽ ഇല നിറച്ച കുട്ട തോളിൽ വച്ച് തിരികെ നടന്നു.
“എന്തിനാ എന്നെ അന്വേഷിച്ചു വന്നത്. “
“ഇന്നലെ രാത്രിയിൽ നിങ്ങൾ ഏതവളുടെ കൂടെയായിരുന്നു. “
പെരേര ഗബ്രിയേലിനെ മണത്ത് നോക്കി.
“എനിക്ക് തെറ്റില്ല. നീ ആരുടെ കൂടെയായിരുന്നു. പെണ്ണിൻ്റെ ചൂര്, പെരേരയ്ക്ക് തെറ്റില്ല. “
ഗബ്രിയേൽ ദേഷ്യപ്പെട്ടു.
“നീ ഇപ്പോൾ പറയണ്ട ഗബ്രിയേലെ. നീ നല്ല കൊച്ചനാ, പെണ്ണിൻ്റെ കണ്ണീര് വീണാൽ ജീവിതം നശിക്കും. അനുഭവം കൊണ്ട് പറഞ്ഞതാ. അത് വിട് നീ എന്നെ അന്വേഷിച്ചു വന്ന കാര്യം പറ. “
ഗബ്രിയേൽ മാമായിയുടെ മുറിയിൽ നിന്നും ഇറങ്ങി പോയ ഇരുണ്ട വസ്ത്രം ധരിച്ച രൂപത്തെ കുറിച്ച് വിശദമായി പറഞ്ഞു.
പെരേര ഒരു നിമിഷം ആലോചിച്ചു നിന്നു.
“അയാൾ ചൂരൽ മല കയറി പോയെന്നോ?. കൊന്തയിൽ തല കീഴായ കുരിശ്ശോ, അത് മാർട്ടിൻ അച്ചൻ ആയിരിക്കും. നമ്മുടെ ഇവിടത്തെ പോർട്ടുഗീസ് കമ്മ്യൂണിറ്റിയെ നശിപ്പിച്ചത് അയാളാണ്. സൂക്ഷിക്കണം ഗബ്രിയേലെ. ഡാനിയേല, അവളുടെ കന്യകാത്വം, അത് പ്രശ്നമാണ്. “
“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല പെരേര. “
“നേരം വെളുത്തതല്ലേയുള്ളൂ. നീ പെട്ടെന്ന് വീട്ടിലേക്ക് പോകൂ. കടയിലെ കാര്യം ഞാൻ നോക്കി കൊള്ളാം. “
“സൈമൺ ചേട്ടൻ സ്ഥലത്ത് ഇല്ലാതെ. “
“നിന്നോട് ഡാനിയേലയെ പോയി നോക്കാനല്ലേ ഞാൻ പറഞ്ഞത്. “
പെരേരയെ കടയിൽ നിർത്തി ബൈക്കുമെടുത്ത് ഗബ്രിയേൽ വീട്ടിലേക്ക് പാഞ്ഞു.
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -10 - By Nisha Pillai - കൂട്ടക്ഷരങ്ങൾ