നിലച്ചുപോയ ഓരോ ഘടികാരസൂചിക്കും പറയാൻ ഉണ്ടാകും ഓടി തളർന്നു കിതക്കുമ്പോൾ ഒരു കൈത്താങ്ങ് കൊതിച്ച, ആരും ചേർത്ത്പിടിക്കാൻ ഇല്ലാതെ പോയ ഒരു നൊമ്പരകഥ.
Author: Jula V Gopal
അവൾ മരിച്ചിരുന്നു. താലിയണിഞ്ഞതിൻ്റെ ഏഴാം നാൾ അപമാനത്തിൻ്റെ കൂർത്ത വാൾമുന നെഞ്ചിൽ ആഞ്ഞു പതിച്ചപ്പോൾ ഒന്ന് ശ്വാസം വിടാൻ പോലും ആവാതെ പിടഞ്ഞു പിടഞ്ഞവൾ മരിച്ചു പക്ഷേ ഒരാളും അത് അറിഞ്ഞില്ല ഒരു വ്യാഴവട്ടത്തിനിപ്പുറവും, താലി കെട്ടിയ പുരുഷൻ പോലും. എല്ലാവരും കാത്തിരിക്കുന്നത് വെള്ളപുതപ്പിച്ച മൃതശരീരം കാണാൻ ആയിരുന്നല്ലോ ഇല്ല അങ്ങനെ ഒരു കാഴ്ച കണ്ടു നിങ്ങൾ സന്തോഷിക്കില്ല മരിച്ചവളുടെ അവസാന ശപഥം ആണത്..
നീ വേദനിപ്പിച്ചപ്പോൾ മാത്രം ആണ് ഞാൻ നിരാശപ്പെട്ടത്. നീ കോപിച്ചപ്പോൾ മാത്രമാണ് എൻ്റ നീൾമിഴികൾ തുളുമ്പിപോയത്. നീ അകന്നപ്പോൾ മാത്രം ആണ് ഞാൻ നിലയില്ലാക്കയത്തിൽ ആണ്ടുപോയത്. നീ ഇല്ല എന്ന തോന്നലിൽ നിന്നാണ് ഞാൻ നിഷ്ക്രിയ ആയത്. നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ മാത്രമാണ് നീലാമ്പൽ പൂവ് പോൽ ഞാൻ നിത്യവും വിടരുന്നത്.
ഒരാളെ ഏറ്റവും അധികം പരിണാമത്തിനു വിധേയമാക്കുന്നത് ഒന്നുകിൽ പ്രണയം അല്ലെങ്കിൽ ദുഃഖം. പൂവ് പോലുള്ള മനസ്സിന് കരിങ്കല്ലിൽ കാഠിന്യമേകാൻ ദുഖങ്ങൾക്ക് കഴിയും. മറിച്ച് കല്ല് പോലെ ഉള്ള മനസ്സ് പൂമെത്തയാക്കാൻ പ്രണയത്തിനും.
ഏതൊരു പരിണാമത്തിനും ആധാരം ചുറ്റുപാടുകൾ ആണല്ലോ. നിലനിൽപ്പിന് വേണ്ടി പൊരുതി ചിലത് പാതിവഴിയിൽ മരിച്ചു വീഴും മറ്റുചിലത് പരിണാമത്തിന് വിധേയമായി വിജയം നേടും. സ്വന്തം സ്വത്വത്തിൽ അടിയുറച്ച് നിൽക്കുമ്പോഴും ചുറ്റുപാടുകൾ ആവശ്വപ്പെടുന്നുണ്ടെങ്കിൽ നമ്മൾ പരിണാമത്തിന് വിധേയമായേ പറ്റൂ. പക്ഷേ ഈ പരിണാമം നമ്മുടെ നല്ലതിന് വേണ്ടി ആയിരിക്കണം. മറ്റുള്ളവർ ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി നമ്മൾ സ്വയം മാറേണ്ട ആവശ്യം ഇല്ല നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തി നമ്മൾ ആരെയാണ് സന്തോഷിപ്പിക്കേണ്ടത്? മാറ്റങ്ങൾ എല്ലാം നല്ലതിന് വേണ്ടിയാവട്ടെ!
പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സന്തോഷവതി അയിരുന്നു എന്ന് പറയാതെ പറയാൻ ഫോട്ടോ പിന്നിട്ട് കാലത്തിലേക്ക് എളുപ്പം എത്താൻ ഒരിടവഴിയാണത്. നഷ്ടങ്ങളുടെ വ്യാപ്തിയും നേട്ടങ്ങളുടെ ശോഭയും ഒളി മങ്ങാതെ തെളിയുന്നു നിന്നിൽ. ഇന്ന് നമ്മുടെ ആരുമല്ലാത്ത ചിലർ പണ്ട് നമ്മുടെ ആരൊക്കെയോ ആയിരുന്നു എന്ന് പറയാറുണ്ട് നീ. വാർധക്യത്തിൽ ചുളിവുകളിൽ തലോടി പണ്ട് നീ ഒരുപാട് സുന്ദരി ആയിരുന്നു എന്ന് കാതിൽ മന്ത്രിക്കും പ്രണയവും നീ. പിന്നെയും താളുകൾ മറിയുമ്പോൾ നിഷ്കളങ്ക ബാല്യത്തിൻ്റെ പുഞ്ചിരി വീണ്ടും ഒരു കുഞ്ഞാവാൻ വെറുതെ ഉള്ളിൽ മോഹമുണർത്തിടും. മറവിയിൽ മറഞ്ഞുപോയ ഒരുപാട് മുഖങ്ങൾ വീണ്ടുമോർക്കാനും നീ. അങ്ങനെ അങ്ങനെ ഒരായിരം കഥകൾ നിറയും എൻ്റെ സ്വന്തം എണ്ണിയാലൊടുങ്ങാഫോട്ടോസ്…
എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ഹൃദയപൂർവ്വം വന്ദനം, ഒപ്പം മൺമറഞ്ഞുപോയവർക്ക് കണ്ണീർ പൂക്കളും. ഇന്ന് ദേശീയ അധ്യാപക ദിനം 🙏 പാഠപുസ്തകങ്ങളിലെ അറിവ്പകരുന്നതിനുമപ്പുറം വിദ്യാർത്ഥിയായി തന്റെ മുന്നിൽ എത്തുന്ന ഒരോ കുട്ടിയുടെയും ഉള്ളിലുള്ള കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നവരാകണം അധ്യാപകർ. അവരിലെ തിന്മകളെ വേരോടെ പിഴുതുകളയാൻ ശ്രമിക്കുന്നവരാകണം. നന്മകളെ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നവർ ആകണം. വെറുമൊരു തൊഴിൽ എന്നതിനപ്പുറം അധ്യാപനം എന്നത് ആത്മസമർപ്പണം കൂടിയാവണം. എന്നാലേ ഗുരു എന്ന വാക്കിന് അർത്ഥമുണ്ടാകുകയുള്ളൂ. അധ്യാപനവഴിയിലെ എല്ലാവർക്കും സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകൾ.💐
നമുക്ക് സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലാതെ ആയിപ്പോകുന്ന അവസ്ഥയെ പറ്റി ഒന്നാലോചിച്ചു നോക്കൂ. എത്ര ഭീകരമാണത്. അടുത്തിടെ ഉണ്ടായ ഒരുൾപൊട്ടലിൽ ഒരു നാട് ഒന്നാകെ തുടച്ചു നീക്കിയപ്പോൾ ബാക്കിയായ കുറച്ച് പേരിൽ ഒരാൾ ആയിരുന്നു അയാൾ. വലിയൊരു കുടുംബത്തിലെ ഇളയവൻ. എല്ലാവരും ഉണ്ടായിരുന്നു കുറച്ച് ദിവസം മുമ്പ്. ഇപ്പോൾ ഞാൻ എല്ലാവരും ഒരുമിച്ച് നഷ്ടപ്പെട്ട അനാഥൻ, അയാൾ വിതുമ്പി. തകർന്നു തരിപ്പണമായി ചെളി നിറഞ്ഞ വീടിൻ്റെ അസ്ഥിവാരത്തിൽ ഒറ്റക്കിരിക്കുകയായിരുന്നു അയാൾ. അയാൾക്ക് ഒന്ന് ഉറക്കെ കറയണമെന്നുണ്ടെന്ന് തോന്നി. പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. കണ്ണിൽ നിന്ന് ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീർ മാത്രം. ഒരുപക്ഷേ തനിക്ക് പുതിയ വീട് കിട്ടുമായിരിക്കും, കുറച്ച് പണം കിട്ടുമായിരിക്കും. പക്ഷേ, നഷ്ടമായ ഒരാളെയെങ്കിലും തിരികെ തരാൻ ആർക്കെങ്കിലും കഴിയുമോ? തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരാളെയെങ്കിലും…. അച്ഛനമ്മമാർ, ഭാര്യ, മക്കൾ ബന്ധുമിത്രാദികൾ ആരുമില്ലാതെ അവരുടെ സ്നേഹമില്ലാതെ സാന്ത്വനം ഇല്ലാതെ എങ്ങനെ ഞാൻ… തനിയെ ഇനി. അയാൾ ശബ്ദമില്ലാതെ…
ഞാൻ കണ്ട ഏറ്റവും വലിയ സ്നേഹസാഗരം നീയല്ലേ സ്നേഹത്തിനു ഇങ്ങനെയും. ഒരു മുഖമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ. തീരത്തെ കവരാതെ ചുംബിച്ചു മടങ്ങുന്ന തിരപോലെ നീ. ഉള്ളിലെ ചുഴികളെ ഓളങ്ങൾകൊണ്ട് മറച്ച് തിരമാലകൾ നീട്ടി എന്നും സ്നേഹിക്കുന്നവർക്ക് നീ മനോഹർഷമേകുന്നു എന്നുമെന്നും നിനക്ക് ശാന്തമായൊഴുകാൻ കഴിയട്ടെ വർഷമേഘമായി നിന്നിലേക്ക് പെയ്യുന്നത് ഒക്കെയും നീ പകർന്ന സ്നേഹം തന്നെയല്ലേ മലകും പുഴകളും താണ്ടി നിന്നില്ലേക്ക് ഓടിയെത്തുന്ന തണ്ണീരെല്ലാം നിനക്ക് കൂടുതൽ ശക്തി പകരട്ടെ നീ എന്ന മഹാസാഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഒരു കുഞ്ഞു നീർച്ചോലയാണിന്നു ഞാൻ ആരുമറിയാത്ത അടയാളങ്ങൾ ഇല്ലാത്ത പേരില്ലാത്ത ഒരു സ്നേഹപൂഞ്ചോല ഇനി എന്നുമെന്നും ഉറവ വറ്റാതെ നിന്നിലേക്ക് ഒഴുകി എത്തുവാൻ മാത്രമെൻ പ്രാർത്ഥന
ഓടിയെത്തും സാഗരതിരകളെ തീരത്തെ ഒന്ന് തൊട്ടുണർത്തി നീ മടങ്ങുന്നത് എങ്ങോട്ട് കവിഭാവനക്ക് എന്നും നീ ഭ്രാന്തമായ പ്രണയമല്ലേ എനിക്ക് നീ എത്ര കണ്ടാലും മതിവരാത്ത വിസ്മയ കാഴ്ച തിരമാലകളിൽ നൃത്തമാടി വികാരാർദ്രഗീതം പാടി നീ ഉല്ലസിക്കുന്നത് കാണാൻ എനിക്കെന്തിഷ്ടമാണെന്നോ പിനെയെന്തേ ചിലയിടങ്ങളിൽ നീ ശാന്തയായി ഒരു കുഞ്ഞോളം പോലും വിടർത്താതെ സന്യാസിനിയെപോലെ ചിലയിടങ്ങളിൽ കടലാഴങ്ങളിൽ പ്രിയപ്പെട്ടവർക്ക് നൽകാനായി മുത്തും പവിഴവും ഒളിച്ചു വച്ച കടലമ്മ എവിടെ ആയാലും എങ്ങനെ ആയാലും അറ്റം കാണാത്ത നിൻ്റെ അറ്റമായി തീരുന്ന ചക്രവാളം നോക്കി ഞാൻ ഇരിക്കാം കാലചക്രം ഉരുളുന്നതറിയാതെ ഒടുവില് ഒരു പിടിച്ചാരമായി ഞാൻ നിൻ്റെ ആത്മാവിൽ ഞാൻ അലിഞ്ഞു ചേരും
