ഗബ്രിയേലിനെ കണ്ട് ജാൻസി അതീവ സന്തോഷവതിയായി. അവൾ ഗബ്രിയേലിനടുത്തേക്ക് ഓടി വന്നു.
“നിങ്ങളെന്താ ഇവിടെ ഈ നേരത്ത്, ജാൻസി ചേച്ചി ഇവിടെ.”
“ജാൻസി ചേച്ചി മല കയറി വരുന്നത് കണ്ട് ഞാൻ കൂടെ കൂട്ടിയതാണ്, നിന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ…”
ഗബ്രിയേലിൻ്റെ ശ്രദ്ധ മുഴുവൻ റീത്തയിലായിരുന്നു. തൻ്റെ അങ്കിളായ ഡെന്നിസിൻ്റെ മകളാണ് റീത്ത എന്ന് അറിഞ്ഞതിന് ശേഷം ആദ്യമായാണ് അവളെ നേരിൽ കാണുന്നത്.
“”ഗബ്രിയേലെ, ഞാൻ പോകുവാണ്. ഇപ്പോൾ പഴയ പോലെയല്ല, വൈകിയാൽ അമ്മച്ചി ഭയങ്കര സീനാണ്, നിൻ്റെ പെരേരയുടെ സ്വാധീനമാണ് കാരണം.”
“ശരി ശരി നീ പൊയ്ക്കോ, ഞാൻ മടങ്ങി വന്നാൽ നമുക്ക് കാണാം.”
“നീയെവിടെ പോകുന്നു.”
“ഡാനിയേലയെ രക്ഷിക്കാൻ ചൂരൽ മലയിലേക്ക്, അതിനിടയിൽ ജാൻസി ചേച്ചിയെ കൂടെ.”
റീത്ത മടങ്ങി പോയി.
ജാൻസിയെ കണ്ടെങ്കിലും ഈ സമയത്ത് അവൾ മല കയറി വന്നതിൻ്റെ ഗൗരവം അപ്പോഴാണവൻ ഓർത്തത്.
“ചേച്ചി എന്താ ഇവിടെ, അതും ഈ സമയത്ത്. ഞാൻ ചൂരൽമലയിലേക്കുള്ള യാത്രയിലാണ്. ചേച്ചി റീത്തയോടൊപ്പം മടങ്ങി പോകൂ. എനിക്ക് ഡാനിയേലയെ രക്ഷിക്കണം. ഉടനെ പോയേ തീരൂ.”
“ഞാനും വരുന്നു ഗബ്രിയേലിനൊപ്പം ചൂരൽ മലയിലേക്ക്. എനിക്കിനി തിരികെ പോകാൻ കഴിയില്ല, ഞാൻ സൈമൺ അച്ചായനോട് വഴക്കിട്ടാണ് വന്നിരിക്കുന്നത്.”
“എന്തിന്?, ഈ സമയത്ത്, ചേച്ചിയെ എനിക്ക് കൂടെ കൂട്ടാൻ പറ്റില്ല.”
“ഞാനും വരുന്നു ഗബ്രിയേലെ. ജീവിതമായാലും മരണമായാലും നിന്നോടൊപ്പം ഞാനുമുണ്ട്. നീ എനിക്ക് വാക്ക് തന്നതല്ലേ കൂടെ കൂട്ടാം എന്ന്. ആ നരകത്തിൽ നിന്നും രക്ഷിക്കാമെന്ന്.”
ജാൻസി കരയാൻ തുടങ്ങി.
“ജാൻസീ….”
ഗബ്രിയേൽ എന്തോ ആലോചിച്ചുറപ്പിച്ചു.
ജാൻസി ഗബ്രിയേലിനെ തലയുയർത്തി നോക്കി.
“നമ്മൾ ചെന്ന് കയറാൻ പോകുന്നത് വലിയൊരു അപകടത്തിലേക്കാണ്. കൂടെ വരാനുള്ള ചങ്കുറപ്പ് ഉണ്ടെങ്കിൽ മാത്രം… വന്നോളൂ.”
ഗബ്രിയേലിൻ്റെ കൈ പിടിച്ചു ജാൻസി നടന്നു. കട്ട പിടിച്ച ഇരുട്ട്, ചെരിഞ്ഞ പാതകൾ, രണ്ട് വശത്തും കാട്ട് പൊന്തകൾ, ചീവിടുകളുടെ ശബ്ദം, ദൂരെ മിന്നി മറയുന്ന മിന്നാമിനുങ്ങുകൾ. കുറച്ച് ദൂരം മാത്രമേ വീതിയുള്ള വഴി ഉണ്ടായിരുന്നുള്ളൂ. പിന്നീട് കുത്തനെയുള്ള ഒറ്റയടി പാതയാണ്. ഗബ്രിയേലും ജാൻസിയും മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ പരമാവധി വേഗത്തിൽ നടന്നു.
കാട്ടിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നു. ആദ്യമായിട്ടായത് കൊണ്ട് ജാൻസിയ്ക്ക് നല്ല പേടി തോന്നി. കാടും പരിസരവും ശ്രദ്ധിച്ചു കൊണ്ടാണ് ഗബ്രിയേൽ ഓരോ ചുവടും വച്ചത്.
ജാൻസിയുടെ സാന്നിധ്യം ആദ്യമൊരു ബാധ്യതയായി തോന്നിയെങ്കിലും, ഇപ്പോൾ അവൾ അവനൊരു ആശ്വാസമായി, കൂട്ടായി.
തൊട്ട് പിറകിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി, ഏതോ വന്യമൃഗങ്ങൾ പാഞ്ഞ് പോകുന്നു. കൂരിരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ പലയിടത്തും കാണാനായി. ഭയം മൂലം ജാൻസി ഗബ്രിയേലിനെ മുറുകെ പിടിച്ചു.
മലകയറ്റം പകുതി ദൂരം പിന്നിട്ടില്ല. അപ്പോഴേക്കും രണ്ട് പേരും തളർന്നിരുന്നു.
കുറച്ച് കൂടെ മുന്നോട്ടു നടന്നപ്പോൾ ചൂരൽ മല ദൃശ്യമായി. ദൂരെ പ്രൗഡിയോടെ പഴയ പള്ളി തലയുയർത്തി നിൽക്കുന്നത് കാണാം.
“ആ കാണുന്നതാണോ ചൂരൽ മല.”
ജാൻസി ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ഗബ്രിയേൽ നോക്കി. അവൻ്റെ കണ്ണുകൾ ഒരു ഭാഗത്ത് തറച്ചു നിന്നു. ചുവപ്പ് നിറത്തിൽ തെളിഞ്ഞ് കാണുന്നത് ആളിക്കത്തുന്ന അഗ്നിയാണെന്ന് മനസ്സിലായി.
“മാമായി പൂജ തുടങ്ങി, നമ്മൾ വൈകി പ്പോയി.”
ഇനി കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള കയറ്റമാണ്. നടന്ന് കിതച്ചപ്പോൾ അവർ വിശ്രമിക്കാൻ ഇടവേളകൾ കണ്ടെത്തി. ജാൻസി തോൾ ബാഗിൽ നിന്നും വെള്ളവും ബണ്ണും എടുത്ത് ഗബ്രിയേലിന് കഴിക്കാൻ നൽകി.
ഗബ്രിയേലും ജാൻസിയും വേഗത്തിൽ മല കയറി. അവൾ ഉരുണ്ട് വീണത് അറിയാതെ ഗബ്രിയേൽ ഓടി.
പിറകിലൊരു ശബ്ദം കേട്ടാണ് ഗബ്രിയേൽ തിരിഞ്ഞു നോക്കിയത്. ജാൻസിയെ കാണാനില്ല.
“ജാൻസി ചേച്ചി…”
എവിടുന്നോ ഞെരക്കം കേട്ടു. താഴെ കമിഴ്ന്ന് വീണ് കിടക്കുകയാണ് ജാൻസി. ഗബ്രിയേൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“എന്നെ തള്ളിയിട്ടതാണ്.”
“ആര്.”
“ഒരു കറുത്ത രൂപം. പിന്നിൽ നിന്നും എൻ്റെ മുടിയിൽ പിടിച്ചു വലിച്ചു.”
തനിക്ക് മാന്ത്രിക രക്ഷാകവചം ഉണ്ട്. തന്നെ ഒന്നും ചെയ്യാൻ പൈശാചിക ശക്തികൾക്കാകില്ല. പക്ഷേ ജാൻസി ചേച്ചി ആപത്തിലാണ്. അവരെ സംരക്ഷിച്ചേ മതിയാകൂ.
തൻ്റെ കഴുത്തിൽ കിടന്ന താലിസ്മാൻ ഊരി ജാൻസിയുടെ കഴുത്തിലിട്ടു.
“ജീവനാണ് പ്രധാനം. വിശ്വാസം രണ്ടാമത്, ഇപ്പോൾ ഇത് കഴുത്തിൽ ഇടൂ.”
ജാൻസിയുടെ കയ്യിൽ പിടിച്ചു ഗബ്രിയേൽ വേഗം നടന്നു. കാട്ടുപാത പിന്നിട്ട് അവർ ഒരു തുറസ്സായ പ്രദേശത്ത് എത്തി ചേർന്നു. മുന്നിൽ പഴമയുടെ ഗാംഭീര്യത്തോടെ ഇടിഞ്ഞ് പൊളിഞ്ഞ ചൂരൽ മല പള്ളി കാണാം. അവർ നിൽക്കുന്ന സ്ഥലത്ത് കാടിൻ്റെയോ മരങ്ങളുടെയോ മറവില്ല.
ആരുടെയും ദൃഷ്ടിയിൽ പെടാതെ ഒളിഞ്ഞിരിക്കാൻ സാഹചര്യമില്ല. ഗബ്രിയേൽ നിലത്ത് കമഴ്ന്നു കിടന്നു ജാൻസിയോടും തന്നെ അനുകരിക്കാൻ പറഞ്ഞു. രണ്ട് പേരും ഇരുട്ടിൻ്റെ മറവിൽ മുട്ടു കാലിൽ മുന്നോട്ട് ഇഴഞ്ഞു.
ഇടിഞ്ഞ് പൊളിഞ്ഞ പള്ളിയുടെ ഭിത്തിയിൽ ചാരി ഇരുന്നു കിതച്ചു. അടുത്തെങ്ങും ആരുമില്ലാത്തതിനാൽ അവർ ഭിത്തിയുടെ ഓരം ചേർന്ന് നടന്നു. പള്ളിയുടെ മുന്നിലൊരു പന്തം കൊളുത്തി വച്ചിരുന്നു, അതാണ് അഗ്നി കുണ്ഠം പോലെ തോന്നിയത്. അതിൻ്റെ വെളിച്ചത്തിൽ അവിടമാകെ കാണാമായിരുന്നു. വൃത്തിയാക്കിയ, പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ശവകുടീരം മുന്നിൽ ദൃശ്യമായി. അതിന് മുന്നിൽ തല കുമ്പിട്ടു നിൽക്കുന്ന ഡാനിയേല. തൊട്ടടുത്ത് പൂജയിൽ മുഴുകി ഫ്രാൻസിസ്ക.
മന്ത്രണങ്ങളോടെ ശവകുടീരത്തിന് നാലു വശത്തും ഫ്രാൻസിസ്ക മെഴുകുതിരികൾ കത്തിച്ചു വയ്ക്കുകയാണ്.
വെളുത്ത മാർബിളിൽ ചിത്ര തുന്നലോട് കൂടിയ വെളുത്ത തുണി വിരിച്ചു. ഭക്ഷണ വസ്തുക്കളും മദ്യവും അതിൽ നിരത്തി വച്ചു. സുഗന്ധമുള്ള വസ്തുക്കൾ പുകച്ചു. ഡാനിയേലയെ അതിന് മുന്നിൽ കൊണ്ട് നിർത്തി.
പൂജകളും മന്ത്രണങ്ങളും കൂടുതൽ ഉച്ചത്തിലായി. ചുറ്റും ഇളം കാറ്റ് വീശാൻ തുടങ്ങി. കാറ്റിൽ മെഴുകുതിരി നാളങ്ങൾ ആടി ഉലയാൻ തുടങ്ങി. കാറ്റ് കൂടുതൽ ശക്തമായി. മെഴുകുതിരികൾ ഓരോന്നായി അണഞ്ഞ് തുടങ്ങി. ചുറ്റും ഇരുട്ട് പരന്നു, മങ്ങിയ വെളിച്ചം മാത്രമായി.
ഫ്രാൻസിസ്ക, ഡാനിയേലയുടെ അടുത്ത് ചെന്ന് അവളുടെ വെളുത്ത ഗൗൺ അഴിക്കാൻ നോക്കി. അത് വരെ അനുസരണയോടെ നിന്ന ഡാനിയേല ഒരു പെൺ പുലിയെ പോലെ മാമായിയോട് ചീറ്റി. ഡാനിയേലയും ഫ്രാൻസിസ്കയും തമ്മിൽ പിടിയും വലിയുമായി.
പെട്ടെന്ന് പള്ളി മുറ്റത്ത് കത്തി നിന്നിരുന്ന തീ പന്തം അണഞ്ഞു. അവിടമാകെ പൂർണമായും ഇരുട്ടിലായി. ഫ്രാൻസിസ്കയെ ആരോ നിലത്തേക്ക് തള്ളിയിട്ടു. അവിടെ കിടന്ന് ഫ്രാൻസിസ്ക പുലമ്പാൻ തുടങ്ങി.
“ഡാലിയ പൂക്കളുടെ രാജാവേ, നിത്യതയിൽ വാഴുന്നവനെ, ആകാശവും ഭൂമിയും ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്നവനെ, നിൻ്റെ അനുചരൻമാരെ, നശിപ്പിക്കാൻ വരുന്ന ഏതൊരു ജീവനേയും ഞങ്ങളുടെ പാതകളിൽ നിന്നും എന്നെന്നേക്കും ഒഴിവാക്കി ഞങ്ങളെ ശക്തിപ്പെടുത്തേണമേ, എഡ്വേർഡിൻ്റെ ദാസർക്ക് വഴികാട്ടണമേ.”
ഫ്രാൻസിസ്ക പുലമ്പി.
കീറിയ വസ്ത്രം ധരിച്ച ഡാനിയേല തൻ്റെ രണ്ടു കൈകൾ കൊണ്ടും നെഞ്ച് മറച്ചു. അവളെ പിടിച്ച ബലിഷ്ഠമായ കൈകൾ അവൾ തള്ളി മാറ്റാൻ ശ്രമിച്ചു. പരിചിതമായ ശബ്ദം അവൾ കേട്ടു.
“ഡാനിയേല പേടിക്കണ്ട, ഇത് ഞാനാണ്. ജാൻസിയുടെ കൂടെ പൊയ്ക്കോളൂ.”
“ഗബ്രിയേൽ…”
ഒരു സ്ത്രീ അവളെ ഇരുട്ടിലേക്ക് മാറ്റി നിർത്തി. പെട്ടെന്ന് ഗബ്രിയേലിൻ്റെ അലർച്ച കേട്ടു. ജാൻസി ഡാനിയേലയേയും കൊണ്ട് തകർന്ന പള്ളിയുടെ അകത്തേക്ക് ഓടി കയറി. ഇരുട്ടിൽ തപ്പി തടഞ്ഞു അവർ പൊളിഞ്ഞ അൾത്താരയിൽ ഒളിച്ചിരുന്നു.
തലയിൽ കനത്ത അടി കിട്ടിയ ഗബ്രിയേൽ തിരിഞ്ഞു നോക്കി. പിന്നിലൊരു കറുത്ത രൂപം, തലയും മുഖവും മറച്ച ഒരു രൂപം. ആ രൂപത്തിൻ്റെ കയ്യിൽ ഒരു ഇരുമ്പിൻ്റെ ആയുധം. മൂന്ന് കൂർത്ത വശങ്ങളുള്ള ആയുധം അയാൾ ഗബ്രിയേലിന് നേരെ ആഞ്ഞ് വീശി. ഗബ്രിയേൽ കിടന്ന സ്ഥലത്ത് നിന്നും ഉരുണ്ട്, ഒഴിഞ്ഞു മാറി. അയാൾ മുന്നോട്ട് ആഞ്ഞു, ആ ശക്തിയിൽ ആയുധം മണ്ണിൽ തറച്ചു.
അയാളത് ഊരിയെടുക്കാൻ ശ്രമിച്ചപ്പോഴേക്കും ഗബ്രിയേൽ അയാളെ കടന്ന് പിടിച്ചിരുന്നു. രണ്ട് പേരും തമ്മിൽ മൽപ്പിടുത്തമായി. മണ്ണിൽ കിടന്ന് ഉരുളുന്നതിനിടയിൽ അയാളുടെ മുഖം മറച്ചിരുന്ന മാസ്ക് ഊരി മാറ്റാൻ ഗബ്രിയേൽ ശ്രമിച്ചു കൊണ്ടിരുന്നു. ഗബ്രിയേലിൻ്റെ കൈകളിൽ അയാൾ ശക്തമായി ഇടിച്ചു.
ഗബ്രിയേൽ പിടിവിട്ടില്ല, ആരാണ് മുഖംമൂടിക്ക് പിന്നിലെന്നറിയാൻ അവന് ആകാംക്ഷ ആയി. മുഖംമൂടിയിൽ പിടിച്ച് ഊരാൻ ശ്രമിച്ചതും പിന്നിൽ നിന്ന് തലയ്ക്ക് അടി കിട്ടിയതും ഒരുമിച്ചായിരുന്നു.
അടി കൊണ്ട് ഗബ്രിയേൽ നിലത്ത് വീണു. അതോടെ അവൻ്റെ ബോധം പോയി. കയ്യിൽ വലിയൊരു മര കഷണവുമായി ഫ്രാൻസിസ്ക നിൽക്കുകയാണ്.
“വെൽഡൺ ടിയാ.”
“ചടങ്ങുകൾ പൂർത്തിയാക്കണം.”
ഇതൊന്നുമറിയാതെ അൾത്താരയിലെ ഇരുട്ടിന് മറവിൽ ഗബ്രിയേലിനെ കാത്തിരിക്കുകയാണ് ഡാനിയേലയും ജാൻസിയും.
വലിയൊരു ചാട്ടവാർ ഫ്രാൻസിസ്ക ആ രൂപത്തിന് നേരെ നീട്ടി. ഒരു കയ്യിൽ ചാട്ടവാറുമായി നിന്ന ആ മനുഷ്യൻ ഗബ്രിയേലിനെ മണ്ണിലൂടെ വലിച്ചിഴച്ചു. കല്ലുകൾ നിറഞ്ഞ കട്ടിയായ നിലത്തൂടെ വലിച്ചിഴച്ചപ്പോൾ ഗബ്രിയേൽ വേദനയോടെ ഞെരങ്ങി.
അയാൾ അന്തരീക്ഷത്തിൽ ചാട്ടവാറുഴറ്റി, ചാട്ടവാറിൻ്റെ ഭീകര ശബ്ദം അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. ആഞ്ഞടിച്ച കാറ്റ് പോലും അത് കേട്ട് നിശബ്ദമായി.
ആദ്യത്തെ അടിയിൽ തന്നെ ഗബ്രിയേൽ നിലത്ത് നിന്നും ചെറുതായി ഉയർന്ന് പൊങ്ങി. അവൻ്റെ നിലവിളിയിൽ, പള്ളിയിലെ ഉത്തരത്തിൽ തൂങ്ങി കിടന്നു വവ്വാലുകൾ ഭീകരത സൃഷ്ടിച്ചു പറന്നകന്നു.
ഗബ്രിയേലിൻ്റെ നിലവിളി കേട്ട് ഡാനിയേല പൊട്ടിക്കരഞ്ഞു. ജാൻസിക്ക് തടയാൻ കഴിയുന്നതിന് മുമ്പേ അവൾ മുന്നോട്ട് കുതിച്ചു. ഒന്ന്, രണ്ട്, മൂന്ന്…. നാലാമത്തെ അടി വയ്ക്കുന്നതിന് മുമ്പ് ഡാനിയേല അപ്രത്യക്ഷയായി. കല്ലും ഇഷ്ടികയും താഴേക്ക് വീഴുന്ന ശബ്ദം മാത്രം. ഏതോ അഗാധതയിൽ ഡാനിയേല മറഞ്ഞു.
ഇരുട്ടിൽ ജാൻസി അവിടെയൊക്കെ തപ്പി തടഞ്ഞു. ഡാനിയേലയെ കാണാനില്ല.
“ഡാനിയേലാ…”
ജാൻസി വിതുമ്പി കരഞ്ഞു. അവൾ ഇരുട്ടിൽ തപ്പി തടഞ്ഞു പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു. കഴുത്തിൽ കിടന്ന കൊന്തയിലെ തിരുരൂപത്തിൽ അവൾ മുറുകെ പിടിച്ചു. ഒരു കൈ താലിസ്മാനിൽ തൊട്ടു.
“കർത്താവേ.”
മുറ്റത്തെ മങ്ങിയ വെളിച്ചത്തിൽ ഗബ്രിയേലിനെ അവൾ കണ്ടു. തൊട്ടടുത്ത് നിന്ന സ്ത്രീ രൂപത്തെ അവൾ കണ്ടു. ഫ്രാൻസിസ്ക, എന്തൊരു സ്ത്രീയാണിവർ, സ്വന്തം മകനെ ക്രൂശിക്കാൻ അവർ കൂട്ട് നിൽക്കുകയാണ്.
അപ്പോഴേക്കും ചാട്ടവാർ അന്തരീക്ഷത്തിൽ ഒരിക്കൽ കൂടി ഉയർന്ന് താഴ്ന്നു.
“അപ്പാ…”
ഗബ്രിയേൽ നിലവിളിച്ചു. ജാൻസി ആ രൂപത്തെ ശ്രദ്ധിച്ചു, ആറടിയിൽ കൂടുതൽ പൊക്കമുള്ള ഒരു മനുഷ്യരൂപം. മുഖം വന്യമായ ഒരു മുഖംമൂടി കൊണ്ട് മറച്ചിരിക്കുന്നു.
നിലത്ത് വീണ് കിടന്ന ഗബ്രിയേലിനെ അയാൾ തൂക്കി എടുത്തു. അയാളും ഫ്രാൻസിസ്കയും കൂടെ ഗബ്രിയേലിനെ കല്ലറയ്ക്ക് മുന്നിൽ നാട്ടിയ കുരിശിൽ ചേർത്ത് നിർത്തി, കൈകാലുകൾ കെട്ടി വച്ചു. ഗബ്രിയേലിൻ്റെ വായിൽ നിന്നും രക്തവും ഉമിനീരും ഇറ്റിറ്റു വീണു.
“ടിയാ ഡാനിയേലയെ കൂട്ടി കൊണ്ട് വരൂ. അവൾ ഒറ്റയ്ക്കല്ല. മറ്റൊരു പെണ്ണും കൂടെയുണ്ട്.”
തറയിൽ കിടന്ന ചാട്ടവാറും കയ്യിലെടുത്തു ഫ്രാൻസിസ്ക ചർച്ചയിലേക്ക് നടന്നു. തകർന്ന വാതിലിന് പിന്നിൽ ജാൻസി ഒളിച്ചിരുന്നു.
ഇത് തന്നെ അവസരം, പേടിയോടെ ആണെങ്കിലും ജാൻസി ഫ്രാൻസിസ്കയെ തള്ളിയിട്ടു.
ഇരുട്ടിൽ നിലത്ത് വീണ ഫ്രാൻസിസ്ക ഉറക്കെ ദുഷ് വാക്കുകൾ ഉരുവിട്ടു. ജാൻസി ഫ്രാൻസിസ്കയെ അൾത്താരയിലേക്ക് വലിച്ചിഴച്ചു.
ജാൻസി വെപ്രാളത്തോടെ പുറത്തേക്ക് നടന്നു. ഗബ്രിയേലിനെ രക്ഷിച്ചേ മതിയാകൂ, ഡാനിയേലയെ കണ്ടെത്തണം. ചാട്ടവാറുഴറ്റി നിൽക്കുന്ന കറുത്ത രൂപത്തിന് അടുത്തേക്ക് അവൾ സധൈര്യം നടന്നു.
പെട്ടെന്നാണ് ആ രൂപം തിരിഞ്ഞ് ചാട്ടവാർ ജാൻസിക്ക് നേരെ വീശിയത്. അടിയുടെ ശക്തിയിൽ ജാൻസി തെറിച്ച് പോയി. വീഴാൻ പോയ ജാൻസിയെ ഒരു ജോഡി കരുത്തുറ്റ കരങ്ങൾ താങ്ങിയെടുത്തു. അവളെ പെരേരയെ ഏൽപ്പിച്ചു കണ്ണപ്പൻ ആ മുഖംമൂടിയെ നേരിടാൻ തയാറായി.
(തുടരും.. )
✍️ നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -18 - By Nisha Pillai - കൂട്ടക്ഷരങ്ങൾ