“സേച്ചി, ഇത് പടിച്ച്, സൊല്ലിത്താ..” എന്റെ നേർക്ക് ഒരു തുണ്ട് പേപ്പർ നീട്ടി, പുതിയ ഇസ്തിരിക്കാരൻ അണ്ണാച്ചി ആവശ്യപ്പെട്ടു. ഞാൻ ആ പേപ്പർ നിവർത്തി നോക്കി. പഴയ ഇരട്ട വരയൻ ബുക്കിൽ നിന്ന് കീറിയ പേപ്പറിൽ, പെൻസിൽ കൊണ്ട്, വടിവില്ലാത്ത അക്ഷരങ്ങളിൽ, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആരോ എഴുതിയത് വായിച്ച് എനിക്ക് ചിരി പൊട്ടി. “പോടാ, പട്ടി, അലവലാതി @#*#@…” ഞാൻ ചിരി കടിച്ചമർത്തി നിന്നു. “എന്നതാ അതിൽ?” “നിനക്കിത് ആര് തന്നു?” “ആക്രിക്കാരൻ മുരുകണ്ണന്റെ മോൾ മാരിയമ്മ.” “ഓഹോ.. നിങ്ങൾ തമ്മിൽ കാതലാ?” “ഉം..” അണ്ണാച്ചിയുടെ മുഖം തുടുത്തു. “പടിച്ച് സൊല്ല് ചേച്ചി..” പേപ്പറിൽ എഴുതിയത് വായിച്ചാൽ ഇവൻ ഇപ്പൊ ഹൃദയം പൊട്ടി മരിക്കും.. പാവം കുറച്ചു കാലം കൂടി ജീവിച്ചിരുന്നോട്ടെ.. ഞാൻ ഉറക്കെ വായിച്ചു, “മുത്തു അണ്ണാ, നീ എൻ അഴക് രാസാ… നീ താനേ എൻ ഉലകനായകൻ.. അൻപോടെ ഉൻ കാതലി..മാരിയമ്മ..”
Author: Sheeba Prasad
ബാല്യം നുണഞ്ഞു തീർത്ത കോലൈസുകൾക്ക് കുഞ്ഞുറക്കങ്ങളിൽ മുറിഞ്ഞ സ്വപ്‌നങ്ങളോളം മധുരം…
ഉയിരിൻ പാതി പകുത്തവൻ.. ഉടലിൻ പാതിയായവൻ.. കൂർത്ത ചുണ്ടിൻ ചൂടാൽ പതിപ്പിച്ചു.. തുടുത്ത കവിളത്തൊരു ഉമ്മച്ചോപ്പ്…
കൂട്ടം തെറ്റിയോടുന്ന ഓർമ്മകൾ ഇടയ്ക്കെന്റെ കണ്ണിലെ കരടായ് പെയ്തൊഴിയാറുണ്ട്…
എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….
രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…
മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ അവളാ ഓർമ്മകളെ അടച്ചുറപ്പിച്ചു… നിർഭാഗ്യമെന്തെന്നാൽ മറക്കാൻ കൊതിച്ചതൊക്കെയും ഓർമ്മകളുടെ കൂർത്ത മുള്ളുകളായ് ഹൃദയത്തോളം ചെന്നുമുട്ടി ഇന്നും ചോര ചിന്തുന്നു….
നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..
വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..
കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..
