എനിക്കൊരു ചെവി വേണം!! എന്റെ വാക്കുകൾ മുറിച്ചുകളയാതെ മുഴുവൻ കേൾക്കാൻ. വിധിയെഴുതാൻ തിടുക്കപ്പെടാതെ, എന്റെ നിശ്ശബ്ദതകളെപ്പോലും വായിച്ചെടുക്കാൻ. ഞാൻ തളരുമ്പോൾ പരിഹാരങ്ങളല്ല, സാന്നിധ്യം നീട്ടാൻ. കരയുമ്പോൾ “കരയരുത്” എന്നല്ല, “കരഞ്ഞോളൂ, ഞാൻ കൂടെയുണ്ട്” എന്ന് പറയാൻ. എന്റെ ചിരിയുടെ പിന്നിലെ ക്ഷീണവും, എന്റെ ദേഷ്യത്തിന്റെ പിന്നിലെ വേദനയും തിരിച്ചറിയാൻ. ലോകത്തോട് എന്നെ വിശദീകരിക്കാതെ, എന്നോട് എന്നെ മനസ്സിലാക്കാൻ. കുറ്റങ്ങളും കുറവുകളും ആയുധമാക്കാതെ, അതിനപ്പുറമുള്ള മനുഷ്യനെ കാണാൻ. ഞാൻ ഞാൻ തന്നെയായിരിക്കാൻ ഇടം തരാൻ, മാറണമെന്നല്ല, മനസ്സിലാക്കപ്പെടണമെന്ന എന്റെ ആഗ്രഹം കേൾക്കാൻ. സ്നേഹം വലിയ വാക്കുകളിൽ അല്ല, ചെറിയ പരിഗണനകളിൽ ജീവിക്കുന്നതാണെന്ന് അറിയുന്ന ഒരാൾ. അങ്ങനെയൊരു മനസ്സും, അങ്ങനെയൊരു ചെവിയും, അങ്ങനെയൊരു സാന്നിധ്യവും… അതുമാത്രമാണ് എനിക്ക് വേണ്ടത്. Murshida Parveen
Author: Wordwarrior
നഷ്ടങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രമേ ബാക്കിയുള്ളൂ.. ആരായിരുന്നു വേട്ടയാടപ്പെട്ടത്? ആരായിരുന്നു ഇര? തുലനം ചെയ്യാനോ പക്ഷം പിടിക്കാനോ കഴിയാത്ത ഏറ്റക്കുറച്ചിലുകൾക്ക് മേൽ നിന്ന് കൊണ്ടെങ്ങനെയാണ് ഇരുകൂട്ടരും ഇരവാദം മുഴക്കുന്നതെന്നൊരു സംശയം.. ഒടുവില് കൂട്ടിയും കുറച്ചും ഒരു വാചകത്തിലൊതുക്കാനെന്ന പോലെ ഒരുത്തരത്തിലെത്തി.. ബാധിക്കപ്പെട്ടവരെല്ലാം ഒരു കണക്കിന് ഇരകൾ തന്നെയാണ്.. ഇരവാദം മുഴക്കാൻ അർഹതപ്പെട്ടവരാണ്.. എന്നിരുന്നാലും മൗനമത്രെ ഗുണകരം.. Murshida Parveen
ഞാൻ നടന്നകലുകയായിരുന്നു… എവിടേക്ക് എന്നറിയാതെ… എന്തിനെന്നറിയാതെ… ചിലപ്പോൾ മനുഷ്യർ വഴികൾ തേടിയല്ല നടക്കുന്നത്, അകത്ത് തകർന്നുപോയ എന്തൊക്കെയോ കൂട്ടിയിണക്കാൻ വേണ്ടിയാണ്. ഓരോ ചുവടും ഒരോർമ്മയിൽ നിന്നുള്ള അകലമായിരുന്നു, ഓരോ ശ്വാസവും ഒരിക്കൽ സ്വന്തമായിരുന്ന എന്തൊക്കെയോ ഇനിയില്ലെന്ന തിരിച്ചറിവും. പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ പേടിയായിരുന്നു, കാരണം അവിടെ ഉത്തരമില്ലാത്ത ചോദ്യങ്ങളും, പറയാതെ ബാക്കിയാക്കിയ വാക്കുകളും, മടങ്ങിവരാത്ത സാന്നിധ്യങ്ങളുടെ നിശ്ശബ്ദതയും ഉണ്ടായിരുന്നു. ഞാൻ നടന്നകലുകയായിരുന്നു… ലോകത്തിൽ നിന്നല്ല, ആരും കാണാതിരുന്ന എന്റെ ഉള്ളിലെ നിലവിളികളിൽ നിന്ന്. പക്ഷേ എത്ര ദൂരം നടന്നാലും, ചില വേദനകൾ നിഴൽപോലെ കൂടെ നടക്കുമെന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു.
ഒരു കരച്ചിലിനെ എങ്ങനെ വിവർത്തനം ചെയ്യുമെന്നാണ് ഞാനോർത്തത്. ഗദ്ഗദങ്ങളെയാണോ, തേങ്ങലുകളെയാണോ, തൊണ്ടയിൽ കുടുങ്ങിയ നെടുവീർപ്പുകളെയാണോ, വിളക്കിച്ചേർത്തെഴുതേണ്ടതെന്ന് ഒരു വേള ശങ്കിച്ചു നിന്നുപോയി. ഒരു വേദനയെ എങ്ങനെയാണ് അളക്കേണ്ടത് എന്നും ചിന്തിച്ചു. മുറിവുകളുടെ ആഴം നോക്കിയാണോ, നഷ്ടങ്ങളുടെ എണ്ണം എണ്ണിയാണോ, അതോ ഓരോ രാത്രിയും ഉറക്കം മുറിച്ചുണർത്തിയ നിശ്ശബ്ദങ്ങളെ ചേർത്താണോ അതിന്റെ തീവ്രത പറയേണ്ടത്. ഒരു മനുഷ്യന്റെ തകർച്ചയെ ഏത് ഭാഷയിലാണ് എഴുതേണ്ടതെന്നും അറിയാതെ നിന്നു. മുഖത്ത് കാണാത്ത വിള്ളലുകളെയാണോ, ആരും കേൾക്കാത്ത നിലവിളികളെയാണോ, അതോ ഉള്ളിൽ മാത്രം ചിതറിപ്പോയ സ്വപ്നങ്ങളെയാണോ വാക്കുകളാക്കി മാറ്റേണ്ടതെന്ന്. ഒരു ഓർമ്മയെ എങ്ങനെ മറക്കാമെന്ന് പോലും ഞാൻ ചോദിച്ചു. കാലത്തിന്റെ പൊടിയിൽ മറഞ്ഞുപോയ നിമിഷങ്ങളെയാണോ, ഹൃദയത്തിൽ പതിഞ്ഞ മുറിവുകളെയാണോ, അതോ വീണ്ടും വീണ്ടും തിരിച്ചു വരുന്ന നിഴലുകളെയാണോ മനസ്സിൽ നിന്ന് നീക്കേണ്ടത്. ഒരു സ്നേഹത്തെ എങ്ങനെ അവസാനിപ്പിക്കാമെന്നും ചിന്തിച്ചു. പറയാതെ പോയ വാക്കുകളെയാണോ, പിടിച്ചുനിന്ന കൈകളെയാണോ, അതോ ഒരിക്കലും മടങ്ങിവരാത്ത വഴികളെയാണോ വിടപറയേണ്ടത്. Murshida Parveen
“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ഡോക്ടറെ…” ശ്വേതയുടെ ശബ്ദം ചെറുതായി വിറച്ചു. മുന്നിൽ ഇരുന്ന രേണുക ഇത്തരത്തിലുള്ള തകർച്ചകൾ പുതുമയല്ലാത്ത ആളായിരുന്നു. ഒരു സൈക്ക്യാട്രിസ്റ്റ് എന്ന നിലയിൽ എത്രയോ മനുഷ്യരുടെ ഉള്ളിലെ ഇരുട്ടുകൾ അവൾ കേട്ടറിഞ്ഞിട്ടുണ്ട്. എന്നാലും ചില വേദനകൾക്ക് മുന്നിൽ പുസ്തകങ്ങളും പഠനങ്ങളും വരെ നിശബ്ദമാകാറുണ്ട്. “ആ കുഞ്ഞിന്റെ മുഖം… എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല ഡോക്ടറെ… അവർക്കു വേണ്ടായിരുന്നെങ്കിൽ… എനിക്ക് തന്നാൽ മതിയായിരുന്നില്ലേ…” വാക്കുകൾ അവസാനിക്കുമ്പോഴേക്കും ശ്വേത പൊട്ടിക്കരഞ്ഞു. രേണുക പതിയെ മുന്നിലുണ്ടായിരുന്ന ഗ്ലാസ് അവൾക്കരികിലേക്ക് നീക്കി. പക്ഷേ ശ്വേത അതിലേക്കു നോക്കി നിന്നതല്ലാതെ കൈകൊണ്ടില്ല. “ആ വാർത്ത അറിഞ്ഞത് മുതൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങുന്നില്ല…” മുറിയിലൊട്ടാകെ ഒരു ഭാരമുള്ള നിശബ്ദത പടർന്നു. “ടി.വി ഓണാക്കാൻ പറ്റുന്നില്ല… മൊബൈൽ തുറക്കാൻ പറ്റുന്നില്ല… ന്യൂസ് കാണാൻ പോലും പറ്റുന്നില്ല… ആ കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും ചെവിയിൽ കേൾക്കുന്ന…
മാതൃദിനത്തോട് അനുബന്ധിച്ച് പലർക്കും അവരുടെ അമ്മമാരെക്കുറിച്ച് പറയാൻ മനോഹരമായ ഓർമ്മകളും ഹൃദയത്തിൽ ചേർത്ത് വച്ച നിമിഷങ്ങളും ഉണ്ടാകും. ഒരുമിച്ച് ചെലവഴിച്ച സന്തോഷ ദിവസങ്ങൾ, ചേർത്ത് പിടിത്തങ്ങൾ, സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ, സുരക്ഷിതത്വം തോന്നിച്ച സ്പർശങ്ങൾ… അങ്ങനെ പലതും. പക്ഷേ എന്റെ ഓർമ്മകളിൽ നിന്ന് എടുത്ത് പറയാൻ അത്തരത്തിൽ മനോഹരമായ നിമിഷങ്ങൾ വളരെ കുറവാണ്. ഉമ്മയെ അവസാനമായി എപ്പോഴാണ് ഞാൻ കെട്ടിപ്പിടിച്ചതെന്ന് പോലും എനിക്ക് ഓർമ്മയില്ല. എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്ന ഒരു ചുംബനം മാത്രമുണ്ട്. അത് ഞാൻ ഉമ്മയ്ക്ക് കൊടുത്തത്, ഉമ്മ മരിച്ചതിന് ശേഷമാണ്. ഒരേ വീട്ടിൽ ജീവിച്ചിട്ടും, എന്തൊക്കെയോ വാശികളും തെറ്റിദ്ധാരണകളും അകലം സൃഷ്ടിച്ചിരുന്നു. ഒരുപാട് സമയം ഞങ്ങൾ കലഹിച്ചും, പരസ്പരം മനസ്സിലാക്കാതെ ജീവിച്ചുമായിരുന്നു കടന്നുപോയത്. അന്ന് ആരാണ് ശരി, ആരാണ് തെറ്റ് എന്നായിരുന്നു കൂടുതൽ പ്രാധാന്യം. പക്ഷേ ഇന്ന് ഞാൻ വിശ്വസിക്കുന്നത് ഒരു ഉമ്മയ്ക്കും സ്വന്തം മക്കളെ സ്നേഹിക്കാതെ ഇരിക്കാനാവില്ല എന്നതാണ്. ഉമ്മ എന്നെ സ്നേഹിച്ചിരുന്നു എന്ന്…
ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ എഴുതിയാലും പറഞ്ഞാലും തീരില്ല. നോവിന്റെ ഓർമ്മകൾ വേർ പിണഞ്ഞു കിടക്കുന്നത് എട്ട് വയസ്സുകാരിയായ ഒരു കുഞ്ഞിൽ നിന്നാണ്. അനിയത്തി ജനിച്ചപ്പോൾ “നിന്നെ ഇനി ആർക്കും വേണ്ട” എന്ന് പറഞ്ഞ വാക്കുകളിൽ വിങ്ങിയ ആ കുഞ്ഞ് മനസ്സ് ഇന്നും അതേ പോലെ തന്നെയാണ്. ആ വാക്കുകൾ മറക്കാൻ പഠിച്ചിട്ടില്ല, അവയോടൊപ്പം ജീവിക്കാൻ മാത്രം പഠിച്ചു. ഓരോ തവണയും ബോഡി ഷേമിങ് നടത്തി, മുല്ലവള്ളി കൊണ്ട് ശരീരം വേദനിപ്പിച്ച അടുത്ത ബന്ധുവിന്റെ പ്രഹരങ്ങൾ ശരീരത്തിൽ നിന്നു മാഞ്ഞെങ്കിലും, മനസ്സിൽ ഇന്നും വ്രണമായി കിടക്കുന്നു. കാണാത്ത മുറിവുകൾക്കാണ് ഏറ്റവും കൂടുതൽ വേദനയെന്ന് അവരാണ് എന്നെ പഠിപ്പിച്ചത്. വിവാഹശേഷം, എന്നെയും എക്സ് ഭർത്താവിനെയും താരതമ്യം ചെയ്ത് കളിയാക്കിയവർ, “അവന്റെ ഭക്ഷണവും നീയാണോ കഴിക്കുന്നത്?” എന്ന ചോദ്യത്തിൽ ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാതെ, പ്ലേറ്റിലേക്ക് കണ്ണീർ തുള്ളിയ നിമിഷങ്ങൾ ഇന്നലെ നടന്നതുപോലെ ഇപ്പോഴും ഉള്ളിലുണ്ട്. അവിടെ നിന്ന് ഞാൻ മനസ്സിലാക്കി, ചില വാക്കുകൾക്ക് ശബ്ദം മാത്രമല്ല, അവയ്ക്ക് മുറിവുണ്ടാക്കാനുള്ള ശക്തിയും ഉണ്ടെന്ന്. ഭിന്നശേഷിയുള്ള…
“പ്രതീക്ഷ വെക്കരുത്, നമ്മൾ ശ്രമിച്ച് നോക്കും. ചിലപ്പോൾ തോറ്റ് പോയേക്കാം അല്ലെങ്കിൽ ജയിച്ചേക്കാം. എന്ത് വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം” ഇതായിരുന്നു ഡോക്ടർ എന്നോട് ഓപ്പറേഷന് ഡേറ്റ് തീരുമാനിക്കുന്നതിന് മുന്നേ പറഞ്ഞ അവസാനവാക്കുകൾ. ഡോക്ടറെനിക്കൊരു ധൈര്യമായിരുന്നു. എങ്കിലും ഉള്ളിലൊരു ഭയമുള്ളത് കൊണ്ട് ചെയ്ത് തീർക്കാൻ ബാക്കിയുള്ളതെല്ലാം എണ്ണിത്തിട്ടപ്പെടുത്തുന്ന വെപ്രാളച്ചുഴിയലകപ്പെട്ടു പോയിരുന്നു ഞാൻ. ആറു വയസ്സുകാരി കുഞ്ഞീടെ ഇനിയങ്ങോട്ടുള്ള ആഗ്രഹങ്ങൾ എന്റെ അഭാവത്തിൽ സൂര്യക്ക് സാധിച്ചു കൊടുക്കാൻ പറ്റാതിരിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നാട്ടിലെ 10 സെൻറ് വിറ്റതിന്റെ കാശ് അവളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോഴും ഉള്ളിലൊരാന്തൽ ഉണ്ടായിരുന്നു. ഇതൊക്കെ തീരുമ്പോൾ അവൾ എന്ത് ചെയ്യും എന്നോർത്ത് ആകെ ഭ്രാന്ത് പിടിച്ചൊരു അവസ്ഥ. നാട്ടിൽ ചന്ദ്രേട്ടനെ വിളിച്ചു സൂര്യക്ക് ഒരു ജോലി പെട്ടെന്നുതന്നെ കണ്ടെത്തണം എന്ന് പറയുമ്പോഴും അത് എളുപ്പത്തിൽ സാധ്യമാവും എന്നും കരുതിയില്ല. ഞാൻ തന്നെ മുൻകൈയെടുത്ത് ജോലി ശരിയാക്കി കൊടുത്തു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം കാണേണ്ടതായിരുന്നു. വിനുവേട്ടന് ഇതെന്തുപറ്റി എന്ന്…
സൂക്ഷ്മവും ഉദാത്തവുമായ സൃഷ്ടികൾ പത്മരാജൻ എന്ന കലാകാരൻ നമുക്ക് എന്നും സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ യഥാർത്ഥത്തിൽ നഷ്ടങ്ങളുടെ കണക്കു സൂക്ഷിപ്പുകാരൻ ആണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളിൽ നമുക്ക് നമ്മുടെ ആത്മാവിനോടിഴ ചേർന്ന ജീവിതവുമായി ബന്ധപ്പെട്ട വ്യക്തിപരമായ നഷ്ടങ്ങളെ കണ്ടെത്താൻ കഴിയും.അദ്ദേഹത്തിന്റെ സിനിമകളായ മൂന്നാം പക്കം, ഇന്നലേ, നമുക്ക് പാർക്കൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തി പൂവ്, ഞാൻ ഗന്ധർവൻ എന്നിവയിൽ എല്ലാം ഒരു നോവ് നമ്മിലേക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഒരു പ്രധാന ഘടകമായി നില നിർത്തിയ ഒരു കാര്യം ഏകാന്തതയുടെ പശ്ചാത്തലത്തിൽ അവയെല്ലാം ആവിഷ്കരിച്ചു എന്നുള്ളതാണ്. മനുഷ്യവികാരങ്ങൾ ഏകാന്തതയുടെ പശ്ചാത്തലത്തിൽ അനാവരണം ചെയ്തതിലൂടെ ദൃശ്യാനുഭവത്തിനുമപ്പുറത്തെ തീവ്രാനുഭവങ്ങൾ പ്രേക്ഷകന് ലഭിച്ചിട്ടുണ്ട്.ഈ ലേഖനം ഒരു നിരൂപണമല്ല.എന്റെ ചിന്തകൾ ഒന്നു പങ്ക് വെക്കാൻ ഒരു ശ്രമം മാത്രം.പത്മരാജന്റെ കലാസൃഷ്ടികളുടെ ഒരാരാധികയാണ് ഞാൻ. അതിൽ ഒരു കലാസൃഷ്ടി എന്റെ ജീവിതത്തോട് ചേർത്ത് നിർത്തേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അദ്ദേഹം തന്നെ രചനയും…
ആദ്യം ഒരു കൗതുകം അത് തീർക്കാൻ ഒരെത്തിനോട്ടം. നോട്ടത്തിൽ നിന്നും സന്ദേശങ്ങളായി സന്ദേശം വിളികളായി വഴിമാറി. സൗഹൃദം ഊട്ടിയുറപ്പിച്ച് വഴിതെറ്റില്ലെന്നുറപ്പിച്ച് വഴിമാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. ഒടുവിൽ ശ്രദ്ധയെ പ്രലോഭനങ്ങളിൽ വഴി തിരിച്ച് വിട്ടു. പിരിയാൻ ആവാത്ത വിധം, പിണങ്ങാൻ കഴിയാത്ത വിധം, അടുത്ത് പരിചയിച്ച് ബന്ധം ദൃഢമായി മാറിയ നേരം, മടുപ്പിന്റെ ലാഞ്ചന ചെറുതായി വീശി. പിന്നെ പണ്ട് പാടിയ വാഴ്ത്തു പാട്ടുകളെല്ലാം പിണക്കങ്ങളായി, പരിഭവങ്ങളായി, പരാതികളായി മാറി. മിണ്ടാതിരിക്കാൻ കഴിയാതിരുന്നവർ, പേരിന് നേരെ പച്ചവെളിച്ചം തെളിയാൻ കാത്ത് നിന്നവർ, ഒഴിഞ്ഞ് മാറാൻ പഠിച്ചു. ഒടുക്കം ബ്ലോക്ക് ലിസ്റ്റിൽ തുടക്കം ആ പേരെത്തി നിന്നു.
