കോഴി കുഞ്ഞുങ്ങളെ കൂട്ടിലാക്കിയിട്ട് ഡാനിയേല തിരിഞ്ഞ് നോക്കുമ്പോൾ മലഞ്ചെരുവിലൂടെ ഗബ്രിയേൽ ഒരു പെണ്ണിൻ്റെ കൈയും പിടിച്ചു വരുന്നു.
“ആരാ ഗബ്രിയേലെ ഇത്. “
അവർ നടന്ന് അടുത്തെത്തിയപ്പോൾ ഡാനിയേല ചോദിച്ചു.
സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ ഡാനിയേലയ്ക്ക് പുറം ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല. അവളുടെ ലോകം ഇത് വരെ മാമായിയും ഗബ്രിയേലും മാത്രമാണ്, പിന്നെ അകാലത്തിൽ മരിച്ച അപ്പൻ കണാരനും.
ഡാനിയേലയെ കണ്ടപ്പോൾ ഗബ്രിയേൽ കൈ വീശി കാണിച്ചു.
“ഡാനിയേല ഇത് റീത്ത. നിനക്ക് വേണ്ടി കോഴിക്കുഞ്ഞുങ്ങളെ തന്നത് ഈ റീത്തയുടെ അമ്മയാണ്. “
റീത്ത ഡാനിയേലയുടെ കൈ പിടിച്ച് അടുക്കളയിൽ കയറി. ചെറുതായി അരിഞ്ഞ ആടിൻ്റെ കരൾ, റീത്ത എണ്ണയിൽ വറുത്തെടുത്തു. കപ്പ ചെറിയ കഷണങ്ങളാക്കി വേവിച്ച് എടുത്തു. ഡാനിയേലയും ഗബ്രിയേലും റീത്ത യുടെ വേഗതയാർന്ന കര ചലനങ്ങൾ നോക്കി നിന്നു.
ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റിയെടുത്ത് അതിൽ കപ്പയും വറുത്ത കരളും ചേർത്ത്, അതിൽ മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുത്തു.
റീത്ത മൂന്ന് വലിയ തേക്കിലകൾ പറിച്ചെടുത്ത്, കരൾ-കപ്പ ഉലർത്ത് അതിൽ മൂന്നായി വിളമ്പി.
“നിങ്ങൾ പോർട്ടുഗീസുകാർക്ക് കപ്പ പ്രിയമാണല്ലോ. നിങ്ങളുടെ നാട്ടിൽ നിന്നാണ് കപ്പ ഇന്നാട്ടിൽ എത്തിയത്. ഞാൻ ഹിസ്റ്ററിയിൽ ഇത് പഠിച്ചിട്ടുണ്ട്. “
“ഞാനൊരു വെളുത്ത തീയനാണെടീ, കണാരൻ്റെ മകൻ. “
ഗബ്രിയേൽ അഭിമാനത്തോടെ തൻ്റെ പൈതൃകത്തെ ഓർമ്മപ്പെടുത്തി.
“ഞങ്ങൾ ആദ്യമായിട്ടാണ് കപ്പ കഴിക്കുന്നത്, മാമായി ഞങ്ങൾക്ക് ഇത് വരെ തന്നിട്ടില്ല. “
ഗബ്രിയേൽ പറഞ്ഞു.
“നല്ല രുചിയുണ്ട്. തോമാച്ചൻ്റെ കപ്പതോട്ടത്തിൽ ഞാൻ ഇടയ്ക്ക് കയറേണ്ടി വരും. “
“തോമാച്ചനോട് ഇനി മുതൽ വടക്കോട്ട് നോക്കി കൂടി പ്രാകണം എന്ന് പറയണം. “
റീത്ത ചിരിച്ചു.
“നീ അടിവാരത്ത് നിന്നും വരുമ്പോൾ നല്ല കപ്പ വാങ്ങി കൊണ്ട് വന്നാൽ മതി. “
മൂന്ന് പേരും കഴിച്ച് കഴിഞ്ഞപ്പോൾ റീത്ത ധൃതി കൂട്ടി.
“വേഗം, ഇനി എനിക്ക് ഫോട്ടോ എടുത്ത് താ. “
മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഗബ്രിയേൽ റീത്തയെ നോക്കി പറഞ്ഞു.
“മാമായി ഉണ്ടായിരുന്നെങ്കിൽ ആരും ഈ മലയിൽ വരാൻ അനുവദിക്കില്ലായിരുന്നു. “
“അതെനിക്ക് അറിയാം. “
റീത്തയുടേയും ഡാനിയേലയുടേയും ഫോട്ടോസ് ഗബ്രിയേൽ എടുത്ത് കൊടുത്തു. സ്വന്തം ഫോട്ടോ അത്
എടുക്കാൻ അവൻ വിസമ്മതിച്ചു. റീത്തയും ഡാനിയേലയും നല്ല സൗഹൃദത്തിലായി. ഇരുട്ട് പരന്നപ്പോഴാണ് റീത്ത വീട്ടിലേക്ക് മടങ്ങിയത്.
റീത്ത തൻ്റെ കുരിശ്മാല ഡാനിയേലക്ക് സമ്മാനിച്ചു.
“ഇനിയും മല കയറി വരണേ റീത്താ. “
ഡാനിയേല റീത്തയെ യാത്രയാക്കി. റീത്തയുമായുള്ള ഡാനിയേലയുടെ സൗഹൃദം ഗബ്രിയേൽ പ്രോൽസാഹിപ്പിച്ചില്ല.
റീത്തയെ യാത്രയാക്കാൻ ഗബ്രിയേൽ പകുതി വഴി വരെ നടന്നു.
“റീത്തയ്ക്ക് നല്ല കൈപുണ്യമുണ്ട്. ഭക്ഷണം നല്ല രുചിയായിരുന്നു. “
“നിനക്ക് ഇഷ്ടമായോ. “
ഗബ്രിയേൽ അതേയെന്ന് തല കുലുക്കി.
ഗബ്രിയേലിന് ഒരു കാര്യം കാട്ടി തരാം. “
“എന്താ. “
റീത്ത തൻ്റെ ഫോണിലെ ഗാലറിയിൽ നിന്നും ഒരു ഫോട്ടോ അവന് കാട്ടി കൊടുത്തു.
അൽപ്പം മുമ്പ് മലയിടുക്കിലൂടെ ഒഴുകുന്ന ചെറിയ ചോലയിൽ നിന്നും മരത്തൊട്ടികളിൽ വെള്ളം എടുത്ത് കൊണ്ട് വരുന്ന അർദ്ധനഗ്നയായ ഗബ്രിയേലിൻ്റെ പടം. ഗബ്രിയേൽ അത് വാങ്ങി നോക്കി. കണ്ണാടിയിൽ മുഖം കാണാറുണ്ടെങ്കിലും അവൻ്റെ പൂർണ്ണമായ രൂപം അന്നാദ്യമായി കാണുകയായിരുന്നു.
“കാണാൻ നല്ല ഭംഗിയില്ലേ, ഇനിയും ഉണ്ട് ഒരെണ്ണം. “
ഗബ്രിയേൽ ചതുപ്പിൽ നിന്നും ഇലകൾ പറിച്ചടുക്കുന്ന ദൂര ദൃശ്യം.
“സുന്ദരനാണെങ്കിലും നീയൊരു പഴഞ്ചനാണ് ഗബ്രിയേലേ, ഒരു നൂറ്റാണ്ട് മുമ്പ് ജീവിക്കേണ്ടവനാണ്. “
“നീ എൻ്റെ ഫോട്ടോ മായ്ച്ച് കളഞ്ഞേരെ. അത് വേറെ ആരും കാണാൻ പാടില്ല. “
റീത്ത മറുപടി പറയാതെ ഇരുട്ടത്ത് നടന്ന് മറയുന്നത് ഗബ്രിയേൽ നോക്കി നിന്നു.
റീത്ത പാവമാണ്, പക്ഷേ ഗബ്രിയേൽ അവളിൽ നിന്നും അകന്ന് നിൽക്കാൻ ആഗ്രഹിച്ചു. പിന്നെ രണ്ട് മൂന്ന് ദിവസം അവളെ പറ്റിച്ച് മറ്റൊരു വഴിയിലൂടെ അവൻ മല കയറി.
എന്തിനാണ് താൻ റീത്തയിൽ നിന്നും ഒളിച്ചോടുന്നതെന്ന് ഗബ്രിയേലിന് മനസ്സിലായില്ല. പക്ഷേ തനിക്കൊരു ആവശ്യം വരുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന മുഖം അവളുടേതാണ്.
മാമായിയെ കാണാതായിട്ട് പന്ത്രണ്ടാം ദിവസം, ഉച്ചയ്ക്ക് അടിവാരത്ത് നിന്നും മടങ്ങി വീട്ടിലെത്തിയ ഗബ്രിയേൽ കാണുന്നത്, കട്ടിലിൽ കമഴ്ന്നു കിടന്ന് കരയുന്ന ഡാനിയേലയെ ആണ്. പുറകുവശത്ത് ചോര കൊണ്ട് വലിയൊരു വട്ടം വരച്ച അവളുടെ വെളുത്ത ഗൗൺ. ഗബ്രിയേൽ ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല. നിർബന്ധിച്ചപ്പോൾ പെണ്ണോളെ ആരേലും കൂട്ടി കൊണ്ട് വരാൻ പറയുന്നു.
താനറിയാത്ത എന്ത് രഹസ്യമാണ് ഡാനിയേലയ്ക്ക് ഉള്ളത്. എന്താണ് പെണ്ണുങ്ങൾ കൈകാര്യം ചെയ്യേണ്ട വിഷയം. ?
ആരോട് പറയും. മാമായി ഇല്ല, ആകെ ഇഷ്ടമുള്ളൊരു പെണ്ണ് ജാൻസിയേച്ചിയാണ്. ഇനി ഇരുട്ടുന്നതിന് മുമ്പ് അടിവാരത്ത് പോയി ചേച്ചിയെ എങ്ങനെ കൂട്ടി കൊണ്ട് വരും. സൈമൺ ചേട്ടൻ സമ്മതിച്ചാലും പൗലോ മാപ്ല സമ്മതിക്കില്ല.
ഗബ്രിയേൽ എത്ര ആലോചിച്ചിട്ടും ഒരു മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞില്ല. മലയിറങ്ങി കുറച്ച് കഴിഞ്ഞാൽ റീത്തയുടെ കോളനി എത്തും. വീടേതാണെന്ന് അറിയില്ല. മാഗി പെമ്പിളയുടെ വീട് ചോദിക്കാം. ആരെങ്കിലും കാണിച്ചു തരും.
പക്ഷേ മാഗി പെമ്പിളയെ വീട്ടിൽ കയറ്റിയാൽ മാമായി അറിഞ്ഞാൽ പ്രശ്നമാകും. റീത്തയെ കൂട്ടി കൊണ്ട് വരാനായി, ഡാനിയേലയെ തനിച്ചാക്കി ഗബ്രിയേൽ മലയിറങ്ങി.
കോളനിയിൽ പോയി റീത്തയുടെ വീട് കണ്ട് പിടിച്ചു. റീത്ത വീട്ടിലില്ല, അമ്മയുമായി കോളേജിൽ പോയിരിക്കുകയാണ്. നിരാശയോടെ ഗബ്രിയേൽ തിരികെ നടന്നു.
“ഫ്രാൻസിസ്കയുടെ മകനെന്താണ് മാഗിയുടെ മകളുമായിട്ട് ഏർപ്പാട്. ഇവനെന്തിനാണ് ആ പെണ്ണിനെ തിരക്കി നടക്കുന്നത്?”
പിറകിൽ നിന്നും ഒരു ചോദ്യം ഗബ്രിയേൽ കേട്ടു. അവന് ദേഷ്യം വന്നു.
“ശ് ശൂ. “
ആരോ ദുഃസൂചന നൽകി.
“ആ മാഗിയെ ആരെങ്കിലും ഒന്ന് ഉപദേശിക്കണം. ഇവൻ്റെ തള്ളയൊരു ദുർമന്ത്രവാദിയാണ്. “
ഗബ്രിയേൽ വഴിയിൽ വച്ച് അമ്മയേയും മകളേയും കണ്ടു.
“നിന്നെ ഇപ്പോൾ കാണാനില്ലല്ലോ ഗബ്രിയേലേ. “
റീത്ത പരിഭവിച്ചു.
“റീത്ത, ഡാനിയേലക്ക് സുഖമില്ല. എൻ്റെ കൂടെ ഒന്ന് വരാമോ വീട്ടിലേക്ക്. “
“എന്തിനാ ചെക്കാ, അവൾക്ക് പരീക്ഷയാണ്. കളിച്ച് നടക്കാൻ ഇനി സമയമില്ല. “
മാഗി പറഞ്ഞു.
ഗബ്രിയേലിൻ്റെ മുഖം മങ്ങി. നിവൃത്തികേട് കൊണ്ടാണ് റീത്തയെ കാണാൻ വന്നത്
റീത്ത കയ്യിലിരുന്ന ബുക്കും ഹാൾടിക്കറ്റും മാഗിയെ ഏൽപ്പിച്ചു.
“തള്ള വീട്ടിലേക്ക് നടന്നോ. ഞാനിതാ എത്തി. “
ഗബ്രിയേലിനൊപ്പം റീത്ത രണ്ടാം തവണ മല കയറി.
“നീയെന്നെ പറ്റിച്ചു ഗബ്രി. “
മനസ്സിലാകാതെ ഗബ്രിയേൽ റീത്തയെ നോക്കി.
“എന്നെ ചതുപ്പിൽ കൂട്ടി കൊണ്ട് പോകാമെന്ന് നീ പറഞ്ഞില്ലേ. ഏഴ് ദിവസം കഴിഞ്ഞു. “
“അത്… ഞാൻ കൊണ്ട് പോകാം. “
അവൾ ചൂരമലയിലേക്ക് കൈ ചൂണ്ടി.
“അവിടേയും കൊണ്ട് പോകാമോ. ആ ചൂരമലയിലെ എഡ്വേർഡ് രാജകുമാരൻ്റെ ശവകുടീരത്തിൽ”
“അവിടെ പെൺകുട്ടികൾ പോകാൻ പാടില്ല. “
“അതെന്താ പെൺപിള്ളേരെ രാജകുമാരൻ തിന്നുമോ. “
റീത്ത ഗൗരവത്തോടെ ചോദിച്ചു. ഗബ്രിയേൽ മറുപടി ഒന്നും പറഞ്ഞില്ല.
“എന്തിനാണ് ഞാൻ കൂടെ വരണമെന്ന് പറഞ്ഞത്. “
“ഡാനിയേലയ്ക്ക് സുഖമില്ല, വയറ്റിൽ നിന്നും ചോര ഒഴുകുന്നു. അവൾ പെണ്ണുങ്ങളോട് മാത്രമേ പറയൂ എന്ന് പറഞ്ഞു. “
റീത്ത ചിരിച്ചും കൊണ്ട് ഗബ്രിയേലിനൊപ്പം മല കയറി.
“ഡാനിയേലാ.. “
ഡാനിയേല വേദന കൊണ്ട് ഞെരങ്ങി. അവൾ തിരിഞ്ഞ് കിടന്നു റീത്തയെ നോക്കി.
“ഗബ്രിയേൽ നീ പുറത്തു പോയി, മരത്തൊട്ടികളിൽ വെള്ളം നിറച്ച് കൊണ്ട് വരൂ. “
ഗബ്രിയേൽ പുറത്ത് പോയപ്പോൾ ഡാനിയേല എഴുന്നേറ്റിരുന്നു. റീത്തയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.
റീത്ത, ഡാനിയേലയെ അരുവിയിലെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ച് വസ്ത്രം മാറ്റി. എന്നിട്ടും ഡാനിയേല പുറത്ത് വരാതെ മുറിയിൽ തന്നെ ഇരുന്നു.
“പേടിയ്ക്കണ്ട ഗബ്രിയേലെ പെണ്ണ് തിരണ്ടതാണ്. “
ഗബ്രിയേൽ മനസ്സിലാകാതെ റീത്തയെ നോക്കി.
“പെണ്ണ് പ്രായമായി എന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങളുടെ മലയാളം മാഷ് പറയും പെണ്ണ് പുഷ്പിണിയായെന്ന്. “
എന്നിട്ടും മനസ്സിലാകാതെ ഗബ്രിയേൽ ഒരു പൊട്ടനെ പോലെ റീത്തയേയും ഡാനിയേലയേയും മാറി മാറി നോക്കി.
“ഡാനിയേല വലിയ പെണ്ണായി. അന്യ പുരുഷൻമാരിൽ നിന്നും അവളെ അകറ്റി നിർത്തണം. “
“അതെന്തിന്. അല്ലെങ്കിലും ഇവിടെ ആര് വരാനാണ്. “
“ഇങ്ങോട്ട് വരണ്ട, അങ്ങോട്ട് പോയാലും മതി. ഒമ്പതാം മാസം പെണ്ണൊരു തന്തയില്ലാ കൊച്ചിനെ പെറാതിരിക്കാൻ. “
“അത് നിനക്ക് ബാധകമല്ലേ റീത്ത, ഞാൻ നിനക്കൊരു അന്യ പുരുഷനല്ലേ. “
ഗബ്രിയേൽ പിറുപിറുത്തു.
റീത്തയുടെ കണ്ണുകൾ നിറയുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചില്ല.
“ഡാനിയേലയ്ക്ക് മരുന്ന് വല്ലതും വാങ്ങണോ. “
വേണ്ടായെന്ന് റീത്ത ചിരിച്ചു കൊണ്ട് തലയാട്ടി. തുടർന്നുള്ള ദിവസങ്ങളിലും റീത്ത ഡാനിയേലയെ പരിചരിച്ചു.
“ഗബ്രിയേൽ, ഞങ്ങളുടെ പെണ്ണുങ്ങൾ പ്രായമായാൽ കോളനിയിൽ ഭയങ്കര ആഘോഷമാണ്. സ്വർണ്ണവും പുതിയ ഉടുപ്പും മധുര പലഹാരങ്ങളും അങ്ങനെ എന്തൊക്കെ സമ്മാനങ്ങളാണ് പെൺകുട്ടിയ്ക്ക് നൽകുന്നത്. “
“ഇവിടെ… എനിക്കിത് ഒന്നും അറിയില്ല. “
ഗബ്രിയേൽ വിഷമത്തോടെ തല താഴ്ത്തി.
“ഡാനിയേല പ്രായമായ കാര്യം ആരും അറിയാത്തതാണ് നല്ലത്. മാമായി അടുത്തില്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ആ സ്വന്തക്കാരനെ പോലും ഇവിടെ കയറ്റണ്ട. “
“ആരാ പെരേരയാണോ. “
ഗബ്രിയേൽ ചിരിച്ചു.
“അയാൾ ഞങ്ങളുടെ ആരുമല്ല. അയാളുടെ അപ്പൂപ്പൻ ഒരു പോർട്ടുഗീസ് നാവികൻ ആയിരുന്നു. “
“നീ എന്ത് സമ്മാനമാണ് ഡാനിയേലയ്ക്ക് കൊടുക്കുന്നത്. “
കുറെനേരം ആലോചിച്ചിരുന്ന ശേഷം റീത്ത പറഞ്ഞു.
“നീ ഒന്നും കൊടുക്കേണ്ടതില്ല. നീ കുട്ടിയല്ലേ. “
റീത്ത ഗബ്രിയേലിൻ്റെ താടിയിൽ തലോടി. ഗബ്രിയേൽ തലയാട്ടി.
പിറ്റേന്ന് ഗബ്രിയേൽ കടയിൽ നിന്നും വന്നത് ഡാനിയേലക്ക് കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ്. ജാൻസി സമ്മാനിച്ച ചെറിയൊരു സ്വർണ്ണക്കമ്മലും മനോഹരമായൊരു ഫ്രോക്കും ഒരു ബോക്സ് നിറയെ മധുരവും.
അത് കണ്ട് സന്തോഷിച്ച് ഡാനിയേല ഗബ്രിയേലിനെ കെട്ടി പിടിച്ചു, ആദ്യമായിട്ടാണ് അവൾക്ക് ഇത്രയും സമ്മാനങ്ങൾ കിട്ടുന്നത്.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -3 - By Nisha Pillai - കൂട്ടക്ഷരങ്ങൾ