വിധി ക്രൂരമായിട്ടു വേട്ടയാടപ്പെട്ട
പെണ്ണിനെ ചൊല്ലിവിളിച്ചു നാം ‘വിധവ’
ഭർത്താവിൻ ചിത കത്തിപ്പടരുന്ന നേരത്ത്
എത്രയോ വിധവകൾ എരിഞ്ഞടങ്ങീ അതിൽ
ആചാരമെന്ന് പറഞ്ഞുനാം അവളോട്
ചെയ്തോരു ക്രൂരത ഇനിയുമേറെ
വിധി കാട്ടും ക്രൂരതയിൽ തകർന്നോരവളുടെ
താലിയും പൊട്ടിച്ച്, സിന്ദൂരവും മായ്ച്ച്,
തലമുണ്ഡനം ചെയ്ത്, അകത്തൊരു മൂലയിൽ
നിർദ്ദയം തള്ളി നാം ആചാരം നിലനിർത്തി
അവളുടെ ജീവിത വർണ്ണം കവർന്നു നാം
ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളഞ്ഞു നാം
ജീവിത സ്വപ്നങ്ങൾ ആകെ തകർത്തിട്ട്
വിധവയെന്നോമന പേരു വിളിച്ചു നാം
വിധിയോടു പൊരുതി മുന്നോട്ടു വന്നോൾക്ക്
അപഥസഞ്ചാരിണി പട്ടം ചുമത്തുവാൻ
ഒളിഞ്ഞും തെളിഞ്ഞും മാർഗ്ഗങ്ങൾ തേടി നാം
പടുകുഴിയിലേക്കങ്ങു തള്ളുവാൻ നോക്കിടും
ഉയർത്തെഴുന്നേൽക്കുക സോദരീ വേഗത്തിൽ
വർണ്ണങ്ങളൊക്കെ നീ തിരികെപ്പിടിക്കുക
നെറ്റിയിൽ സിന്ദൂരം ഇനിയും നീ അണിയുക
കണ്ണിലെ അഗ്നി നീ ആളിപ്പടർത്തുക
ദുരാചാരമെല്ലാം കത്തിയെരിക്കുക
വിധികളിനി നീ തന്നെ മാറ്റിയെഴുതുക.
———————————————————-
✍️ഷീജിത്ത് സി. കെ. – പിണറായി

2 Comments
👌👍💯❤️
സുരേഷ്,
വായിച്ചതിനും പ്രതികരിച്ചതിനും ഒരുപാട് സന്തോഷം. വായിച്ച് അഭിപ്രായം അറിയുമ്പോഴാണ് ഇനിയും എഴുതാനുള്ള ആവേശം ഉണ്ടാകുന്നത്. നന്ദി 🙏❤️