കാർത്തികരാവിൽ കണ്ണിമവെട്ടാതെ കവയത്രിതൻ തൂലികനോക്കി. പേനയിൽവിരിയുന്ന പേമാരിപോൽ പെയ്തൊഴിയാത്ത നിൻ നൊമ്പരങ്ങൾ . നിൻ സിരയായൊഴുകുന്ന കാളിന്തിതീരത്തെ നൊമ്പരക്കാറ്റേറ്റ്, ചാറ്റൽമഴയും പോയ്മറഞ്ഞു. നീറും നിൻ വ്രണപ്പാടുണക്കാനാവും എൻ മഷിതണ്ടുകൾക്ക്. കുറിച്ചിടാം ഞാനാ കദനകഥയെല്ലാം കാലാന്തരങ്ങളെ സാക്ഷിയാക്കി. മനസ്സിൽ മഴവില്ലിൻ തെളിവേകാൻ, പേനയിൽ പെയ്യിക്കാം നിന്റെയാ കാർമേഘ വിങ്ങലുകൾ. അഞ്ചു അജീഷ്
Author: Anju Ajish
കൗമാരത്തിന്റെ നാണത്തിന് വഴിമാറികൊടുക്കാതെ, ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകളിലെ ശാലീനത ആരെയും ആകർഷിക്കുന്നതാണ്. വെള്ളിമണികൾകൊണ്ട് തീർത്തഅവളുടെ പാദസ്വരത്തിന്റെ കിലുക്കത്തിൽ, ഗോതമ്പ്മണികൾ കൊത്തിപറിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ഓടിമറഞ്ഞു. പട്ടുപാവാടയണിഞ്ഞ് കൽപടവുകൾ വേഗത്തിൽ ഇറങ്ങുമ്പോൾ, അവളുടെ കണ്ണുകൾ അടുത്ത വീടിന്റെ മുറ്റത്തേക്ക് പാഞ്ഞതും, കൂട്ടുകാരിയുടെ വീടിന്റെ മുറ്റത്ത് ഒരു വലിയ കാർ നിർത്തിയിട്ടിരിക്കുന്നതായ് കണ്ണിൽപ്പെട്ടു. കൂട്ടുകാരിയുടെ അമ്മാവൻ ഗൾഫിൽ നിന്നും വന്നതുകൊണ്ട് കൂട്ടുകാരി ട്യൂഷൻ ക്ലാസ്സിൽ വരില്ലായിരിക്കുമെന്നവൾ ഊഹിച്ചു. താൻ ഒറ്റക്ക് പോകുന്ന കാര്യമോർത്തപ്പോൾ വല്ലാത്ത മടി തോന്നിയെങ്കിലും, അവൾക്ക് പോകാതെ വേറെ വഴിയില്ലായിരുന്നു. ട്യൂഷൻ ക്ലാസ്സിലോട്ട് പോകും വഴിയുള്ള ആമ്പൽകുളത്തിൽ അവൾ പതിവുപോലെ എത്തിനോക്കിയപ്പോൾ, ആമ്പൽമൊട്ടുകൾ ഇന്നും വിരിയാത്തത്തിൽ അവയോട് പരിഭവം തോന്നിയെങ്കിലും അവൾ മുന്നോട്ട് നടന്നു. പാടവരമ്പത്തൂടെ നടന്ന് വഴിയോരത്തുള്ള പാലമരച്ചോട്ടിലെത്തിയപ്പോൾ തന്റെ കൂട്ടുകാരിപറഞ്ഞ യക്ഷികഥയോർത്തവൾ ഭയന്ന് രാമനാമം ചൊല്ലി വേഗത്തിൽ അവിടെ നിന്നും ഓടി. ഒരു പൊട്ടിച്ചിരി കേട്ട് തിരിഞ്ഞവൾ, ഇന്ന് വരില്ലായെന്ന് കരുതിയ തന്റെ കൂട്ടുകാരി പുസ്തകം മുഖത്തിലമർത്തി…
ശാന്തമായ് ഒഴുകുന്ന പുഴയുടെ തീരത്ത് കിടന്ന്, കണ്ണൻ പ്രശാന്തസുന്ദരമായ ആകാശത്തേയ്ക്ക് തന്റെ മിഴിയമ്പുകൾ എയ്ത്കൊണ്ടിരുന്നു. പക്ഷേ, ഒന്നിനെയും മുറിവേൽപ്പിക്കാതെ അവ തിരികെ അവന്റെ ഹൃദയത്തിലെ ആവനാഴിയിൽ തന്നെ വന്ന് നിറഞ്ഞു. ആകാശവും ഭൂമിയും എത്ര ഭാഗ്യമുള്ളവരാണ്! ലോകമുള്ളിടത്തോളം അവർക്ക് കണ്ണിൽ നോക്കി കഥകൾ പറയാം. ഭൂമി വരണ്ട് ദാഹിക്കുമ്പോൾ ആകാശം, ഉറവ അയച്ച് അവളുടെ ദാഹം തീർക്കുന്നു. തന്റെ ആശ്രിതരുടെ കൊള്ളരുതായ്മകൾ കണ്ട് ഹൃദയം പുകഞ്ഞു പൊന്തുമ്പോൾ അത് ഏറ്റെടുത്ത് ഭൂമിയ്ക്ക് ആശ്വാസം നൽകുന്നത് ആകാശമാണ്. ആ പുക വലിച്ച് ആകാശത്തിന്റെ ഹൃദയ വാൽവുകളിൽ വിള്ളൽ ഉണ്ടായിട്ടും, ആ ഹൃദയം ഭൂമിക്കായ് നിലയ്ക്കാതെ നിലാവ് തൂകുന്നു. പെട്ടെന്നൊരു ശബ്ദം… പിടഞ്ഞെഴുന്നേറ്റ് നോക്കിയപ്പോൾ ഒരു വഞ്ചിക്കാരൻ ആഞ്ഞു തുഴയുന്നതിനൊപ്പം നാവും തുഴഞ്ഞ് പാട്ട് പാടുന്നു. തന്റെ വീട്ടിലെ മൺചട്ടിയിൽ വെന്ത് പൊള്ളാൻ ഒരുങ്ങി ശ്വാസം നിലച്ച് കിടക്കുന്ന വരാലുകളെ നോക്കി അയാൾ പാടുകയാണ്. ***** അപ്പുവുമായ് ഈ പുഴയിൽ മീൻ പിടിച്ചിരുന്ന ഒരു…
രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട്, കൂരിരുട്ടെന്ന് തന്നെ പറയാം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങുകൾ മിന്നി തെളിഞ്ഞു നടക്കുന്നു. അടുത്ത വീട്ടിലെ നായയുടെ കുരയ്ക്കൽ തെല്ലൊരു അരോചകമായ് അവൾക്ക് തോന്നി. സന്ധ്യ ആണെങ്കിലും ഇരുട്ട് അന്തരീക്ഷത്തിനെ നന്നേ പൊതിഞ്ഞിരുന്നു. പുള്ളുകൾ തങ്ങളുടെ സ്വന്തം ശൈലിയിൽ കരയുകയോ, കൂവുകയോ ചെയ്തുകൊണ്ടിരുന്നു. ആശങ്കയുടെ കുമിളകൾ അവളുടെ ഉള്ളിൽ നുരഞ്ഞു പൊങ്ങി. മുറ്റത്തെ തുളസി തറയിൽ ദീപം തെളിക്കാൻ അവൾ തിടുക്കം കാണിച്ചു. നാമം ചൊല്ലി പതുക്കെ വഴിയിലോട്ട് അവൾ ആശങ്കയോടെ നോക്കിയ ശേഷം അകത്തോട്ടു കയറി വാതിലടച്ചു. അച്ഛൻ ഇതുവരെ എത്തിയില്ല! അവളുടെ ആശങ്ക കൂടി . പതിവുപോലെ അച്ഛനുവേണ്ടി അവൾ അത്താഴം ഒരുക്കി. അച്ഛനിഷ്ടപ്പെട്ട തോരനും, അവിയലും, മാമ്പഴപുളിശ്ശേരിയും കൂടെ പപ്പടവും. അവൾ അവിയലിന്റെ ഉപ്പ് രുചിച്ചു നോക്കി, കുറച്ചുകൂടെ ഉപ്പുച്ചേർത്തിളക്കി. ഇടയ്ക്കിടെ ജനാലയുടെ കിളിവാതിൽ തുറന്ന്, പുറത്തേക്ക്, ആരെയോ പ്രതീക്ഷിച്ച് നോക്കുന്നുണ്ട്. ഭിത്തിയിൽ തൂങ്ങിയ ഘടിക്കാര സൂചി തന്റെ ധർമ്മം ചെയ്തുകൊണ്ടിരുന്നു.…
കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം…. പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും വിരിയുന്ന കരവേല കൊണ്ട് അവർ ലോകത്തെ അറിയിക്കുന്നു. കീറലുകളിൽ മറുപുറമായ് കൊഴിയുന്നു…… കത്തിയമരുമ്പോഴും, ഇണപിരിയാതെ അവർ പുകമറയിൽ അപ്രത്യക്ഷമാകുന്നു. എങ്കിൽ… പൂർണ്ണമായ് പരസ്പരം കാണാനും മനസ്സിലാക്കാനും സാധിക്കുന്ന മനുഷ്യർക്ക് അഴുകി, ദ്രവിച്ചു പോകുംവരെ ഒരുമിച്ച് ജീവിതത്തിന്റെ പുസ്തകതാളിൽ ഇണപിരിയാതെ ജീവിച്ചുകൂടെ?
ടൈംപീസ് നിർത്താതെ അടിച്ചതും, അരോചകമായ ആ ശബ്ദം തിരയടിച്ചു കർണപ്പുടങ്ങളിൽ ആഞ്ഞടിക്കുന്ന കാടോര സൂചികളായ് തുളഞ്ഞുകയറി. “ഈശ്വരാ ഇതൊന്നു നിശബ്ദമായെങ്കിൽ “എന്ന് മനസിലോർത്തതും, അയാളുടെ ഭാര്യയുടെ കൈകൾ അതിൽ പതിഞ്ഞതുകൊണ്ട് ടൈം പീസ് കരച്ചിൽ നിർത്തിയതിനാൽ അയാൾക്ക് വല്ലാത്തൊരാശ്വാസം തോന്നി. പതിവ് പോലെ അയാളുടെ ഭാര്യ മുറിയിലെ പൊടിപിടിച്ച ജനാലകൾ തുറന്നതും ജനലിഴകളിലൂടെ കാപ്പിപ്പൂവിന്റെ സുഗന്ധം അയാൾ തന്റെ നാസഗ്രന്ധികളിലൂടെ ആത്മാവിന്റെ ഉള്ളറകളിലോട്ട് വലിച്ചെടുത്തു . പെട്ടെന്ന് ഇടിമുഴക്കത്തോടെ വന്ന ഒരു വിമാനം അയാളുടെ ഭൂതകാലത്തെയും ഓർമപ്പെടുത്തി കടന്നുപോയി. താൻ ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ, ഭാര്യ നിസ്സഹായയായ് അയാളെ നോക്കി. ഒരു ദിവസം അവിചാരിതമായ് കടന്നുവന്ന രോഗം തന്റെ പ്രതീക്ഷകളെ ഞ്ഞെരുക്കികൊന്ന നീരാളിയായ് തീർന്നപ്പോൾ, എല്ലാം ഉപേക്ഷിച്ചു മടങ്ങെടിവന്നെങ്കിലും, കടബാധ്യതകൾ ഇല്ലാതെ തന്റെ ഏക മകളുടെ വിവാഹം നടത്താൻ തനിക്ക് സാധിച്ചതിൽ അയാൾ ആശ്വസിച്ചു. മുറ്റത്ത് വീണുകിടക്കുന്ന ചപ്പുകൾ കോരിവൃത്തിയാക്കുകയും, മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിവിരിക്കുകയും ചെയ്യുന്ന തിരക്കിലാണ്…
മാനത്തിൻ പ്രണയം മഴവില്ലായ് തെളിയുമ്പോൾ എൻ മനസ്സിൽ വിരിയുന്നു നാണത്തിൻ ഏഴ് വർണങ്ങളും.
ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം. നിന്റെ ഓരോ ശ്വാസത്തിലും നിന്നോട് ചേരാൻ അവർ ആഗ്രഹിക്കുമ്പോൾ അവരെ ശ്വാസവായുവായ് തന്നെ സ്നേഹിക്കുക. എങ്കിൽ അത് നിലയ്ക്കും വരെ അവർ നിന്റെ ഓരോ കോശത്തിലും ജീവനായ്, ജീവിതമായ് പറ്റികിടക്കും.. ശുഭദിനം അഞ്ചു അജീഷ്
നഴ്സിംഗ് എന്ന പുണ്യപ്രവർത്തിയുടെ ആഴമോ, ആത്മീയതയോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ആ പടിവാതിലിൽ അമ്പരന്ന് നിന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം കണ്മുൻപിൽ കാണുന്നു. ആ സംരഭം എന്തെന്നറിയാതെ, നഴ്സിംഗ് എന്ന കുത്തൊഴുക്കിൽ അകപ്പെട്ട് ആ കൊച്ചു പെൺകുട്ടി ഒലിച്ചിറങ്ങി എത്തിയത് നഴ്സിംഗ് കോളേജിന്റെ വലിയ മുറ്റത്തായിരുന്നു. ഗ്രാമീണതയുടെ നിശബ്ദതയിൽനിന്നും, തിരക്കുകളുടെയും നിലവിളികളുടെയും ഓരത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറിച്ച് നടപ്പെട്ട ഒരു ചെടിയായിരുന്നു അവൾ. സൂര്യപ്രകാശവും വെള്ളവും, വളവും ആവോളം ആസ്വദിച്ച് വിശാലമായ മണ്ണിൽ തഴച്ചു വളരാൻ കൊതിച്ച ആ ചെടി, തനിക്ക് ജീവൻ നിലനിർത്താൻ മാത്രം ലഭിക്കുന്നവയിലേയ്ക്ക് ഒതുങ്ങി. ബാൽക്കണിയിലെ മറ്റ് ചെടികളിൽ പല നിറവും മണവുമുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കണ്ടവൾ അതിശയിച്ചു. വളരെ പെട്ടെന്ന് തന്നെ പരിമിതികളുടെ ലോകത്തിൽ അവൾ സംതൃപ്തി കണ്ടെത്തുകയും മറ്റ് ചെടികളോട് അതിവേഗം സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സൗഹൃദത്തിനുപരി അതൊരു ആത്മബന്ധമായ് വളർന്നു. നഴ്സിംഗ് ആദ്യ അടവുകൾ ഗ്രഹിച്ച് അങ്കത്തട്ടിലോട്ട് പ്രവേശിക്കാനുള്ള സമയമായപ്പോൾ എല്ലാവരിലും…
പതിവ്പോലെ, ജീൻസും ടോപ്പുമണിഞ്ഞ് തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കോതിയൊതുക്കി, നെറ്റിയിൽ തൂങ്ങികിടന്നുകൊണ്ട് ഇടത് കണ്ണിന്റെ കാഴ്ച മങ്ങിച്ച ആ നീളം കുറഞ്ഞ മുടിയിഴകൾ ഊതിമാറ്റി, ഒരു കണ്ണിറുക്കിയടച്ച് കണ്ണാടിയുടെ മുമ്പിൽ അവളുടെ തല വിവിധ വശത്തേക്ക് ചെരിച്ചും പല രീതിയിൽ ചിരിച്ചും സ്വന്തം സൗന്ദര്യം ആസ്വദിച്ച് അവൾ മതി മറന്നു നിന്നു. “മോളെ, ഡാഡി ഇറങ്ങി. വേഗം വരൂ “, അവളുടെ മമ്മി ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ തന്റെ സൗന്ദര്യലോകത്തുനിന്നും ഉറക്കമുണർന്ന് ബാഗുമെടുത്ത്, അവൾ വേഗം പടവുകൾ ഓടി ഇറങ്ങി, ഡാഡിയുടെ വെള്ളകാറിന്റെ മുൻസീറ്റിൽ ഇരുന്നു. ഡാഡിയും മകളും കൊച്ചുവർത്തമാനം പറഞ്ഞ് അവളുടെ കോളേജിലേക്ക് യാത്രയായ്. ഡാഡിയുടെയും മമ്മിയുടെയും ഒരേ ഒരു മകളായ ഡയാനയ്ക്ക്, സൗഭാഗ്യത്തിൽ വീർപ്പുമുട്ടി സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുളച്ചിരുന്നെങ്കിലെന്നാഗ്രഹിച്ച കുറെ നിമിഷങ്ങളുണ്ടായിരുന്നു ജീവിതത്തിൽ. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും, ഡയാനയുടെ ശരീരത്ത് ഒരു മഴതുള്ളിപോലും വീഴാതെ നോക്കുന്നവരാണ് അവളുടെ മാതാപിതാക്കൾ. എത്ര ദിവസമായി പെയ്യുന്ന മഴയാണ്!. പാലത്തിലൂടെ കാർ…
