അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ ലോകത്തേക്കു അവൾ സ്വയം ഉരുകിച്ചേരുകയായിരുന്നു. റംസീന നാസർ
Author: Ramzeena Nasar
ഒരു പുരുഷായുസിൽ അനുഭവിക്കേണ്ടിയിരുന്ന യാതനകളായിരുന്നു കേവലം പത്തുവർഷത്തെ പ്രവാസ ജീവിതത്തിൽ മരുക്കാറ്റിലും വെന്തെരിയുന്ന കൊടുംചൂടിലും അവൻ അനുഭവിച്ചു തീർത്തത്. ബാക്കി വന്ന അൽപ്പായുസ്സിൽ അനുഭവിക്കാൻ ഏക സമ്പാദ്യമായ് ലഭിച്ച രോഗവുംപേറി അവൻ പ്രവാസത്തോട് വിടപറയുമ്പോൾ മരുപ്പച്ചകൾ പോലും മനംനൊന്തു കരഞ്ഞിരുന്നു. റംസീന നാസർ
വിരസമായ സമയത്തെ കൊല്ലാൻ ആരെയും നോവിക്കാത്ത സരസങ്ങൾ നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെ നിറത്തെയും ഉയരത്തെയും തടിയെയും തമാശേണെ കളിയാക്കിപ്പറയുന്നത് അവരുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തിയേക്കാം. തമാശകളെ തമാശയായി മാത്രം പറയാൻ ശ്രമിക്കുക. റംസീന നാസർ
ശരീരവും മനസ്സും മാരക രോഗങ്ങൾ കീഴടക്കി കടുത്ത വേദന കൊണ്ട് പുളയുമ്പോൾ ജീവിച്ചു കൊതി തീരാതെ ജീവനുവേണ്ടി പിടയുമ്പോൾ പ്രതീക്ഷകൾ അസ്തമിച്ചു നിരാശരാകുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും കഴുത്തിൽ സെതെസ്കോപ്പുമായി മനുഷ്യരൂപം പ്രാപിച്ച് ദൈവത്തെ പോൽ ഒരാൾ കടന്നു വരും. അവരുടെ കരുണവറ്റാത്ത സേവനത്തിന്റെ വിരൽതുമ്പ് പിടിച്ച് ജീവതത്തിലേക്ക് തിരിച്ചുവന്നവർ പറയും അതെ എന്റെ ജീവൻ തിരിച്ചു നൽകിയ ദൈവദൂതൻ തന്നെയാണ് ഡോക്റ്ററെന്ന്. റംസീന നാസർ
ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല ഒരു പുലരി വെളുക്കുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ലനാളെ കണികണ്ടുണരുമെന്ന ശുഭപ്രതീക്ഷ നൽകിയാണ് അവസാനിക്കുന്നത്. റംസീന നാസർ
ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല, എന്നെക്കൂടി ആയിരുന്നു. റംസീന നാസർ
ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെവരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം ബന്ധങ്ങൾക്ക് തുടക്കത്തിലുള്ള ഉത്സാഹവും ആവേശവും കെട്ടടങ്ങുമ്പോൾ പരസ്പരം പഴിചാരലുകൾ നടത്തി സമൂഹത്തിലും കുടുംബത്തിലും മോശക്കാരാകുമ്പോൾ ചിലർ ആത്മഹത്യയിലേക്കു വരെ എത്തിച്ചേരുന്നു. പര്സപരം ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം അവിഹിതബന്ധങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞാൽ മനസ്സും മാനവും തകർന്ന് ജീവൻ നഷ്ടപ്പെടുന്ന ചില ജീവിതങ്ങൾ എങ്കിലും രക്ഷപ്പെട്ടേക്കാം. റംസീന നാസർ
തൊഴിലെടുക്കുന്ന മേഖലയുടെ പേരിൽ അവരെ അകറ്റിമാറ്റി നിർത്തുമ്പോഴും അവരുടെ മേൽ പരിഹാസത്തിന്റെ വാൾമുനകൊണ്ട് അമ്പയ്‌ത്തു നടത്തുമ്പോഴും ഓർക്കാത്ത ഒരു സത്യമുണ്ട്. ലൈംഗിക തൊഴിലാളി ആകേണ്ടി വന്ന അവരുടെ സാഹചര്യവും പുകയാത്ത അടുപ്പുകളും കനൽപോലെ എരിഞ്ഞു പുകയുന്ന ഒട്ടിയ വയറിന്റെ വിശപ്പും അവരും മനുഷ്യരാണ്, ആ തൊഴിൽ ചെയ്യാൻ പ്രേരകമായ അവസ്ഥയ്ക്കും അവരുടെ ഉപഭോക്താക്കൾക്കും കല്പിക്കാത്ത അയിത്തം എന്തിനു അവരുടെ മേൽ മാത്രം കല്പിക്കപ്പെടുന്നു? റംസീന നാസർ
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ തെല്ലും പാലിച്ചിടാതെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ചത്തതും ചീഞ്ഞതും പുഴുവരിച്ചതുമായ ഇറച്ചിയും മറ്റു രാസപതാർത്ഥങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ വർണ്ണശബളങ്ങളായ പാത്രങ്ങളിൽ അലങ്കരിച്ചു തീൻമേശയിൽ എത്തിക്കുന്ന ധാരാളം ഹോട്ടൽ ശൃങ്കലകൾ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുളച്ചു വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. മഞ്ഞപ്പിത്തം പോലുള്ള പകർച്ച വ്യാധികളും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഭക്ഷ്യവിഷബാധക്കും വളരാൻ വളക്കൂറു നൽകുന്നവയാണ് ഭക്ഷ്യസുരക്ഷക്ക് യാതൊരു പ്രാധാന്യവും നൽകാതെ കൂൺ പോലെ വളരുന്ന ഇത്തരം സ്ഥാപനങ്ങൾ . റംസീന നാസർ
ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ തകർത്തെറിഞ്ഞ നീ സംഹാരതാണ്ഡവമാടുന്ന കൊടുങ്കാറ്റിനേക്കാൾ രൗദ്ര ഭാവിയാണ് . നിന്റെ ഓർമ്മകൾക്കു പോലും വഞ്ചനയുടെ രൂക്ഷഗന്ധമാണ്. റംസീന നാസർ
