പുളിയൊട്ടും കുറയാതെ… എരിവേറെ ചേർത്തിട്ട്…. ചെവിയോരം നുണകൾ ചൊല്ലുന്നു ചില കൂട്ടർ.. ചൊന്നതിൻ നേരറിയാൻ നിൽക്കാതെ, മേമ്പൊടിയായി കുറച്ചേറെ എരിവും പുളിയും കൂടി സ്വയമേവ ചേർത്തിട്ട് മറുചെവിയിലോതാൻ ഓടുന്നു മറ്റൊരു കൂട്ടർ… ചിലരാവട്ടെ അതൊക്കെ കേട്ടങ്ങു രസിക്കുന്നു…. തൊണ്ട തൊടാതെ വിഴുങ്ങുന്നു.. ഒടുവിലെ കഥ യാഥാർഥ്യത്തിനോട് പുലബന്ധം പോലുമില്ലാത്തതാവും ഇത്തരുണത്തിൽ എരിവിന്റെയും പുളിയുടെയും അതിപ്രസരം കൊണ്ട് ഭക്ഷിക്കാൻ യോഗ്യമല്ലാതായ കറികൾ പോലെ…. ജീവിതം തന്നെ നഷ്ടപ്പെട്ടു പോയവരൊരുപാടുണ്ട്….
Author: Anamika S
ഞങ്ങളുടെ വീടായിരുന്നു എത്ര ചെറിയൊരു വാക്ക് തർക്കത്തിൽ അതയാളുടെ മാത്രം വീടായി? ഞങ്ങളുടെ മക്കളായിരുന്നു കൊച്ചു കുരുത്തക്കേടുകളിൽ എത്രപെട്ടെന്നാണ് അവരെന്റെ മാത്രം മക്കളായത്? ഞങ്ങളുടെ ബന്ധുക്കളായിരുന്നു പലതിന്റെയും കണക്കെടുപ്പിൽ അത് “എല്ലാം തികഞ്ഞ എന്റെ കുടുംബവും “ഒന്നുമല്ലാത്ത നിന്റെ കുടുംബവുമായി മാറിയത് എത്ര വേഗമാണ്… കുറ്റപ്പെടുത്തലുകളിലും പഴിചാരലുകളിലും ചേർത്തെഴുതാൻ ആവാത്ത വിധം ഞങ്ങൾ നിരന്തരം പിരിച്ചെഴുതപ്പെട്ടുകൊണ്ടേയിരുന്നു…
പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട് എങ്കിലും നിലപാടുകളിൽ ഉറച്ച ഞാനെന്ന പുസ്തകം നെഞ്ചോടടുക്കി ഞാൻ പറയുന്നു വായിച്ചവയിലും വായിക്കാൻ പോകുന്നവയിലും എനിക്കേറ്റം പ്രിയമുള്ളതാണീ പുസ്തകമെന്ന്
മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി നീയെത്ര മനോഹരി
നീതി നിഷേധിക്കപ്പെട്ടവളുടെ നിലവിളി ചാനലിലെ അന്തിചർച്ചകളിൽ മുങ്ങിപ്പോയി ഇരയും അതിജീവിതയും മുഖമില്ലാതെ കരഞ്ഞപ്പോൾ നിയമത്തിന്റെ പഴുതുകളിൽ കൂടി നൂണ്ടിറങ്ങിയ വേട്ടക്കാർ പൂമാലയിട്ട് സ്വീകരിക്കപ്പെട്ടു ഫിൽറ്ററിട്ട സ്വന്തം ഫോട്ടോയുടെ ലൈക്കുകൾ എണ്ണി തിട്ടപ്പെടുത്തി ഉറക്കെ ചിരിച്ചു ഇതാണ് ഇവിടുത്തെ നീതി ഇന്നത്തെ ന്യായം
കോളേജ് കഴിഞ്ഞ് വരുന്ന ഒരു ദിവസം. കുറേ കൂട്ടുകാരൊക്കെ കൂടി സിപ്പ് അപ്പ് ഒക്കെ നുണഞ്ഞ് കലപില കൂട്ടി ടൗണിലെ തിരക്കുള്ള മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിയും തള്ളിയും കൂട്ടത്തിലുള്ളവരോട് തിരിഞ്ഞു നിന്നു ചളി പറഞ്ഞും ആഘോഷമായി നീങ്ങുന്നതിനിടക്ക് പെട്ടെന്ന് വലിയ ഒരൊച്ചെയും ഒരാളെന്റെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് ഒരൊറ്റ വലിയും.. നോക്കിയപ്പോൾ മുഷിഞ്ഞു നാറിയ വേഷവും ജട പിടിച്ച മുടിയും പുകയിലക്കറ പിടിച്ച പല്ലുകളുമുള്ള കറുത്തിരുണ്ട് ആജാനബാഹുവായ ഒരു മനുഷ്യൻ… മുൻപ് പലപ്പോഴും ടൗണിൽ പലയിടത്തായി അയാളെ കണ്ട ഓർമ്മയുണ്ട്,” ഭ്രാന്തൻ “പലപ്പോഴും ആ പേര് പറഞ്ഞു അയാളെകാണുമ്പോൾ ഞാനടക്കം പലരും പിന്തിരിഞ്ഞോടിയിട്ടുള്ളത് ഓർമ്മയിൽ വെള്ളിടി പോലെ തെളിഞ്ഞു… എന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഞാൻ ചുറ്റുപാടും നോക്കി എന്റെ കൂട്ടുകാരൊക്കെ സ്തംഭിച്ചു നിൽക്കുന്നു. വലിയൊരു പാണ്ടിലോറി എന്റെ തൊട്ടടുത്തായി നിർത്തിയിട്ടിരിക്കുന്നു. വണ്ടികളിൽ പോകുന്നവർ അത് നിർത്തി എന്നെ നോക്കുന്നു,ചുറ്റുമുള്ള പല കടയിൽ നിന്നും ആളുകൾ എത്തിനോക്കുന്നു.…
“അയ്യോ! എനിക്ക് ശ്വാസം മുട്ടുന്നേ… എന്നെ സൈഡിൽ കിടത്തിയിട്ട് നിങ്ങൾ ഇപ്പുറത്തു കിടക്കെന്റെ മനുഷ്യാ, ഒരു ഗർഭിണിയുടെ ബുദ്ധിമുട്ട് വല്ലോം നിങ്ങൾക്കറിയുവോ?അങ്ങേരു കൂർക്കം വലിച്ചുറങ്ങുന്നു.” ഇവളുറങ്ങാനും സമ്മതിക്കില്ലേ? എന്നൊരു മുഖഭാവത്തോടെ അയാള് പതിയെ ബെഡ് സ്വിച്ച് ഓൺ ചെയ്തു. വെട്ടം വന്നപ്പോൾ പെണ്ണുംപിള്ള ബെഡിൽ എഴുന്നേറ്റിരുന്നു മുടി വാരിവലിച്ചു പൊക്കി കെട്ടുന്നു. കൈകൊണ്ട് ഉഷ്ണം കളയാനെന്നപോലെ വീശുന്നു, കിതയ്ക്കുന്നു,വീർത്ത വയറിൽ വട്ടത്തിൽ തിരുമ്മുന്നു, ആയാസപ്പെട്ടു അയാളുടെ മുകളിലൂടെ മറുപുറം ചാടാനൊരുങ്ങുന്നു. “നീയെന്തുവാടി ഈ കാണിക്കുന്നേ? എന്ത് പറ്റി?” “എനിക്കെന്തോ പോലെ തോന്നുന്നേ…” “എന്തുപോലെ?” “അതെനിക്ക് പറയാൻ അറിയാരുന്നെങ്കിൽ എന്തൊ പോലെന്നു ഞാൻ പറയുവോ മനുഷ്യാ… പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിമ്മിഷ്ടം. നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്തൊരു ബുദ്ധിമുട്ട്. ഒന്ന് മര്യാദക്ക് ഉറങ്ങിയിട്ട് നാളുകൾ എത്രയായെന്നു അറിയുവോ? ശാരീരിക ബുദ്ധിമുട്ടുകൾ ഒരുവശത്ത്… മനസ്സിന്റെ ടെൻഷൻ വേറൊരു സൈഡിൽ!” “ഇതിനും മാത്രം എന്ത് ടെൻഷൻ ആടി നിനക്ക്?” “അതേ കുറച്ചു നാള്കൂടി കഴിഞ്ഞാൽ വയറ്റിൽ കിടക്കുന്ന…
“സോറി” എന്ന രണ്ടക്ഷരം ഉള്ളടക്കമായി വരുന്ന ഒരു “കുഞ്ഞൻ സന്ദേശത്തിന്”എത്രയെത്ര വലിയ പ്രശ്നങ്ങളെയും അകൽച്ചകളെയുമാണ് ഇല്ലാതാക്കാൻ കഴിയുന്നത് എന്നതൊരു അത്ഭുതമാണ് ..
കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം”
കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം പറഞ്ഞപ്പോൾ കാത്തിരുന്ന മറുപടിക്ക് മുൻപേ കെട്ടിപ്പിടിച്ചു കവിളിൽ തന്നൊരു ചുംബനം പലിശ സഹിതം തിരികെ തരാനുള്ളൊരു കടമായി ഇന്നും ബാക്കിയുണ്ട്
