തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ
Author: Ramzeena Nasar
ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ
സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ്. കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ സാരിയാക്കിച്ചുറ്റി മോഹമടക്കി. വിവാഹപ്രായം വന്നണഞ്ഞട്ടും അഞ്ചരമീറ്റർ നീളമുള്ള ആ തുണിയോടുള്ള ഭ്രമം കൂടിവന്നേയുള്ളു. കൂട്ടുകാരിയുടെ ബ്ലൗസ് കടംവാങ്ങി അമ്മയുടെ പൊന്മനീല നിറമുള്ള കസവുസാരിയിലായിരുന്നു ആദ്യ പരീക്ഷണം. പിന്നീടങ്ങോട്ട് അമ്മയുടെ അലക്കിത്തേച്ചു വെച്ച സാരിയിൽ ഒരുപാട് പരീക്ഷണം നടത്തിയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുക്കാനുള്ള പരിജ്ഞാനം സ്വായത്തമാക്കാൻ ഇന്നും സാധിച്ചിട്ടില്ല. വീതികുറഞ്ഞ കരയുള്ള പട്ടുസാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു കുളിപ്പിന്നൽ കെട്ടിയ നീളൻമുടിയിൽ മുല്ലപ്പൂമാല ചൂടി മന്ദംനടന്നു പോകുന്ന ഏതൊരു പെണ്ണും കണ്ണിനിമ്പമുളള കാഴ്ചയാണ്. സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ സാരിയേക്കാൾ ഇണങ്ങുന്ന വസ്ത്രമില്ല എന്നുതന്നെ പറയാം. റംസീന നാസർ
സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു. റംസീന നാസർ
അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ ലോകത്തേക്കു അവൾ സ്വയം ഉരുകിച്ചേരുകയായിരുന്നു. റംസീന നാസർ
അമ്മയെന്ന വാത്സല്യവും അച്ഛനെന്ന വികാരവുമാണ് ഞാനെന്ന സത്യം. നേട്ടങ്ങൾ തെല്ലുമേ തിരികെ മോഹിക്കാത്ത ആത്മാർത്ഥ സ്നേഹത്തിൻ ഒരേയൊരു ഉറവിടം. തെറ്റുകളെത്ര ആവർത്തിച്ചാലും മാപ്പരുളീടുന്ന ഒരേയൊരു കോടതി. നൊമ്പരങ്ങളേറെ സഹിച്ചിടുമ്പോൾ ഓടിയെത്തുന്ന ദൈവത്തിൻ സന്നിദ്ധി. ചോരവിയർപ്പാക്കി ഊട്ടിയുറക്കി പേനും ഉറുമ്പും അരിച്ചിടാതെ. എന്റെ രോഗങ്ങളിൽ ഇമചിമമിടാതെ കാവലിരിക്കും പടയാളികൾ. അവരില്ലാത്ത ഈ ലോകം ഇരുൾമൂടി അർത്ഥശൂന്യമാകും. കണ്ണുള്ള കാലം കാഴ്ച്ചതൻ വിലയറിയില്ല എന്നപോലെ. സ്നേഹിച്ചീടുക കൂടെയുള്ള കാലം പശ്ചാതാപത്തിൻ വഴികൊടുക്കാതെ. കാരണം അവരാണ് നമ്മുടെ പാപവും പുണ്യവും. അവരല്ലോ നമ്മുടെ സ്വർഗ്ഗവും നരകവും. റംസീന നാസർ
ഏകാന്തതയുടെ നോവ് തീരങ്ങളിൽ നൊമ്പരത്തിന്റെ ഉഷ്ണക്കാറ്റേറ്റിരിക്കുമ്പോൾ സംഗീതത്തിന്റെ സ്നേഹസാഗരത്തിൽ നീരാടാനിറങ്ങും. അതിന്റെ ലയത്തിലും താളത്തിലും മുങ്ങിക്കുളിച്ചു കയറുമ്പോൾ മനസ്സും ശരീരവും ആശ്വാസത്തിന്റെ തലോടലേറ്റു ആർദ്രമാകും. കാട്ടാളഹൃദയത്തെവരെ തന്റെ കാമുകനാക്കുന്ന ആ സർഗസംഗീതത്തിൽ ലയിച്ചു സുഖനിദ്ര പൂകും. റംസീന നാസർ
ജനിച്ചുവളർന്ന വീട്ടിൽ നിന്നും വിവാഹംകഴിച്ചു വിട്ടപ്പോളായിരുന്നു തിരിച്ചറിഞ്ഞത് സ്വന്തമായ ഇടം നഷ്ടപ്പെട്ട താൻ കേവലം അഭയാർത്ഥി മാത്രമെന്ന്. ഒരുമാസത്തെ ജോലിക്കിടയിൽ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാൻ അഭയം നൽകുന്നവരാണ് തന്റെ മാതാപിതാക്കളെന്നും . റംസീന നാസർ
“ഉമ്മാ ” എന്ന വിളികേട്ടാണ് ഞെട്ടിയുണർന്നത് . അപ്പോഴായിരുന്നു ആ വിളി പകൽക്കിനാവിൽ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മനസ്സിന്റെ ഉള്ളിൽ എന്തോ നീറിപ്പുകയുന്ന പോലെ വല്ലാത്ത അസ്വസ്ഥത. ഒന്നു പുറത്തിറങ്ങി ഒരു ചായ കുടിച്ചാൽ ശരിയാകും നിന്റെ മൂഡോഫ് എന്നു പറഞ്ഞ കെട്ടിയോനുമായി പുറത്തിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ ഒരാൾക്കൂട്ടം. വലിയ എന്തോ ആക്സിഡന്റ് ആണെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോഴേക്കും ആൾക്കൂട്ടത്തിനടുത്തെത്തി. അപ്പോഴാണ് ചോരയിൽ കുളിച്ചുനിൽക്കുന്ന ഏക മകൻ ചുണ്ടിലുള്ള മുറിവിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു. പെട്ടെന്ന് അടുത്തുള്ള ആശിപത്രിയിൽ എത്തിച്ചെങ്കിലും മുറിവിന്റെ ആഴം കൂടുതലാണെന്നും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും പറഞ്ഞു തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്കു കുണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. പിന്നെ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലുള്ള കാത്തിരിപ്പായിരുന്നു. മുറിവെല്ലാം സർജറി ചെയ്തു കൂട്ടിതുന്നിയെങ്കിലും ചോരയിൽകുളിച്ചു നിൽക്കുന്ന മകന്റെ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം ഇന്നും മാറിയിട്ടില്ല. റംസീന നാസർ
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ കുഞ്ഞുനാളിൽ തന്നെ എടുത്താൽ പൊങ്ങാത്ത ബാഗ്‌ചുമടുമായ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനവും ഒരു ബാലവേല തന്നെ. കുഞ്ഞിക്കഥകളും കുഞ്ഞിക്കളികളും പകർന്നു നൽകി അവരുടെ നിഷ്ക്കളങ്ക ബാല്യം ആസ്വാദ്യമാക്കാൻ അനുവദിക്കുക. റംസീന നാസർ
