പിറ്റേന്ന് ജംഗ്ഷനിൽ ബസ് കേറ്റി വിടാൻ വന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു.
“ഞാനേ അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ട്. നമുക്ക് നിന്റെ അച്ഛന്റെ സ്കൂളിലും അച്ഛൻ താമസിച്ചിരുന്നേടത്തും ഒക്കെ ഒന്നു പോകണം. മുത്തശ്ശിയോടും അച്ഛനോടും ഞാൻ സമ്മതം വാങ്ങിച്ചോളാം. എന്തു പറയുന്നു? “
“അത് വേണോ? “
“വേണം.. നീ ഒരുങ്ങിയിരിക്കണം. വേണമെങ്കിൽ ലീവ് എടുക്കണം കേട്ടോ. ശരി..ദേ ബസ് വിടുന്നു….”
“കുട്ടേട്ടനെന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ? ഓ… കുട്ടേട്ടൻ പല പ്രാവശ്യം ഓരോരോ കാര്യങ്ങൾക്കായി അവിടൊക്കെപോയിട്ടുണ്ടല്ലോ. അവരാരേലും ഇനി എന്നെ അന്വേഷിച്ചോ? മാഷിന്റെ മോൾ എന്ന മേൽവിലാസം നേടാൻ ഇരുപതു വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.”
പറഞ്ഞ ദിവസം തന്നെ കുട്ടേട്ടൻ വന്നു. അച്ഛന്റെ സ്കൂളിൽ ചെന്നു. ഹെഡ് മാഷിനെയും മറ്റ് അധ്യാപകരെയും ഒക്കെ കണ്ടു. സംസാരിച്ചു. രഘുവരൻ മാഷിന്റെ മോളല്ലേ എന്നു ചോദിച്ച് എല്ലാവരും വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് പെരുമാറിയത് .
പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഉള്ളിലുണ്ടായി. മനസ്സ് നിറഞ്ഞു തുളുമ്പുന്ന പോലെ ഒരു തോന്നൽ…
പിന്നീട് അച്ഛൻ താമസിച്ചിരുന്ന വീട്ടിൽ എത്തി. ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ വരാന്തയിൽ ഞങ്ങളെ കാത്ത് അച്ഛന്റെ വീട്ടുടമസ്ഥ കാത്തുനിൽപ്പുണ്ടായിരുന്നു.
“ഇതാണ് ശാരി. മാഷിന്റെ മോൾ. അല്ലേ..”
ഒരു നിമിഷം ആ അമ്മയെ സൂക്ഷിച്ചു നോക്കി. ഒന്നു പുഞ്ചിരിച്ചെന്നു വരുത്തി. ഒരു അപരിചിതത്വം എന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത് കൊണ്ടാവാം ആ അമ്മ എന്റെ കൈകൾ എടുത്ത് അമ്മയുടെ കൈകളിൽ വെച്ചിട്ട് പറഞ്ഞു.
“ഞാൻ വരദ. ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചർ ആണ്. “
“വായോ, രണ്ട് പേരും അകത്തോട്ടു വാ. കുട്ടനെ പിന്നെ ഇപ്പോൾ നല്ല പരിചയമായി. മാഷ് മരിച്ചതിനു ശേഷം പല പ്രാവശ്യം കണ്ടല്ലോ.”
എന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കൗതുകത്തോടെ കണ്ടു കൊണ്ടിരുന്ന കുട്ടേട്ടൻ …
“അകത്തോട്ട് കയറാം…. വാ. നിന്റെ അച്ഛൻ താമസിച്ചിരുന്ന മുറി ഒക്കെ കാണണ്ടേ?”
ഞാൻ തലയാട്ടി.
അകത്തോട്ട് കയറി വീടൊക്കെ ഒന്നു നോക്കി കാണുന്ന സമയത്ത് ടീച്ചർ ഞങ്ങൾക്ക് ചായയും പലഹാരവും എടുത്ത് മേശപ്പുറത്തു വെച്ചിട്ട് വിളിച്ചു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അച്ഛന്റെ മുറിയിലേക്ക് പോയി. അച്ഛന്റെ വസ്ത്രങ്ങളും പുസ്തകങ്ങളും അലമാരയിലും മേശപ്പുറത്തും ആയി അടുക്കി വെച്ചിരിക്കുന്നു. എനിക്ക് അവിടെ കുറച്ചു നേരം ഇരുന്ന് അതൊക്കെ ഒന്നു നോക്കി കാണണമെന്ന് തോന്നി.
അപ്പോൾ കുട്ടേട്ടൻ പറഞ്ഞു…… “ഞാൻ ഒന്നു കുളിച്ചിട്ടു വരാം. അത്രയും നേരം നീ ഇവിടെ ഇരുന്നോ. ഞാൻ കുളിച്ചിട്ടു നിനക്ക് കുളിക്കാം. പോരെ?”
ഞാൻ തലയാട്ടി. അവിടെയിരുന്ന പുസ്തകങ്ങളും അച്ഛൻ എഴുതിയിരുന്ന കുറിപ്പുകളും ഒക്കെ മറിച്ചു നോക്കി. ടീച്ചർ വന്നു കുളിക്കാൻ വിളിക്കുന്ന വരെ അവിടെ ഇരുന്ന് ഓരോന്ന് അലസമായി മറിച്ചു നോക്കികൊണ്ടിരുന്നു.
രണ്ട് പേരുടെയും കുളി കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു..
“നമുക്ക് ഒന്നു നടക്കാൻ പോയാലോ? ഇവിടെ അടുത്തു ഒരു ചെറിയ കുന്ന് ഉണ്ട്. സൂര്യാസ്തമയം കാണാം. ഈ സമയത്തു നല്ല കാറ്റാണ് അവിടെ. പിന്നെ ഞങ്ങളുടെ ഗ്രാമവും കാണാമല്ലോ.”
ഞങ്ങൾ കുന്നിൻമുകളിലേക്ക് നടന്നപ്പോൾ വഴിയിൽ വെച്ച് പലരും ടീച്ചറിനോട് കുശലം പറയുന്നുണ്ടായിരുന്നു. എന്നെ കാണിച്ച് പലരോടും ‘മാഷിന്റെ മോളാണ് ‘ എന്നു പറഞ്ഞപ്പോൾ അവരെല്ലാം വളരെ സ്നേഹത്തോടെ പരിചിത ഭാവം കാണിച്ചു.
കുന്നിൻമുകളിൽ ഒരു വലിയ പാറ ഉണ്ട്. ഞങ്ങൾ അവിടെ പോയിരുന്നു. നോക്കെത്താ ദൂരത്തോളം ഉള്ള പാ ടശേഖരങ്ങൾ..കുന്നിൻമുകളിൽനിന്നും താഴേക്ക് നോക്കിയാൽ ഉള്ള കാഴ്ച അതിമനോഹരം. സൂര്യൻ ഒരു ചുമന്ന ഗോളമായി ചക്രവാളത്തിലേക്ക് മന്ദം മന്ദം താഴുന്നു. ചക്രവാള സീമകൾ കുങ്കുമം വാരിയണിഞ്ഞു നിൽക്കുന്നു. കണ്ണ് നിറയ്ക്കുന്ന കാഴ്ച്ച. പലതരം കിളികളുടെ കലപില ബഹളം അന്തരീക്ഷത്തിൽ ഉയർന്നു താഴുന്നു. കൂടണയാനുള്ള ബദ്ധപ്പാടിലാണ് അവർ. മനസ്സിനെ കുളിർപ്പിക്കുന്ന ഇളം കാറ്റും. എത്ര നേരം ഇരുന്നാലും മടുപ്പ് തോന്നില്ല. കൊള്ളാം.. പകലത്തെ ക്ഷീണം എല്ലാം പോയി പുതുജീവൻ കിട്ടിയ പോലെ…
കുറച്ചു നേരം അവിടെ ഇരുന്നു. ടീച്ചർ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
“മാഷിന് ഇവിടെ വന്നിരിക്കാൻ വളരെ താല്പര്യമായിരുന്നു. ആൾക്ക് സുഖമുള്ളപ്പോൾ ഒക്കെ ഞങ്ങൾ ഇവിടെ വരുമായിരുന്നു.ശ്വാസം മുട്ടൽ കടുക്കുമ്പോൾ വരില്ല.”
“മാഷിനെ ഒരു എട്ടു വയസ്സു മുതലേ എനിക്കറിയാം. എനിക്ക് അന്ന് പത്തു വയസാണ്. ആള് ഇവിടെയുള്ള അമ്മ വീട്ടിൽ നിന്നാണ് വളർന്നത്. മാഷിന്റെ അനിയത്തി മാലതി എൻറെ ജൂനിയർ ആയി കോളേജിൽ ഉണ്ടായിരുന്നു. മാലതിയും ടീച്ചർ ആണ്. മാഷിന്റെ അമ്മ വീട്ടുകാർ പിന്നെ ഇവിടെ നിന്നും വിറ്റു പെറുക്കി വയനാട്ടിലേക്ക് പോയി.”
“ചെറുപ്പത്തിൽ കുറച്ചു ശ്വാസം മുട്ടലും ചെറിയ ചെറിയ ബാലരിഷ്ടതകളും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റു കുട്ടികൾ ഫുട്ബോളും മറ്റും കളിക്കുമ്പോൾ മാഷ് കാഴ്ചക്കാരനായി ഇരിക്കയായിരുന്നു പതിവ്. വളരെ സൗമ്യനായ കുട്ടി. “
“ഞങ്ങൾ പെൺകുട്ടികൾ ഞങ്ങളുടെ കളികളിൽ ഒക്കെ പലപ്പോഴും കൂട്ടുമായിരുന്നു. ബാക്കിയുള്ള സമയം മുഴുവൻ വായിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. പഞ്ചായത്ത് ലൈബ്രറി യിലെ മുഴുവൻ ബുക്കുകളും ഇവിടുന്ന് പോകുന്നതിനു മുമ്പേ വായിച്ച് തീർത്തിരുന്നു കാണണം. പിന്നീട് ഞാൻ കാണുന്നത് ട്രാൻസ്ഫർ ആയി ഇവിടുത്തെ സ്കൂളിൽ വരുമ്പോഴാണ്.”
“മാഷിന് തറവാട്ടിൽ നിന്നും ദിവസവും പോയി വരാൻ ബുദ്ധിമുട്ട് കാരണം ഇവിടത്തെ ഔട്ട്ഹൗസിൽ താമസിപ്പിക്കാമോ എന്ന് എന്റെ അമ്മയോട് മാഷിന്റെ സ്കൂളിലെ ഹെഡ് മാഷ് ചോദിച്ചു. ആളെ ചെറുപ്പത്തിലേ അറിയാമായിരുന്നതിനാൽ അമ്മ സമ്മതിച്ചു. എന്റെ അമ്മയ്ക്കും നല്ല വായനാശീലം ഉണ്ടായിരുന്നതുകൊണ്ട് വായിച്ച പുസ്തകങ്ങളെങ്കിലുറിച്ചുള്ള ചർച്ചകൾക്ക് ഒരു വേദി ആയി ഔട്ട്ഹൗസ്. പിന്നെ പിന്നെ മാഷിന്റെ ചില സുഹൃത്തുക്കളും സാഹിത്യ ചർച്ചകൾക്കായി വന്നു തുടങ്ങി.”
“അമ്മയായിരുന്നു ഇവിടുത്തെ കൃഷ്ണന്റെ അമ്പലത്തിൽ മാല കെട്ടി കൊടുത്തിരുന്നത്. അവിടുന്ന് നിവേദ്യമായി കിട്ടുന്ന വാഴയില കൊണ്ട് മൂടിയ കടും പായസത്തിന്റെ രുചിയും മണവും ആയിരുന്നു മിക്ക ദിവസങ്ങളിലെയും ചർച്ചയുടെ പരിസമാപ്തി കുറിച്ചിരുന്നത്.”
“അമ്മ മരിച്ചപ്പോൾ മാഷ് താമസം മാറാൻ ഒരുങ്ങിയതാണ്. ഞാനാണ് നിർബന്ധിച്ചത്.. താമസം തുടരാൻ. “
“ആളുകൾ അപവാദം പറഞ്ഞുണ്ടാക്കുമോ എന്ന് ചോദിച്ച മാഷിനോട് എനിക്കതിൽ ഭയമില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. ഒരു സ്ത്രീക്കും പുരുഷനും നല്ല സുഹൃത്തുക്കളായി ജീവിക്കുന്നതിന് ഒരു തടസ്സവുമില്ല എന്നു ഞാൻ പറഞ്ഞതിനോട് അവസാനം മാഷ് യോജിച്ചു.. “
“മാഷിന്റെ സഹപ്രവർത്തകരും എന്റെ സഹപ്രവർത്തകരും ഈ നാട്ടിലെ ആളുകളും എല്ലാം ഞങ്ങൾക്ക് എന്നും സഹായവും ആശ്വാസവും ആയിരുന്നു.”
തിരിച്ചുപോരുമ്പോൾ ടീച്ചർ പറഞ്ഞു.. “മാഷ് തറവാട് അനിയത്തിക്ക് കൊടുത്തു.മാഷിന്റെ അമ്മ അവിടെ ആയിരുന്നല്ലോ. “
“നിങ്ങൾ ഒരു ദിവസം പോയി അപ്പച്ചിയെ കാണണം. ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കണം . മാലതിക്ക് അത് വളരെ സന്തോഷമായിരിക്കും.”
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുട്ടേട്ടനെ നോക്കി ടീച്ചർ ചോദിച്ചു.
“എന്നിട്ട് ….. തന്റെ കാര്യം ശാരിയോട് അവതരിപ്പിച്ചോ? അതോ ഞാൻ ഇടപെടണോ?”
“അതൊക്കെ തീരുമാനമായി… ഇപ്പോൾ ഞങ്ങളുടെ പ്രണയ കാലമാണ്. പ്രണയം ആഘോഷിക്കുകയാണ്….. കള്ളച്ചിരിയോടെ കുട്ടേട്ടൻ.
“ഉം…. രണ്ടാളെയും കണ്ടപ്പോൾ എനിക്കു തോന്നിയിരുന്നു.. ഞാൻ കാണാതെയുള്ള കള്ളനോട്ടങ്ങളും ചെറുപുഞ്ചിരികളും എന്റെ കണ്ണിൽ പെട്ടിരുന്നു. ആ… വളരെ ശരിയാണ്…. പ്രണയം ആഘോഷിക്കപ്പെടാനുള്ളതാണ്.”
“ശാരി എന്റെ റൂമിൽ കിടന്നോളൂ. കുട്ടന് ഞാൻ പടിഞ്ഞാറെ മുറി ഒരുക്കിയിട്ടിട്ടുണ്ട്.”
“കല്യാണം കഴിഞ്ഞ് രണ്ട് പേരും കൂടി വരുമ്പോൾ ഞാൻ ഇവിടെ ഒരു മണിയറ ഒരുക്കുന്നുണ്ട്.”
ഞങ്ങൾ രാവിലെ തന്നെ പുറപ്പെടും. ശാരിക്ക് നാളെ ഓഫീസിൽ പോണം. ഇവളെ വിട്ടിട്ട് എനിക്കങ്ങു പോകാമല്ലോ.
കുട്ടേട്ടൻ പറഞ്ഞു.
“കാപ്പികുടി കഴിഞ്ഞു പോയാൽ മതി”. ടീച്ചർ നിർബന്ധിച്ചു.
“അയ്യോ പോരാ. അതിന് ഇനിയും ഞങ്ങൾ വരുന്നുണ്ടല്ലോ.” കുട്ടേട്ടൻ എഴുന്നേറ്റ് ഉറങ്ങാൻ പോയി.
ഉറങ്ങാൻ കിടന്നപ്പോൾ ടീച്ചർ ചോദിച്ചു. “അമ്മ സുഖമായിരിക്കുന്നോ?”
ഉം.. ഞാൻ ഒന്നു മൂളി..
“അമ്മയുടെ കാര്യം അച്ഛൻ പറഞ്ഞിട്ടുണ്ടോ? അവർ തമ്മിൽ എന്തായിരുന്നു പ്രശ്നം? ” ഞാൻ ചോദിച്ചു.
നിമിഷ നേരത്തെ നിശബ്ദതക്കു ശേഷം ടീച്ചർ പറഞ്ഞു..
“വിശദമായി ഒന്നും പറഞ്ഞിട്ടില്ല. ആദ്യമേ തന്നെ ശ്യാമള ഒരകൽച്ച കാണിച്ചിരുന്നു… കുറച്ചു കഴിയുമ്പോൾ ശരിയായിക്കൊള്ളും എന്നാണ് മാഷ് വിചാരിച്ചിരുന്നത്. ഒരിക്കൽ ഏതോ സമയത്ത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മാഷിന്റെ നാവിൽ നിന്ന് വീണ ഏതോ വാക്കുകൾ ശ്യാമളക്ക് സഹിക്കാൻ പറ്റിയില്ല. അതിൽ പിന്നെ അകൽച്ച കൂടി. മാഷുമായി മുഖാമുഖം പോലും വരാതായി. രണ്ടു അപരിചിതരെ പോലെ കുറച്ചു നാൾ കൂടി കഴിഞ്ഞു .
“കുട്ടന്റെ അച്ഛൻ അവരെ തമ്മിൽ ഒരുമിപ്പിക്കാൻ ശ്രമിച്ചതും ആണ്. പക്ഷേ ശ്യാമളക്കു താല്പര്യമില്ലായിരുന്നു എന്നാണ് മാഷ് എന്നോടും അമ്മയോടും പറഞ്ഞത്.”
“ആട്ടെ….അമ്മ അച്ഛനെക്കുറിച്ചു കുട്ടിയോട് എന്താണ് പറഞ്ഞിരിക്കുന്നത്? ടീച്ചർ ചോദിച്ചു.
ഞാൻ നിശ്ശബ്ദത പാലിച്ചു. എനിക്കു മറുപടി പറയാൻ ഒന്നുമില്ലല്ലോ.
“ശ്യാമള സ്വന്തം വീട്ടിൽ ആയതുകൊണ്ട് വലിയ’ ഒറ്റപ്പെടൽ’ ഉണ്ടായിട്ടില്ലായിരിക്കും. ജനിച്ചതും വളർന്നതും ആ നാട്ടിൽ തന്നെ ആണല്ലോ . പിന്നെ ലാളിക്കാൻ, കൊഞ്ചിക്കാൻ, സ്നേഹിക്കാൻ ഒക്കെ മോളും കൂടെ ഉണ്ടല്ലോ.”
ടീച്ചർ എന്നെ നോക്കി പറഞ്ഞു.
“ഉം. ടീച്ചർക്ക് എന്തറിയാം.. അമ്മയെ എനിക്കല്ലേ അറിയൂ…”
“എന്താ കുട്ടി ചിന്തിക്കുന്നത്? “
” ഓ ഒന്നുമില്ല. ടീച്ചർ പറയൂ “
” മാഷിന്റെ കാര്യം അങ്ങനെയല്ലല്ലോ. മാഷിന് ഏറ്റവും ഇഷ്ടം സ്വന്തം അമ്മയോടായിരുന്നു. പക്ഷേ അധിക കാലം അമ്മയുടെ കൂടെ കഴിയാൻ യോഗമുണ്ടായിരുന്നില്ലന്ന് മാത്രം.ചെറുപ്പത്തിലേ തന്നെ അമ്മവീട്ടിലേക്ക് പറിച്ചു നടപ്പെട്ടു.”
എന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം ശ്രദ്ധിച്ചു ടീച്ചർ തുടർന്നു.
“അച്ഛൻ നാടു വിട്ടുപോയി. നാട്ടിൽ ഉണ്ടായിരുന്നപ്പോഴും വീടു നോക്കില്ലായിരുന്നു. ആ പാവം അമ്മയ്ക്ക് എന്തു ചെയ്യാനൊക്കും? മാലതിയെ കൂടെ നിർത്തിയ അമ്മ മാഷിനെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കി. പഠനം കഴിഞ്ഞ് ജോലി കിട്ടുന്നത് വരെയുള്ള ചെറിയ ഇടവേളയിൽ മാത്രമേ സ്വന്തം വീട്ടിൽ കഴിയാൻ സാധിച്ചുള്ളൂ. പിന്നെ ജോലി കിട്ടി പല സ്ഥലങ്ങളിൽ ആയിരുന്നല്ലോ.”
“അമ്മയെ കൂടെ കൊണ്ട് വന്നു താമസിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് പക്ഷേ തറവാട്ടിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. തന്നെയുമല്ല മാഷിനു കുടുംബവും കൂടെയില്ലല്ലോ .”
“വൈകാരികമായ ഒരു അരക്ഷിതാവസ്‌ഥ എന്നും മാഷിനുണ്ടായിരുന്നു. വേദനകളിൽ ചേർത്ത്പിടിക്കാൻ, കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കു ചേരാൻ…. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട് എന്ന് എന്നോട് ഒരിക്കൽ സംസാര മദ്ധ്യേ പറഞ്ഞിരുന്നു.”
“ഇമോഷണൽ ഇൻസെക്യൂരിറ്റി (വൈകാരികമായ അരക്ഷിതാവസ്ഥ) പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ കൂടുതലാണ്.. എല്ലാ മനുഷ്യരുടെയും ഉള്ളിൽ മനസ്സ് കൊണ്ടെങ്കിലും അമ്മയുടെ മടിത്തട്ടിൽ ഒന്നു കിടക്കാൻ, ആ തലോടെലൊന്ന് ഏറ്റു വാങ്ങാൻ കൊതിക്കുന്ന ഒരു കുഞ്ഞു മനസ്സ് എക്കാലവും ഉണ്ട്.
കുട്ടിയും ഒരു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കയാണല്ലോ. ഞാൻ ഒന്ന് ഓർപ്പിച്ചുവെന്നു മാത്രം.പ്രണയമില്ലാത്ത ദാമ്പത്യം രണ്ട് പേർക്കും ഒരുതരം ബാധ്യതയാണ്.
അച്ഛൻ മോളെ തേടി വരാഞ്ഞത് മോളുടെ അമ്മയെ വിഷമിപ്പിക്കണ്ട എന്നു കരുതിയാണ്. മാഷിന്റെ കൂടെ വരാൻ ശ്യാമള ഒരുക്കമല്ലായിരുന്നു. പിന്നെ കുട്ടിക്ക് വേണ്ടി വഴക്കിടുന്നത് ശ്യാമളയെ ദുഃഖിപ്പിക്കും. മോളുടെ അമ്മയെ അത്രയും സ്നേഹിക്കുന്നത് കൊണ്ട് തന്നെ അവർക്ക് വിഷമം ഉണ്ടാക്കാൻ മാഷ് ഇഷ്ടപ്പെട്ടില്ല. അവളെ വിവാഹം കഴിക്കുന്നതിനു മുമ്പ് അവളോട് ഒരു വാക്ക് ചോദിക്കേണ്ടതായിരുന്നു എന്ന് മാഷ് ഒരിക്കൽ പറഞ്ഞിരുന്നു.
കുട്ടിയുടെ മനസ്സിലെ ചോദ്യങ്ങൾക്ക് ഈ ഉത്തരം തൃപ്തി നൽകുമോ എന്നെനിക്കറിയില്ല….
ഞാൻ ഒന്നും മിണ്ടിയില്ല.
ഓരോന്നാലോചിച്ചു കിടന്ന് ഞാനും എപ്പോഴോ ഉറങ്ങി.


3 Comments
കഥയുടെ ഗതി മാറിമറിയുന്നു നന്നായിട്ടുണ്ട് ട്ടോ❤️🌹👌
സന്തോഷം
Pingback: ഋതുഭേദങ്ങൾ പാർട്ട് 3 - By Rani Varghese - കൂട്ടക്ഷരങ്ങൾ