ജീവിതത്തിൽ ഒരു കാര്യവും തനിയെ ശരിയാവുകയില്ല. പക്ഷേ നാഴികയ്ക്കു നാല്പതു പ്രാവശ്യവും നമ്മൾ പറയും, എല്ലാം ശരിയാവുമെന്ന്.
അഞ്ചു കൊല്ലവും സഹിച്ച് ഖജനാവു ധൂർത്തടിച്ച് വെറുപ്പിച്ച് വെണ്ണീറാക്കിയ ഭരണത്തെ വെറും എല്ലാം ശരിയാവുമെന്ന വാക്കു കേട്ട് ഭരണത്തുടർച്ച കൊടുത്ത ജനതയ്ക്കറിയാമായിരുന്നു അതൊരു കോമഡിയാവുമെന്ന്.
കേടായ വണ്ടി തനിയെ ശരിയാവുമോ?
ആരെങ്കിലും റിപ്പയർ ചെയ്ത് ശരിയാക്കണ്ടേ?
ശരീരത്തിനെ ബാധിച്ച അസുഖം തനിയെ ശരിയാകുമോ?
രോഗം അറിഞ്ഞ് ആരെങ്കിലും ചികിത്സിക്കണ്ടേ?
തെറ്റിപ്പോയ കണക്ക് തന്നത്താനെ ശരിയായിത്തീരുമോ?
അറിവുള്ള ആരെങ്കിലും ശരിക്കും കൂട്ടിയും കുറച്ചും ഗണിച്ചും ക്രിയ ചെയ്യാതൊക്കുമോ?
എല്ലാം ശരിയാവില്ല
എല്ലാവരും കൂടി ശരിയാക്കണം.
അല്ലെങ്കിലൊക്കെയും ചിരിയാവും.
ചെറുപ്പത്തിൽ പരീക്ഷയിൽ തോറ്റാൽ കളിയിൽ പരാജയപ്പെട്ടാൽ കലാമത്സരങ്ങളിൽ കണ്ടവർ കയ്യേറി പിന്നിലായിപ്പോയാൽ സമയം ശരിയല്ലെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് വഴിപാടിട്ട് പ്രാർത്ഥിക്കാൻ പറഞ്ഞോണ്ട് അമ്മ അമ്പലത്തിലേക്കയയ്ക്കും.
കുറേക്കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി അത് അമ്മയുടെയൊരു വിൻ്റേജ് കോമഡിയായിരുന്നെന്ന്. ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് മോട്ടിവേറ്റു ചെയ്താൽ ഇവൻ ഒന്നുകൂടി ആഞ്ഞു പരിശ്രമിച്ച് കാര്യം ശരിയാക്കുമെന്ന് അമ്മയ്ക്കും എനിക്കും ഈശ്വരനും മനസ്സിലായപ്പോഴാണ് ഞങ്ങളെല്ലാം ശരിയായത്. കാര്യങ്ങളും ശരിയായിത്തീർന്നത്.
