“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി ആയല്ലേ?” “അത് സാരല്യ ചേടത്തി…” “അല്ലേലും മോൻ ഇങ്ങനെയേ പറയൂ എന്ന് എനിക്ക് അറിയാം. തങ്കപ്പെട്ട സ്വഭാവമാ മോന്റെ. അല്ലെങ്കിൽ, തിങ്കൾ മുതൽ വെള്ളി വരെ അന്യ ജില്ലയിൽ കിടന്ന് ജോലി ചെയ്ത് ക്ഷീണം മാറ്റാൻ വേണ്ടി വീട്ടിലേക്ക് ഓടി വരുമ്പോൾ, ഇവിടുത്തെ മുറ്റം അടിക്കാൻ നിക്കോ? പെങ്കൊച്ച് ആണേൽ പോട്ടെന്ന് വയ്ക്കാം. ഇത് നല്ല മീശ മുളച്ച ആണോരുത്തൻ ഇങ്ങനെ മുറ്റം അടിച്ച് വാരുന്നത് കാണുമ്പോൾ സങ്കടം ഉണ്ടേ… എനിക്കും ഉണ്ട് രണ്ടെണ്ണം. ആൺകൊച്ചിനേക്കാളും കഷ്ടമാ ആ പെണ്ണിന്റെ. രണ്ടും ഇരുന്നിടത്ത് നിന്ന് അനങ്ങില്ല. ഹാ, എന്റെയൊരു യോഗം!” ചേടത്തി നിർത്താൻ ഭാവമില്ല എന്ന് കണ്ടതും ഞാൻ വേഗം മുറ്റം തൂത്തിട്ട് അകത്തേയ്ക്ക് നടന്നു. സാധാരണ എല്ലാ ആഴ്ചയും, അയൽവക്കക്കാർ എണീക്കുന്നതിന് മുൻപ് മുറ്റമടി തീരാറുണ്ട്. ഇന്ന് പണി…
Author: Nija Gopalakrishnan
കാണാമറയത്ത് എനിക്കൊരു സുഹൃത്തിനെ വേണം, എന്റെ സങ്കടപ്പെയ്ത്തിൽ കുടയാവാൻ, എന്റെ സന്തോഷങ്ങളിൽ കൂട്ട് കൂടാൻ, ഞാനെന്ന റേഡിയോയുടെ ശ്രോതാവാവാൻ, ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കാൻ, മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, ഒരാൾ, ഒരിക്കലും ഞാനെന്ന വ്യക്തിക്ക് മാർക്കിടാൻ ശ്രമിക്കാത്ത ഒരാൾ , കാണാമറയത്തിരുന്ന്, മനസ്സിന്റെ കണ്ണാടിയാവാൻ ഒരാൾ, രൂപമില്ലാത്ത, ലിംഗമില്ലാത്ത, ഒരാൾ !
ഇപ്പോഴും? എന്ന് ആരെങ്കിലും ചോദിച്ചാലും എനിക്ക് ഒരേയൊരു ഉത്തരമേ ഉള്ളൂ..”എന്നും!” അത്രമേൽ ഹാരി പോട്ടർ എന്ന മാന്ത്രിക നോവലിൽ അടിമപ്പെട്ടു പോയിരിക്കുന്നു ഞാൻ. അതൊരിക്കലും, പത്താം വയസ്സിൽ വായിക്കേണ്ടത് പത്തൊമ്പതാം വയസ്സിൽ വായിച്ചത് കൊണ്ടല്ല. മറിച്ച്, ഭാവനയുടെ അതിർവരമ്പ് ഭേദിച്ച് അതിൻ്റെ കഥയും കഥാപാത്രങ്ങളും അത്രയധികം മനസ്സിൽ വേരൂന്നിയത് കൊണ്ടാണ്. ജെ.കെ.റൗളിങ് എന്ന വനിത സൃഷ്ടിച്ച വലിയൊരു വിപ്ലവമായിരുന്നു ഹാരി പോട്ടർ പുസ്തകങ്ങൾ. ഏഴ് വാല്യങ്ങൾ ആയി പുറത്ത് വന്ന പുസ്തകങ്ങൾ കുട്ടികളെ കൂടാതെ മുതിർന്നവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു; എന്നെപ്പോലെ. അഞ്ഞൂറ് ദശലക്ഷത്തിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ, ഏകദേശം എൺപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമായതിൽ അതിശയമില്ല. കുട്ടികളുടെ പുസ്തകം എന്ന മുൻവിധി മാറ്റി വച്ച് വായിച്ചാൽ ഏത് പ്രായത്തിൽ ഉള്ളവരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒന്നാണത് എന്ന് സാക്ഷ്യം പറയുന്നതിൽ ഞാൻ തന്നെ മുൻപിൽ നിൽക്കും. ഏത് പുസ്തകവും ഒരു…
മുറ്റത്തെ കൊന്നപ്പൂക്കൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി സീതയ്ക്ക് തോന്നി. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെങ്കേമം ആക്കേണ്ട വിഷു ആണിത്. കൊന്നതൈ നട്ടപ്പോൾ മുതൽ അത് കന്നി പൂക്കുന്ന സമയം കാത്തിരുന്ന ആളാണ്. എന്നിട്ടോ, ഏട്ടൻ പോയി കൊല്ലം നാല് തികഞ്ഞപ്പോൾ അത് പൂത്തു. വെട്ടിക്കളയാൻ പലവട്ടം തോന്നിയിട്ടുണ്ട്, എങ്കിലും ഉണ്ണിയേട്ടനെ ഓർക്കുമ്പോൾ പറ്റുന്നില്ല. ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞ നാളുകൾ. അനാഥത്വത്തിന്റെ ദുഃഖം അറിയിച്ചിട്ടില്ല. അച്ഛനെ വാർത്ത് വച്ച പോലെ ഒരു കുഞ്ഞുമോൾ, ദേവകി. അത് പഴയ പേരാണെന്നും, കുഞ്ഞ് വലുതാവുമ്പോൾ ദേവകി എന്നത് ദേവിക എന്നാക്കി മാറ്റും എന്നും പറഞ്ഞു താൻ എത്ര തല്ല് കൂടിയിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. തങ്ങളുടെ സന്തോഷം കണ്ട് അസൂയ മൂത്ത കണ്ണൻ, തന്നേം മോളെയും അനാഥരാക്കിക്കൊണ്ട് ഏട്ടനെ അങ്ങ് കൊണ്ട് പോയി. അന്ന് കൂട്ട് വെട്ടിയതാ കണ്ണനുമായിട്ട്.. വേണ്ട. ഇക്കൊല്ലവും വിഷു ആഘോഷം വേണ്ട.. മോളുടെ കാര്യമാണ് സങ്കടം, കണ്ടും കേട്ടും…
തെളിഞ്ഞ വെള്ളം പോലെ ആവരുത് നമ്മുടെ മനസ്സ്, വലയുമായി വരുന്നവരെല്ലാം നല്ല ഉദ്ദേശ്യത്തോടെ ആവണമെന്നില്ല!
ഞാനൊരു കൊച്ചു കുട്ടിയായിരുന്നപ്പോൾ ഇതിലും വികൃതിയായിരുന്നു. തല്ലുകൊള്ളിയായിരുന്നു. വേണ്ടാതീനം ഒരുപാട് കാണിച്ചിട്ടുണ്ട്. ടിവിടെ തൊട്ട് മുന്നിലിരുന്ന് കാണാറുണ്ട്. പാൽ ആരും കാണാതെ കളയാറുണ്ട്. മൂക്കില് വിരൽ ഇടാറുണ്ട്. പഠിക്കാൻ വിളിച്ചാൽ ഉഡായിപ്പും കാണിക്കാറുണ്ട്. എന്നുവച്ച്, ഇതൊന്നും എൻ്റെ കുട്ടി ചെയ്താൽ എനിക്ക് അംഗീകരിക്കാൻ പറ്റില്ല. കാരണം, ഞാനിപ്പോൾ അമ്മയാണ്😆
വീണ്ടുമൊരു വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ഉത്സവവും അവധിയും ഒക്കെ ഉണ്ടെങ്കിലും, ഞാൻ ഏറ്റവും വെറുക്കുന്ന കാലം. അതിന് കാരണം, സൂര്യൻ്റെ ചുട്ടു പൊള്ളിക്കുന്ന ചൂടോ, ഓരോ അവധി ദിവസത്തിൻ്റെയും നല്ലൊരു ഭാഗം കവർന്നു തിന്നുന്ന ഉത്തരക്കടലാസ് നോട്ടമോ അല്ല. അല്ല, അവയൊന്നും അല്ല. മറ്റ് ചിലതിനോടാണ് വെറുപ്പ് . മനസ്സിൻ്റെ സ്ലേട്ടിൽ നിന്നും മഷിത്തണ്ട് കൊണ്ട് മായ്ക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ തെളിഞ്ഞു വരുന്ന ഒരു കൂട്ടം വെറുപ്പിക്കുന്ന ഓർമ്മകൾ. അമ്മയെന്ന നിലയിൽ നീയൊരു സമ്പൂർണ്ണ പരാജയം ആണെന്ന് എന്നെ ഇടയ്ക്കിടക്ക് ഓർമിപ്പിക്കുന്ന ആ ദുഷിച്ച നാളുകൾക്ക് ശേഷം കടന്നു വന്ന രണ്ട് വേനൽക്കാലവും എന്നെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു. നാളെ മറ്റൊന്നിന് ആരംഭവുമാണ്. ഇനിയുള്ള കാലം മുഴുവൻ അതേ നോവൂറിയ മനസ്സിൻ്റെ തനിയാവർത്തനം ആവുമോ? തടയാൻ തനിക്ക് ആവുമോ? പാക്ക് ചെയ്യാനുള്ളവയുടെ കൂമ്പാരം കണ്ടപ്പോൾ ഒരു നെടുവീർപ്പോടെ വീണ്ടും അത് ചെയ്യാൻ ആരംഭിച്ചു. നാളെയാണ് യാത്ര. ഒരിക്കൽ തങ്ങളുടെ ജീവിതം മാറ്റി…
“ജോസേട്ടാ, നിങ്ങൾ ഇപ്പോഴും ജെസ്സിമോളോട് കെറുവിലാണോ? ആദ്യായിട്ടാ മോൾ ഒപ്പം ഇല്ലാത്ത ഒരു ഈസ്റ്റർ. പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും ഒക്കെ അമ്മച്ചിടെ ഈസ്റ്റർ വിഭവങ്ങൾ ഇല്ലാതെ പറ്റൂല്ല എന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് ഓടി എത്തുമായിരുന്നു.” “അതവൾ ആ നായർ ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോവുമ്പോ ഓർക്കണമായിരുന്നു ” “മറ്റാരുടെയും കൂടെ അല്ലല്ലോ. നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മോന്റെ കൂടെയല്ലേ? ഒരൊറ്റ കുടുംബം പോലെ കഴിഞ്ഞതല്ലേ നമ്മൾ. ഈസ്റ്ററിനു നമ്മൾ അവിടുത്തെ കോഴി കൊണ്ട് കറി വയ്ക്കുന്നതും അവിടുത്തെ മുട്ടകൾ എടുത്തുകൊണ്ടു വന്ന് ജെസ്സിമോൾ അലങ്കാരപ്പണികൾ ചെയ്യാറുള്ളതും ഓർമ്മയില്ലേ? നമുക്ക് വേണ്ടി മാത്രം അവർ അതൊക്കെ റെഡിയാക്കി വയ്ക്കാറില്ലേ? ജാതിയും മതവും ഒന്നുമല്ല, മനുഷ്യനാണ് വലുതെന്നല്ലേ നിങ്ങൾ പറയാറ് ” അവരുടെ ഇടയിലെ മൗനം ഒരു കോളിംഗ് ബെൽ ഇല്ലാതാക്കി. ഉമ്മറത്ത് ഒരു കൂടയിൽ പൂവൻകോഴിയും കുറെ മുട്ടകളും ആരോ വച്ചിരിക്കുന്നു. അതിൽ കുറെ മുട്ടകൾ കളർ ചെയ്തു അലങ്കരിച്ചിരുന്നു. പ്രത്യാശയുടെ പ്രതീകമെന്നോണം…
“അമ്മേ, എന്താ ക്രിസ്തുമസിന് അങ്ങനെ ഒരു പേര്?” “ക്രിസ്തുദേവൻ ജനിച്ച ദിവസം ആയതു കൊണ്ട് !” “ഉം, അപ്പോ ഓണത്തിന് എന്താ അങ്ങനെ ഒരു പേര് ?” “ഏഹ്? ഓണത്തിൻ്റെ അന്ന് ആരും ജനിച്ചില്ലല്ലോ ” “ജനിച്ചല്ലോ..” “ആര്?” “ഞാൻ ! ഉണ്ണിക്കുട്ടൻ ജനിച്ചത് തിരുവോണത്തിന് ആണെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ .” “ശ്ശൊ, ഓമനക്കുട്ടൻ എന്ന് ഇട്ടാ മതിയായിരുന്നു പേര്…”
